ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ ശീലങ്ങള്‍ സ്വന്തമാക്കാം

വര്‍ക്ക് ലൈഫ് ബാലന്‍സിനെക്കുറിച്ച് നിര്‍ത്താതെ സംസാരിക്കുന്നവരാണ് പലരും. സംസാരിക്കുമ്പോള്‍ കയ്യില്‍ കൊക്കകോളയോ ബര്‍ഗറോ ഉണ്ടാകുമെന്ന് മാത്രം. ചെറിയ ചില അമിത ഇഷ്ടങ്ങളെ നിയന്ത്രിച്ചാല്‍ വലിയ മാറ്റങ്ങളെ നമുക്ക് കൊണ്ട് വരാം ഇതിന് ജങ്ക് ഭക്ഷണങ്ങള്‍ മാത്രം ഒഴിവാക്കിയാല്‍ പോര, പ്രാവര്‍ത്തികമാക്കാം ചില മാറ്റങ്ങള്‍. മൂടിപ്പുതച്ചിരിക്കുന്ന മടിയന്‍ശീലങ്ങളെ കാറ്റില്‍ പറത്തി ചില നല്ല ജീവിതശീലങ്ങള്‍ക്ക് ഈ പുതുവര്‍ഷത്തില്‍ തുടക്കമിടാം. തുടരാന്‍ പ്രയാസമുള്ള വലിയ തീരുമാനങ്ങളേക്കാള്‍ ചെറിയ പ്രായോഗിക തീരുമാനങ്ങളായിരിക്കും നല്ലത്.

നല്ല ഭക്ഷണം സ്ഥിരമായ ശീലമാകാം
ബെഡ്‌കോഫി ഉപേക്ഷിച്ച് ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ തീരുമാനിക്കാം. പലപ്പോഴും തിരക്കുപിടിച്ച് കഴിക്കാതെപോകുന്ന പ്രഭാതഭക്ഷണം പ്രധാന ഭക്ഷണമാക്കാന്‍ ശീലിക്കാം. ബ്രേക്ക്ഫാസ്റ്റ് താമസിപ്പിച്ച് ലഞ്ചുമായി ചേര്‍ത്ത് 'ബ്രഞ്ച്' ആക്കുന്ന പരിപാടി ഇനി വേണ്ട. ഉച്ചയ്ക്ക് ചോറ് കുറച്ച് കറികള്‍ കൂടുതല്‍ കഴിക്കാം. ചോറിനൊപ്പം ഉപ്പുചേര്‍ക്കുന്ന ശീലം ഒഴിവാക്കാം. രാത്രി കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കണം.
രാത്രിഭക്ഷണം ലഘുവാക്കാം. വറുത്തതും പൊരിച്ചതും വേണ്ട. ഇടനേരങ്ങളില്‍ ബേക്കറി സാധനങ്ങള്‍ വേണ്ട. പകരം പഴങ്ങളും കശുവണ്ടിയും നിലക്കടലയുമൊക്കെ ശീലമാക്കാം. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതാകട്ടെ പുതുവര്‍ഷത്തിലെ മറ്റൊരു പ്രധാന തീരുമാനം. ഡയറ്റിന്റെ പേരില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതും രുചിയുടെ പേരില്‍ വാരിക്കോരി കഴിക്കുന്നതും ഒഴിവാക്കാം. ഭക്ഷണം കുറച്ചാലും ആരോഗ്യത്തെ ബാധിക്കാത്ത തരത്തിലാവണം ഡയറ്റ് പിന്തുടരാന്‍.
ഉപ്പുകുറയ്ക്കാം, മധുരവും മൈദയും കുറയ്ക്കാം: നിത്യജീവിതത്തില്‍ വളരെ ലളിതമായി വരുത്താവുന്ന ചില ചിട്ടകളാണ് ഉപ്പ്,എണ്ണ,പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത്. ആദ്യം വേണ്ടത് ഓരോന്നും ഇപ്പോള്‍ എന്തുമാത്രം ഉപയോഗിക്കുന്നു എന്നു നിരീക്ഷിക്കുകയാണ്. ഓരോന്നും കുറേശ്ശെ കുറച്ചു കൊണ്ടു വരിക. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഉപ്പിന്റെയും എണ്ണയുടെയും പഞ്ചസാരയുടെയും ഉപയോഗം പകുതിയായി കുറയ്ക്കുക. അതുകൊണ്ടു എല്ലാ രോഗങ്ങളില്‍ നിന്നുമുള്ള മോചനവഴിയില്‍ നാം എത്തിച്ചേരും.
അള്‍പ്പം വ്യായാമം, സംഗീതം, നൃത്തം
ഭക്ഷണത്തിനൊപ്പം ആരോഗ്യപരിപാലനത്തിനും ശ്രദ്ധ ചെലുത്തണം. തിരക്കിട്ട ജീവിത ശീലങ്ങള്‍ക്കിടെ വര്‍ക്ക് ഔട്ടുകള്‍ പോയിട്ട് ഒന്നു നടക്കാന്‍ പോലും നേരമില്ലാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ ശീലം ഒന്ന് തിരുത്തിയാലോ? പുതുവര്‍ഷപ്പുലരിയില്‍ തന്നെ നനുത്ത കാറ്റേറ്റ് മഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ച് നടന്നുനോക്കൂ. പ്രഭാതത്തില്‍ തന്നെ വന്നുചേരുന്ന നവോന്മേഷം അനുഭവിച്ചറിയാം. ദിവസവും കുറഞ്ഞത് 30-40 മിനുട്ടെങ്കിലും നടക്കാന്‍ ശ്രമിക്കണം. ബെഡ്‌റൂമില്‍ ഇഷ്ടഗാനം വെച്ച് ഡാന്‍സ് ചെയ്യുകയപുമാകാം.
ഇതുവരെ വ്യായാമങ്ങളൊന്നും തുടങ്ങാത്ത ആളാണെങ്കില്‍ മിതമായ വേഗത്തില്‍ നടന്നുകൊണ്ടുള്ള തുടക്കമാവും നല്ലത്. ആദ്യത്തെ അഞ്ചു മിനിറ്റ് വാം-അപ്പ് ചെയ്ത് ശരീരത്തെ ചൂടാക്കിയ ശേഷം വ്യായാമത്തിനൊരുങ്ങണം. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. പുതിയ തീരുമാനം തെറ്റിക്കാതെ നിത്യവും പ്രാവര്‍ത്തികമാക്കണം.
മാനസിക സമ്മര്‍ദ്ദം വേണ്ട, മാനസികോല്ലാസം മതി
വ്യക്തിജീവിതത്തിലും തൊഴില്‍ ജീവിതത്തിലും നിരവധി സമ്മര്‍ദ്ദങ്ങളിലൂടെ നിത്യവും നമുക്ക് കടന്നു പോവേണ്ടതായി വന്നേക്കാം. അത് ജീവിതത്തിലെ സാധാരണത്വം മാത്രം. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ നമ്മളെ കീഴപ്പെടുത്താതെ നോക്കേണ്ടത് നമ്മുടെ മാത്രം മിടുക്കാണ്. പ്രശ്നങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും മുന്നില്‍ പരാജയപ്പെട്ടാല്‍ അതിന് മാത്രമാവും സമയമുണ്ടാവുക. അതിനാല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നത് തികച്ചും ആരോഗ്യകരമായ ശീലമാണ്.
നല്ല ചിന്താഗതിയിലൂടേയും മെഡിറ്റേഷനിലൂടെയും പ്രശ്നങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കാതെ നില്‍ക്കാനുള്ള മാനസികാരോഗ്യം നമുക്ക് സ്വന്തമാക്കാം. യോഗ പോലുള്ള മെഡിറ്റേഷന്‍ ട്രിക്കുകള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കും. വിര്‍ച്വല്‍ ലോകമാണ് ലോകമെന്നും ജീവിതമെന്നും ചിന്തിക്കുന്നവര്‍ അവയ്ക്കൊക്കെ താല്‍ക്കാലിക ബ്രേക്ക് കൊടുത്ത് കുടുംബത്തോടൊപ്പമോ പ്രിയപ്പെട്ടവരോടൊപ്പമോ കൂടുതല്‍ നേരം ചെലവഴിച്ചു നോക്കൂ, നിങ്ങളുടെ ജീവിതം കൂടുതല്‍ സുന്ദരമാവുന്നത് അനുഭവിച്ചറിയാം. ഓര്‍ക്കേണ്ടത് ഒന്നു മാത്രം, ജീവിതത്തില്‍ പ്രശ്നങ്ങള്‍ നമ്മളെ പിന്തുടരുന്നതാണ്, നാം പ്രശ്നങ്ങളെ തേടിയല്ല ജീവിക്കുന്നത്.
ക്ഷമപറഞ്ഞ് ശീലിക്കൂ, ക്ഷമിച്ചു തുടങ്ങൂ
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും മുന്‍തൂക്കം കൊടുക്കുന്നതായിരിക്കണം നമ്മുടെ നല്ല ആരോഗ്യശീലങ്ങള്‍. എന്നാല്‍ എടുത്തുചാടിയുള്ള പല പ്രതികരണങ്ങളും തീരുമാനങ്ങളും നിങ്ങള്‍ക്ക് അമിതഭാരം മാത്രമേ നല്‍കുകയുള്ളൂ. പകരം ചില സ്വാഭാവഗുണങ്ങള്‍ കൂടി സ്വന്തമാക്കാന്‍ ശ്രമിച്ചു നോക്കൂ, നിങ്ങളറിയാതെ നിങ്ങളുടെ വ്യക്തിത്വം പ്രകാശിക്കുന്നത് കാണാം.
വഴക്കാളിയാണെന്നും ദേഷ്യക്കാരനോ ദേഷ്യക്കാരിയോ ആണെന്ന തരത്തില്‍ നിങ്ങളെ കുറിച്ചുള്ള കമന്റുകള്‍ അഭിമാനമായി കൊണ്ടുനടക്കരുത്. അത് നിങ്ങളെ കുറവായി പരിഗണിച്ച് അത് മാറ്റാനാണ് ശ്രമിക്കേണ്ടത്. അതിന് ക്ഷമ, അകാരണമായ ദേഷ്യം ഒഴിവാക്കല്‍ തുടങ്ങിയ ചില ശീലങ്ങള്‍ പരിശീലിക്കാം.
ജീവിതം ചിട്ടയോടെ..
പുതുവര്‍ഷത്തില്‍ മുറിയൊക്കെ വൃത്തിയാക്കി സാധനങ്ങളൊക്കെ അടുക്കിവെക്കുന്നതുപോലെ ജീവിതത്തിലും അല്‍പം അടുക്കും ചിട്ടയുമൊക്കെ കൊണ്ടുവരാന്‍ ശ്രമിക്കാം. ആദ്യമായി സമയക്ലിപ്തത പാലിക്കാന്‍ ശ്രദ്ധിക്കാം. ഉറങ്ങാനും ഉണരാനും ഉണ്ണാനും സമയം ചിട്ടപ്പെടുത്തണം. ഒരു കാര്യവും നീട്ടിവെക്കാതിരിക്കാനും തീരുമാനിക്കാം, ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ അമാന്തിക്കാതെ ചെയ്തു തീര്‍ത്ത് കരിയറിലും ജീവിതത്തിലും ഡിസിപ്ലിന്‍ഡ് ആവട്ടെ നമ്മള്‍.


Related Articles

Next Story

Videos

Share it