സന്തോഷത്തിലേക്കുള്ള നാല് രഹസ്യങ്ങള്‍: ന്യൂറോ സയന്റിസ്റ്റ് പറയുന്നു

എത്ര സമ്പത്തുകൊണ്ടും നേടാന്‍ കഴിയാത്തതാണ് സന്തോഷമെന്ന് നമുക്കറിയാം. അലക്‌സ് കോര്‍ബ് എന്ന ന്യൂറോസയന്റിസ്റ്റ് ഈ വിഷയത്തെ ആസ്പദമാക്കി ബ്രെയ്ന്‍ റിസര്‍ച്ചുകള്‍ നടത്തി. തന്റെ പഠനഫലങ്ങള്‍ അദേഹം The Upward Spiral എന്ന പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. സന്തോഷത്തിലേക്കുള്ള രഹസ്യങ്ങളായി കോര്‍ബ് പറയുന്ന നാല് കാര്യങ്ങള്‍ ഇവയാണ്:

1. വികാരങ്ങളെ നിര്‍വചിക്കുക

നിങ്ങളുടെ മനസിലുള്ള നെഗറ്റീവ് ഇമോഷന്‍ എന്താണെന്ന് തിരിച്ചറിയുക. അത് ദേഷ്യമാകാം, നിരാശയാകാം. നിങ്ങളുടെ വികാരത്തെ വാക്കുകള്‍ കൊണ്ട് നിര്‍വചിക്കുന്നത് വളരെ ലളിതമായി തോന്നാമെങ്കിലും ഇതിന്റെ ഫലം വളരെ വലുതാണ്. അലക്‌സ് കോര്‍ബ് നടത്തിയ പഠനത്തില്‍ ഇത്തരത്തില്‍ ആളുകള്‍ തങ്ങളുടെ നെഗറ്റീവ് വികാരങ്ങളെ തിരിച്ചറിഞ്ഞ് നിര്‍വചിച്ചപ്പോള്‍ അത്തരം വികാരങ്ങള്‍ അവരുടെ തലച്ചോറിലുണ്ടാക്കുന്ന ആഘാതം കുറഞ്ഞതായി കണ്ടെത്തി.

ഓരോ ദിവസവും നമ്മുടെ ഉള്ളിലുള്ള വികാരങ്ങള്‍ പ്രത്യേകിച്ച് ഒന്നിനോടും നേരിട്ട് ബന്ധപ്പെട്ടതാകാണമെന്നില്ല. സഹപ്രവര്‍ത്തകരോടുള്ള ദേഷ്യം, സുഹൃത്തുമായുള്ള പ്രശ്‌നങ്ങള്‍.. എന്നിങ്ങനെ എല്ലാംകൂടി കൂടിക്കുഴഞ്ഞ അവസ്ഥയാകാം. ഇത്തരം വികാരങ്ങള്‍ പിറ്റേദിവസം എഴുന്നേല്‍ക്കുമ്പോള്‍ തലവേദനയോ മൈഗ്രെയ്‌നോ മറ്റ് ശാരീരികഅസ്വസ്ഥതകളോ ആയി പ്രത്യക്ഷപ്പെടാം. പക്ഷെ വികാരങ്ങളെ നിര്‍വചിക്കുമ്പോള്‍ നിങ്ങള്‍ക്ക് അതേക്കുറിച്ചുള്ള അവബോധം ലഭിക്കുന്നു. ഇതുവഴി ആ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ അവയെ മറികടക്കുന്നത് എളുപ്പമാക്കി മാറ്റുന്നു.

2. നന്ദിയുള്ളവരാകുക

The Upward Spiral എന്ന പുസ്തകത്തില്‍ നന്ദി പ്രകടിപ്പിക്കുന്നതിന്റെ മാന്ത്രികശക്തിയെക്കുറിച്ച് ഏറെ എഴുതിയിരിക്കുന്നു. നാം മറ്റുള്ളവരോട് നന്ദി പറയുമ്പോള്‍ ഡോപ്പാമിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന നമ്മുടെ തലച്ചോറിന്റെ ഭാഗം ഉത്തേജിക്കപ്പെടുന്നു. സന്തോഷം തരുന്ന ഹോര്‍മോണാണിത്. നന്ദി പറയുന്നതിലൂടെ ആന്റിഡിപ്രസന്റ് ഹോര്‍മോണായ സെറോടോണിനും ഇതുവഴി തലച്ചോറിലുണ്ടാകുന്നുവത്രെ. 'ഞാന്‍ എന്തിനോടൊക്കെ, ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു?' എന്ന് സ്വയം ചോദിച്ച് അവയോട് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറഞ്ഞുകൊണ്ട് നമുക്ക് സന്തോഷത്തിലേക്കുള്ള വഴി കണ്ടെത്താം.

3. തീരുമാനമെടുക്കുക

പകുതിയാക്കി വെച്ചിരിക്കുന്ന ജോലികള്‍, തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുന്ന കാര്യങ്ങള്‍... ഇവയോളം മാനസികസമ്മര്‍ദ്ദം തരുന്ന മറ്റൊരു കാര്യവുമില്ലെന്ന് കോര്‍ബ് പറയുന്നു. തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുന്ന ഏതെങ്കിലും ഒരു കാര്യത്തിന് ഒരു തീരുമാനമെടുത്ത് ഇതൊന്നു പരീക്ഷിച്ചുനോക്കൂ. നിങ്ങളുടെയുള്ളിലെ സന്തോഷത്തിന്റെ അളവ് ഉയരുന്നതുകാണാം.

4. പ്രിയപ്പെട്ടവരെ ആശ്‌ളേഷിക്കുക

ഓക്‌സിടോസിന്‍ സ്‌നേഹത്തിന്റെ ഹോര്‍മോണ്‍ ആണ്. സ്പര്‍ശനത്തിന് ഓക്‌സിടോസിന്റെ നില ഉയര്‍ത്താനുള്ള കഴിവുണ്ട്. പ്രിയപ്പെട്ടവരെ ആശ്‌ളേഷിക്കുകയും ചുംബിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഈ ഹോര്‍മോണ്‍ ശരീരത്തില്‍ പ്രവഹിക്കുന്നു. വളരെ വേദനാജനകമായ അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സ്പര്‍ശനങ്ങള്‍ ഒരു വ്യക്തിയുടെ മാനസികനിലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it