പൊതുവേദിയിൽ സംസാരിക്കാൻ മടിയാണോ?

ആളുകളോടു സംസാരിക്കേണ്ടി വരുമ്പോള്‍ ഏറെ ഉള്‍വലിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. പൊതുസ്ഥലത്ത് സംസാരിക്കേണ്ട സാഹചര്യങ്ങളൊക്കെ അദ്ദേഹം ഒഴിവാക്കി. പിന്നീട് അദ്ദേഹം പഠിച്ച് അഭിഭാഷകനായി. ആദ്യത്തെ കേസ് വാദിക്കാനൊരുങ്ങിയ അദ്ദേഹത്തിന് സഭാകമ്പം മൂലം ഒന്നും സംസാരിക്കാനായില്ല.
ഒടുവില്‍ കക്ഷിക്ക് ഫീസ് തിരിച്ചു കൊടുത്ത് മറ്റൊരു വക്കീലിനെ ഏര്‍പ്പാടാക്കി കൊടുക്കുകയാണ് ഉണ്ടായത്. പക്ഷേ, ഇതേ വ്യക്തി പിന്നീട് തന്റെ വാക്കുകളുടെ ശക്തിയിലൂടെ ഒരു ജനതയെ മുഴുവന്‍ തന്റെകൂടെ നിര്‍ത്തി, അക്രമരഹിതമായ മാര്‍ഗത്തിലൂടെ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. മറ്റാരുമല്ല, സാക്ഷാല്‍ മഹാത്മാഗാന്ധി തന്നെയാണ് ആ നേതാവ്.
കൃത്യമായ പരിശീലനത്തിലൂടെ തന്റെ ഉള്‍വലിയല്‍ സ്വഭാവത്തെ മാറ്റിനിര്‍ത്തി ലോകം കണ്ട ഏറ്റവും വലിയ നേതാവാകാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. പ്രസംഗിക്കാനുള്ള കഴിവ് ജന്മനാ ലഭിക്കുന്നതല്ല, ചിട്ടയായ പരിശീലനത്തിലൂടെ അതു നേടിയെടുക്കാന്‍ കഴിയും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.
പൊതുസ്ഥലത്ത് രണ്ടു വാക്ക് സംസാരിക്കാന്‍ അവസരം കിട്ടുമ്പോള്‍ വിയര്‍ക്കാറുള്ള വ്യക്തിയാണോ നിങ്ങള്‍? പേടിക്കണ്ട. ജനസംഖ്യയില്‍ 90 ശതമാനം പേരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. ഗാന്ധിജി മാത്രമല്ല ലോകത്തെ കിടുകിടെ വിറപ്പിച്ച ഹിറ്റ്‌ലറിന് പോലും സഭാകമ്പം ഉണ്ടായിരുന്നു.
ലോകത്തെ ഇളക്കിമറിച്ച പ്രസംഗങ്ങള്‍ നടത്തിയ പലരും അവരുടെ ആദ്യകാലങ്ങളില്‍ പ്രസംഗത്തെ ഭയപ്പെട്ടിരുന്നു. കണ്ണാടിയില്‍ നോക്കിനിന്നും കാട്ടില്‍ പോയി അവിടത്തെ വൃക്ഷലതാദികള്‍ തന്റെ പ്രസംഗം കേട്ടിരിക്കുന്ന കാണികളാണെന്ന് മനസില്‍ കരുതിയും പ്രസംഗം പറഞ്ഞ് പരിശീലിച്ച് പിന്നീട് പ്രസംഗകലയില്‍ ആചാര്യന്മാരായി വളര്‍ന്ന അനേകരുണ്ട്.
ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് പൊതുവേദി
നിങ്ങള്‍ ഒരു ബിസിനസുകാരനോ പ്രൊഫഷണലോ വിദ്യാര്‍ത്ഥിയോ ആയിരിക്കട്ടെ, ഏതു മേഖലയിലുള്ള ആളുകള്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് പൊതുവേദികളില്‍ സംസാരിക്കുക എന്നത്. അത് ഒരു പക്ഷേ, വളരെ ഔദ്യോഗികമായ ഒരു ബിസിനസ് മീറ്റാകാം, ഒരു അനുമോദനച്ചടങ്ങാകാം, റെസിഡന്റ ്‌സ് അസോസിയേഷന്‍ മീറ്റിംഗാകാം, വിദ്യാര്‍ത്ഥികള്‍ക്കാണെങ്കില്‍ ഇന്റര്‍വ്യൂവിന്റെ ഭാഗമായ ഗ്രൂപ്പ് ഡിസ്‌കഷനാകാം...
എന്തായാലും നിങ്ങള്‍ സംസാരിച്ചേ പറ്റൂ. ഇല്ലെങ്കില്‍ അറിവുണ്ടെങ്കിലും നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം എവിടെയും കിട്ടണമെന്നില്ല. ഈ സാഹചര്യത്തില്‍ നിങ്ങളെ പ്രസംഗത്തില്‍ നിന്ന് തടയുന്ന മടി എന്തുതന്നെയായാലും അതിനെ മറികടന്നേ മതിയാകൂ.
മാർക്ക് ആന്റണിയുടെ പ്രസംഗം കേട്ട് ഇളകി മറിയുന്ന പുരുഷാരം നിറഞ്ഞ ഒരു റോമാ നഗരമോ ഏലംകുളത്ത് മനയിലെ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന പ്രസംഗം കാതോര്‍ത്ത് കേട്ടിരിക്കുന്ന ആള്‍ക്കൂട്ടം നിറഞ്ഞ ഒരു പഴവങ്ങാടി മൈതാനമോ ഇനി ഈ ഭൂമുഖത്ത് ഒരിക്കലും ഉണ്ടാകാന്‍ പോകുന്നില്ല.
കാരണം ലോകം മാറി, കാലം മാറി, മനുഷ്യരും മാറി എന്നതാണ്. ആശയവിനി മയത്തിന് ഇന്ന് എത്രയോ പുതിയ സാങ്കേതങ്ങളാണുള്ളത്. ആ മാറ്റങ്ങളെക്കാള്‍ ഏറ്റവും പ്രധാനം, സമയം എന്നതാണ് മനുഷ്യന് ഈ ലോകത്തില്‍ ഏറ്റവും വിലകൂടിയതെന്ന യാഥാര്‍ ത്ഥ ്യമാണ്.
ഹ്രസ്വമായ പ്രസംഗങ്ങള്‍
എന്തുകൊണ്ടും പ്രസംഗം എന്നത് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. കാര്യമാത്ര പ്രസക്തിയുള്ള വിവരങ്ങള്‍ മനുഷ്യരിലെത്തിക്കാന്‍ ഇന്നും പ്രസംഗങ്ങള്‍ ഭൂമുഖത്തുടനീളം നടക്കുന്നു. നടക്കുന്നതോ വളരെ ഹ്രസ്വമായ പ്രസംഗങ്ങള്‍.
ഓരോ പ്രത്യേക വിഷയത്തില്‍ താല്‍പ്പര്യ മുള്ള, ഓരോ വിഭാഗം മനുഷ്യര്‍ക്കും വേണ്ടിയുള്ള ഹ്രസ്വ പ്രസംഗങ്ങള്‍. അതിന്റെ പിന്നില്‍ മുഖ്യമായും നിഴലിക്കുക വാണിജ്യപരമായ താല്‍പ്പര്യങ്ങളായിരിക്കും. ജനക്കൂട്ടത്തെ ആകര്‍ഷിച്ചുകൊണ്ടു നടക്കുന്ന മതപ്രസംഗങ്ങളുടെ കാര്യം കാണാതിരിക്കുന്നില്ല. പക്ഷേ, അത്തരം പ്രസംഗങ്ങളുടെ ദൈര്‍ഘ്യവും ഓരോ ദിവസവും കുറഞ്ഞുകുറഞ്ഞു വരുകയാണ്.
പക്ഷേ, ലോകത്തില്‍ മറ്റൊരിക്കലും ഉ?ായിട്ടില്ലാത്തവിധം പ്രസംഗക്കളരികള്‍ നടക്കുന്ന കാലഘട്ടം ഇതാണെന്നുള്ള താണ് സവിശേഷത. എങ്ങനെ പ്രസം ഗത്തിലൂടെ ഏറ്റവും ഫലപ്രദമായി ആശയവിനിമയം നടത്താന്‍ കഴിയുമെന്നതിനെ സംബന്ധിച്ചുള്ള പരിശീലനക്കളരികള്‍.
ആ പ്രസംഗ പരിശീലനം വാക്കുകള്‍ കൊണ്ടുള്ള പ്രസംഗത്തെ സംബന്ധിച്ച് മാത്രമായിരിക്കില്ല. വാക്കുകളോടൊപ്പം മറ്റ് ദൃശ്യ ഉപകരണങ്ങളും ആ ആശയവിനിമയത്തിനായി ഉപയോഗപ്പെടുത്തുന്നു. കാരണം, പറയുന്ന ആശയം സംശയങ്ങള്‍ക്കിട നല്‍കാത്ത വിധത്തിലോ ലക്ഷ്യസ്ഥാനത്തു തന്നെ കൊള്ളുന്ന വിധത്തിലോ എത്തിക്കാന്‍ അങ്ങനെയുള്ള ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിക്കേണ്ടിയിരിക്കുന്നു എന്ന് ആധുനിക പ്രസംഗ പരിശീലകര്‍ക്കറിയാം.
ആധുനിക ജീവിതത്തിലെ സാമൂഹ്യബന്ധങ്ങള്‍ക്ക് പ്രസംഗം അനിവാര്യമായിത്തീരുന്നുണ്ട്. വിവിധ സംഘടനകളിലും എന്തിന് കുടുംബക്കൂട്ടായ്മകളില്‍പോലും പ്രസംഗം അനിവാര്യമായിരിക്കുന്നു.
ഹ്രസ്വപ്രസംഗങ്ങള്‍ക്കാണെങ്കിലും പരിശീലനം വേണ്ടിയിരിക്കുന്നു എന്നതാണ് വസ്തുത. സഭാകമ്പമാണ് കന്നിക്കാരെ അലട്ടുന്ന പ്രധാന പ്രശ്‌നം. അവരാണ് പ്രസംഗത്തിന് പരിശീലനം ആവശ്യമാക്കിത്തീര്‍ക്കുന്നത്. പക്ഷേ, ലോകത്തെവിടെയും ഗൗരവതരമായ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ നടത്തപ്പെടുന്നത് എഴുതി തയാറാക്കി വായിക്കുന്ന രീതിയിലാണ്.
അങ്ങനെയുള്ള കാര്യപ്രസക്തമായ പ്രസംഗങ്ങള്‍ എഴുതി തയാറാക്കുന്നതാവട്ടെ ഗോസ്റ്റ് റൈറ്റര്‍ എന്നുപറയുന്ന പ്രൊഫഷണല്‍ എഴുത്തുകാരുമായിരിക്കും.
2015 ജനുവരി മാസത്തിലെ ധനം മാഗസിനിൽ പ്രസിദ്ധീകരിച്ചത്