സന്തോഷത്തിലേക്കുള്ള എളുപ്പ വഴി!

അനൂപ് ഏബ്രഹാം

പെട്ടെന്ന് തന്നെ സന്തോഷം തോന്നാനുള്ള ഒരു എളുപ്പവഴി നിങ്ങള്‍ക്കറിയാമോ? ജീവിതത്തില്‍ നിങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്ന കാര്യങ്ങളില്‍ അല്‍പ്പനേരം മനസ് കേന്ദ്രീകരിച്ചാല്‍ മതി.

നന്ദിയുള്ളവരായിരിക്കാന്‍ നമുക്ക് നിരവധി കാര്യങ്ങളുണ്ട്, നമ്മള്‍ ജീവിക്കുന്നു എന്നത് അതിലൊന്നുമാത്രം. എന്നാല്‍ എപ്പോഴും നമുക്ക് ഇല്ലാത്തവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പരാതിപ്പെടുകയും താരതമ്യം ചെയ്യുകയും പരിമിതികളിലേക്ക് നോക്കുകയും ചെയ്തു
കൊണ്ടിരിക്കുകയാണ് നമ്മുടെ മനസിന്റെ പൊതുവെയുള്ള രീതി. ഈ പതിവ് നമ്മുടെ ജീവിതത്തില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ നാം അനുവദിക്കുന്നിടത്തോളം കാലം സന്തോഷം ലഭിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും.

നമ്മുടെ ഉള്ളിലുള്ള ഊര്‍ജ്ജം അതിന് സമാനമായ ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്നുവെന്നാണ് ലോ ഓഫ് അട്രാക്ഷന്‍ അഥവാ ആകര്‍ഷണനിയമം പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നാം എന്തുകാര്യത്തിലാണോ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അത് നാം ജീവിതത്തിലേക്ക് ആകര്‍ഷിക്കുന്നു.

അതിന്റെ അപകടം ഇതാണ്. നമുക്ക് ഇല്ലാത്തതിനെയോര്‍ത്ത് നാം പരാതിപ്പെടുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോള്‍ പരാതിപ്പെടാന്‍ തക്കവണ്ണമുള്ള കൂടുതല്‍ സാഹചര്യങ്ങളും സംഭവങ്ങളും നമ്മുടെ ജീവിതത്തിലുണ്ടാകുന്നു. നേരെ തിരിച്ച് നമുക്ക് നന്ദി തോന്നുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നന്ദി തോന്നുന്ന കൂടുതല്‍ സംഭവങ്ങളും സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിലുണ്ടാകുന്നു.

നന്ദി തോന്നുന്ന കാര്യങ്ങള്‍ എഴുതുക

ഇല്ലാത്തതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നമ്മുടെ മനസിന്റെ സ്ഥിരം രീതി മാറ്റിയെടുക്കാനുള്ള ഒരു മികച്ച മാര്‍ഗമാണ് 'ഗ്രാറ്റിറ്റിയൂഡ് ജേണലിംഗ്'. അതായത് ദിവസവും നിങ്ങള്‍ക്ക് നന്ദി തോന്നുന്ന കാര്യങ്ങള്‍ എഴുതി സൂക്ഷിക്കുക. എന്തുകിട്ടിയാലും മതിയാകില്ലെന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മനസിനെ പരിശീലിപ്പിക്കാന്‍ ഇതുവഴി സാധിക്കും.

പക്ഷെ എന്തുകൊണ്ട് നന്ദി പറയുന്ന രീതി ജീവിതത്തില്‍ പിന്തുടരണം?

നന്ദിയുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നടന്നിട്ടുള്ള നിരവധി ഗവേഷണങ്ങളും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് നന്ദിയുള്ളവരായിരിക്കുന്നതിലൂടെ നാം കൂടുതല്‍ സന്തോഷവാന്മാരാകുന്നു, ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു, മാനസിക, ശാരീരിക ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുന്നു, മാനസികസമ്മര്‍ദം കുറയുന്നു, കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരാകുന്നു എന്നൊക്കെയാണ്.

25 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ശ്രീബുദ്ധന്‍ പറഞ്ഞതുപോലെ, ''നമുക്ക് ഉണരുകയും നന്ദിയുള്ളവരായിരിക്കുകയും ചെയ്യാം. കാരണം ഒരുപാട് പഠിച്ചില്ലെങ്കിലും നാം കുറച്ചെങ്കിലും പഠിച്ചതിനെയോര്‍ത്ത്. ഒട്ടും പഠിച്ചില്ലെങ്കിലും അസുഖങ്ങളൊന്നും വന്നില്ലല്ലോയെന്നോര്‍ത്ത്. അസുഖം വന്നെങ്കില്‍ തന്നെ മരിച്ചില്ലല്ലോ എന്നോര്‍ത്ത്. അതുകൊണ്ട് നമുക്കെല്ലാവര്‍ക്കും നന്ദിയുള്ളവരായിരിക്കാം.''

എങ്ങനെ നമുക്കിത് തുടങ്ങാമെന്ന് നോക്കാം

  • ഓരോ ദിവസവും രാവിലെ നിങ്ങള്‍ക്ക് ജീവിതത്തില്‍ നന്ദിയുള്ള അഞ്ച് കാര്യങ്ങള്‍ എഴുതുക. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് നന്ദി തോന്നുന്നതെന്നും എഴുതുക. ഓരോ വാക്യത്തിനൊപ്പവും ഇക്കാര്യത്തിന് ഞാന്‍ ദൈവത്തിന്/പ്രപഞ്ചത്തിന് നന്ദി പറയുന്നുവെന്നും കൂടി ചേര്‍ക്കുക.
  • ഉദാഹരണത്തിന്: എന്നെ മനസിലാക്കാന്‍ പറ്റുന്ന, രസകരമായി ഇടപെടാന്‍ കഴിയുന്ന ഒരു സഹോദരനെ കിട്ടാനുള്ള ഭാഗ്യം സിദ്ധിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.
  • ഇത് എഴുതിക്കഴിഞ്ഞ് മനസിലോ ഉറക്കെയോ നന്ദിപറയുക. ഓരോ അനുഗ്രഹത്തിലും നന്ദിയുടെ വികാരം അനുഭവിക്കുക.

ഇതിന്റെ പ്രയോജനം പരമാവധി ലഭിക്കാനായി വെറുതെ എഴുന്നതിനപ്പുറം കുറച്ചുസമയമെടുത്ത് ഓരോ അനുഗ്രഹത്തെക്കുറിച്ചും കൃതജ്ഞത അനുഭവിക്കുകയെന്നതാണ് പ്രധാനം.

കൃതജ്ഞതയുടെ ഗുണങ്ങള്‍ പെട്ടെന്ന് തന്നെ നമുക്ക് ലഭിക്കും. ഈ രീതി എല്ലാ ദിവസവും തുടര്‍ച്ചയായി ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പെട്ടെന്നുതന്നെ പോസിറ്റീവ് ഫലമുണ്ടാകും. ദിവസം മുഴുവന്‍ കൂടുതല്‍ അനുകൂലമായ സംഭവങ്ങളും സാഹചര്യങ്ങളുമുണ്ടാകാന്‍ തുടങ്ങും. അത് വെറും യാദൃശ്ചികമല്ല.

എങ്ങനെ ഗ്രാറ്റിറ്റിയൂഡ് ജേണലിന് തുടക്കമിടാം?

1 ഇന്ന്/ഇന്നലെ സംഭവിച്ച ഏറ്റവും മികച്ച കാര്യം ഏതാണ്?

2 ഒരു ദിവസം നടന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നന്ദി തോന്നുന്നവ ഏതൊക്കെയാണ്? എന്തുകൊണ്ട്?

3 ഇന്ന് നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്തിയതോ നിങ്ങളെ പുഞ്ചിരിപ്പിച്ചതോ ആയ കാര്യമേതാണ്?

4 നിങ്ങളുടെ കുടുംബത്തെക്കുറിച്ച് നിങ്ങള്‍ ഏറ്റവും വിലമതിക്കുന്ന കാര്യം എന്താണ്?

5 നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും നന്ദിയുള്ള സുഹൃത്തുക്കള്‍ ആരൊക്കെയാണ്?

6 നിങ്ങളുടെ ഏതൊക്കെ കഴിവുകളോര്‍ത്താണ് ഏറ്റവും നന്ദി തോന്നുന്നത്?

7 ഇപ്പോള്‍ നിങ്ങള്‍ക്ക് നന്ദി തോന്നുന്നതും എന്നാല്‍ ഒരു വര്‍ഷം മുമ്പ് നിങ്ങള്‍ക്കില്ലാതിരുന്നതുമായ കാര്യം ഏതാണ്?

8 ജീവിതത്തില്‍ ഏത് ഭൗതികവസ്തുവിനോടാണ് നിങ്ങള്‍ക്ക് ഏറ്റവും നന്ദി തോന്നുന്നത്? എന്തുകൊണ്ടാണ്?

നമുക്ക് ഉള്ളതിനെ വളരെ നിസാരമായി കരുതുന്നതിന് പകരം നന്ദിയുള്ളവരായിരിക്കുമ്പോള്‍ ജീവിതം വളരെ അല്‍ഭുതകരമായി മാറുന്നു. നന്ദിയുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് സൂക്ഷിക്കുന്നതുവഴി ലക്ഷ്യങ്ങള്‍ നേടുന്നതിലും വിജയം വരിക്കുന്നതിലും അല്ലെങ്കില്‍ ഭാവിയിലെ നേട്ടങ്ങളിലൂടെയും മാത്രമല്ല സന്തോഷം ലഭിക്കുന്നതെന്ന് എനിക്ക് മനസിലായി. നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സമയം കണ്ടെത്തുമ്പോള്‍ ആ സന്തോഷം നമുക്ക് അനുഭവവേദ്യമാകും.

ജീവിതം ആസ്വദിക്കുന്നതിനും നന്മയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടി എല്ലാ ദിവസവും രാവിലെ കുറച്ചു സമയം നീക്കിവെക്കുന്നതിലൂടെ കൂടുതല്‍ കൂടുതല്‍ നന്ദിയുള്ളവരാകാനുള്ള അവസരങ്ങള്‍ ജീവിതം നമുക്ക് തരും.

(ജീവിതം സന്തോഷകരമാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കൂടുതല്‍ ലേഖനങ്ങള്‍ക്ക് thesouljam.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it