എന്തുകൊണ്ട് നിങ്ങള്‍ കൂടുതല്‍ പുഞ്ചിരിക്കണം?

അനൂപ് ഏബ്രഹാം

സമ്മര്‍ദം അനുഭവിക്കുമ്പോഴോ കഠിനമായ ദിവസത്തിലോ നമ്മുടെ മനസിലേക്ക് ഏറ്റവും ഒടുവിലായി വരുന്ന കാര്യങ്ങളിലൊന്നാണ് പുഞ്ചിരിക്കുകയെന്നത്. എന്നിരുന്നാലും അത്തരം സാഹചര്യങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് പുഞ്ചിരിയെന്ന് പറയുന്നത് എന്തുകൊണ്ടാണ്? ഇതേക്കുറിച്ച് നടന്നിട്ടുള്ള നിരവധി പഠനങ്ങള്‍ ശ്രദ്ധേയമായ കാരണങ്ങളാണ് നിരത്തുന്നത്.
വ്യാജമായി ഉണ്ടാക്കുന്ന പുഞ്ചിരി കൊണ്ടുപോലും പ്രയോജനമുണ്ട് എന്നതാണ് നല്ല വാര്‍ത്ത. അതായത് വെറുതെയൊന്ന് പുഞ്ചിരിച്ചാല്‍പ്പോലും നമ്മുടെ തലച്ചോര്‍ നാം സന്തോഷവാന്മാരാണെന്ന് വിശ്വസിക്കുകയും ശരീരത്തിന് സുഖകരമായ അവസ്ഥ പ്രദാനം ചെയ്യുന്ന ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്‍, ഡോപ്പാമിന്‍, സെറോട്ടോണിന്‍ തുടങ്ങിയവ പുറപ്പെടുവിക്കാന്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി സെട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോളിന്റെ അളവ് കുറയുകയും ചെയ്യുന്നു.

പുഞ്ചിരിയുടെ ശക്തി!

പുഞ്ചിരിയുടെ ശക്തി എത്രമാത്രമാണെന്നറിയണോ? വെറും ഒരു പുഞ്ചിരി കൊണ്ട് തലച്ചോറിന് ലഭിക്കുന്ന ഉത്തേജനം 2000 ബാര്‍ ചോക്കളേറ്റുകള്‍ കൊണ്ട് ലഭിക്കുന്നതിന് തുല്യമാണെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തി!

പുഞ്ചിരിയുടെ വിവിധ ഗുണങ്ങള്‍ എന്തൊക്കെയാണ്?

 • രക്തസമ്മര്‍ദം കുറയ്ക്കുന്നു
 • ഹൃദയമിടിപ്പ് കുറയ്ക്കുന്നു
 • സഹനശക്തി വര്‍ധിപ്പിക്കുന്നു
 • വേദന കുറയ്ക്കുന്നു
 • നിങ്ങളുടെ ഉല്‍പ്പാദനക്ഷമത കൂട്ടുന്നു
 • ശരീരത്തിലെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു.

കൂടുതല്‍ പുഞ്ചിരിക്കുന്നത് ശീലമാക്കൂ!

ലളിതമായ ഒരു പുഞ്ചിരി കൊണ്ട് നമ്മുടെ മനസിനും ശരീരത്തിനും ലഭിക്കുന്ന അതിശയകരമായ പ്രയോജനങ്ങള്‍ ദിവസവും നിങ്ങളെ കൂടുതല്‍ പുഞ്ചിരിപ്പിക്കും. എപ്പോഴൊക്കെ ജീവിതത്തില്‍ സമ്മര്‍ദം ഏറുന്നുവോ, അതൊക്കെ വിശാലമായൊന്ന് പുഞ്ചിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തലുകളായി എടുക്കണം.

ദിവസം മുഴുവന്‍ കൂടുതല്‍ പുഞ്ചിരി വിടര്‍ത്താനും അതൊരു ശീലമാക്കാനും താഴെപ്പറയുന്ന അവസരങ്ങളിലൊക്കെ പുഞ്ചിരിക്കുക.

 • രാവിലെ എഴുന്നേല്‍ക്കുമ്പോള്‍
 • കുളിക്കുമ്പോള്‍
 • ഏറെ വിഷമം തോന്നുമ്പോള്‍ അല്ലെങ്കില്‍ മാനസികസമ്മര്‍ദമുള്ളപ്പോള്‍
 • മനസില്‍ നെഗറ്റീവ് ചിന്തകള്‍ നിറയുമ്പോള്‍
 • നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെ നോക്കി പുഞ്ചിരിക്കുക

രാവിലെ എഴുന്നേറ്റ് കണ്ണാടിയുടെ മുന്നില്‍ നിന്ന് എന്റെ നേരെ തന്നെ പുഞ്ചിരിക്കുന്നത് കഴിഞ്ഞ കുറച്ചുനാളായി ഞാന്‍ പിന്തുടരുന്ന ശീലമാണ്. ഒരു ദിവസം പോസിറ്റീ
വായി തുടങ്ങാന്‍ ഇതെന്നെ സഹായിക്കുന്നു. നെഗറ്റീവ് ചിന്തകളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനോ അല്ലെങ്കില്‍ നെഗറ്റീവ് ചിന്തകള്‍ മനസില്‍ രൂപപ്പെടുന്നതിന്റെ ആക്കം കുറയ്ക്കുന്നതിനോ ഉള്ള മികച്ച മാര്‍ഗമാണ് പുഞ്ചിരി എന്ന് ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്.

പുഞ്ചിരിക്കുന്നതിലൂടെ നിങ്ങളുടെ മൂഡില്‍ വളരെ വലിയൊരു മാറ്റം വരുകയോ വിഷമിച്ചിരിക്കുന്ന സമയത്ത് ആനന്ദം ലഭിക്കുകയോ ചെയ്തേക്കില്ല. എന്നാല്‍ ലളിതമായ ഈ പ്രവൃത്തിയിലൂടെ നിങ്ങള്‍ ഒരു നെഗറ്റീവ് മാനസികാവസ്ഥയിലേക്ക് വീണു പോകുന്നത് തടയാനും കൂടുതല്‍ പോസിറ്റീവ് ആകാനും സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഒരു കാരണവുമില്ലാതെ പുഞ്ചിരിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ അതിലും മികച്ചതും കൂടുതല്‍ ഫലം ലഭിക്കുന്നതും മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുമ്പോഴാണ്. പുഞ്ചിരി ഒരു പകര്‍ച്ചവ്യാധി പോലെയാണ്. ചുറ്റും പോസിറ്റിവിറ്റി പരത്താനും അതുവഴി മറ്റുള്ളവരെ സന്തോഷാവാന്മാരും ആരോഗ്യവാന്മാരാക്കാനും സാധിക്കുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണിത്. പുഞ്ചിരി നമ്മുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും ആളുകളുടെ ഇഷ്ടം നേടിയെടുക്കാന്‍ സഹായിക്കുകയും വിശ്വസനീയരും കഴിവുള്ളവരുമായി തോന്നിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.

എല്ലാ പ്രശ്നങ്ങളുടെയും പരിഹാരമല്ല പുഞ്ചിരി. പക്ഷെ ലളിതമായ ഈ പ്രവൃത്തിയിലൂടെ ചെറിയ തോതിലാണെങ്കിലും നമ്മുടെ ഊര്‍ജ്ജത്തെ തിരിച്ചുവിട്ട് നമ്മുടെ ദിവസത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കും.

ഇനി ഇതൊന്ന് പരീക്ഷിച്ചുനോക്കൂ. 15 സെക്കന്‍ഡ് നേരം നിങ്ങള്‍ക്ക് കഴിയുന്നത്ര വിശാലമായി ഒന്ന് മനസ് തുറന്ന് പുഞ്ചിരിച്ചിട്ട് എന്ത് സംഭവിക്കുന്നുവെന്ന് നോക്കുക.

(സോള്‍ജാം എന്ന ബ്ലോഗിലെ ലേഖനത്തിന്റെ സംക്ഷിപ്ത രൂപം. വിശദവായനയ്ക്ക്: https://www.thesouljam.com/post/why-you-should-smile-more)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it