പണമില്ലാത്തതുകൊണ്ട് യാത്ര മാറ്റിവെക്കേണ്ട, മനസുണ്ടായാല്‍ മാത്രം മതി

ജോലി ചെയ്യേണ്ട സമയത്ത് കഠിനമായി അദ്ധ്വാനിക്കുക. പണം സമ്പാദിക്കുക. ഒഴിവുദിവസങ്ങളില്‍ യാത്രകള്‍ നടത്തുക. വിദേശത്ത് കൂടുതലായി പ്രചാരത്തിലുണ്ടായിരുന്ന ഈ രീതി കേരളത്തിലെ മില്ലനിയല്‍സും സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. കാര്‍ വാങ്ങുക, വീട് വെക്കുക, റിട്ടയര്‍മെന്റിനായി സമ്പാദിക്കുക തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങളെക്കാള്‍ പ്രാധാന്യം യാത്രയ്ക്ക് നല്‍കുന്ന യുവാക്കളുടെ എണ്ണം കൂടിയിരിക്കുന്നു.

എന്നാല്‍ ഭൂരിഭാഗം പേരും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനായി മാറ്റിവെക്കുന്ന കാര്യമാണ് യാത്രകള്‍. മറ്റ് ഫിനാന്‍ഷ്യല്‍ ഗോളുകള്‍ക്കൊപ്പം തന്നെ കൊണ്ടുപോകാവുന്ന ഒന്നാണ്‌ യാത്രകള്‍. അല്‍പ്പം പ്ലാന്‍ ചെയ്യണമെന്നേയുള്ളു. എന്താണ് ചെയ്യേണ്ടത്?

1. യാത്രക്കായി പ്രത്യേകം എക്കൗണ്ട്

ചെലവുകളെല്ലാം കഴിഞ്ഞ് ബാക്കി കിട്ടുന്ന പണം മാറ്റിവെച്ചിട്ട് യാത്ര പോകാം എന്നുവിചാരിച്ചാല്‍ ഒരിക്കലും യാത്രകള്‍ നടക്കണമെന്നില്ല. യാത്രയ്ക്കായി മാത്രം പണം സേവ് ചെയ്യാനായി ഒരു ബാങ്ക് എക്കൗണ്ട് തുടങ്ങുക. ഈ പണം മറ്റൊരു കാര്യത്തിനും എടുക്കില്ലെന്ന് ഉറപ്പുവരുത്തുക.

2. എവിടെ നിക്ഷേപിക്കണം?

യാത്രയ്ക്കായുള്ള എക്കൗണ്ടിലേക്ക് പല രീതികളില്‍ നിക്ഷേപിക്കാം. റെക്കറിംഗ് ഡിപ്പോസിറ്റായി മാസവും നിശ്ചിത തുക എക്കൗണ്ടിലേക്ക് പോകുന്ന രീതിയില്‍ ആകാം. അല്ലെങ്കില്‍ ലിക്വിഡ് ഫണ്ടുകള്‍, ഷോര്‍ട് ടേം ഡെബ്റ്റ് ഫണ്ടുകള്‍ തുടങ്ങിയവ തെരഞ്ഞെടുക്കാം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റമെന്റ് പ്ലാന്‍ വഴി നിക്ഷേപിച്ച് യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നവരുണ്ട്. കുറച്ച് കൂടുതല്‍ തുക ഒന്നിച്ച് കൈവശം വന്നാല്‍ സ്ഥിരനിക്ഷേപം തെരഞ്ഞെടുക്കാം.

3. അനാവശ്യചെലവുകള്‍ ഒഴിവാക്കുക

വര്‍ഷം തോറും അല്ലെങ്കില്‍ ആറുമാസത്തിലൊരിക്കല്‍ യാത്ര പോകുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ജീവിതത്തിലെ പല അനാവശ്യചെലവുകളും വെട്ടിച്ചുരുക്കേണ്ടിവരും. ഉദാഹരണത്തിന് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതും എന്റര്‍ടെയ്ന്‍മെന്റ് സംബന്ധമായ ചെലവുകളും കുറയ്ക്കാം. ഈ പണം കൂടി യാത്രകള്‍ക്കായി മാറ്റിവെക്കാം.

4. ട്രാവല്‍ കമ്പനികളില്‍ അംഗത്വം എടുക്കുക

ചില ഹോളിഡേ സ്ഥാപനങ്ങള്‍ അഞ്ച് മുതല്‍ 25 വര്‍ഷം വരെയുള്ള അംഗത്വം കൊടുക്കാറുണ്ട്. ഒരുമിച്ച് വലിയൊരു സംഖ്യ കൊടുക്കാനുള്ളവര്‍ക്ക് അത്തരത്തില്‍ അംഗത്വം എടുത്താല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ സൗജന്യമായി അവരുടെ റിസോര്‍ട്ടുകളില്‍ താമസിക്കാനാകും. എന്നാല്‍ യാത്രാച്ചെലവ് സ്വയം വഹിക്കേണ്ടിവരും. ഇവര്‍ വര്‍ഷം തോറും നിശ്ചിത തുക മെയ്ന്റനന്‍സ് ചാര്‍ജ് ആയി വാങ്ങാറുണ്ട്. ഓരോ വര്‍ഷവും യാത്ര നടത്തിയില്ലെങ്കില്‍ അത് പാഴായി പോകും. അതുകൊണ്ടുതന്നെ തിരക്കുകള്‍ കാരണം യാത്രകള്‍ മാറ്റിവെക്കുന്നവര്‍ ഇത്തരത്തില്‍ മെമ്പര്‍ഷിപ്പ് ഉണ്ടെങ്കില്‍ എങ്ങനെയെങ്കിലും പോകാന്‍ ശ്രമിക്കും. അതിനായി പ്രത്യേക തുക കണ്ടെത്തേണ്ടിവരുകയുമില്ല.

5. ചെലവുകുറച്ച് യാത്ര ചെയ്യാം

യാത്രകള്‍ ആസ്വദിക്കാനുള്ളത് തന്നെയാണ്. ചെലവ് വെട്ടിച്ചുരുക്കാനുള്ള വ്യഗ്രതയില്‍ യാത്രയുടെ ആസ്വാദനം കുറയാന്‍ പാടില്ല. അതുകൊണ്ടുതന്നെ സ്മാര്‍ട്ടായ രീതിയില്‍ ചെലവ് കുറയ്ക്കുകയാണ് വേണ്ടത്. യാത്ര നേരത്തെ പ്ലാന്‍ ചെയ്ത് ഫ്‌ളൈറ്റും ഹോട്ടലും ബുക്ക് ചെയ്യുക വഴി കുറഞ്ഞ നിരക്കില്‍ അവ ലഭിക്കുമല്ലോ. ട്രാവല്‍ പാക്കേജ് ആണ് എടുക്കുന്നതെങ്കില്‍ വിവിധ ട്രാവല്‍ ഏജന്‍സികളുടെ നിരക്ക് ചോദിക്കുക. ഇനി അതല്ല നിങ്ങള്‍ നേരിട്ടാണ് പോകുന്നതെങ്കില്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുള്ള പരിചയക്കാരുടെയും മറ്റും സഹായം തേടുക. അവരോട് ആ സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ചെലവ് ചുരുക്കാനുള്ള വഴികളെക്കുറിച്ചും മുന്‍കൂട്ടി ചോദിച്ചറിയുക. ഷോപ്പിംഗിന് എത്ര പണം ചെലവഴിക്കണം എന്ന കാര്യത്തില്‍ ധാരണയുണ്ടാകണം. ബുദ്ധിപൂര്‍വം ഷോപ്പിംഗ് നടത്തുക. നാട്ടില്‍ കിട്ടുന്ന സാധനങ്ങള്‍ അതിന്റെ പലമടങ്ങ് വിലയ്ക്ക് വിദേശത്തുനിന്ന് വാങ്ങേണ്ടതില്ലല്ലോ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it