20 മണിക്കൂര്‍ ജോലി ചെയ്യുന്നതല്ല വിജയം, പിന്നെയെന്താണ് വേണ്ടത്? ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി പറയുന്നു

ഇലോണ്‍ മസ്‌കിനെപ്പോലെ 20 മണിക്കൂര്‍ ജോലി ചെയ്താലേ വിജയിക്കൂവെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി പറയുന്നു. സംരംഭകര്‍ രാവും പകലും അദ്ധ്വാനിക്കണം എന്ന രീതിയൊക്കെ കാലഹരണപ്പെട്ടു. ഈ മനോഭാവം കടുത്ത പിരിമുറുക്കത്തിനായിരിക്കും പലപ്പോഴും വഴിവെക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

പകരം ഡോര്‍സി എന്താണ് ചെയ്യുന്നത്? ''ഒരു കാര്യത്തിന് വേണ്ടി ചെലവഴിക്കുന്ന മണിക്കൂറുകളോ മിനിറ്റുകളോ കൂടുന്നതിന് പകരം ചെലവഴിക്കുന്ന ഓരോ മണിക്കൂറും അല്ലെങ്കില്‍ ഓരോ മിനിറ്റും അര്‍ത്ഥവത്താക്കുകയാണ് ഞാന്‍ ചെയ്യുന്നത്.'' ഒരു പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

''എന്തുകൊണ്ടെന്നാല്‍ നിശ്ചിത സമയത്തില്‍ ഒരു കാര്യം ചെയ്ത് തീര്‍ക്കുന്നതിന്റെ ക്വാളിറ്റി അതിന് ചെലവഴിക്കുന്ന സമയം കൂട്ടുന്നത് വഴി പോകുമെന്ന് ഞാന്‍ കണ്ടെത്തി.'' അദ്ദേഹം പറഞ്ഞു.

കൂടുതല്‍ സമയം ജോലി ചെയ്യുന്നതിന്റെ പ്രധാന പ്രശ്‌നം ഇതാണ്. ''മുഴുവന്‍ സമയവും ജോലി ചെയ്യുമ്പോള്‍ സ്വയം അവബോധം ലഭിക്കാനും നിങ്ങളുടെ ചുറ്റുമുള്ള ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ത് എന്നറിയാനും വളരെ ബുദ്ധിമുട്ടായിരിക്കും. ഒരാള്‍ക്ക് വലിയ വിജയം നേടാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഗുണങ്ങളിലൊന്നാണ് സ്വയമുള്ള അവബോധം.''

വിജയിക്കാന്‍ 20 മണിക്കൂര്‍ ജോലി ചെയ്യുകയും നാല് മണിക്കൂര്‍ ഉറങ്ങുകയുമാണ് വേണ്ടതെന്ന് പലര്‍ക്കും ധാരണയുണ്ട്. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് അങ്ങനെ ചെയ്യുന്നതായി വായിച്ചിട്ടുമുണ്ട്. എന്നാല്‍ തന്റെ മനോഭാവം ഇതല്ലെന്ന് ഡോര്‍സി.

ജോലി ചെയ്യുന്ന സമയം നല്ല രീതിയില്‍ ചെലവഴിക്കുന്ന അദ്ദേഹത്തിന് ഒരു കൃത്യമായ ദിനചര്യയുണ്ട്. അദ്ദേഹത്തിന്റെ ഒരു സാധാരണ പ്രഭാതം ഇങ്ങനെയാണ്.

$ രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കുന്നതുകൊണ്ട് ദിവസം ഒരുപാട് സമയം കിട്ടുന്നു.
$ രാവിലെ മെഡിറ്റേഷനോടെയാണ് ദിവസം തുടങ്ങുന്നത്. വിപാസന മെഡിറ്റേഷന്‍ അഥവാ ഇന്‍സൈറ്റ് മെഡിറ്റേഷനാണ് പ്രാക്ടീസ് ചെയ്യുന്നത്. നമ്മുടെ ചിന്തകളെ നിരീക്ഷിക്കുകയും മനസിലാക്കുകയും ചെയ്യുന്ന രീതിയാണിത്.
$ അതിനുശേഷം കാപ്പി കുടിക്കും. കോവിഡ് കാലത്തിന് മുമ്പ് അദ്ദേഹം അഞ്ച് മൈലുകള്‍ നടന്ന് ഓഫീസിലെത്തും. അതായത് ഒരു മണിക്കൂര്‍ 20 മിനിറ്റ്!
$ നടത്തത്തിനിടയില്‍ പോഡ്കാസ്‌റ്റോ ഓഡിയോ ബുക്കോ കേള്‍ക്കും. അങ്ങനെയാണ് താന്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it