'ഇനി വരുന്നത് മനുഷ്യരില്ലാത്ത കാലം!'

നിങ്ങൾക്കറിയാവുന്ന കാര്യമാണ്. മനുഷ്യവംശം ഭൂമിയിൽ ഏൽപ്പിക്കുന്ന ആഘാതം കുറച്ചുകൊണ്ടുവരാൻ ടെക്നോളജിയുടെ സഹായത്താലും കർക്കശ നിയമങ്ങൾ കൊണ്ടുവന്നും നാം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും 2050-ൽ ലോക ജനസംഖ്യ 900 കോടി കടക്കും. 2100-ൽ ഇത് 1100 കോടിയെത്തും. കണക്കുകൾ നിരത്തുന്നത് മറ്റാരുമല്ല, ഐക്യരാഷ്ട്ര സഭയാണ്.

കാനേഡിയൻ ജേർണലിസ്റ്റ് ആയ ജോൺ ഇബിറ്റ്സണും പൊളിറ്റിക്കൽ സയന്റിസ്റ്റ് ആയ ഡാരെൽ ബ്രിക്കറിനും അല്പം വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ശരിക്കും പറഞ്ഞാൽ നേരെ വിപരീതമായ കണക്കുകളാണ് ഇരുവരും ചേർന്ന് പുറത്തിറക്കിയ 'എംപ്റ്റി പ്ലാനറ്റ്' എന്ന പുസ്തകത്തിലുള്ളത്.

30 വർഷങ്ങൾക്കുള്ളിൽ ലോക ജനസംഖ്യ കുറയാൻ തുടങ്ങുമെന്നാണ് നീണ്ട നാളത്തെ ഗവേഷണങ്ങൾക്ക് ശേഷം ഇവർ കണ്ടെത്തിയിരിക്കുന്നത്. കുറയാൻ തുടങ്ങിയാൽ, ആ ഇടിവിൽ പിന്നെ അടുത്തകാലത്തെങ്ങും വലിയ മാറ്റം ഉണ്ടാകില്ല.

എംപ്റ്റി പ്ലാനറ്റ് എന്നാൽ ഒരു സ്റ്റാറ്റിസ്റ്റിക്സ് കൊണ്ട് നിറഞ്ഞ പുസ്തകമല്ല. വിവിധ രാജ്യങ്ങളിലെ വ്യക്തികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്നതാണ് ഇത്. അവർ ജീവിതത്തിൽ എടുക്കുന്ന തെരഞ്ഞെടുപ്പുകൾ, ആ തെരഞ്ഞെടുപ്പുകളിലേക്ക് എത്താൻ അവരെ സ്വാധീനിച്ച ഘടകങ്ങൾ എന്നിവയാണ് ഇതിൽ എടുത്തുകാട്ടുന്നത്.

തങ്ങളുടെ പുസ്തകത്തിനായി ഇന്ത്യയും അവർ സന്ദർശിച്ചിരുന്നു. ഒരിക്കൽ ഡൽഹിയിലെ ശ്രീനിവാസ്പുരി എന്ന ചെറിയ കോളനിയിൽ 14 സ്ത്രീകളുടെ ഒരു ഗ്രൂപ്പുമായി സംസാരിക്കുകയായിരുന്നു. അവരുടെ കയ്യിലും അതാ സ്മാർട്ഫോൺ. ഇന്ത്യയിലെ ഇത്ര ചെറിയ കോളനിയിലും സ്ത്രീകൾ അറിവ് നേടിയിരിക്കുന്നു എന്ന ബോധ്യമാണ് ജനസംഖ്യാപരമായ കണക്കുകളിൽ ഒരു അളവുകോൽ കൂടി ചേർക്കാൻ അവരെ പ്രേരിപ്പിച്ചത്. 'സ്ത്രീകളുടെ വിദ്യാഭ്യാസം.'

ഐക്യരാഷ്ട്ര സംഘടനപോലും ജനസംഖ്യ കണക്കുകൾ നിരത്തുമ്പോൾ ഈയൊരു വസ്തുത കണക്കിലെടുക്കാറില്ല. കൂടുതൽ വിദ്യാഭ്യാസം നേടിയ, സ്വയം പര്യാപ്തരായ, ശാക്തീകരിക്കപ്പെട്ട വനിതകളുടെ യുഗമാണ് ഇനി വരാനിരിക്കുന്നത്.

26 രാജ്യങ്ങളിലെ സ്ത്രീകളിൽ നടത്തിയ സർവേയിൽ ഭൂരിഭാഗവും രണ്ട് കുട്ടികൾ മതിയെന്ന അഭിപ്രായക്കാരായിരുന്നുവെന്ന് ജോൺ ഇബിറ്റ്സൺ പറയുന്നു. വലിയ കുടുംബം വേണമെന്ന അഭിപ്രായമുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈയൊരു സാഹചര്യം പരിഗണിച്ചാൽ 30 വർഷം കഴിയുമ്പോഴേക്കും ലോകജനസംഖ്യ കുറഞ്ഞുവരാനാണ് സാധ്യതയെന്നും ഇവർ വാദിക്കുന്നു.

Related Articles

Next Story

Videos

Share it