ലോക്ഡൗണിന് ശേഷം വിമാനടിക്കറ്റുകള്‍ മൂന്നിരട്ടി ആയേക്കും; കാരണമിതാണ്

രാജ്യം മുഴുവന്‍ മേയ് മൂന്നു വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവധ ഇടങ്ങളിലേക്കുള്ള യാത്രക്കാര്‍ സഞ്ചരിക്കാന്‍ വഴിയില്ലാതെ അത്യാവശ്യ യാത്രകള്‍ മാറ്റിവെച്ച് ലോക്ഡൗണ്‍ പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണ്. ഈ അവസരത്തില്‍ വിമാന ടിക്കറ്റുകള്‍ റദ്ദാക്കിയാലുള്ള തുക തിരികെ നല്‍കില്ല എന്നും വിവിധ വിമാന കമ്പനികള്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. ഇപ്പോളിതാ ലോക്ക്‌ഡൌണിനു ശേഷമുള്ള ആദ്യ കുറച്ച് ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

യാത്രക്കാര്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് എയര്‍ലൈനുകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകളില്‍ മാത്രമേ യാത്ര അനുവദിക്കൂ. എന്നാല്‍ ഫ്‌ളൈറ്റ് സര്‍വീസിന്റെ മൊത്തം യാത്രാ ചെലവു കണക്കിലെടുത്താല്‍ കമ്പനികള്‍ക്ക് ഇത് വന്‍ നഷ്ടമാണ്. ഇതിനാലാണ് യാത്രാ ചെലവ് കൂടുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ലോക്ക് ഡൗണിന് ശേഷമുള്ള വിമാന യാത്രകള്‍ക്കായി പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം, മൂന്ന് സീറ്റുകളുടെ നിരയില്‍ ഒരാള്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. 180 സീറ്റുകളുള്ള വിമാനത്തിന്റെ സീറ്റിംഗ് 60 സീറ്റുകളായി ചുരുങ്ങും.

നിര്‍ദേശങ്ങള്‍ കര്‍ശനം

എന്‍ട്രി, ചെക്ക്-ഇന്‍ കൌണ്ടര്‍, സെക്യൂരിറ്റി ചെക്ക്, ഇമിഗ്രേഷന്‍ (അന്തര്‍ദ്ദേശീയ) കൌണ്ടറുകള്‍, ബോര്‍ഡിംഗ് ഗേറ്റുകള്‍ എന്നിവടങ്ങളിലെല്ലാം പോയിന്റുകള്‍ അടയാളപ്പെടുത്തിക്കൊണ്ട് വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലം പാലിക്കല്‍ മിക്ക എര്‍പോര്‍ട്ടുകളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എയര്‍ലൈന്‍സുമായും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരുമായും ഇതിനകം നിയന്ത്രണങ്ങള്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കുറഞ്ഞ യാത്രാ നിരക്ക് കണക്കിലെടുക്കുമ്പോള്‍ ദില്ലി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വന്‍കിട വിമാനത്താവളങ്ങളില്‍ പോലും 1.5 മീറ്റര്‍ അകലം ഒരു പ്രശ്നമാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടാതെ യാത്രക്കാരെ വിമാനത്തിലേക്ക് കൊണ്ട് പോകുന്ന ബസുകളിലെ സാമൂഹിക അകലത്തിന് വേണ്ട നടപടികളും എടുത്തിട്ടുണ്ട്. സ്പൈസ് ജെറ്റും ഇന്‍ഡിഗോയും തങ്ങളുടെ ബസ്സുകളില്‍ യാത്രക്കാരെ വിമാനങ്ങളിലേക്ക് കൊണ്ടുപോകുന്നതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. യാത്രക്കാര്‍ ഇരിക്കാന്‍ പാടില്ലാത്ത സീറ്റുകള്‍ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കും. കൂടാതെ, ഓരോ ബസ്സിലും നില്‍ക്കാനുള്ള സ്ഥലവും പ്രത്യേകം നീക്കിവച്ചിട്ടുണ്ട്. വിമാനങ്ങളിലും സമാനമായ ക്രമീകരണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it