സില്‍വര്‍ലൈന്‍: ആശയങ്ങള്‍ കണ്ടെത്താന്‍ ഹാക്കത്തോണ്‍

'സ്വതന്ത്രമാകുന്ന റെയില്‍ ഗതാഗതം' എന്നതാണ് വിഷയം

അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ നടപ്പാക്കുന്ന കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ (കെ- റെയില്‍) പദ്ധതി നടത്തിപ്പിനു വേണ്ടി ആശയങ്ങള്‍ തേടി സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐസിഐ) ശാഖയുമായി ചേര്‍ന്ന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന പാന്‍തിയോണ്‍-6 എന്ന സാങ്കേതിക മത്സരത്തിന്റെ ഭാഗമായാണ് ജനുവരി 25-ന് ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ 24 മണിക്കൂര്‍ നീളുന്ന ഹാക്കത്തോണ്‍ നടത്തുന്നത്. ‘ സ്വതന്ത്രമാകുന്ന റെയില്‍ ഗതാഗതം’ എന്നതാണ് വിഷയം. സില്‍വര്‍ ലൈനില്‍ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ആശയങ്ങള്‍ സ്വരൂപിക്കുകയാണു ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള ആശയങ്ങള്‍ 10 മിനിറ്റിനുള്ളില്‍ സമര്‍പ്പിക്കാം.

കാലഘട്ടത്തിലെ സാമൂഹിക സാങ്കേതിക വെല്ലുവിളികളെ അതിജീവിച്ച് മികച്ച അവസരങ്ങളിലേക്ക് ചുവടുവയ്ക്കാന്‍ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാന്‍തിയോണ്‍-6 ആവിഷ്‌കരിച്ചിരിക്കുന്നത്. എന്‍ജിനീയറിംഗിലെ മര്യാദകളെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുക, നൈപുണ്യ വികസനം ഉറപ്പാക്കുക തുടങ്ങിയവയായിരിക്കും വിദ്യാര്‍ഥികള്‍ ഇതില്‍ കൈകാര്യം ചെയ്യേണ്ടിവരിക.

സമയത്തെ വേഗം കൊണ്ട് കീഴടക്കുന്ന 532 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈനിന് അടുത്തിടെ കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ആകാശസര്‍വ്വേയും പൂര്‍ത്തിയായി. പൂര്‍ണമായും ഹരിത പദ്ധതിയായി വിഭാവനം ചെയ്യുന്ന സില്‍വര്‍ ലൈന്‍ രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയും സുരക്ഷിത സഞ്ചാരമാര്‍ഗത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് കെ- റെയില്‍ വിശദീകരിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here