'എനിക്കധികം പ്രായമായിട്ടില്ല' എന്ന് തോന്നാറുണ്ടോ? 

ഡച്ച് രാഷ്ട്രീയ നേതാവായ എമീൽ റാറ്റെൽബാൻഡ് ഈയിടെ വാർത്തകളിൽ ഇടംപിടിക്കുകയുണ്ടായി. താൻ ജനിച്ച വർഷം മാർച്ച് 1949 ൽ നിന്ന് ഔദ്യോഗികമായി മാർച്ച് 1969 ലേക്ക് മാറ്റിത്തരുമോ എന്ന് കോടതിയോട് ചോദിച്ചതോടെയാണ് ടെലിവിഷൻ സെലിബ്രിറ്റി കൂടിയായ റാറ്റെൽബാൻഡ് എല്ലാവരുടെയും ചർച്ചാ വിഷയമായത്.

തനിക്കെപ്പോഴും 20 വയസ് ചെറുപ്പമാണെന്ന് തോന്നുന്നു എന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. കേട്ടാൽ ചിരിവരുമെങ്കിലും നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഇത്തരമൊരു തോന്നൽ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ഈ വർഷം 33,751 ആളുകളിൽ നടത്തിയ ഒരു പഠനം പറയുന്നതിതാണ്: 25 വയസ് കഴിഞ്ഞാൽ പിന്നെ ആളുകൾ അവരുടെ പ്രായം ശരിക്കുള്ള പ്രായത്തിനേക്കാൾ കുറവായാണ് കണക്കാക്കുക. പ്രായം കൂടുംതോറും ഈ പ്രവണതയും കൂടും. ഓരോ 10 വയസ് കൂടുമ്പോഴും അഞ്ചോ ആറോ വയസേ കൂടിയിട്ടുള്ളു എന്നാണ് നമ്മുടെ ഉപബോധ മനസിൽ പതിയുക.

ഇത്തരത്തിലുള്ള 'തോന്നലുകൾ' നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാർക്ക് പ്രമേഹം, രക്താതിസമ്മർദം, വിഷാദരോഗം, ഓർമക്കുറവ് തുടങ്ങിയ അസുഖങ്ങൾ വരാൻ സാധ്യത കുറവാണ്.

ഇക്കൂട്ടർ ശരിയായ ഉറക്കം, നല്ല ഓർമ്മശക്തി, സംതൃപ്തമായ കുടുംബജീവിതം എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാവിയെക്കുറിച്ച് ഇവർക്ക് പോസിറ്റീവ് കാഴചപ്പാടുകൾ ഉണ്ടായിരിക്കും. വളരെ വേഗത്തിൽ നടക്കുന്നത് ഇവരുടെ ശീലമായിരിക്കും.

അവരുടെ തലച്ചോറുകൾക്ക് അവരേക്കാൾ പ്രായം കുറവായിരിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യകരമായ ജീവിതശൈലിയും പോസിറ്റീവ് കാഴ്ചപ്പാടുകളും എത്രമാത്രം ആവശ്യമാണെന്നതിലേക്കാണ് ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it