നിങ്ങള്‍ക്കും ചെയ്യാം മെഡിറ്റേഷന്‍, ഈസിയായി

അനൂപ് ഏബ്രഹാം

മെഡിറ്റേഷന്‍ എന്ന വാക്കു കേള്‍ക്കുമ്പോള്‍ ബഹുഭൂരിപക്ഷത്തിന്റേയും മനസില്‍ തറയില്‍ കാലുകള്‍ പിണച്ചുവെച്ച് കണ്ണടച്ചിരിക്കുന്ന ഒരു മനുഷ്യനെയാകും തെളിഞ്ഞു വരിക.

മെഡിറ്റേഷന്‍ എന്നാല്‍ ലളിതമായി പറഞ്ഞാല്‍ ഓരോ നിമിഷത്തെയും അതിന്റേതായ എല്ലാ അന്തസത്ത യോടെയും ഉള്‍ക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. നാം പൂര്‍ണ്ണ ശ്രദ്ധ അര്‍പ്പിച്ച് ചെയ്യുന്ന ഏത് പ്രവര്‍ത്തിയും ആ വിധത്തില്‍ മെഡിറ്റേഷന്‍ ആകും. അത് മറ്റൊരാളുമായുള്ള സംഭാഷണമാകാം, ഡ്രൈവിംഗാകാം എന്തിന് ഭക്ഷണം കഴിക്കല്‍ പോലുമാകാം. നമ്മുടെ മനസ്സ് ആ നിമിഷത്തെ കാര്യങ്ങളില്‍ നിന്ന് കഴിഞ്ഞ കാര്യങ്ങളിലേക്കും ഭാവിയിലെ കാര്യങ്ങളിലേക്കും ഭ്രമാത്മകമായ കാഴ്ചകളിലേയ്ക്കും പാഞ്ഞു പോകുന്നതു കൊണ്ട് ഈ തലത്തിലുള്ള ശ്രദ്ധ പ്രകൃത്യാ ലഭിക്കണമെന്നില്ല.

പൊതുവേ സാധാരണവും പരമ്പരാഗതവുമായ മെഡിറ്റേഷന്‍ രീതി നമ്മുടെ ശ്വസന ഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് . ഓരോ തവണയും നമ്മുടെ ശ്രദ്ധ പാളുമ്പോള്‍ നമ്മുടെ സകല ശ്രദ്ധയും ചിന്തകളെ കണക്കാക്കാതെ തന്നെ ശ്വസന ഗതിയിലേക്ക് തിരികെ എത്തിക്കണം ഈയൊരു നിമിഷം എങ്ങനെയാണോ, അതില്‍ പൂര്‍ണമായി മുഴുകുക എന്നതാണ് ധ്യാനം. മെഡിറ്റേഷനുള്ള ഏറ്റവും സാധാരണവും പരമ്പരാഗതവുമായ രീതി നമ്മുടെ ശ്വസനത്തില്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ളതാണ്. എന്നാല്‍ പലപ്പോഴും ഈ രീതി എല്ലാവര്‍ക്കും എളുപ്പത്തില്‍ ചെയ്യാനാവണമെന്നില്ല. മനസ് ശാന്തമാക്കാനും ധ്യാന നിമഗ്നമാക്കുവാനും മറ്റു വഴികളുമുണ്ട്. ഇതാ അതിനുള്ള ചില വഴികള്‍.

സംഗീതം

സംഗീതത്തിലൂടെ നമുക്ക് മെഡിറ്റേഷന്‍ സാധ്യമാക്കാം. സംഗീതത്തില്‍ പൂര്‍ണമായി ശ്രദ്ധിച്ചാല്‍ മനസില്‍ പലവിധ ചിന്തകള്‍ വന്നു നിറയുന്നത് ക്രമേണ കുറയ്ക്കാന്‍ കഴിയും. ദ്രുത താളത്തില്ലല്ലാത്ത ഉപകരണ സംഗീതം പോലെ. നിങ്ങള്‍ക്ക് അനുയോജ്യമെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാം. യൂട്യൂബിലും മറ്റും ഇത്തരത്തിലുള്ള നിരവധി ട്രാക്കുകള്‍ ലഭ്യമാണ്. പ്രകൃതിയുടെ ശബ്ദങ്ങള്‍ നിങ്ങളെ വളരെ പെട്ടെന്ന് ധ്യാനാവസ്ഥയിലേക്ക് നയിക്കും. തുടക്കത്തില്‍ സംഗീതത്തില്‍ നിന്ന് ശ്രദ്ധ മാറുമ്പോള്‍ പെട്ടെന്നു തന്നെ സംഗീതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുക. നിങ്ങള്‍ ആ സംഗീതത്തെ വിശകലനം ചെയ്യാനൊന്നും പോകേണ്ടതില്ല, മറിച്ച് വെറുതേ കേള്‍ക്കുക. സംഗീതം മെഡിറ്റേഷനായി ഉപയോഗപ്പെടുത്തുമ്പോള്‍ ഇയര്‍ഫോണോ ഹെഡ് ഫോണോ ഉപയോഗിക്കുന്നതാകും നല്ലത്.

മെഴുകുതിരി ജ്വാല

കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിയുടെ ജ്വാലയിലേക്ക് നോക്കിക്കൊണ്ടിരിക്കുക. ഒന്നിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ മനസ് എളുപ്പത്തില്‍ ശാന്തമാകുന്നു. മെഴുകുതിരി ജ്വാലയില്‍ നിന്ന് ശ്രദ്ധ മാറിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. സംഗീതത്തിലേതു പോലെ തന്നെ തീ നാളത്തെക്കുറിച്ച് കൂടുതലൊന്നും ചിന്തിച്ചു കൂട്ടാതെ വെറുതെ നോക്കിക്കൊണ്ടിരിക്കുക. ഇരുട്ടു നിറഞ്ഞതോ പ്രകാശം കുറഞ്ഞതോ ആയ മുറികളായാല്‍ നന്ന്. നിങ്ങളുടെ കണ്ണിന് സമാന്തരമായി
തന്നെ മെഴുകുതിരി സ്ഥാപിക്കുന്നത് കണ്ണിന്റെ ആയാസം
കുറയ്ക്കാന്‍ സഹായിക്കും.

നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്ത് ഒരു ഇന്‍സ്ട്രക്റ്ററുടെ റിക്കോര്‍ഡ് ചെയ്തു വെച്ച ശബ്ദത്തിനൊപ്പം മെഡിറ്റേഷന്‍ നടത്താം. പടിപടിയായ നിര്‍ദേശങ്ങളി
ലൂടെ അവര്‍ ധ്യാനാവസ്ഥയിലേക്ക് നയിക്കും. ഹെഡ്‌സ്‌പേസ്, രമഹാ പോലുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ സൗജന്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

മന്ത്ര മെഡിറ്റേഷന്‍

ആവര്‍ത്തിക്കുന്ന ശബ്ദമാണ് മന്ത്രം. മന്ത്രങ്ങള്‍ ചൊല്ലുന്നത് മനസ് ശാന്തമാക്കാന്‍ ഉപകരിക്കും. ഉച്ചത്തിലോ നിശബ്ദമായോ മന്ത്രങ്ങള്‍ ചൊല്ലാം. മന്ത്രത്തിന്റെ ശബ്ദത്തില്‍ മനസ് കേന്ദ്രീകരിക്കാം. നിരവധി മന്ത്രങ്ങള്‍ ലഭ്യമാണെങ്കിലും
'ഓം' എന്ന വാക്കാണ് കൂടുതലായും ഉപയോഗിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ക്ക് ഏതു മെഡിറ്റേഷന്‍ രീതി വേണമെങ്കിലും തെരഞ്ഞെടുക്കാം. എന്നാല്‍ അത് ഫലപ്രദമാകാന്‍ പൊതുവായി അനുവര്‍ത്തിക്കേണ്ട ചില കാര്യങ്ങളുണ്ട്.

* ശല്യപ്പെടുത്തലുകളില്ലാത്ത ഒരു സ്ഥലത്ത് ഇരിക്കുക. കസേരയിലോ നിലത്തോ
ഇരിക്കാം. പക്ഷേ നട്ടെല്ല് നിവര്‍ന്നു തന്നെയിരിക്കണം.

  • മെഡിറ്റേഷനു മുമ്പു ചെറിയൊരു ശ്വസന വ്യായാമം നടത്തുന്നത് ഗുണം ചെയ്യും. 4 എണ്ണുന്നതു വരെ ശ്വാസം ഉള്ളിലേക്ക് എടുക്കുക, 7 എണ്ണുന്നതു വരെ അത് പിടിച്ചു വെക്കുക, തുടര്‍ന്ന് 8 എണ്ണുന്നതു വരെ പുറത്തേക്ക് വിടുക. ഇങ്ങനെ 10 പ്രാവശ്യം ചെയ്യുന്നത് നല്ലതാണ്.

  • മെഡിറ്റേഷന് ഇരിക്കുമ്പോള്‍ പലവിധ ചിന്തകള്‍ നമ്മുടെ മനസിലെത്തും. എന്നാല്‍ ഏതെങ്കിലും വസ്തുവിലേക്ക് (ശബ്ദം, ശ്വാസം, മന്ത്രം, മെഴുകുതിരി ജ്വാല) ശ്രദ്ധ കേന്ദ്രീകരിച്ച് ഈ പ്രശ്‌നം പരിഹരിക്കാം.
  • ധ്യാനാവസ്ഥയിലേക്ക് എത്താന്‍ സ്വയം സമയപരിധി നിശ്ചയിക്കുകയും അത് സാധ്യമായില്ലെങ്കില്‍ അസ്വസ്ഥനാവുകയും ചെയ്യരുത്. പകരം ഇത്ര സമയം എന്ന ഉപാധിയില്ലാതിരുന്നാല്‍ നമ്മള്‍ തനിയെ ധ്യാനാവസ്ഥയിലെത്തുന്നത് കാണാം.

മണിക്കൂറുകളോളം മെഡിറ്റേഷന്‍ നടത്തിയാലേ ഗുണമുള്ളൂ എന്നൊന്നുമില്ല. അഞ്ചു മിനുട്ട് പോലും ഫലപ്രദമാണ്. മെഡിറ്റേഷനൊന്നും നമുക്ക് പറ്റിയതല്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കാന്‍ വരട്ടെ. വെറുതേ ഒന്നു ശ്രമിച്ചു നോക്കുക, അത്ഭുതങ്ങള്‍ സംഭവിക്കുന്നത് കാണാം.

(സോള്‍ജാം എന്ന ബ്ലോഗിലെ ലേഖനത്തിന്റെ സംക്ഷിപ്ത രൂപം.
വിശദവായനയ്ക്ക്: https://www.thesouljam.com/post/easy-ways-by-which-anyone-can-meditate)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it