ലോക്ഡൗണ്‍ കാലത്ത് 'ഡൗണ്‍' ആകാതിരിക്കാം; ഇതാ 10 വഴികള്‍

കോവിഡ് ദിനങ്ങള്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവന്‍. രോഗത്തോടുള്ള ഭീതിയും രോഗം മൂലം വീട്ടില്‍ അടച്ചിരിക്കപ്പെടേണ്ട അവസ്ഥയും. ഈ സമയത്തെ സംരംഭകരുടെ പ്രശ്‌നമോ? ഏറെ വ്യാപ്തിയുള്ളതാണതെന്നു പറയേണ്ടിയിരിക്കുന്നു. ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യം, മുമ്പെങ്ങുമില്ലാത്ത പോലെ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ബിസിനസിന്റെ ചെലവ് വര്‍ധിക്കല്‍…അങ്ങനെ അവര്‍ക്കു മുന്നില്‍ പ്രതിസന്ധികള്‍ നിരവധിയാണ്. അതിനിടയിലാണ് കോവിഡും. ജീവനക്കാരോ, പലരും തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നത്. ഒരു എമര്‍ജന്‍സി ഫണ്ട് പോലുമില്ലാത്തവര്‍ നിരവധി, ലോണുകള്‍, അടച്ചു തീര്‍ക്കാത്ത വായ്പകള്‍ അങ്ങനെ പ്രാരാബ്ധകഥകളേ ഉള്ളൂ പറയാന്‍. ഈ ലോക്ഡൗണ്‍ ദിനങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ മറ്റൊന്നും വേണ്ടല്ലോ. എന്നാല്‍ അങ്ങനെ ചിന്തിച്ചു സ്വയം 'ലോക്ക്' ആയി ഇരിക്കേണ്ട കാര്യമുണ്ടോ? സ്വന്തം നഷ്ടങ്ങളും നിരാശയും മാത്രം നല്‍കുന്ന ചിന്തകളോ മനസ്സ് മുഴുവന്‍ നിറച്ചാല്‍ വരാനുള്ള നാളുകളില്‍ നിങ്ങള്‍ക്ക് ഊര്‍ജസ്വലതയോടെ തിരിച്ച് നേട്ടങ്ങള്‍ സ്വന്തമാക്കാനോ ലക്ഷ്യത്തെ കയ്യെത്തിപ്പിടിക്കാനോ കഴിഞ്ഞെന്നു വരില്ല. ഇതാ ലോക് ഡൗണ്‍ കാലത്ത് സ്‌ട്രെസ് കുറയ്ക്കാനും വരുന്ന നല്ലകാലത്തെ ഊര്‍ജസ്വലരായി സ്വീകരിക്കാനും സഹായിക്കുന്ന 10 വഴികള്‍ :

1. യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുക

ലോകം മുഴുവനും ലോക്ഡൗണിലാണ്. ഇതൊരു യാഥാര്‍ത്ഥ്യമാണ്. ആഗോള പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴാണ് നമ്മുടെ പ്രശ്‌നം ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ കാലഘട്ടവും കഴിഞ്ഞു പോകും. അത് വരെ പ്രശ്‌നം അധികരിക്കുകയോ കുറയുകയോ ചെയ്യില്ല. ക്ഷമയോടെ കാത്തിരിക്കുക. റിയാലിറ്റിയെ ഉള്‍ക്കൊള്ളലാണ് ഇപ്പോള്‍ വേണ്ടത്.

2. ബിസിനസിനെ ഫൈന്‍ട്യൂണ്‍ ചെയ്യാം

ഈ സമയം നിങ്ങളുടെ ബിസിനസിനെ കുറച്ച് കൂടുതല്‍ അറിയാനും ഫൈന്‍ ട്യൂണ്‍ ചെയ്യാനും ഉപയോഗിക്കാം. ബിസിനസിന്റെ പരിമിതികള്‍, പുതു സാധ്യതകള്‍, ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ആശയങ്ങള്‍ എന്നിവയെല്ലാം ഈ സമയത്ത് ഓര്‍ത്ത് വെക്കാം. അവ കുറിച്ചു വെക്കാം. പുതിയ പ്രോജക്റ്റുകളാക്കി തയ്യാറാക്കാം. ഈ നേരവും കടന്നു പോകും, യാഥാര്‍ത്ഥ്യം എന്നത് ഉത്തരവാദിത്തങ്ങള്‍ നമ്മെ കടന്നു പോവില്ല, അത് നിറവേറുക തന്നെ വേണം എന്നതാണ്. അതിനാല്‍ ബിസിനസിന്റെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാം. ഒരു പക്ഷെ തിരക്കില്‍ പെട്ട് പലര്‍ക്കും ഇതുവരെ അത് കഴിഞ്ഞിട്ടുണ്ടാവണം എന്നില്ല. ഈ സമയം അതിനാകട്ടെ.

3. ഫില്‍റ്റര്‍ ചെയ്യുക

നിങ്ങള്‍ക്ക് ഒരു ശുദ്ധീകരണത്തിന്റെ സമയം കൂടെയാണ് ഇത് എന്നു കരുതുക. ഇപ്പോള്‍ പല ബിസിനസുകളിലും എന്താണ് പ്രധാനം, ഏതൊക്കെ ഇല്ലെങ്കിലും എങ്ങനെ ബിസിനസ് നടക്കുന്നു, ബിസിനസിന്റെ അധിക ചെലവുകള്‍ വന്നിരുന്നതെവിടെ, എവിടെയൊക്കെ ആവശ്യമില്ലാതെ ശ്രദ്ധ നല്‍കി എന്നതൊക്കെ തിരിച്ചറിയാം. ടീമിന്റെ പ്രവര്‍ത്തനങ്ങളെ പഠിക്കാവന്‍ ഈ നേരം ചെലവഴിക്കാം. ബിസിനസിന്റെ ശരിയായ പ്രവര്‍ത്തനം ഇപ്പോള്‍ എങ്ങനെ, മുമ്പ് എങ്ങനെ എന്നൊക്കെ വിശകലനം ചെയ്യുകയും അവയില്‍ നിന്നും കാമ്പുള്ള കാര്യങ്ങളെ വേര്‍തിരിച്ചെടുത്ത് സമയം, പണം, പ്രയത്‌നം വേണ്ടത് , വേണ്ടാത്തത് എന്നിങ്ങനെ വേര്‍തിരിച്ചെടുക്കുകയും വേണം. ബിസിനസില്‍ മാത്രമല്ല വ്യക്തിപരമായും ഈ സമയം ഒരു ശുദ്ധീകലശം നടത്താം. ഒഴിവാക്കാവുന്ന ചില ദുശ്ശീലങ്ങളെ സ്വയം കണ്ടെത്തി അവയില്ലാത്ത ദിവസങ്ങളിലൂടെ ജീവിച്ച് അവയെ തൂത്തെറിയാം.

4. പ്രതീക്ഷ (ഹോപ് ) മുറുകെപ്പിടിക്കുക

കൊറോണയെക്കുറിച്ചുള്ള നെഗറ്റീവ് ന്യൂസുകളും വിഡിയോകളും മാത്രം കണ്ടിരിക്കാതെ പുറത്തു വരുന്ന രോഗ പ്രിതിരോധ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍, രോഗം ഭേദമായവരുടെ കഥകള്‍ എന്നിവയെല്ലാം ശ്രദ്ധിക്കാം. കാര്യങ്ങള്‍ നല്ല രീതിയില്‍ മാറിമറിയും എന്ന വിശ്വാസം ഉണ്ടായിരിക്കണം. ആ പ്രതീക്ഷ നിങ്ങള്‍ക്ക് ഊര്‍ജം നല്‍കും.

5. മാനസികാരോഗ്യം ഒപ്പം ശാരീരികവും

മനസ്സില്‍ ഉത്ഘണ്ഠ, ഭയം എന്നിവ നിറച്ചാല്‍ അത് നിങ്ങളെ നിങ്ങളറിയാതെ സ്ലോ പോയിസണ്‍ പോലെ അത് വേട്ടയാടും. ശാസ്ത്രത്തിനുമപ്പുറം പ്രപഞ്ചത്തെ നയിക്കുന്ന ആ അദൃശ്യ ശക്തിയില്‍ വിശ്വസിക്കുന്നവര്‍ക്ക് ആ വിശ്വാസം മനസ്സില്‍ നിറയ്ക്കാം. ആത്മീയതയില്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധ നല്‍കാം. ആത്മീയപരമായി പ്രചോദിപ്പിക്കുന്ന വിഡിയോകള്‍, പോസിറ്റീവ് ചിന്തകള്‍ നല്‍കുന്ന ടെഡ് ടോക്‌സ് എന്നിവയെല്ലാം കേള്‍ക്കാം.

6. ശാരീരികാരോഗ്യവും

മാനസികാരോഗ്യത്തോടൊപ്പം ശാരീരികാരോഗ്യവും പ്രധാനമാണ്. വീട്ടില്‍ തന്നെ ഇരിക്കുമ്പോളും ചെയ്യാന്‍ കഴിയുന്ന ചില വ്യായാമങ്ങള്‍, യോഗ തുടങ്ങിയവ പരിശീലിക്കാം. മദ്യപാനം പോലുള്ള ശീലങ്ങള്‍ ഉള്ളവരാണെങ്കില്‍ അതിനോട് ഗുഡ്‌ബൈ പറയാന്‍ ഈ ദിവസങ്ങളെ ഉപയോഗപ്പെടുത്താം. നല്ല ഭക്ഷണം വീട്ടില്‍ പാകം ചെയ്തു കഴിക്കുകയും ഈറ്റിംഗ് ഔട്ട് ഹാബിറ്റ്‌സ് ഉപേക്ഷിക്കുകയും ഒക്കെ ചെയ്യുന്നതോടെ ശരീരത്തിന്റെ ഊര്‍ജവും നിങ്ങള്‍ റീസ്‌റ്റോര്‍ ചെയ്യുകയാണ്.

7. വ്യക്തിബന്ധങ്ങള്‍ വളര്‍ത്തണം

വ്യക്തിപരമായി ആരോടെങ്കിലും ദേഷ്യം, ശത്രുത എന്നിവയൊക്കെ വെച്ചു പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് നീക്കാനുള്ള സമയമായി ഇതിനെ കാണണം. മാത്രമല്ല ബിസിനസിലെ ചില ക്ലയന്റുകള്‍, ചില ഒഴിവായിപ്പോയ മീറ്റിംഗുകള്‍ എന്നിവയ്‌ക്കൊക്കെ സമയം കണ്ടെത്താം. സൂം മീറ്റിംഗും മറ്റും വഴി ക്ലയന്റുകളും ജീവനക്കാരുമെല്ലാമായി സംസാരിച്ചു കൊണ്ടിരിക്കുക. സ്റ്റാഫിനെ കുറച്ച് കൂടുതല്‍ അടുത്തറിയാന്‍ ഈ സമയം വിനിയോഗിക്കണം. അവര്‍ക്കത് പ്രൊഡക്റ്റിവിറ്റി കൂട്ടാനുള്ള പ്രചോദനം കൂടെയാണ്.

8. വര്‍ക്ക് ലൈഫ് സമനില

വര്‍ക്ക് ലൈഫ് ബാലന്‍സിനെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വര്‍ക്ക് ലൈഫ് ബാലന്‍സ് കൊണ്ടുവരാന്‍ മികച്ച സമയമാണ് വര്‍ക്ക് ഫ്രം ഹോമും ലോക് ഡൗണ്‍ കാലവും. ക്വാളിറ്റി ടൈം അല്ല, ക്വാണ്ടിറ്റി ഓഫ് ടൈം ആണ് ഇവിടെ നിലനിര്‍ത്തേണ്ടത്. കുടുംബത്തിലെ എല്ലാവരുമായും സംസാരിക്കാനും മനസ്സ് തുറക്കാനും കുട്ടികളുമായി അധികനേരം കളിക്കാനുമെല്ലാം ഈ നേരം ഉപയോഗിക്കാം. പാചകം അല്‍പ്പം വശമുണ്ടെങ്കില്‍ അതും പരീക്ഷിക്കാം. അല്ലെങ്കില്‍ ചെറിയ തോതില്‍ ഭാര്യയെയോ അമ്മയെയോ സഹായിക്കാം. ഇതൊക്കെ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളെ റീ ചാര്‍ജ് ചെയ്യുന്ന ഘടകങ്ങളാണ്.

9. ഫ്‌ളെക്‌സി ആകൂ

നിങ്ങളൊരു സംരംഭകനാണെങ്കില്‍ നിങ്ങള്‍ സ്വയമായും ജീവനക്കാരുടെ ജോലിയിലെ സമയത്തിലായാലും ക്രമീകരണങ്ങള്‍ കര്‍ക്കശമല്ലാതെ അല്‍പ്പം അയവ് വരുത്താന്‍ ഈ സമയം ഉപയോഗിക്കാം. അതായത് നിങ്ങള്‍ രാവിലെ അഞ്ച് മണിക്കെഴുന്നേല്‍ക്കുകയും ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ രാവിലെ 8 മണി വരെ ചെയ്തു എന്നുമിരിക്കട്ടെ. ഉച്ച കഴിഞ്ഞ് 2 മുതല്‍ 7 മണി വരെ മാത്രം വര്‍ക്ക് ചെയ്ത് ബാക്കി ജോലികള്‍ പൂര്‍ത്തീകരിക്കാം. വര്‍ക്ക് ഫ്രം ഹോം അധികനേരം തുടര്‍ന്നാല്‍ സ്‌ട്രെസ് ഉണ്ടാക്കുമെന്നതാണ് സത്യം. ഇത്തരത്തില്‍ ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ തീര്‍ക്കുകയും സമയത്തില്‍ അല്‍പ്പം ഇളവ് വരുത്തുകയും ചെയ്യൂ. മാറ്റങ്ങള്‍ നിങ്ങളെ തന്നെ അല്‍ഭുതപ്പെടുത്തും. ഇതിന് ക്ലോക്കിഫൈ പോലുള്ള ആപ്പുകള്‍ ഇന്ന് ലഭ്യമാണ്.

10. പൊടിതട്ടി എടുക്കാം കഴിവുകള്‍

ഈ ദിവസങ്ങള്‍ വെറുതെ ടെന്‍ഷന് വിട്ടുകൊടുക്കാതെ എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യാം. പടം വരയ്ക്കുന്നവര്‍ക്ക് അത് വീണ്ടും തുടങ്ങാം. സംഗീതോപകരണങ്ങള്‍ വായിക്കുന്നവര്‍ക്ക് അതുമാകാം. ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ ഏതെങ്കിലും പുതിയ കാര്യങ്ങള്‍ പഠിക്കാം. ഇതൊക്കെ സ്‌ട്രെസ് കുറയ്ക്കുന്ന കാര്യങ്ങളാണ്. ഒപ്പം നിങ്ങളെ തന്നെ കുറച്ചു കൂടി ബെറ്റര്‍ ആക്കാനുള്ള ഒരു ബ്രേക്ക് ടൈം ആയി ഈ സമയത്തെ കരുതാം.

വിവരങ്ങള്‍ക്ക് കടപ്പാട് :

Psy.വിപിന്‍ റോള്‍ഡന്റ് , സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് & പെര്‍ഫോമന്‍സ് കോച്ച് , സണ്‍റൈസ് ഹോസ്പിറ്റല്‍, റോള്‍ഡന്റ്‌സ് ബിഹേവിയര്‍ സ്റ്റുഡിയോ & കുസാറ്റ് , കൊച്ചി - cmd@roldantz.com, www.roldantz.com

ഹെല്‍പ് ലൈന്‍: 7025917700, 70259 27700

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it