കോലിയുടെ സന്ദേശം കേരള ടൂറിസത്തിന് ഉണർവ് പകരുമോ?

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയുടെ കേരള സന്ദർശനത്തെക്കുറിച്ചുള്ള സന്ദേശം വളരെ ആവേശത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. പ്രളയത്തിന് ശേഷം പ്രതിസന്ധിയിലാണ്ട സംസ്ഥാന ടൂറിസം രംഗത്തിന് പുത്തനുണർവ് പകരുന്നതാണ് ഇത്.

തിരുവന്തപുരത്തെ ഏകദിന മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കോലി. ഹോട്ടലിലെ സന്ദര്‍ശക ഡയറിയിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം 'ദൈവത്തിന്റെ സ്വന്തം നാടി'നെ പ്രശംസിച്ച് എഴുതിയത്. കുറിപ്പ് കേരള ടൂറിസം ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബ്രാൻഡ് മൂല്യമുള്ള വ്യക്തിയാണ് കോലി ഇപ്പോൾ. 1,055 കോടി രൂപ (14.4 കോടി ഡോളർ) ആണ് കോലിയുടെ ബ്രാൻഡ് മൂല്യം. ഇത്തരത്തിൽ ആഗോള തലത്തിൽ പ്രശസ്തനായ ഒരു താരത്തിന്റെ എൻഡോഴ്സ്മെന്റ് എന്തുകൊണ്ടും കേരള ടൂറിസത്തിന് ഗുണം ചെയ്യും.

കേരളം തിരിച്ച് പൂർവ്വ സ്ഥിതിയിലെത്തിയെന്നും ഇവിടെ വരുന്നത് പൂര്‍ണമായും സുരക്ഷിതമാണെന്നും കോലി കുറിപ്പില്‍ പറയുന്നു. "കേരളത്തിലെത്തുകയെന്നത് എന്നും ആനന്ദം നല്‍കുന്ന അനുഭവമാണ്. കേരളത്തിന്റെ മനോഹാരിത എല്ലാവരും അനുഭവിച്ചറിയേണ്ടതാണ്. ഇവിടെയെത്തുമ്പോഴെല്ലാം ഈ നാട് സന്തോഷം പകരുന്നു," കോലി നോട്ടിൽ കുറിച്ചു.

സംസ്ഥാനത്തിന് 34,000 കോടി രൂപയുടെ വരുമാനം സമ്മാനിക്കുന്ന ടൂറിസം രംഗത്തെ സംരംഭകര്‍ വളരെയധികം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിത്. കേരളം സുരക്ഷിതമാണെന്നും മറ്റും കാണിച്ച് വീഡിയോകൾ അയച്ചിട്ടും പലരും ഇപ്പോഴും വരാൻ തയ്യാറല്ല എന്നാണ് ഈ രംഗത്തുള്ളവർക്ക് പറയാനുള്ളത്.

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് പല ലോകരാജ്യങ്ങളും ഔദ്യോഗികവും അനൗദ്യോഗികവുമായി ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകളും അതിനെ തുടര്‍ന്ന് സഞ്ചാരികള്‍ക്കുണ്ടായ ഭീതിയും മാറി കേരളത്തിലെ ടൂറിസം മേഖല ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രളയം വന്നത്.

പല രാജ്യങ്ങളും കേരളത്തിലേക്കുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇതുവരെ മാറ്റിയിട്ടുമില്ല. അതുകൊണ്ട് തന്നെ ഇങ്ങോട്ടുള്ള യാത്രയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തതിനാല്‍ സഞ്ചാരികള്‍ കേരളത്തെ ഒഴിവാക്കുന്നുമുണ്ട്.

നാം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്നും കാര്യങ്ങള്‍ സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നും ബോധ്യപ്പെടുത്താന്‍ കൂട്ടായ പരിശ്രമമാണ്

കേരളം ട്രാവല്‍ മാര്‍ട്ടിലും അതിനോടനുബന്ധിച്ചും വ്യവസായ ലോകവും സര്‍ക്കാരും നടത്തിയത്.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ കണക്കുകള്‍ സംസ്ഥാനത്തെ ടൂറിസം രംഗത്തെ സംരംഭകര്‍ക്ക് പ്രതീക്ഷ പകരുന്ന ഒന്നല്ല. ടൂറിസം മേഖലയിലെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ അധികാരികള്‍ കാണുകയും അതിന് സത്വര പരിഹാരം ഉറപ്പാക്കുകയും വേണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it