ജോലിയിലെ സമ്മര്‍ദ്ദം ജീവിതത്തെയും ബാധിക്കുന്നുണ്ടോ? ഇതാ ടെന്‍ഷനകറ്റി ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ചില വഴികള്‍
കൊറോണ ലോക്ഡൗണ്‍ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം തന്നെ വിവിധ മേഖലകളിലുള്ളവരുടെ തൊഴിലും നഷ്ടപ്പെടുത്തി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പല കമ്പനികളും നിര്‍ബന്ധിതരായി. ഇത് സ്വാഭാവികമായും സ്ഥാപനങ്ങള്‍ തങ്ങളുടെ നിലനില്‍ക്കുന്ന മറ്റു ജീവനക്കാരുടെ മേല്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഒരു പരിധി വരെ കാരണമായിത്തീര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വന്തം ജോലിയിലെ സമ്മര്‍ദ്ദമകറ്റുന്ന വഴികള്‍ ഓരോരുത്തരും കണ്ടെത്തിയേ മതിയാകൂ. ഒരു ദിവസം രാവിലെ വളരെ സന്തോഷത്തോടെ ജോലിതുടങ്ങുകയും അതേ മനോഭാവത്തില്‍ ജോലി കഴിഞ്ഞ് സ്വസ്ഥമായി ഉറങ്ങുന്നവരും വളരെ ചുരുക്കം ചിലരാണ്. അതിനുപുറമെ കൊറോണ എന്ന മഹാമാരി മുന്നോട്ട് വയ്ക്കുന്ന ആശങ്കകളും വ്യക്തിപരമായ സമ്മര്‍ദ്ദങ്ങളും. സമ്മര്‍ദ്ദമുള്ള ജോലികള്‍ നിങ്ങളുടെ ജീവിതത്തെയും അമിത സമ്മര്‍ദ്ദത്തിലേക്കും അത് പിന്നീട് മാനസിക, ശാരീരിക പ്രശ്‌നങ്ങളിലേക്കും നിങ്ങളെ തള്ളിവിടുകയും ചെയ്യുന്നു എന്നത് യാഥാര്‍ഥ്യമാണ്. എങ്ങനെ ഇത്തരത്തിലുള്ള സമ്മര്‍ദ്ദത്തെ നേരിടാം എന്ന് നമുക്ക് പരിശോധിക്കാം.
ദിവസം തുടങ്ങുമ്പോള്‍ പോസിറ്റീവ് ആകുക
ഒരു ദിവസം രാവിലെ തുടങ്ങുന്നതിന് രാത്രി ഏറ്റവുമൊടുവില്‍ ഉറക്കത്തിനു മുമ്പ് നാം ചിന്തിച്ച കാര്യങ്ങള്‍ക്ക് പ്രധാന്യമുണ്ടെന്ന് മന:ശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ജോലിയില്‍ സമ്മര്‍ദ്ദമുള്ളവര്‍ രാത്രി ഉറങ്ങും മുമ്പ് തൊട്ടുമുന്‍പുള്ള അഞ്ച് മിനിട്ട് കണ്ണടച്ച് നിങ്ങളുടെ ജോലിയിലെ ഏറ്റവും പോസിറ്റീവ് ആ വശങ്ങള്‍ നിങ്ങളോട് തന്നെ മനസ്സില്‍ പറയുക. ലോകത്ത് പലര്‍ക്കും മികച്ച വരുമാനം നല്‍കുന്ന ജോലി ഉണ്ടായിട്ടും നഷ്ടമായതിനെക്കുറിച്ച് ഓര്‍ക്കുക. നിങ്ങളുടെ ജോലി നല്‍കുന്ന നന്മകള്‍ പരിഗണിക്കുക. പിറ്റേ ദിവസം പോസിറ്റീവ് ആയി ഉണരാന്‍ ഇത് സഹായിക്കും. രാവിലെ ഉണര്‍ന്നാല്‍ പോസിറ്റീവ് ആയി ഇന്നും രോഗങ്ങളില്ലാതെ ഉണര്‍ന്നതിനു നന്ദിയോടെ ഇരിക്കുക. ഒരു ദിവസത്തിന്റെ ആരംഭത്തില്‍ തലച്ചോറിലേക്ക് നിങ്ങള്‍ കൊടുക്കുന്ന ആദ്യ ചിന്ത പോലും ആ ദിവസം മുഴുവനുമുള്ള നിങ്ങളുടെ എല്ലാ പ്രവര്‍ത്തികളെയും സ്വാധീനിക്കാന്‍ കഴിവുള്ളവയാണ്. നല്ല ചിന്തയാണ് നിങ്ങള്‍ തലച്ചോറില്‍ നിക്ഷേപിക്കുന്നത് എങ്കില്‍ ആ ദിവസത്തെ പ്രവര്‍ത്തികളില്‍ എല്ലാം അത് നല്ല രീതിയില്‍ നിഴലിക്കും. എന്തു നേടാന്‍ ആയാണ് നിങ്ങള്‍ ജോലി ചെയ്യുന്നത് എന്നെല്ലാം സ്വയം വിലയിരുത്തുക. നിങ്ങളുടെ ജോലിയുടെ കാര്യക്ഷമത എങ്ങനെ പരിശോധിക്കാമെന്നും കണ്ടെത്തുക. കൂടുതല്‍ വ്യക്തതയില്‍ ജോലിയെ സമീപിക്കാന്‍ ഇത് സഹായകരമാവും. സ്വഭാവികമായും സമ്മര്‍ദ്ദവും കുറയും. ഇത് ഒരാഴ്ച പിരിശീലിച്ച് നോക്കൂ. അപ്പോള്‍ തന്നെ മാറ്റം വരും.
രാവിലെ പ്ലാനിംഗ്
രാവിലെ ഉണരുന്നുവരില്‍ ജോലി സമ്മര്‍ദ്ദം കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജോലി സമ്മര്‍ദ്ദമില്ലാതെ ചെയ്യാന്‍ രാവിലെ ഉണരുമ്പോള്‍ മറ്റ് കാര്യങ്ങള്‍ക്കൊപ്പം തന്നെ അന്നേ ദിവസം ചെയ്ത് തീര്‍ക്കേണ്ട ജോലികളുടെ ഒരു ചെറിയ ലിസ്റ്റ് തയ്യാറാക്കാം. പിന്നീട് വരുന്ന ജോലികളുമായി ഇതിനെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുക. മാറ്റി വയ്ക്കാന്‍ പാടില്ലാത്തവ ആദ്യം, പിന്നീടുള്ളവ പിന്നീട് എന്നിങ്ങനെ തരം തിരിക്കാം. ജോലികള്‍ തന്റെ മനസ്സിന് സമ്മര്‍ദ്ദം നല്‍കുന്നതിന് താന്‍ പിന്തുടരുന്ന വര്‍ക്ക് ഓര്‍ഡര്‍ ശരിയാണോ എന്നു പരിശോധിക്കുകയും വേണമെങ്കില്‍ മാറ്റം വരുത്തുകയും ചെയ്യണം. എന്നും ഈ ടു ഡു ലിസ്റ്റ് ഉണ്ടാക്കുന്നത് ജോലിയിലെ കാര്യക്ഷമതയും വര്‍ധിപ്പിക്കും, നിങ്ങളുടെ സമ്മര്‍ദ്ദവും കുറയ്ക്കും.
ഒരു നേരം ഒരു ജോലി
ജോലിയില്‍ സമ്മര്‍ദ്ദത്തില്‍ ആയിരിക്കുമ്പോള്‍ ഒരു സമയം ഒന്നിലധികം ജോലികള്‍ ചെയ്യാന്‍ ശ്രമിക്കാതിരിക്കുക. ഒരു സമയം ഒരു ജോലി മാത്രം ചെയ്യുക, അത് പൂര്‍ത്തിയായശേഷം മാത്രം മറ്റൊന്നിലേക്ക് കടക്കുക. ഇത് ചെയ്യുന്ന ജോലിയിലുള്ള നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. മാത്രമല്ല മനസ്സിന് അധിക ഭാരം നല്‍കുന്നതും കുറയ്ക്കും. ജോലിയിലെ തെറ്റു കുറ്റങ്ങളും ലഘൂകരിക്കും.
നല്ല ജീവിതശൈലി പ്രധാനമാണ്
ജീവിതശൈലിയും ജോലിയിലെ സമ്മര്‍ദ്ദവുമായി ബന്ധമുണ്ട്. നല്ല രീതിയില്‍ ഒരു ദിവസത്തെ ചിട്ടപ്പെടുത്തിയവര്‍ക്ക് തൊഴിലിലും ഇക്കാര്യം ഗുണം ചെയ്യും. ഉരുന്നത്, കുളിക്കുന്നത്, വ്യായാമം ചെയ്യു്‌നനത്, കഴിക്കുന്നത് എന്നിങ്ങനെ വ്യക്തിപരമായ പ്രവര്‍ത്തികളുടെ ക്രമാനുസൃതമായ ശീലങ്ങള്‍ പോലും തൊഴില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെയോ വൈകിട്ട് ജോലി കഴിഞ്ഞോ ശാരീരികമായി അധ്വാനമുള്ള വ്യായാമങ്ങള്‍ ശീലമാക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായകമാകും. വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടവും ഊര്‍ജ്ജവും വര്‍ദ്ധിക്കുകയും ഇതിനനുസൃതമായി കൂടുതല്‍ പോസിറ്റീവ് മനോഭാവം രൂപപ്പെടുകയും ചെയ്യും.
അതുപോലെ തന്നെ പോഷക സമൃദ്ധമായ ഡയറ്റ് പിന്തുടരണം. ധാരാളംപഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അമിതമായി ഉപ്പ് അടങ്ങിയ ഫാസ്റ്റ് ഫുഡ്സ് , അമിതമായി എണ്ണ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. ജോലിക്കിടയിലും ഫാസ്റ്റ് ഫുഡ്‌സ് കഴിക്കരുത്. കോള പോലുള്ള പാനീയങ്ങളും ഒഴിവാക്കുക. അതോടൊപ്പം ശരിയായ ഉറക്കവും ഒരാളുടെ ശാരീരിക മാനസിക ഉണര്‍വിന് അനിവാര്യമാണ്. ജോലി സമ്മര്‍ദ്ദം മൂലം ഉറക്കവും ഭക്ഷണവും ഒഴിവാക്കുന്ന ശീലം ഉപേക്ഷിക്കുക.. ശരാശരി ഒരു ദിവസം ഏഴ് മുതല്‍ മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുവാന്‍ ശ്രദ്ധിക്കുക.
ജോലിക്ക് ടൈംടേബ്ള്‍
ഓഫീസിലായാലും വര്‍ക്ക് ഫ്രം ഹോം ആയാലും ഒരു നിശിചത സമയത്തില്‍ ജോലി അവസാനിപ്പിക്കുക. വാട്ടിലിരുന്നല്ലേ എന്നു കരുതി അധികനേരം ലാപ്‌ടോപ്പിന് മുന്നില്‍ ചെലവഴിക്കുന്നത് നിങ്ങളെ നിങ്ങള്‍ പോലുമറിയാതെ സമ്മര്‍ദ്ദത്തിലാക്കും. ടൈം ടേബ്ള്‍ ശീലമാക്കുക. ബാക്കി ലസമയം പാട്ടു കേള്‍ക്കലോ ഗാര്‍ഡനിംഗോ പോലെ വീട്ടില്‍ ചെയ്യാവുന്ന ചില കാര്യങ്ങളില്‍ മുഴുകുക. അതോടൊപ്പം പ്രിയപ്പെട്ടവരുമായി സംവദിക്കുക. നിങ്ങള്‍ക്ക് സന്തോഷവും പോസിറ്റീവ് മനോഭാവവും പകര്‍ന്നുതരുന്ന ആളുകളോട് ഒപ്പം സമയം ചെലവഴിക്കുന്നത് ജോലി സമ്മര്‍ദ്ദത്തെയും ജീവിതത്തിലെ സ്‌ട്രെസ്സിനെയും കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദൂരെയുള്ള ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെടാനും ഏറ്റവും അടുത്ത സുഹൃത്തിനോട് മനസ്സു തുറന്ന് സംസാരിക്കാനും ഒരു ദിവസത്തില്‍ തീര്‍ച്ചയായും സമയം കണ്ടെത്തുക. പ്രാര്‍ത്ഥന പോലുള്ള ആത്മീയ കാര്യങ്ങള്‍ താല്‍പര്യമുള്ളവര്‍ക്ക് അത് വിട്ടുപോകാതെയും ശ്രദ്ധിക്കുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline