എന്താണ് ഡിജിറ്റൽ വസ്ത്രങ്ങൾ?

പ്രകാശവേഗത്തിലാണ് ഡിജിറ്റൽ മേഖലയിലെ മാറ്റങ്ങൾ. ഈ മാറ്റങ്ങളോട് കിടപിടിക്കാൻ ഓരോ ദിവസവും പുതിയ ആശയങ്ങളാണ് ചെറുകിട വ്യാപാരികളും കോർപറേറ്റുകളും കൊണ്ടുവരുന്നത്. ഫാഷൻ രംഗത്തും സ്ഥിതി വ്യത്യസ്തമല്ല.

ഇത്തരത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു പുതു ആശയമാണ് നോർവീജിയൻ റീറ്റെയ്ലറായ കാർലിങ്‌സിന്റേത്. ഡിജിറ്റൽ ക്ലോത്തിങ് അഥവാ ഡിജിറ്റൽ വസ്ത്രങ്ങളുടെ ഒരു കളക്ഷൻ കാർലിങ്സ് അവതരിപ്പിക്കുകയുണ്ടായി.

ഡിജിറ്റൽ വസ്ത്രങ്ങൾ ഒരിക്കലും കൈയ്യിൽ കിട്ടില്ല. പക്ഷെ ഫോട്ടോയിലുള്ള നിങ്ങൾക്ക് അത് കൃത്യമായി അണിയാം. അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയുമാവാം.
അതിന് ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ ഫോട്ടോ എടുക്കുക.

കാർലിങ്സിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്ന് ഒരു വസ്ത്രം തെരഞ്ഞെടുക്കുക. 'ഡ്രസ്സ് മി അപ്' എന്ന ഓപ്ഷനിൽ പോയാൽ ഫോട്ടോയിൽ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന് പകരം പുതിയ വസ്ത്രം ധരിച്ചിരിക്കുന്ന നിങ്ങളെ തന്നെ കാണാൻ കഴിയും. 3ഡി ടൈയ്ലർ എന്ന സോഫ്റ്റ് വെയർ വസ്ത്രം നിങ്ങൾക്ക് ഫിറ്റ് ആകുന്നതരത്തിൽ അളവുകൾ ക്രമീകരിച്ചു തരും.

ലക്ഷങ്ങൾ വിലവരുന്ന വസ്ത്രങ്ങൾ വരെ ചെറിയ തുകയ്ക്ക് 'ധരിച്ച്' നോക്കാൻ ഈ ഇന്നവേഷൻ നമ്മെ സഹായിക്കുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് കാർലിങ്സ് പ്രധാനമായും മാർക്കറ്റിംഗ് നടത്തുന്നത്.

ഓരോ സെക്കന്റിലും ലോകത്ത് ഒരു ലോറിയിൽ നിറക്കാവുന്നത്ര വസ്ത്രങ്ങൾ ആളുകൾ പാഴാക്കിക്കളയുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. പരിസ്ഥിതി സൗഹൃദമായ ചിന്തയിൽ നിന്നാണ് കാർലിങ്സ് ഈ ആശയം രൂപപ്പെടുത്തിയത്. ഇപ്പോൾ യൂറോപ്പിലെ ചില രാജ്യങ്ങളിൽ മാത്രമാണ് ഇവരുടെ സേവനം ലഭ്യമാകൂ.

സാങ്കേതിക വിദഗ്ധർ ധാരാളമുള്ള നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്ന ഒരു തന്ത്രമാണ് ഇത്. കടകളിലേക്ക് ആളുകളെ കൂടുതൽ ആകർഷിക്കാനും സോഷ്യൽ മീഡിയയിൽ സജീവമാക്കാനും ഇത് സഹായിക്കും. മാത്രമല്ല, ഡിജിറ്റൽ ക്ലോത്തിങ് പരീക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വരുമാനവും നേടാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it