വിപണിയിലെ ട്രെന്‍ഡിന് അനുസരിച്ച് ചുവടുമാറ്റി വി-സ്റ്റാര്‍

കോവിഡ് 19 വ്യാപനവും ലോക്ക്ഡൗണും വസ്ത്രവിപണിയെ തളര്‍ത്തിയപ്പോഴും വിപണിയിലെ ട്രെന്‍ഡിന് അനുസരിച്ച് വി - സ്റ്റാര്‍ നടത്തിയ ചുവടുമാറ്റം തുണയാകുന്നത് 100 കണക്കിന് നിര്‍ധന കുടുംബങ്ങള്‍ക്ക്.

കോവിഡ് വ്യാപനത്തോടെ ജനങ്ങളുടെ ജീവിതശൈലിയും വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വന്ന മാറ്റങ്ങളും തിരച്ചറിഞ്ഞ് അതിവേഗം ഉല്‍പ്പന്നശ്രേണിയില്‍ തന്നെ മാറ്റം വരുത്തുകയായിരുന്നു വി സ്റ്റാര്‍. ''കോവിഡ് വന്നതോടെ നമ്മള്‍ മാസ്‌കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. കോവിഡ് ഭീതി മാറും വരെയെങ്കിലും അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യും. പുറത്തേക്ക് ഇറങ്ങുന്നത് കുറഞ്ഞതോടെ വീടുകളില്‍ ഉപയോഗിക്കുന്ന ഗുണനിലവാരവും ട്രെന്‍ഡിയുമായ വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരേറി. ഇതൊക്കെ കണക്കിലെടുത്താണ് ഞങ്ങള്‍ ഉല്‍പ്പന്നശ്രേണി വിപുലീകരിച്ചത്,'' വി സ്റ്റാര്‍ സ്ഥാപകയും മാനേജിംഗ് ഡയറക്റ്ററുമായ ഷീല കൊച്ചൗസേപ്പ് പറയുന്നു.

നിര്‍ധനരായ സ്ത്രീകള്‍ക്ക് പിന്തുണ

ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യപ്രതിബന്ധതയുള്ള സംരംഭകയായ ഷീല കൊച്ചൗസേപ്പ് ലോക്ക്ഡൗണ്‍ കാലത്തെ തൊഴില്‍ നഷ്ടം കൂടി ഒഴിവാക്കാനാണ് അതിവേഗം ബിസിനസ് രംഗത്ത് ചുവടുമാറ്റം നടത്തിയത്. ''ലോക്ക്ഡൗണ്‍ നാളുകളില്‍ നമ്മുടെ ഫാക്ടറികളും അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് ഇളവുകള്‍ ലഭിച്ച് പ്രവര്‍ത്തനം പുനഃരാരംഭിച്ചാലും വിപണി അത്രവേഗം സാധാരണ നിലയില്‍ എത്തില്ലെന്ന് വ്യക്തമായിരുന്നു. അപ്പോള്‍ ഞങ്ങളുടെ യൂണിറ്റിലെ വനിതാ ജീവനക്കാര്‍ക്ക് മാസ്‌ക് നിര്‍മാണത്തില്‍ പരിശീലനം നല്‍കി വൂവന്‍, നിറ്റഡ് മാസ്‌കുകള്‍ നിര്‍മിക്കാന്‍ വി സ്റ്റാര്‍ തുടക്കമിട്ടു. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ 500ല്‍പ്പരം സ്ത്രീകള്‍ക്കും അവരെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്കും തുണയായി,'' ഷീല കൊച്ചൗസേപ്പ് വിശദീകരിക്കുന്നു.

ആവശ്യങ്ങള്‍ നിറവേറ്റുന്നു

ലോക്ക്ഡൗണിന്റെ പ്രാരംഭകാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ടി സര്‍ജിക്കല്‍ മാസ്‌കുക്കള്‍ നിര്‍മിക്കാന്‍ ധാരാളം അന്വേഷണങ്ങള്‍ വന്നിരുന്നതായി ഷീല കൊച്ചൗസേപ്പ് പറയുന്നു. വളരെ പെട്ടെന്ന് ആ ആവശ്യം നിറവേറ്റി. ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ നോണ്‍ സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ക്ക് ആവശ്യക്കാരേറി. പിന്നീട് മാസ്‌കുകള്‍ ജനജീവിതത്തിന്റെ ഭാഗമായി. ''അപ്പോള്‍ വളരെ പെട്ടെന്ന് തന്നെ ഉപഭോക്താക്കളുടെ അഭിരുചിക്കിണങ്ങുന്ന വിവിധതരം മാസ്‌കുകള്‍ നിര്‍മിച്ചു തുടങ്ങി. വീണ്ടും കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന മികച്ച ഗുണനിലവാരമുള്ള മാസ്‌കുകള്‍ വി സ്റ്റാറിന്റെ സുസജ്ജമായ വിപണന ശൃംഖല വഴി കേരളമെമ്പാടും എത്തിച്ചു. പ്രീമിയം മാസ്‌കുകള്‍ കയറ്റി അയക്കുകയും ചെയ്തു. അതോടെ വി സ്റ്റാര്‍ ഫാക്ടറികളില്‍ തൊഴില്‍ ഉറപ്പാക്കാനും സാധിച്ചു,'' ഷീല കൊച്ചൗസേപ്പ് ചൂണ്ടിക്കാട്ടുന്നു.

ഈ പ്രതിസന്ധി കാലഘട്ടത്തിന് മുമ്പേ വി സ്റ്റാര്‍ സ്ത്രീ ശാക്തീകരണത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. വി സ്റ്റാറിന് തിരുപ്പൂരില്‍ സ്വന്തമായി നിര്‍മാണ യൂണിറ്റുണ്ട്. ഇതിന് പുറമേ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള 18 സ്വതന്ത്ര യൂണിറ്റുകളില്‍ നിന്നും നിര്‍ധന വനിതകള്‍ക്ക് തൊഴില്‍ നല്‍കാനായി ജീവകാരുണ്യ സംഘടനകള്‍ നടത്തുന്ന നിര്‍മാണ യൂണിറ്റുകളില്‍ നിന്നുമാണ് വി സ്റ്റാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചെടുക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it