ബിസിനസില്‍ നിക്ഷേപം തേടുമ്പോള്‍ ഓര്‍ക്കുക ഈ 10 കാര്യങ്ങള്‍!

അരുണ്‍ ചാക്കോ

എന്റെ ബിസിനസിന് പണം സമാഹരിക്കാന്‍ ഞാന്‍ എന്തു ചെയ്യണം? ഈ ചോദ്യം ചോദിക്കാത്ത സംരംഭകര്‍ ആരും തന്നെ കാണില്ല. അടുത്തിടെ ഫോബ്‌സ് പ്രസിദ്ധീകരിച്ച ഒരു ലേഖനം പറയുന്നത് പുതിയ ബിസിനസുകളില്‍ 90 ശതമാനവും പരാജയപ്പെടുന്നത് പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തിലാണെന്നാണ്. മിക്ക പരാജയങ്ങളുടേയും പിന്നിലെ പ്രധാന കാരണം ഫണ്ടിന്റെ അപര്യാപ്തതയാണ്.

നിങ്ങളും ബിസിനസിന് വേണ്ട പണം സമാഹരിക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ മനസിലുണ്ടാകണം ഈ 10 കാര്യങ്ങള്‍:

1. കരുത്തുറ്റൊരു ബിസിനസും ബിസിനസ് പ്ലാനും സൃഷ്ടിക്കുക

പുതിയ ഒരു ബിസിനസ് തുടങ്ങുമ്പോള്‍ അല്ലെങ്കില്‍ നിലവിലുള്ള ഒരു ബിസിനസ് വിപുലീകരിക്കുമ്പോള്‍ കൃത്യമായൊരു പ്ലാന്‍ തയ്യാറാക്കണം. ഇതില്‍ പ്രവര്‍ത്തന പുരോഗതി, വിപണി പഠനം, മാര്‍ക്കറ്റിംഗ് നയങ്ങള്‍, റിസ്‌ക് മാനേജ്‌മെന്റ്, വരുമാന മോഡല്‍, സാമ്പത്തിക പ്രതീക്ഷകള്‍, നിക്ഷേപ വാഗ്ദാനങ്ങള്‍, പിന്‍മാറ്റ നയങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവണം. നിങ്ങളുടെ ബിസിനസ് മറ്റു രാജ്യങ്ങളിലേക്കോ, പ്രദേശങ്ങളിലേക്കോ വിപണികളിലേക്കോ വളര്‍ത്താനാവുന്നതാണെങ്കില്‍ അതും ബിസിനസ് പ്ലാനില്‍ കൃത്യമായി പരാമര്‍ശിക്കണം.

2. അറിയണം യുഎസ്പി

ലക്ഷ്യമിടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതിലുമുള്ള ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും കഴിവിനെ ആശ്രയിച്ചാണ് ഒരു ബിസിനസിന്റെ വിജയവും അതിന്റെ സുസ്ഥിരതയും. നിക്ഷേപകരുടെ ഭാഷയില്‍ ഇതാണ് ബിസിനസിന്റെ യുഎസ്പി. ഗുണമേന്മ, ലൊക്കേഷന്‍, പ്രൈസിംഗ് തുടങ്ങി നിങ്ങളുടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന, നിലനിര്‍ത്തുന്ന എന്തുമാകാം ബിസിനസിന്റെ യുഎസ്പി. യുഎസ്പിയെ കുറിച്ചും എങ്ങനെയാണ് ബിസിനസ് കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നും വ്യക്തമാക്കുന്നതാവണം ഇന്‍വെസ്റ്റ്‌മെന്റ് ഓഫര്‍.

3. നിക്ഷേപകനെ നിങ്ങളുടെ ടീമിന്റെ ആരാധകനാക്കി മാറ്റുക

നിങ്ങള്‍ക്കെല്ലാവര്‍ക്കും തന്നെ ഒരു ഇഷ്ട വിനോദവും അതിലൊരു ഇഷ്ട ടീമും ഉണ്ടാകാറില്ലെ. കളിക്കാരനോടുള്ള ഇഷ്ടമോ അല്ലെങ്കില്‍ ക്യാപ്റ്റനോടുള്ള ഇഷ്ടമോ ഒക്കെ ആവാം അതിനു പിന്നില്‍. അതേ പോലെ ബിസിനസില്‍ പണം ഇറക്കുന്നവരും നോക്കുന്നത് നിങ്ങളുടെ ടീമിനെയായിരിക്കും. ഡയറക്ടര്‍, കണ്‍സള്‍ട്ടന്റ്, അഡൈ്വസറി ബോര്‍ഡ്, വിവിധ ഉദ്ദേശ്യങ്ങള്‍ക്കായി നിങ്ങള്‍ സഹകരിക്കുന്നവര്‍ തുടങ്ങിയവരെയെല്ലാം വിലയിരുത്തും. അതിനാല്‍ ബിസിനസില്‍ എപ്പോഴും മികച്ചൊരു ടീമിനെ പടുത്തുയര്‍ത്താന്‍ ശ്രമിക്കുക, അതുവഴി നിക്ഷേപകരെ നിങ്ങളുടെ ബിസിനസിന്റെ ആരാധകരാക്കി മാറ്റൂ.

4. മൂല്യ നിര്‍ണയത്തിലും ഓഹരി വിറ്റഴിക്കലിലും റിയലിസ്റ്റിക് ആവുക

ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ആയാലും വിജയിച്ച ബിസിനസ് സ്ഥാപനമായാലും നിങ്ങളുടെ ബിസിനസിന്റെ മൂല്യം കണക്കാക്കേണ്ടതായുണ്ട്. ഓഹരി വിറ്റഴിക്കലും നിക്ഷേപകര്‍ക്ക് കൊടുക്കുന്ന ഓഹരി അനുപാതവുമൊക്കെ നിങ്ങളുടെ ബിസിനസിന്റെ മൂല്യത്തെ അനുസരിച്ചായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഓഹരി വിറ്റഴിക്കുന്നതിന്റെ അളവ് കുറയ്ക്കാന്‍ ഒരിക്കലും വിശ്വസനീയമല്ലാത്ത തരത്തില്‍ ബിസിനസിന്റെ മൂല്യം കൂട്ടിക്കാണിക്കരുത്. ഇത് നിക്ഷേപകരില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നതിനു പകരം മോശം ഫലമാണ് ഉണ്ടാക്കുക.

5. മൂലധന ഘടന

നിരവധി ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ബിസിനസുകളുടെ ഘടന തീരുമാനിക്കപ്പെടുന്നത്. ബിസിനസിന്റെ പ്രകൃതം, ആരൊക്കെയാണ് ഷെയര്‍ ഹോള്‍ഡേഴ്‌സ്/പാര്‍ട്ണര്‍മാര്‍, ലാഭവിതരണ രീതി, നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതികള്‍ തുടങ്ങി പലതുമുണ്ട്. ബി സിനസിന്റെ ഘടന ഏതായാലും പൊട്ടന്‍ഷ്യല്‍ നിക്ഷേപകരെ സമീപിക്കും മുന്‍പ് ശരിയായൊരു മൂലധന, ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രക്ചര്‍ ഉണ്ടായിരിക്കണം. ഇത് കമ്പനിയുടെ നിക്ഷേപത്തെ കുറിച്ചു ശരിയായൊരു ചിത്രം കിട്ടാന്‍ സഹായിക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ഉണര്‍ത്തുകയും ചെയ്യും.

6. വരുമാന ചരിത്രം

ഒരു ബിസിനസിലേക്ക് പണമിറക്കും മുന്‍പ് നിക്ഷേപകര്‍ പഴയ കാല വരുമാന ചരിത്രം നോക്കും. എത്രത്തോളം വരുമാന ചരിത്രം നിങ്ങള്‍ക്ക് കാണിക്കാനാകുന്നുവോ അത്രയും വിശ്വസ്തരായി നിങ്ങള്‍ മാറും. നിങ്ങളുടെ സാമ്പത്തിക വിവരങ്ങളെയും ബുക്ക് ഓഫ് എക്കൗണ്ട്‌സിനെയുമായിരിക്കും വരുമാന ചരിത്രം കണ്ടെത്താന്‍ നിക്ഷേപകര്‍ ആശ്രയിക്കുക. അതിനാല്‍ എല്ലാ ബിസിനസ് ഇടപാടുകളും റിപ്പോര്‍ട്ടുകളും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്‌സ് വഴി റെക്കോഡ്

ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

7. നിക്ഷേപകനെ അറിയുക

നിക്ഷേപ പങ്കാളിയെ കണ്ടെത്തും മുന്‍പ് വളരെ ഗഹനമായി ചിന്തിക്കണം. പരിഗണിക്കേണ്ട ചില കാര്യങ്ങള്‍ ഇതൊക്കെയാണ്:

  • ഇതിനകം നിക്ഷേപകന്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളും ആ ബിസിനസുകളുടെ പ്രകടനവും
  • ബിസിനസിലുള്ള നിക്ഷേപകന്റെ പരിചയം
  • നിക്ഷേപകന്റെ ബിസിനസ് ബന്ധങ്ങളും പ്രൊഫഷണല്‍ യോഗ്യതകളും
  • അധിക നിക്ഷേപം നല്‍കാനുള്ള ശേഷി
  • നിക്ഷേപകന്റെ വിദ്യാഭ്യാസവും സാമൂഹിക സ്വീകാര്യതയും.

8. നിക്ഷേപ പിന്‍മാറ്റവും നേട്ടവും

നിങ്ങളുടെ ബിസിനസ് എസ്റ്റാബ്‌ളിഷ് ചെയ്തതോ സ്റ്റാര്‍ട്ടപ്പോ ആയിക്കൊള്ളട്ടെ നിക്ഷേപകര്‍ക്ക് പുറത്തു പോകുന്നതിനുള്ള വ്യക്തമായ പദ്ധതി ഉണ്ടാകണം. സ്റ്റാര്‍ട്ടപ്പ് കമ്പനിയാണെങ്കില്‍ അത്തരത്തിലായിരിക്കും എക്‌സിറ്റ് സ്ട്രാറ്റജി ഉണ്ടാക്കുന്നത്. കാരണം കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം നിലവില്‍ നിക്ഷേപി

ച്ചതിനേക്കാള്‍ കൂടുതല്‍ പണം ലഭിച്ചേക്കാം. അതേ സമയം എസ്റ്റാബ്‌ളിഷ്ഡ് ബിസിനസുകളാണെങ്കില്‍ നിക്ഷേപകന് പിന്‍വാങ്ങുന്ന സമയത്ത് കിട്ടുന്ന

തുക കൂടാതെ ആനുവല്‍ പ്രോഫിറ്റ് ഡിസ്ട്രിബ്യൂഷനായും റിട്ടേണ്‍ ലഭിക്കും.

9. Due Diligence

സംരംഭകര്‍ എന്ന നിലയില്‍ നിങ്ങളില്‍ പലര്‍ക്കും അറിയാം എന്താണ് Due Diligence എന്ന്. സ്റ്റാര്‍ട്ടപ്പിനായോ നിലവിലുള്ള ബിസിനസ് വിപുലീകരണത്തിനായോ ഫണ്ട് സമാഹരണത്തിനൊരുങ്ങുമ്പോള്‍ ഇത് വളരെ അത്യാവശ്യവുമാണ്.

നല്ലൊരു നിക്ഷേപകന്‍ എപ്പോഴും ലീഗല്‍ ഡോക്യുമെന്റുകള്‍ ആവശ്യപ്പെടും. ഓഡിറ്റഡ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍, ബോര്‍ഡ് മീറ്റിംഗ് മിനിറ്റ്‌സ്, ഇന്‍കോര്‍പ്പറേഷന്‍ ഡോക്യുമെന്റ്‌സ്, ലൈസന്‍സിംഗ് ഡോക്യുമെന്റ്‌സ്, ടോപ് കസ്റ്റമേഴ്‌സ് ലിസ്റ്റ്, വെന്‍ഡര്‍ എഗ്രിമെന്റ്‌സ്, കമ്പനിയുടെ ഉടമസ്ഥ ഘടന, ടാക്‌സ് ഫയലിംഗ് ഡോക്യുമെന്റ്‌സ് തുടങ്ങി പലതും. നിങ്ങളുടെ ടീം വേണം ഇത് കൃത്യമായി ശേഖരിക്കാന്‍. ഇത് ഡീല്‍ കിട്ടാനുള്ള ചാന്‍സ് കൂട്ടുന്നു. ഒപ്പം നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും നെഗോഷിയേഷനും ഗുണം ചെയ്യുന്നു.

10. നിക്ഷേപകര്‍ക്കു മുന്നില്‍ എങ്ങനെ പിച്ച് ചെയ്യണം?

ഏറ്റവും അവസാനത്തെ എന്നാല്‍ ഏറ്റവും പ്രാധാനപ്പെട്ട ഭാഗമാണ്

പിച്ചിംഗ്. നിങ്ങളുടെ ഐഡിയ, യുഎസ്പി, ടീം തുടങ്ങി എല്ലാത്തിനെയും കുറിച്ച് പിച്ചിംഗ് ഡോക്യുമെന്റിലൂടെ അല്ലെങ്കില്‍ പിച്ചിംഗ് സെഷനില്‍ നിക്ഷേപകരെ ബോധ്യപ്പെടുത്തണം. പിച്ചിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

  • പിച്ച് എപ്പോഴും കൃത്യവും ലളിതവുമായിരിക്കണം. നിങ്ങളുടെ ആശയം കൃത്യമായി വരച്ചിടാനാകണം. വിപണിയിലെ ഒരു പ്രശ്‌നത്തിന് എങ്ങനെ നിങ്ങളുടെ ഉല്‍പ്പന്നം പരിഹാരമാകുന്നു, എന്തൊക്കെയാണ് നിങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും, നിങ്ങളുടെ ടീം, വിപണി, സാമ്പത്തിക വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം
  • നിക്ഷേപകരില്‍ താല്‍പ്പര്യം ഉണര്‍ത്തണം പിച്ച് ഡെക്ക്. വെറുമൊരു റീഡിംഗ് മെറ്റീരിയല്‍ ആക്കാതെ ചാര്‍ട്ട്, ഇമേജ്, ഗ്രാഫിക്‌സ് എന്നിവയൊക്കെ ഉള്‍പ്പെടുത്തുക.
  • നന്നായി പരിശീലനം നടത്തുക എന്നതാണ് ആത്മവിശ്വാസത്തോടെ പിച്ച് ചെയ്യാന്‍ വേണ്ടത്. വിദഗ്ധരായ ആളുകളെ നിങ്ങളുടെ പ്രസന്റേഷന്‍ കാണിച്ച് ഫീഡ്ബാക്ക് തേടുക. അവരുടെ വിമര്‍ശനങ്ങളെ നല്ല മനസോടെ ഉള്‍ക്കൊണ്ട് വേണ്ട തിരുത്തലുകള്‍ വരുത്തുക.

ലേഖകന്‍ ജാക്‌സ് ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ പാര്‍ട്ട്ണര്‍ ആണ്. arunchacko@jaksllp.com, 9446446097

Related Articles
Next Story
Videos
Share it