ബിസിനസ് വിജയത്തിന് തീര്‍ച്ചയായും പരിഹരിക്കേണ്ട 10 മനഃശാസ്ത്ര പ്രശ്‌നങ്ങള്‍

സംരംഭകരുടെ വിജയത്തിന് തടസമായി നില്‍ക്കുന്ന മനഃശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് ബിസിനസ് സൈക്കോളജിസ്‌റ് ഡോ. വിപിന്‍ റോള്‍ഡന്റ് വിശദീകരിക്കുന്നു
ബിസിനസ് വിജയത്തിന് തീര്‍ച്ചയായും പരിഹരിക്കേണ്ട 10 മനഃശാസ്ത്ര പ്രശ്‌നങ്ങള്‍
Published on

യൂണിവേഴ്‌സിറ്റി റാങ്കോട് കൂടി സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ആത്മവിശ്വാസത്തിലാണ് പഠനം കഴിഞ്ഞു ഉടനെതന്നെ കേരള സര്‍ക്കാര്‍ നല്‍കിയ ആ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായത്. ജയിലില്‍ കഴിയുന്ന കുറ്റവാളികളുടെ മനഃപരിവര്‍ത്തനമാണ് ജോലി എന്നറിഞ്ഞപ്പോള്‍ ത്രില്ലടിച്ചു. തുടക്കം ഒരു സബ്ജയില്‍ ക്വൊട്ടേഷന്‍ സംഘാംഗങ്ങളിലായിരുന്നു. ചങ്കിടിപ്പോടെയാണ് ദാത്യം തുടങ്ങിയതെങ്കിലും ആദ്യദിനം കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസം നെഞ്ചിലേറ്റിയ ഒരു പുതിയ ആളായിക്കഴിഞ്ഞിരുന്നു ഞാന്‍.

സെൻട്രൽ ജയിലിൽ മനഃശാസ്ത്ര സേവനങ്ങള്‍ നല്‍കി വരവേ കൊടും കുറ്റവാളികളും കൊലക്കേസ് പ്രതികളും കൂടാതെ ചെക്ക് കേസിലും വഞ്ചനാകേസുകളിലും കള്ളക്കേസുകളിലും കുടുങ്ങി ജയിലില്‍ കഴിയുന്ന പല സംരംഭകരേയും എനിക്കവിടെ കാണാന്‍ സാധിച്ചു. തങ്ങളുടെ ബിസിനസിലും സാമ്പത്തിക ഇടപാടുകളിലും പാര്‍ട്‌ണേഴ്‌സുമായി ഉണ്ടായിരുന്ന ഇടപാടുകളിലുമെല്ലാം കുടുംബ ജീവിതത്തിലുമെല്ലാം സംഭവിച്ച പാളിച്ചകളും അബദ്ധങ്ങളും അവര്‍ പങ്കുവെച്ചു.

പിന്നീട് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജിയില്‍ ഉപരിപഠനത്തിനായി ചെലവഴിച്ച നാളുകളിലും തുടര്‍ന്നു ജോലിചെയ്ത മള്‍ട്ടിനാഷണല്‍ കമ്പനികളിലും പ്രാക്റ്റീസ് ചെയ്ത ആശുപത്രിയിലും കണ്ടു മുട്ടിയ സംരംഭകരുടെ പ്രശ്‌നങ്ങള്‍ ജയിലിനകത്ത് കണ്ടവരുടെ പ്രശ്‌നങ്ങളുമായി സാമ്യമുള്ളവ തന്നെയായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII) യുടെ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ നയിച്ച സിഇഒ റിട്രീറ്റ്കളിലൂടെ പല പ്രമുഖ സംരംഭകരെയും അടുത്തറിയാനും അവരുടെ അടുത്തതല വളര്‍ച്ചയെ ബാധിക്കുന്ന വൈകാരിക- മാനസിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാനും അവസരം ലഭിച്ചു.

സംരംഭകരുടെ മനഃശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ നേരിട്ടറിഞ്ഞ, സംരംഭകര്‍ പൊതുവായി നേരിടുന്ന ചില പ്രശ്‌നങ്ങള്‍ ഞാനിവിടെ സൂചിപ്പിക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ ബിസിനസുകാര്‍ തിരിച്ചറിയുക എന്നതാണ് പരിഹാരത്തിനുള്ള ആദ്യവഴി. തുടര്‍ന്ന് ഏതൊരു ബിസിനസ് പ്രതിസന്ധികളിലും നിന്നു കരകയറാന്‍ പോന്ന മനഃശാസ്ത്ര സമീപനം സ്വന്തം സംരംഭത്തിലും ജീവിതത്തിലും പ്രയോഗിക്കാന്‍ സാധിക്കും. നമുക്ക് നോക്കാം ആ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന്.

1) മാനസിക സമ്മര്‍ദ്ദം അഥവാ സ്‌ട്രെസ്

സ്വന്തം വ്യക്തിജീവിതം പോലും ഒഴിവാക്കി ബിസിനസ്സിലേക്ക് ചോരയും നീരും ഒഴുക്കുന്ന സംരംഭകരുടെ ഏറ്റവും വലിയ എതിരാളിയാണ് മാനസിക സമ്മര്‍ദ്ദം. സ്വന്തം മാനസികാവസ്ഥ തിരിച്ചറിഞ്ഞാലും, മിക്കവരും ഭാഗികമായോ പൂര്‍ണമായോ അവഗണിക്കുന്ന ഈ മാനസിക പിരിമുറുക്കങ്ങളാണ് പ്രഷറും ഷുഗറും കൊളെസ്‌ട്രോളും തുടങ്ങി ഹൃദ്രോഗം വരെയുള്ള ശാരീരിക പ്രശ്‌നങ്ങളുടെ മൂലകാരണം. സംരംഭകന്റെ ഒരു ദിനം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരുപക്ഷെ മാനസിക പിരിമുറുക്കത്തിലൂടെയാകാം. മാനസിക സമ്മര്‍ദ്ദം കൂടുന്നതിനനുസരിച്ച് ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കാതെ വരുന്നു, സമയം കൃത്യമായി മാനേജ് ചെയ്യാന്‍ പറ്റാതെ പോകുന്നു, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ്, ഉത്സാഹക്കുറവ്, ലൈംഗിക മരവിപ്പ്, പുകവലി, മദ്യപാനസക്തി, സ്വസ്ഥതയില്ലായ്മ എന്നിവയെല്ലാം അനുഭവപ്പെടുന്നു. സ്‌ട്രെസ് ഒരു സംരംഭകന്റെ കൂടപ്പിറപ്പാണ് എന്നും പറയാം. ''എന്റെ മനോസമ്മര്‍ദ്ദങ്ങളെ മൂടിവെക്കാനാണ് ഞാന്‍ എവിടെയും ശ്രമിച്ചത്. മനസിന്റെ അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ ഞാന്‍ തുടക്കത്തിലേ തന്നെ ശ്രമിച്ചിരുന്നെങ്കില്‍ എന്റെ സംരംഭം ഞാന്‍ സ്വപ്നം കണ്ട അവസ്ഥയിലേക്കെത്തുമായിരുന്നു'' എന്ന് എന്നോടു സംസാരിക്കവേ സങ്കടപ്പെട്ട സംരംഭകന്‍ ഒരു തുടക്കക്കാരനല്ല, 350 കോടി ടേണ്‍ഓവറില്‍ നിന്നും 1000 കോടിയിലേക്കെത്താന്‍ ശ്രമിക്കവേ വ്യക്തിജീവിതത്തിലും ബിസിനസിലും സംഭവിച്ച ചില അപ്രതീക്ഷിത തിരിച്ചടികള്‍ മാനസികമായി തളര്‍ത്തിക്കളഞ്ഞ ഒരാളായിരുന്നു. മനോസമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ സഹായിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ടെന്നിരിക്കെ ഉപേക്ഷ വിചാരിക്കാതെ മനസ് ശാന്തമാക്കാന്‍ വേണ്ട കാര്യങ്ങള്‍ക്ക് മുൻകൈ എടുക്കേണ്ടത് സംരംഭകന്‍ തന്നെയാണ്. അത് സാധിക്കുകയും ചെയ്യും.

2) വിഷാദം അഥവാ ഡിപ്രെഷന്‍

WHO കണക്കനുസരിച്ച് ഏകദേശം 264 മില്യണ്‍ ജനങ്ങള്‍ ലോകത്തിലാകമാനം ഡിപ്രെഷനിലൂടെ കടന്നു പോകുന്നുണ്ട്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംരംഭകന്‍ നേരിടുന്ന മാനസിക പിരിമുറുക്കം അഥവാ സ്‌ട്രെസ് അവരെ ഡിപ്രെഷനിലേക്ക് നയിക്കുന്നു. ഡിപ്രെഷന്‍ എന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന വ്യക്തിക്ക് ഒന്നിലും ശ്രദ്ധചെലുത്താന്‍ സാധിക്കില്ല. ആകാരണമായ ദേഷ്യം, സങ്കടം, ക്ഷീണം ഇവയെല്ലാം അയാളെ വേട്ടയാടികൊണ്ടിരിക്കും. ഒരുപാട് പേര് ചുറ്റുമുണ്ടെങ്കിലും ആരും ഇല്ല എന്ന തോന്നലില്‍ ഈ ലോകത്തോട് തന്നെ വിടപറയാനുള്ള പ്രവണത കാണിക്കാനുള്ള സാധ്യത കൂടുതലാണ്. കഫെ കോഫി ഡേ എം ഡി സിദ്ധാര്‍ത്ഥിന്റെയും ഫെയ്‌സ്ബുക്കിനെ തകര്‍ക്കുമെന്ന് പലരും വിശ്വസിച്ചിരുന്ന ഓപ്പണ്‍ സോഴ്‌സ് സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഡയസ്‌പോറയുടെ സഹസ്ഥാപകനായ ഇല്യ സിറ്റോമിര്‍സ്‌കിയുടെയുമൊക്കെ വിടപറയലിനു പിന്നില്‍ ഡിപ്രെഷന്‍ എന്ന അവസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിപ്രെഷന്‍ തുടക്കത്തിലേ തന്നെ തിരിച്ചറിഞ്ഞു പ്രൊഫഷണൽ ഹെൽപ്പിലൂടെ പരിഹാരം കണ്ടെത്തി വിജയം ഉറപ്പാക്കുക എന്നതാണ് ഒരു സംരംഭകന്‍ ചെയേണ്ടത്.

3) ആധി, ഉല്‍ക്കണ്ഠ

താന്‍ ചെയ്യുന്ന സംരംഭം എന്തായിത്തീരും, വിജയത്തിലെത്തുമോ, പരാജയം സംഭവിക്കുമോ എന്നിങ്ങനെ ഒരുപാട്

ഉത്ക്കണ്ഠകള്‍ ഒരു സംരംഭകന് പൊതുവായി ഉണ്ടാകാറുണ്ട്. താന്‍ കഷ്ടപ്പെട്ട് നേടിയതൊക്കെ നഷ്ടപ്പെടുമോ എന്ന ഉള്‍ഭയം ചിലരുടെയെങ്കിലും ഉറക്കം കളയാറുണ്ട്. ആധിയെ മനഃശാസ്ത്ര സഹായത്തോടെ അതിജീവിക്കാം എന്ന് സംരംഭകര്‍ മനസിലാക്കിയിരിക്കണം.

4)ബൈപോളാര്‍ ഡിസോര്‍ഡര്‍

എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റുന്ന ഒരു പ്രശ്‌നമാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. നിശ്ചിതകാലത്തോളം വളരെ ശക്തമായ എന്തിനെയും തകര്‍ത്തെറിയാനുള്ള ഊര്‍ജമുണ്ടാകും. പിന്നെ ഒരു പീരീഡില്‍ അതിന്റെ നേരെ വിപരീതാവസ്ഥയായിരിക്കും. ആകെ ഒരു വിഷാദാവസ്ഥ. നല്ല ഊര്‍ജം ഉള്ള കാലത്താണ് യാഥാര്‍ഥ്യം ബോധം ഉള്‍കൊള്ളാതെ വന്‍ പദ്ധതികളിലേക്ക് എടുത്തു ചാടുന്നത്. എന്നാല്‍ പിന്നീട് വിഷാദാവസ്ഥയിലേക്ക് കൂപ്പു കുത്തുന്ന അവസ്ഥയിലേക്ക് കടക്കുമ്പോള്‍ ഇന്‍വെസ്റ്റ് ചെയ്ത പല കാര്യങ്ങളും നഷ്ടത്തിലേക്ക് പോകുന്നതും നോക്കി നിര്‍വികാരമായി ഇരിക്കുന്ന അവസ്ഥയിലേക്ക് മാറും. നല്ല ആവേശത്തില്‍ കാര്യങ്ങള്‍ തുടങ്ങിയാലും അതിനെ പൂര്‍ണതയിലെത്തിക്കാന്‍ സാധിക്കാതെ പോകുന്നു. വിഷാദാവസ്ഥക്ക് പകരം തുടര്‍ച്ചയായി അത്യാവേശത്തിന്റെ ഉന്മാദാവസ്ഥ അനുഭവപ്പെട്ടാലും അത് ബൈപോളര്‍ അവസ്ഥ തന്നെയാണ്. പൊതുവെ പതിനാലു ദിവസങ്ങള്‍ കൊണ്ട് അവസ്ഥ സാധാരണ തലത്തിലേക്കെത്തും. ഹൈപോമാനിയ എന്ന അവസ്ഥയുള്ളവരില്‍ അമിത ധൈര്യവും അമിതാവേശവും കുറച്ചു കൂടി ദിവസങ്ങള്‍ എടുത്തേ സാധാരണ തലത്തിലേക്കെത്തൂ. ഒരുപാട് പ്രശസ്ത വ്യക്തികള്‍ അവര്‍ക്ക് ബൈപോളാര്‍ ഉണ്ടായിരുന്നതായി തുറന്നു സമ്മതിച്ചിട്ടുണ്ട്. അതില്‍ ചിലരാണ് സി എന്‍ എന്‍ സ്ഥാപകനും ശതകോടീശ്വരനും അമേരിക്കന്‍ ഐക്കണും ആയ ടെഡ് ടര്‍ണര്‍, ദശലക്ഷക്കണക്കിന് യുവ സംരംഭകരുടെ വിജയത്തിന്റെ പ്രതീകമായ ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക്ക് എന്നിവര്‍. അവര്‍ തങ്ങളുടെ സൈക്കോളജിക്കല്‍ തടസങ്ങളെ മനസിലാക്കുകയും മറികടക്കാന്‍ വേണ്ട പ്രൊഫഷണല്‍ ഹെല്‍പ് എടുക്കുകയും ചെയ്തതാണ് അവരുടെ ബിസിനസിനെ വലിയ ഉയരങ്ങളിലേക്കെത്തിച്ചത്.

5) അഡള്‍ട്ട് എ.ഡി.എച്ച്.ഡി

പല സംരംഭങ്ങളും തകരാന്‍ കാരണമായ ഒന്നാണ് സംരംഭകന്റെ അഡള്‍ട്ട് എ.ഡി.എച്.ഡി എന്ന പ്രശ്‌നം. ഒരു കാര്യത്തിലും ശ്രദ്ധചെലുത്താന്‍ ഇത്തരം ഒരു പ്രശ്‌നം നേരിടുന്ന സംരംഭകന് സാധിക്കില്ല. എന്തെങ്കിലും കാര്യം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് തന്നെ ആസ്വസ്ഥനാകുന്നതും മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുന്നതും ഇതിന്റെ ഭാഗമാണ്. ഏറ്റെടുത്ത കാര്യങ്ങളും ഉത്തരവാദിത്തങ്ങളും കൃത്യമായി ചെയുക എന്നത് ഒരു സംരംഭകനെ സംബന്ധിച്ച നിര്‍ബന്ധമുള്ള കാര്യമാണ്. എന്നാല്‍ എ.ഡി.എച്. ഡി ഉള്ള ആള്‍ക്ക് ഇതു പലപ്പോഴും സാധ്യമാകാറില്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കാതെയിരിക്കുകയും പല കാര്യങ്ങളുടെ പിന്നാലെയും അവേശത്തോട് കൂടി പോകുകയും എന്നാല്‍ ആരംഭശൂരത്വം മാത്രമായി അത് ഒതുങ്ങി പോകുകയും, തുടങ്ങി വച്ച കാര്യം പൂര്‍ത്തീകരിക്കാതെ അടുത്തതിലേക്ക് പോകുകയും, ഒന്നില്‍ നിന്നും അടുത്തതിലേക്ക് അതില്‍ നിന്നും അടുത്തതിലേക്ക് ഇങ്ങനെ പോകും അഡൾട്ട് എ.ഡി. എച്ച്.ഡി പ്രകൃതക്കാര്‍. ഒന്നിലും ശ്രദ്ധയില്ലായ്മ, എടുത്തുചാട്ടം, ഹൈപ്പര്‍ ആക്ടിവിറ്റി എന്നീ അവസ്ഥയിലൂടെയാണ് എ.ഡി.എച്ച് ഡിക്കാര്‍ പൊതുവെ കടന്നു പോകുന്നത്. അനേകമനേകം ബിസിനസ് ആശയങ്ങള്‍ നിറയുന്ന തലച്ചോറാണ് വളരെ സമര്‍ത്ഥരായ ഇവരുടെ ഏറ്റവും വലിയ ശക്തി. അതില്‍ ഒന്ന് പോലും നേരം വണ്ണം നടപ്പിലാക്കാന്‍ പറ്റായ്കയാണ് ഇവരുടെ ബലഹീനത.സംരംഭകരുടെ ഈ പ്രശ്നം മറികടക്കാൻ സഹായിക്കുന്ന മനഃശാസ്ത്ര പദ്ധതികൾ ലഭ്യമാണ്.

6)ഒ.സി.ഡി

അസ്വസ്ഥമാക്കുന്ന അനാവശ്യ ചിന്തകളുടെ സുനാമിയാണ് ഒ.സി. ഡി അഥവാ ഒബ്‌സെസ്സീവ് കംപള്‍സീവ് ഡിസോര്‍ഡര്‍. അനാവശ്യ ചിന്തകളാണെന്നു നൂറു ശതമാനവും ബോധ്യമുണ്ടെങ്കിലും ഒഴിവാക്കാനോ നിയന്ത്രിക്കാനോ പറ്റാത്ത അവസ്ഥ. ആവര്‍ത്തിക്കപ്പെടുന്ന ചിന്തകള്‍ പോലെ ഒരേ പ്രവര്‍ത്തി തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചെയ്യാന്‍ തോന്നുന്നത് മൂലം ഉത്തരവാദിത്വങ്ങള്‍ ശരിയായി ചെയ്യാന്‍ സാധിക്കാതെ തകര്‍ച്ചയുടെ അവസ്ഥയില്‍ പോകുന്നവരുണ്ട്. അടുക്കും ചിട്ടയിലും മാത്രമല്ല, വൃത്തിയിലും,സുരക്ഷയുടെ കാര്യത്തിലും കണക്കു കൂട്ടുന്നതിന്റെ കാര്യത്തിലുമെല്ലാം ഈ പ്രശ്‌നം വരാം. 24 നോര്‍ത്ത് കാതം സിനിമയിലെ ഫഹദിന്റെ കഥാപാത്രത്തിന്റെ രീതികള്‍ ഒ.സി.ഡിയെ മനസിലാക്കാന്‍ സഹായിക്കും. ഒ.സി.ഡി കൃത്യമായി ഡയഗ്നോസ് ചെയ്യാനും സൈക്കോതെറാപ്പികൾ വഴി കൈകാര്യം ചെയ്യാനുമാകും.

7) മദ്യപാനസക്തി അഥവാ ആല്‍ക്കഹോളിസം

മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ഏറ്റവുമാദ്യം ഒരു സംരംഭകന്‍ തിരഞ്ഞെടുക്കുന്ന ഒരു അബദ്ധശീലമാണ് മദ്യപാനവും പുകവലിയും മറ്റും. മദ്യത്തിന്റെ പുറത്ത് സംഭവിച്ചു പോയ കാര്യത്തിന് ജയിലിലായ സംരംഭകരേയും മറ്റു പലരെയും എന്റെ ആദ്യ നാളുകളിലെ ജയില്‍ ജോലിയില്‍ കണ്ടു മുട്ടിയിരുന്നു. ആദ്യമാദ്യം ചെറിയ തോതില്‍ തുടങ്ങിയെങ്കിലും പിന്നീട് അനിയന്ത്രിതമാം വിധം മദ്യാസക്തി അവരെ മൂടിയിരുന്നു. അത് മൂലം ബിസിനസ്സില്‍ ശരിയായി ശ്രദ്ധിക്കാന്‍ സാധിക്കാതെ വരികയും പല ചതിക്കുഴികളിലും അകപ്പെട്ട് ഒന്നുമില്ലായ്മയിലേക്ക് വീഴുകയും ചെയ്തവരുടെ ജീവിതം സിനിമയില്‍ മാത്രമല്ല പുറത്തുമുണ്ട്. സംരംഭകന്‍ ബിസിനസ്സില്‍ സീരിയസ് ആണെങ്കില്‍ മദ്യപാനശീലത്തോട് നോ പറയുന്നതാണ് അത്യുത്തമം.

8) ബിസിനസ് - ലൈഫ് ബാലന്‍സ്

''ഞാന്‍ അച്ഛനെക്കണ്ടിട്ട് ഒരുപാട് നാളായി, ഞാന്‍ എണീക്കുമ്പോഴേക്ക് അച്ഛന്‍ പോകും, അച്ഛന്‍ വരുമ്പോഴേക്കും ഞാന്‍ ഉറങ്ങീട്ടുമുണ്ടായിരിക്കും'' എന്ന് പറഞ്ഞു കരഞ്ഞ ഒരു കുഞ്ഞിന്റെ മുഖം ഇന്നും എന്റെ ഓര്‍മയിലുണ്ട്. ഫാമിലി പ്രോബ്ലെംസ് കാരണം ബിസിനസ്സില്‍ ശ്രദ്ധിക്കാനോ ബിസിനസ്സില്‍ അടിക്കടി വന്ന പ്രശ്‌നങ്ങള്‍ മൂലം കുടുംബത്തില്‍ ശ്രദ്ധിക്കാനോ പറ്റാത്തവരുണ്ട്. ബിസിനസിനെയും ജീവിതത്തെയും ക്രമപ്പെടുത്തിയാല്‍ തന്നെ കുടുംബത്തില്‍ സന്തോഷവും ബിസിനസ്സില്‍ ഉയര്‍ച്ചയുമുണ്ടാകും.ഫാമിലി കോച്ചിംഗ് അതിനുള്ള നല്ലൊരു മാർഗമാണ്.

9)അമിത ദേഷ്യം, പൊട്ടിത്തെറി

മറ്റുള്ള വികാരങ്ങളെപ്പോലെതന്നെ സാധാരണമായ ഒരു വികാരമാണ് ദേഷ്യവും. എന്നാല്‍ അമിത ദേഷ്യം വിനാശത്തിലേക്ക് എത്തിക്കും. സ്വഭാവ നിയന്ത്രണം ഇല്ലാത്തതിനാല്‍ ബിസിനസ് നഷ്ടത്തിലായ സംരംഭകര്‍ പലതാണ്. എടുത്തുചാട്ട മനോഭാവം പല ചതിക്കുഴിയിലും അവരെയെത്തിക്കുന്നു. അമിത ദേഷ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്കും ഹൃദ്രോഗത്തിലേക്കും നയിക്കുന്നു. ദേഷ്യം കുറയ്ക്കാനായി മാത്രം ഞങ്ങളുടെ മൈന്‍ഡ് ബിഹേവിയര്‍ സ്റ്റുഡിയോ സന്ദര്‍ശിക്കുന്ന സംരംഭകര്‍ നിരവധിയാണ്.

10) സംരംഭകനും സംശയവും

ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സംശയരോഗത്തിന്റെ പേരില്‍ ബന്ധം പിരിഞ്ഞ പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ എല്ലാവരേം സംശയം ആയതിന്റെ പേരില്‍ ബിസിനസ്സ് തകര്‍ന്നു പോയവരായി പലരുമുണ്ട്. ഇത്തരക്കാര്‍ക്ക് ആരെയും വിശ്വാസമില്ല. കൂടെ ജോലി ചെയ്യുന്നവരെ, പാര്‍ട്‌ണേഴ്‌സിനെ, ഡീലര്‍മാരെ അങ്ങനെ ആരെയും വിശ്വസിക്കാന്‍ തയ്യാറാക്കാത്തവര്‍. പാര്‍ട്ണര്‍ തന്നെ പറ്റിച്ചു പോകുമോ, സ്റ്റാഫ് പൈസ തട്ടുമോ, കള്ളത്തരം കാണിക്കുന്നുണ്ടോ, ഡീലര്‍ ക്യാഷ് തരാതെ മുങ്ങുമോ അങ്ങനെയുള്ള ചിന്തകള്‍ കാരണം ഉറക്കം നഷ്ട്ടപെട്ടു പോയ സംരംഭകര്‍ കുറവല്ല.

മനസിലാക്കാം, തിരുത്താം, മുന്നേറാം

ഈ പ്രശ്‌നങ്ങള്‍ ചെറിയ രീതിയിലാണെങ്കില്‍ പോലും നമ്മുടെ ജീവിതത്തെ ബാധിച്ചു തുടങ്ങിയെന്ന് തോന്നിത്തുടങ്ങിയാല്‍ ഏറ്റവും വിശ്വസ്തരായ വ്യക്തികളുമായി പങ്കുവെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. Talking Cure എന്നാണതിന് പറയുന്നത്. ബിസിനസ്സില്‍ വിജയിക്കാന്‍ പോസിറ്റീവ് ആയി ശ്രമിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സുഹൃത്തുക്കളോടോ വ്യക്തികളോടോ ആശയ സമ്പര്‍ക്കം നടത്തുന്നതും നല്ലതാണ്. ബിസിനസ് കൂട്ടായ്മകളില്‍ പങ്കെടുത്തു ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതും ബിസിനസ് മനഃശാസ്ത്ര കേന്ദ്രികൃതമായ പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നതും വളരെയധികം സഹായകരമാകും. പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ട ഏക വ്യക്തി നമ്മള്‍ അല്ല എന്ന വസ്തുത നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്ന ഒരു ഘട്ടത്തില്‍ മൈന്‍ഡ് പവര്‍ ക്ലാസുകളല്ല വേണ്ടത് മനഃശാസ്ത്ര സഹായമാണ്. സംരംഭകര്‍ എപ്പോഴും നല്ലൊരു ബിസിനസ് സൈക്കോളജിസ്റ്റിന്റെ പ്രൊഫഷണല്‍ സേവനം എടുക്കാനായി ശ്രദ്ധിക്കുന്നത് ഉത്തമമാണ്.സംരംഭകന്റെ മാനസിക സമ്മര്‍ദ്ദമാണ് മറ്റെല്ലാ ബുദ്ധിമുട്ടുകളിലേക്കുമുള്ള തുടക്കമിടുന്നത്. ശരിയായ വിശ്രമം, വ്യായാമം, സമയത്തുള്ള ഭക്ഷണം, വായനാ ശീലം, പോസിറ്റീവ് ആയി കാര്യങ്ങളെ കാണാനുള്ള മനോഭാവം , കുടുംബവുമൊത്ത് സന്തോഷകരമായ നിമിഷങ്ങള്‍, ചെറിയ യാത്രകള്‍ തുടങ്ങിയവയെല്ലാം ഒരു പരിധി വരെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കും. . അതേപോലെ,ശരിയായ പ്രൊഫഷണല്‍ ഹെല്‍പ്പിലൂടെയും കണ്‍സല്‍ട്ടേഷന്‍സിലൂടെയും വിഷാദത്തെ മറികടക്കാനാകും. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തനിക്കുണ്ടായ വിഷാദാവസ്ഥ തുറന്നു പറയുകയും പ്രൊഫഷണല്‍ ഹെല്‍പ്പ് എടുക്കുകയും വളരെപ്പെട്ടെന്ന് സ്മാര്‍ട്ട് ആയി മാറുകയും ചെയ്ത ആളാണ്. അത് നമ്മുടെ മനസിലുണ്ടാകട്ടെ. വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ പെട്ടു മറ്റൊരു ഇല്യ സിറ്റോമിര്‍സ്‌കി ആകാന്‍ എളുപ്പമാണ്. പക്ഷെ നമ്മുടെ ലക്ഷ്യം മറ്റൊരു മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആകാനോ അതിനപ്പുറമോ ആയിരിക്കട്ടെ.

ഒരു ഇന്നിങ്‌സ് പാതിവഴിയില്‍ അവസാനിച്ചാലും റണ്‍ ഔട്ട് ആയാലും വിക്കറ്റ് തെറിച്ചാലും അടുത്ത കളിയില്‍ പൂര്‍വാധികം ശക്തിയോട് കൂടി തിരിച്ചു വരുന്ന ക്രിക്കറ്റ് പ്ലയറിനെ പോലെ, ഗോള്‍ പോസ്റ്റിനു മുമ്പില്‍ കാല്‍ തെറ്റി വീണാലും ഉടനെതന്നെ എഴുന്നേറ്റ് എനെര്‍ജിയോടെ തിരിച്ചു വരുന്ന ഫുട്‌ബോളറെപ്പോലെ എല്ലാ പ്രശ്‌നങ്ങളും അതിജീവിച്ചു സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ നിങ്ങള്‍ക്കും സാധിക്കട്ടെ. അതിനു സ്വന്തം മനസും ചിന്തകളും വികാരങ്ങളും മനസിലാക്കിയുള്ള ഒരു മനഃശാസ്ത്രസമീപനം സ്വന്തം ജീവിതത്തില്‍ പ്രയോഗത്തിലാക്കി മുന്നേറൂ. പ്രിയപ്പെട്ട സംരംഭകരേ, നിങ്ങള്‍ വിജയിച്ചിരിക്കും... തീര്‍ച്ച.

Dr Vipin Roldant is speaking at a FREE workshop organised by ധനം on How to Grow you Business to the Next Level. Register here

(ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജിയിലും കോര്‍പ്പറേറ്റ് ട്രെയ്‌നിംഗിലും 25 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ലേഖകന്‍ ഇന്ത്യയിലും വിദേശത്തുമുള്ള മള്‍ട്ടി മില്യണ്‍ ബിസിനസ് സാമ്രാജ്യത്തിനുടമകളായ ഒട്ടനവധി വ്യവസായ പ്രമുഖരുടെ പെര്‍ഫോമന്‍സ് കോച്ചും ബിസിനസ്സ് സൈക്കോളജിസ്റ്റുമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് info@roldantrejuvenation.com എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com