പുതുജീവന്‍ നല്‍കാം... കരിയറില്‍, ബിസിനസില്‍, ജീവിതത്തില്‍ !

ഒരു സണ്‍ഡേ സ്‌കൂളില്‍ ടീച്ചര്‍ കുട്ടികളോടു ചോദിച്ചു 'സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ എന്തു ചെയ്യണം?' 'സത്യം മാത്രം പറയും' 'ദിവസേന പള്ളിയിലേക്കുള്ള പടികള്‍ കഴുകി വൃത്തിയാക്കും' 'കൂട്ടുകാരെ സഹായിക്കും...' അങ്ങനെ പോയി ഉത്തരങ്ങള്‍. ഒരു കുട്ടി മാത്രം ഉദാസീനനായി പുറകിലെ ബെഞ്ചില്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ ടീച്ചര്‍ ചോദിച്ചു, 'ടോമി, സ്വര്‍ഗ്ഗത്തില്‍ പോകാനായി എന്തു ചെയ്യണമെന്നാണ് നീ കരുതുന്നത്?' ഒരു നിമിഷം ആലോചിച്ചിട്ട് ടോമി പറഞ്ഞു, 'സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ആദ്യം മരിക്കണം.'

റെഡിമെയ്ഡ് ആശയങ്ങളെ ആശ്രയിച്ച് ജീവിതം മുന്നിലോട്ടു നയിക്കാനാകില്ല. ബിസിനസിലും കരിയറിലുമൊക്കെ പുതുജീവന്‍ തേടുമ്പോള്‍, പരാജയമടഞ്ഞ് അതുപേക്ഷിക്കാനുള്ള സാധ്യത വളരെയേറെയാണ്, പലപ്പോഴും അതനിവാര്യവുമായിത്തീരും. അതുപോലെ വിജയകരമായി പ്രവര്‍ത്തിക്കുന്ന എന്തിനെയെങ്കിലും വേണ്ട എന്ന് വയ്ക്കാനും, അതിനെ പുനരുദ്ധരിപ്പിക്കാനും അസാമാന്യമായ ധൈര്യം വേണം, ഒപ്പം വ്യക്തമായ കാഴ്ചപ്പാടും. തീര്‍ത്തും വ്യത്യസ്തമായ വീക്ഷണകോണിലൂടെ ജീവിതത്തെ നോക്കിക്കാണാനാകണം. പോരാ, നിങ്ങള്‍ ചെറിയൊരു ഭ്രാന്തന്‍ ചിന്താഗതിക്കാരനും കൂടിയായിത്തീരേണ്ടി വരും!

മരിക്കാതെ പുനര്‍ജന്മമില്ലല്ലോ!

ഇപ്പോഴുളളത് ഉപേക്ഷിക്കാന്‍ നിങ്ങള്‍ തയാറാണോ എന്നതില്‍ നിങ്ങള്‍ക്ക് വ്യക്തത വേണം. പൂര്‍ണരൂപത്തിലുള്ള പുനര്‍ജന്മത്തിലാണോ അപൂര്‍ണമായ പുനരുദ്ധാരണത്തിലാണോ നിങ്ങള്‍ക്കു താല്‍പ്പര്യം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കേണ്ടതാണ്.

ഒരു പുതുജന്മത്തിന് ഒന്നിനെക്കുറിച്ചും നിഗമനങ്ങളില്ല, അതെല്ലാത്തിനെയും പുതുമയോടെ കാണുന്നു. അപ്പോള്‍ വ്യക്തത കൂടും. ഏതു സാഹചര്യത്തെയും നേരിടാനും, അതില്‍ കൂടി സ്വസ്ഥമായി കടന്നുപോകാനും കഴിയും. ഒരു പുതുജീവിതം തെരഞ്ഞെടുക്കുമ്പോള്‍, പുതിയ സാധ്യതകള്‍ മുന്നിലെത്തും. ധാരാളം സാധ്യതകള്‍ എന്നാല്‍ എപ്പോഴും പ്രശ്‌നമാണ്. ഇതില്‍ ഏതുമായി മുന്നോട്ടു പോകണം എന്നത് ഒരഭ്യാസമാണ്, മാനസികമായ അഭ്യാസം. പലരും ആവശ്യത്തിനുള്ള തയ്യാറെടുപ്പില്ലാതെ എടുത്തു ചാടും. അതിനെക്കുറിച്ചു ചിന്തിക്കുന്നതു തന്നെ അതിനു ശേഷമാണ്. അതു പാടില്ല. മുന്നിട്ടിറങ്ങും മുമ്പേ ശ്രദ്ധാപൂര്‍വ്വം എല്ലാ വശങ്ങളും പഠിച്ചിരിക്കണം.

കാലെടുത്തുവെച്ചതിനു ശേഷം തിരിഞ്ഞ് നോക്കാന്‍ പാടില്ല. കാരണം കണ്ണുകള്‍ എല്ലായ്‌പോഴും റിയര്‍വ്യൂ മിററില്‍ തന്നെയായിരുന്നാല്‍, വണ്ടിക്കു മുന്നോട്ടു നീങ്ങാനാവില്ല; വഴി തെറ്റാനിടയുണ്ട്, അപകട സാധ്യതയും കൂടും.

ഞാന്‍ തെരഞ്ഞെടുത്ത വഴിയാണ് ഏറ്റവും മികച്ചതെന്ന അമിത വിശ്വാസവും നല്ലതല്ല. തെരഞ്ഞെടുത്ത വഴിയില്‍ പൂര്‍ണമായും മനസര്‍പ്പിക്കാനായാല്‍, നിശ്ചയമായും ഏതു സംരംഭവും വിജയകരമായി ഭവിക്കും. മികവിനു വേണ്ടി അഹോരാത്രം പരിശ്രമിക്കേണ്ടതില്ല. നിങ്ങള്‍ ആരാണോ അതിനെ പൂര്‍ണമായി ഉപയോഗപ്രദമാക്കാന്‍ ശ്രമിക്കുക. നിങ്ങളില്‍ എന്തുണ്ടോ അതിനെയെല്ലാം മിനുക്കിയെടുക്കാന്‍ ശ്രമിക്കുക. അത്ര മാത്രം ചെയ്താല്‍ മതി. യോഗയില്‍ ഇതാണ് ചെയ്യുന്നത്. യോഗയില്‍ കൂടി നിങ്ങളിലെ ശാരീരികക്ഷമതയേയും, മാനസികനിലയേയും, ആന്തരിക ഊര്‍ജത്തേയും
പരമാവധി ഉപയോഗപ്പെടുത്താനാകും.

'യുസേഴ്‌സ് മാന്വല്‍' വായിക്കുക

പലര്‍ക്കും അവരുടെ നിലക്കാത്ത ചിന്തകളും വികാരങ്ങളും ഒക്കെ വലിയ പ്രശ്‌നങ്ങളാണ്. നിങ്ങള്‍ തന്നെ സ്വയമൊരു പ്രശ്‌നമാണെങ്കില്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കെങ്ങനെ പരിഹരിക്കാനാകും? പലരും പത്തു വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളോര്‍ത്തു പശ്ചാത്തപിക്കും, വ്യാകുലപ്പെടും. നാളെയോ മറ്റന്നാളോ സംഭവിക്കാവുന്നതിനെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടും. ഭൂഗോളത്തില്‍ മനുഷ്യനു മാത്രുള്ള രണ്ടു കഴിവുകള്‍, ഓര്‍മ്മശക്തിയും ഭാവനയും. ഇവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മിക്കവര്‍ക്കും അറിയില്ല. നടന്ന സംഭവങ്ങള്‍ക്കും നടക്കാനിരിക്കുന്ന സംഭവങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ല. ഇന്നവ നിലനില്‍ക്കുന്നില്ല.

അത്തരം കാര്യങ്ങളോര്‍ത്ത് ആധിപിടിക്കുന്നത് ഒരു തരം ഭ്രാന്തല്ലേ? ഇതൊക്കെ മനുഷ്യസഹജമാണ് എന്ന് പറയുമായിരിക്കും. ഇതു മനുഷ്യസഹജമല്ല, ഹ്യൂമന്‍ മെക്കാനിസം കൈകാര്യം ചെയ്യാനറിയാത്തതിന്റെ പ്രശ്‌നമാണത്. ഹ്യൂമന്‍ മെക്കാനിസം അതീവ സങ്കീര്‍ണമാണ്, അതൊരു സൂപ്പര്‍ സൂപ്പര്‍ കംപ്യൂട്ടറാണ്. ജീവിതം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍, അതിന്റെ യൂസേഴ്‌സ് മാന്വല്‍ വായിച്ചിരിക്കണം. യോഗ അതിനു നിങ്ങളെ സഹായിക്കുന്നു.

നേതൃത്വം എന്ന സവിശേഷാധികാരം നിങ്ങള്‍ക്കുണ്ടെങ്കില്‍, എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ആരോഗ്യവാനായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികതലത്തിലും, ഊര്‍ജതലത്തിലും. കാരണം, നിങ്ങളുടെ ഓരോ ചിന്തയും പ്രവൃത്തിയും അനേകം പേരുടെ ജീവിതത്തെ ബാധിക്കും. ജീവിതത്തിലും ബിസിനസിലും, നിങ്ങളാരാണ് എന്ന പഠനം അനിവാര്യമാണ്. അതിന് പഠിച്ച അറിവ് വര്‍ധിപ്പിച്ചാല്‍ മാത്രം പോര, 'ഞാന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവന്റെ ഈ അംശത്തെ ഏറ്റവും ഔന്നത്യമുള്ള തലത്തിലേക്ക് ഉയര്‍ത്തുകതന്നെ വേണം.

Related Articles

Next Story

Videos

Share it