നിങ്ങള്‍ക്ക് സമയമില്ലേ? നോക്കൂ, ബില്യണയര്‍മാരുടെ ടൈം മാനേജ്‌മെന്റ് ഇങ്ങനെയാണ്

നോട്ട്ബുക്ക് ഇല്ലാത്തതുകൊണ്ട് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തന്റെ ചിന്തകള്‍ കുത്തിക്കുറിച്ചത് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടില്‍ !

Richard Branson
Richard Branson (Middle) Image credit: Virgin.com

ദിവസത്തില്‍ 1440 മിനിറ്റുകളാണുള്ളത്. അത് ഏറ്റവും നന്നായി വിനിയോഗിക്കുന്നവരാണ് വിജയികളാകുന്നത്. ഈ ബില്യണയര്‍മാര്‍ എങ്ങനെയാണ് തങ്ങളുടെ സമയം ലാഭിക്കുന്നതെന്ന് നോക്കൂ.

1.റിച്ചാര്‍ഡ് ബ്രാന്‍സണ്‍
വെര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍

അദ്ദേഹം കൂടുതല്‍ മീറ്റിംഗുകളും നിന്നുകൊണ്ടാണ് നടത്തുന്നത്. തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കാന്‍ അത് സഹായിക്കുന്നു. നടന്നുകൊണ്ടുള്ള മീറ്റിംഗും ഉണ്ടത്രെ. കൂടാതെ യാത്ര ചെയ്യുന്ന സമയം ഏറ്റവും പ്രധാനമായി കൂടെ കരുതുന്ന ഒരു വസ്തു നോട്ട്ബുക്ക് ആണത്രെ. ആ പേപ്പര്‍ കഷണങ്ങളില്ലായിരുന്നുവെങ്കില്‍ താന്‍ വെര്‍ജിന്‍ ഗ്രൂപ്പ് ഇത്തരത്തില്‍ കെട്ടിപ്പടുക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ”മനസിലേക്ക് വരുന്ന ചിന്തകള്‍ നിങ്ങള്‍ എഴുതിവെച്ചില്ലെങ്കില്‍ അടുത്തദിവസം അത് എന്നന്നേക്കുമായി നഷ്ടപ്പെടും.” അദ്ദേഹം പറയുന്നു. മറ്റൊരു കഥയും ബ്രാന്‍സണെക്കുറിച്ചുണ്ട്. ഒരിക്കല്‍ യാത്ര ചെയ്യുമ്പോള്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ കൈയില്‍ നോട്ട്ബുക്ക് ഉണ്ടായിരുന്നില്ല. അദ്ദേഹം ഒടുവില്‍ തന്റെ ചിന്തകള്‍ പാസ്‌പോര്‍ട്ടില്‍ കുത്തിക്കുറിച്ചത്രെ. അതുപോലെ 400ഓളം സ്ഥാപനങ്ങളുള്ള റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഫിറ്റ്‌നസിനായി തന്റെ സമയത്തിന്റെ ഒരു പങ്ക് മാറ്റിവെക്കുന്നു. സമ്പത്ത് ഉണ്ടെങ്കിലും ആരോഗ്യം ഇല്ലെങ്കില്‍ എന്തു കാര്യം?

2. നഥാന്‍ ബ്ലെചാര്‍സിക്
എയര്‍ബിഎന്‍ബിയുടെ സഹസ്ഥാപകന്‍

” എന്റെ കലണ്ടറില്‍ ഞാന്‍ കാര്യങ്ങള്‍ ചേര്‍ക്കുന്നത് പിന്നിലേക്കാണ്. അതായത് ദിവസത്തിന്റെ അവസാനത്തില്‍ നിന്ന് ആദ്യത്തിലേക്ക്. രാവിലെകളില്‍ ഞാന്‍ ‘യഥാര്‍ത്ഥ ജോലി’ ചെയ്യുന്നു. കാരണം രാവിലെയാണ് എനിക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ മീറ്റിംഗുകള്‍ കൊണ്ട് തിരക്കാകുമ്പോള്‍ ഫോക്കസ് ലഭിക്കാന്‍ ബുദ്ധിമുട്ടാണ് അതുകൊണ്ട് മീറ്റിംഗുകള്‍ ദിവസത്തിന്റെ അവസാനത്തേക്ക് വേണ്ടി മാറ്റിവെക്കുന്നു.” ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടുള്ളതുമായ ജോലികള്‍ ദിവസത്തിന്റെ ആദ്യം തന്നെ ചെയ്തുതീര്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.

3. ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ശതകോടീശ്വരിയുമായ ഷെറില്‍

സാന്‍ഡ്‌ബെര്‍ഗ് എല്ലാ ദിവസവും അഞ്ചരയ്ക്ക് തന്റെ ഓഫീസ് ജോലി അവസാനിപ്പിക്കും. കുട്ടികള്‍ക്ക് സമയം കൊടുക്കുന്നതിന് പരിഗണന നല്‍കുന്നതുകൊണ്ടാണിത്. ജോലി ചെയ്യുന്ന സമയം നല്ല പ്രൊഡക്റ്റിവിറ്റി ഉണ്ടാവുക എന്നതിനാണ് സാന്‍ഡ്‌ബെര്‍ഗ് പ്രാധാന്യം നല്‍കുന്നത്.

4 ഗെയിം ഡെവലപ്പര്‍ സ്ഥാപനമായ സിംഗയുടെ സഹസ്ഥാപകനായ മാര്‍ക്ക് പിന്‍കസ് പറയുന്നു.

”മഹത്തായ ഉല്‍പ്പന്നം കെട്ടിപ്പടുക്കണമെങ്കില്‍ നിങ്ങളുടെ പ്രവൃത്തിസമയത്തിന്റെ 50 ശതമാനം അതിനായി വിനിയോഗിക്കണം. നിങ്ങളുടെ സ്ഥാപനത്തിനോ നിങ്ങളുടെ ഉപഭോക്താക്കള്‍ക്കോ പ്രയോജനമില്ലാത്ത ഒരു വാഗ്ദാനങ്ങളും സ്വീകരിക്കരുത്.”

5. സെലബ്രിറ്റി നിക്ഷേപകനും ജീവകാരുണ്യപ്രവര്‍ത്തകനുമൊക്കെയായ വാറന്‍ ബഫറ്റ് പറയുന്നു.

”വിജയികളായ ആളുകളും വളരെ വിജയികളായ ആളുകളും തമ്മിലുള്ള വ്യത്യാസം ഇതാണ്. വളരെ വിജയികളായ ആളുകള്‍ ഏതാണ്ട് എല്ലാക്കാര്യങ്ങളോടും തന്നെ ‘നോ’ പറയുന്നു.” ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ‘നോ’ പറയാന്‍ അവര്‍ക്ക് മടിയില്ലാത്തതുകൊണ്ട് അനാവശ്യകാര്യങ്ങള്‍ക്കായി സമയം പാഴാകുന്നില്ല. മറ്റുള്ളവരെ പ്രീണിപ്പിക്കാനായി ശ്രമിക്കുമ്പോള്‍ വിലപ്പെട്ട സമയം പാഴാകുന്നില്ലെന്ന് ഉറപ്പുവരുത്തുക.ഒരേ സമയം കൂടുതല്‍ കാര്യങ്ങള്‍ ചെയ്താല്‍ സമയം ലാഭിക്കാമെന്ന് നാം കരുതുന്നു. എന്നാല്‍ അത് പാടില്ലെന്ന് അറ്റ്‌ലാസിയാന്റെ സഹസ്ഥാപകന്‍ മൈക് കാനണ്‍-ബ്രൂക്‌സ് പറയുന്നു.

”ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക. മള്‍ട്ടി ടാസ്‌കിംഗ് നിറുത്തുക.”

പല പ്രമുഖരും സ്റ്റാന്‍ഡിംഗ് മീറ്റിംഗുകള്‍ നടത്തുമ്പോള്‍ സ്റ്റീവ് ജോബ്‌സ്, മാര്‍ക് സുക്കര്‍ബെര്‍ഗ്, ജാക്ക് ഡോര്‍സീ തുടങ്ങിയവര്‍ക്ക് വാക്കിംഗ് മീറ്റിംഗുകളോടാണ് പ്രിയം. ദിവസത്തില്‍ നിരവധി മീറ്റിംഗുകള്‍ നടത്തേണ്ടിവരുന്ന ഇവരെപ്പോലുള്ളവര്‍ സമയം ലാഭിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here