‘ഐസ് ബക്കറ്റ് ചാലഞ്ചി’ലൂടെ 200 മില്യണ്‍ ഡോളര്‍ ശേഖരിച്ച പീറ്റ് ഫ്രാറ്റ്സ് വിട പറഞ്ഞു

തലച്ചോറിനേയും നാഡീവ്യൂഹത്തേയും ബാധിക്കുന്ന മാരക രോഗത്തോട് പീറ്റ് നടത്തിയ ഐതിഹാസിക പോരാട്ടത്തിന് ലഭിച്ചത് ആഗോള പിന്തുണ

ആഗോളതലത്തില്‍ ആളുകളെ ആകര്‍ഷിച്ച് 200 മില്യണ്‍ ഡോളറിലധികം സമാഹരിച്ച ഐസ് ബക്കറ്റ് ചാലഞ്ചിന് പ്രചോദനം നല്‍കിയ അമേരിക്കന്‍ ബേസ് ബോള്‍ താരം പീറ്റ് ഫ്രാറ്റ്സ് (34) അന്തരിച്ചു.തലച്ചോറിനേയും നാഡീവ്യൂഹത്തേയും ബാധിച്ച് ശരീരത്തെ തളര്‍ച്ചയിലേക്ക് നയിക്കുന്ന അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (എഎല്‍എസ്) എന്ന മാരകമായ ന്യൂറോ സംബന്ധമായ അസുഖത്തിന്റെ ഇരയായിരുന്നു പീറ്റ്.

രോഗത്തെക്കുറിച്ച് മറ്റുള്ളവരില്‍ അവബോധമുണ്ടാക്കുക, ഗവേഷണത്തിന് ഫണ്ട് ശേഖരിക്കുക തുടങ്ങിയ ലക്ഷ്യവുമായി 2014-ല്‍ എഎല്‍എസ് അസോസിയേഷന്റെ സഹായത്തോടെയാണ് ഐസ് ബക്കറ്റ് ചലഞ്ചിന് പീറ്റ് ഫ്രാറ്റ്സ് രൂപം കൊടുത്തത്. ഐസ് കട്ട നിറച്ച ഒരു ബക്കറ്റ് വെള്ളം തലയിലൂടെ ഒഴിക്കുന്ന വീഡിയോ പങ്ക് വെക്കുക എന്നതാണ് വെല്ലുവിളി. ചലഞ്ച് ഏറ്റെടുക്കുന്ന ആള്‍ മറ്റ് മൂന്ന് പേരെ വെല്ലുവിളിക്കണം. ഒന്നുകില്‍ വെല്ലുവിളി ഏറ്റെടുക്കുക അല്ലെങ്കില്‍ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ഫണ്ടിലേക്ക് 100 ഡോളര്‍ സംഭാവന ചെയ്യുക. അഥവാ ഇത് രണ്ടും കൂടി ചെയ്യുക എന്നതായിരുന്നു ചലഞ്ച്.

ടോം ക്രൂസ്, ബില്‍ ഗേറ്റ്‌സ്, സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ്, തുടങ്ങി ഒട്ടേറെ പ്രശസ്തര്‍ പരിപാടിയുടെ ഭാഗമായി.മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ ഐസ് കട്ട നിറഞ്ഞ ബക്കറ്റിലെ വെള്ളം തലയിലൊഴിച്ച ശേഷം ബില്‍ഗേറ്റ്സിനെ ചലഞ്ചില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതും ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു. ലക്ഷക്കണക്കിനാളുകളാണ് ഐസ് ബക്കറ്റ് ചലഞ്ചില്‍ പങ്കെടുത്തത്.  വെല്ലുവിളി ഏറ്റെടുത്തവര്‍ മറ്റുള്ളവരെ കൂടി വെല്ലുവിളിച്ചതോടെ ലോകമെങ്ങും ഇത് പടര്‍ന്നു. വന്‍ തുക ശേഖരിച്ചതോടെ നടത്തിയ ഗവേഷണത്തിലൂടെ രോഗത്തിന് കാരണമാവുന്ന പ്രധാനപ്പെട്ട ജീന്‍ കൂടി കണ്ടെത്തുകയും ചെയ്തു.

രോഗത്തെക്കുറിച്ച് പീറ്റ് ഒരിക്കലും പരാതി പറഞ്ഞിരുന്നില്ല.2012 ലാണ് പീറ്ററിന് എഎല്‍എസ് രോഗം സ്ഥിരീകരിച്ചത്.തന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് സ്‌കൂളിലെ സ്റ്റാര്‍ അത്ലറ്റായിരുന്ന പീറ്റര്‍ ബോസ്റ്റണ്‍ കോളേജിലെ പഠനകാലത്ത് ബേസ്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. പീറ്റര്‍ 2014 ല്‍ എഎല്‍എസിനെതിരെയുള്ള പോരാട്ടത്തിന് തുടക്കമിട്ടു.

ഈ രോഗം ബാധിച്ചവരില്‍ പ്രത്യാശ ഉളവാക്കുന്നതിനും എഎല്‍എസിനെതിരെ പ്രതിരോധമരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായിരുന്നു പീറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍.രോഗത്തോട് പൊരുതി പീറ്റ് കടന്നുപോയെന്ന് അദ്ദേഹത്തിന്റെ കുടുംബമാണ് അറിയിച്ചത്.  രോഗബാധിതരായ മറ്റുള്ളവര്‍ക്ക് ആശ്വാസമെത്തിക്കാനാണ് പീറ്റ് ശ്രമിച്ചതെന്നും കുടുംബം അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here