അമ്മമാരേ, നിങ്ങള്‍ക്കാകണോ കുട്ടികളുടെ റോള്‍ മോഡല്‍; ഈ വഴികള്‍ സഹായിക്കും

ഒരിക്കല്‍ അരിസ്റ്റോട്ടിലിനോട് ഒരു അമ്മ ചോദിച്ചു: എന്റെ അഞ്ചു വയസുള്ള കുഞ്ഞിനെ എന്നു മുതല്‍ നല്ല ശീലങ്ങള്‍ പഠിപ്പിച്ചു തുടങ്ങണം? അരിസ്റ്റോട്ടില്‍ പറഞ്ഞു: ''വേഗം, വേഗം ഓടിപ്പോകൂ വീട്ടിലേക്ക്. കുട്ടിക്ക് പരിശീലനം നല്‍കാന്‍ ഇപ്പോള്‍ തന്നെ അഞ്ചുവര്‍ഷം വൈകി.'' വളരെ ചെറുത്തില്‍ തന്നെ ഓരോ കുഞ്ഞിലും ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. നാളത്തെ ലോകം സൃഷ്ടിക്കുന്നത് അമ്മമാരാണ്. കാരണം അവരുടെ കൈയിലാണ് ഇന്നത്തെ കുഞ്ഞുങ്ങള്‍. നിങ്ങള്‍ കുഞ്ഞ് ശരിയായ വിധത്തില്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന് പരിതപിക്കുന്നുണ്ടോ? എന്നാല്‍ സ്വന്തം ഭക്ഷണശീലമൊന്ന് വിശകലനം ചെയ്തു നോക്കൂ.

നിങ്ങള്‍ പച്ചക്കറികളും പഴങ്ങളും ഇഷ്ടാനുസരണം കഴിക്കുന്നുണ്ടാകില്ല. അതുകൊണ്ട് കുഞ്ഞും കഴിക്കുന്നില്ല. തെറ്റായ ഭക്ഷണശൈലിയാണ് നിങ്ങളുടേതെങ്കില്‍ നിങ്ങളുടെ കുഞ്ഞും പിന്തുടരുക അതേ ശൈലി തന്നെയാകും. ഇതാണ് അമ്മയുടെ പ്രഭാവം!

അമ്മമാര്‍ക്ക് ശിശു വിദഗ്ധര്‍ നല്‍കുന്ന ചില മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവയാണ്.

  • നിങ്ങളുടെ മൂല്യങ്ങള്‍ നിശ്ചയിക്കുക: കഠിനാധ്വാനം, സത്യസന്ധത… തുടങ്ങിയവയില്‍ ഏതേത് മൂല്യങ്ങളാണ് കുഞ്ഞില്‍ രൂഢമൂലമാകണമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നത്. അവര്‍ക്കു മുന്നില്‍ ആ മൂല്യങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങളാകുക.
  • നല്ല കാര്യങ്ങള്‍ കണ്ടുപിടിച്ച് പുകഴ്ത്തുക: മുറി വൃത്തികേടാക്കിയതിന് സ്ഥിരം കുട്ടികളെ ചീത്തപറയാറുണ്ടോ നിങ്ങള്‍? ഇനിയത് നിര്‍ത്തൂ. പകരം ആ മുറിയുടെ മൂലയില്‍ കുട്ടി എന്തെങ്കിലും ഭംഗിയായി വെച്ചിരിക്കും അത് കണ്ടെത്തി ആ പ്രവൃത്തിയെ പുകഴ്ത്തൂ.
  • പഠിപ്പിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞ് പഠിപ്പിക്കുക: കളഞ്ഞു കിട്ടുന്ന സാധനങ്ങള്‍ അതിന്റെ ഉടമസ്ഥന് നല്‍കേണ്ടതാണെന്ന വിധത്തിലുള്ള കാര്യങ്ങള്‍ ഉദാഹരണസഹിതമോ കല്‍പ്പിത കഥയിലൂടെയോ കുട്ടിക്ക് പകര്‍ന്നേകുക.
  • കുഞ്ഞ് കാണുന്നതെന്തെന്ന് നിങ്ങള്‍ ശ്രദ്ധിക്കുക: എന്നും ടെലിവിഷനില്‍ അക്രമവും മറ്റും നിറഞ്ഞ പരിപാടികളാണോ കുഞ്ഞ് കാണുന്നത്. നാളെ അവന്‍ അതേപോലെ അക്രമാസക്തനായി മാറും.
  • അനന്തരഫലത്തെ കുറിച്ച് പറയുക: കുട്ടികള്‍ അച്ചടക്കമില്ലായ്മ കാണിക്കുമ്പോള്‍ അത്തരം പ്രവൃത്തികളുടെ അനന്തരഫലം എന്തായിരിക്കുമെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കുക. ഒപ്പം ചെറിയ ശിക്ഷകളും നടപ്പാക്കുക.

അറിയാതെയാണെങ്കിലും നമ്മില്‍ പലരും കുട്ടികളെ ചീത്തയാക്കുന്നുണ്ട്. എങ്ങനെയെന്നല്ലേ?

  • ശൈശവകാലം തുടങ്ങി കുഞ്ഞ് ആഗ്രഹിക്കുന്നതെന്തും ആ നിമിഷം നാം നല്‍കും. വളര്‍ന്നു വരുന്തോറും കുട്ടി കരുതും ഈ ലോകം തന്നെ തന്റെ ഇച്ഛാപൂരണത്തിനുള്ളതാണെന്ന്.
  • ചീത്തവാക്കുകള്‍ പറയുമ്പോള്‍ നാം കുട്ടിയെ നോക്കി ചിരിക്കും. അതൊരു മഹാകാര്യം പോലെ മറ്റുള്ളവരുടെ മുന്നില്‍ വിളമ്പും. കുട്ടി കരുതും അതെല്ലാം സുന്ദരമായ കാര്യങ്ങളാണെന്ന്. വളരുമ്പോള്‍ ഇത്തരം 'സുന്ദരമായ' പദാവലി കുട്ടി ശീലമാക്കും.
  • കുഞ്ഞ് വലിച്ചുവാരിയിട്ടിരിക്കുന്ന എല്ലാ വസ്തുക്കളും നാം തന്നെ പെറുക്കിയെടുത്ത് അതതിടത്ത് വെക്കുന്നത്. ഇതോടെ കുഞ്ഞ് വിചാരിക്കും എനിക്ക് ഇത്തരത്തില്‍ പെരുമാറാം. അതെല്ലാം നേരെയാക്കേണ്ടത് മറ്റുള്ളവരുടെ ജോലിയാണെന്ന്.
  • കുഞ്ഞുങ്ങളുടെ മുന്നില്‍ കിടന്ന് സ്ഥിരം ശണ്ഠ കൂടുന്നത്. നിങ്ങളുടെ കുഞ്ഞില്‍ ധാര്‍മിക മൂല്യങ്ങള്‍ രൂഢമൂലമാകണമെന്ന് വാശിപിടിക്കാനാകില്ല. പക്ഷേ ശരിയായ പഠനപ്രക്രിയയിലൂടെ നല്ല മാറ്റങ്ങള്‍ കുട്ടിയില്‍ വരുത്താനാകും.

കുട്ടികളുടെ ഭക്ഷണശീലത്തെ കുറിച്ച് ഇന്ന് ഏവര്‍ക്കും ആശങ്കകളുണ്ട്. ഇതാ കുഞ്ഞിന്റെ മാനസിക, ബൗദ്ധിക വളര്‍ച്ചയ്ക്കുതകുന്ന, ശിശുരോഗ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ചില ഭക്ഷണശീലങ്ങള്‍.

ബ്രെയ്ന്‍ പവര്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണം: കുട്ടികള്‍ അധികം ഭക്ഷണം കഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ആവലാതിപ്പെടുന്നത് കാണുന്നുണ്ട്. ഇതില്‍ കാര്യമില്ല. ഒരു ദിവസം കുട്ടി 470 - 700 മില്ലിലിറ്റര്‍ പാല്‍ കുടിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പ്രതിദിനം വേണ്ട കലോറിയും പകുതിയിലധികം പ്രോട്ടീനും ലഭിച്ചുകഴിഞ്ഞു. കുറച്ച് ചോറും പച്ചക്കറിയും കൂടിയായാല്‍ ആവശ്യത്തിനുള്ള കാര്‍ബോഹൈഡ്രേറ്റും ലഭിക്കും. തലേന്ന് രാത്രി വെള്ളത്തിലിട്ടുവെച്ച ആല്‍മണ്ട് മികച്ച മെമ്മറി ടോണിക്കാണ്. വാല്‍നട്ടും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ഉതകുന്നു.

ജങ്ക് ഫുഡ് ഒഴിവാക്കുക: പൊട്ടറ്റോ ചിപ്സ്, ബിസ്‌കറ്റുകള്‍ എന്നിവയിലെല്ലാം മാരകരോഗത്തിന് കാരണമാകുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് സ്റ്റോക്ക് ഹോം സര്‍വകലാശാലയിലെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഇത്തരം ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.

ശീതളപാനീയത്തെയും മാറ്റി നിര്‍ത്തുക: കോളകള്‍, മറ്റ് ശീതളപാനീയങ്ങള്‍ എന്നിവയില്‍ മധുരത്തിനായി ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നറുകള്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അക്കാരണത്താല്‍ കുട്ടികള്‍ക്ക് ശീതളപാനീയങ്ങള്‍ നല്‍കുന്നത് പരമാവധി ഒഴിവാക്കണം.

വ്യത്യസ്ത ഭക്ഷണങ്ങള്‍ പരീക്ഷിക്കുക: എന്നും എന്തിന് ഒരേ ഭക്ഷണം നല്‍കണം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നുവേണ്ട പ്രകൃതിദത്തമായ ഭക്ഷ്യവിഭവങ്ങള്‍ അനുദിനം മാറ്റി മാറ്റി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

2010 ജൂണില്‍ ധനം മാഗസിനായി തയ്യാറാക്കിയ ലേഖനത്തില്‍ നിന്ന്.

Related Articles

Next Story

Videos

Share it