2019-ൽ ബ്രാൻഡുകൾ അറിഞ്ഞിരിക്കേണ്ട വെബ് ഡിസൈൻ ട്രെൻഡുകൾ

ബിസിനസുകൾ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നല്ലൊരു വെബ്സൈറ്റ് എന്തുകൊണ്ടും സംരംഭത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. ഒരു വെബ്സൈറ്റ് ഉപഭോക്താവിന് മുന്നിൽ അവതരിപ്പിക്കുന്നതിന് മുൻപ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം അതിന്റെ ഡിസൈൻ ആണ്.

കാലത്തിനനുസരിച്ച് ഡിസൈൻ മാറ്റുകയും ചെയ്യണം. പുതുവർഷത്തിൽ ബ്രാൻഡുകൾ അറിഞ്ഞിരിക്കേണ്ട വെബ്സൈറ്റ് ഡിസൈൻ ട്രെൻഡുകൾ എന്തൊക്കെയാണെന്ന് നോക്കാം.

മൊബീലിൽ കൂടുതൽ ഫോക്കസ്

ഒരു വെബ്സൈറ്റ് ഡിസൈൻ ചെയ്യുമ്പോൾ മൊബീൽ സൈറ്റിനെ മനസ്സിൽ കണ്ടുകൊണ്ട് വേണം ചെയ്യാൻ. മുൻപ് ഡെസ്ക്ടോപ്പിനായി വെബ്സൈറ്റ് ഡിസൈൻ ചെയ്ത ശേഷം അതിനെ മൊബീൽ-സൗഹൃദം (റെസ്പോൺസീവ്) ആക്കി മാറ്റുകയായിരുന്നു രീതി. എന്നാലിപ്പോൾ മൊബീലിന് വേണ്ടിയാണ് സൈറ്റുകൾ ഡിസൈൻ ചെയ്യുന്നത്.

ഡെസ്‌ക്ടോപ്, ലാപ്ടോപ് ഉപയോക്താക്കളെക്കാൾ കൂടുതൽ ഇപ്പോൾ മൊബീൽ ഇന്റർനെറ്റ് ഉപയോക്താക്കളാണ് എന്നത് ഓർക്കണം. ഗൂഗിൾ ഇപ്പോൾ വെബ്സൈറ്റുകൾ ഇൻഡക്സ് ചെയ്യുന്നതും അവ എത്രമാത്രം മൊബീൽ-ഫ്രണ്ട്‌ലി ആണെന്നതിനെ അനുസരിച്ചാണ്.

മാത്രമല്ല, മോബീലിലാണെങ്കിലും ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച വിഷ്വൽ എക്സ്പീരിയൻസ് നൽകിയാൽ മാത്രമേ അവർ നമ്മുടെ വെബ്‌സൈറ്റിലേക്ക് തിരിച്ചുവരൂ.

മൈക്രോ ആനിമേഷനുകൾ

വെബ്‌സൈറ്റുകളെ കൂടുതൽ ആകർഷകവും സജീവവുമാക്കുന്നതിന് മൈക്രോ ആനിമേഷനുകൾ സഹായിക്കും. ഉദാഹരണത്തിന്, ബട്ടൺ ക്ലിക്കുകൾ, പേജ് ട്രാൻസിഷനുകൾ എന്നിവ യൂസർ എക്‌സ്‌പീരിയൻസ് മികച്ചതാക്കും. ഒരു പ്രവൃത്തിക്ക് ഒരു പ്രതികരണം (ആക്ഷൻ & റിയാക്ഷൻ) ഉണ്ടാക്കാൻ നിങ്ങളുടെ വെബ്‌സൈറ്റിന് കഴിഞ്ഞാൽ സന്ദർശകർ നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് തിരിച്ചെത്തിയിരിക്കും.

കസ്റ്റം, ക്ലാസ്സിക് ഫോണ്ടുകൾ

ഒരു സൈറ്റിലെ ഫോണ്ടുകൾ വളരെ പ്രധാനമാണ്. വ്യക്തതയാർന്ന, വലുപ്പമുള്ള ക്ലാസ്സിക് അല്ലെങ്കിൽ കസ്റ്റം ഫോണ്ടുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കൈയ്യക്ഷരവുമായി സാമ്യമുള്ള ഹ്യൂമനിസ്റ്റ് ടൈപ്പ്ഫേസുകൾക്കായിരുന്നു ഇത്രയും കാലം പ്രിയം. എന്നാൽ ഇതിന്റെ ഉപയോഗം കൂടിയതോടെ വെബ്സൈറ്റുകൾ കസ്റ്റം, ക്ലാസ്സിക് ഫോണ്ടുകളിലേക്ക് തിരിച്ചുപോവുകയാണ്.

നിറങ്ങളെ സ്നേഹിക്കൂ

നിറങ്ങൾ വാരിവിതറി നമുക്ക് പുതുവർഷത്തെ വരവേൽക്കാം. കാരണം ബ്രൈറ്റ് നിറങ്ങളാണ് ഡിജിറ്റൽ ലോകത്തെ ഇപ്പോഴത്തെ ട്രെൻഡ്. മുൻപ് നമ്മൾ മുഖം തിരിച്ചിരുന്ന നിറങ്ങളെല്ലാം കഴിഞ്ഞ രണ്ട് വർഷങ്ങളായി വെബ്സൈറ്റുകളിലെയും സോഷ്യൽ മീഡിയകളിലെയും താരങ്ങളാണ്. കടുത്ത നിറങ്ങൾ വിജയകരമായി പരീക്ഷിച്ച ബ്രാൻഡുകളാണ് ഈ-ബേ, പ്രീമിയർ ലീഗ് എന്നിവ.

സെർച്ച് ഒപ്റ്റിമൈസേഷൻ

2019ലെന്ന് മാത്രമല്ല എല്ലാക്കാലത്തും ഒരു വെബ്സൈറ്റ് ഡിസൈൻ ചെയ്യുമ്പോൾ അടിസ്ഥാനപരമായി നടപ്പാക്കേണ്ട ഒന്നാണ് സെർച്ച് ഒപ്റ്റിമൈസേഷൻ. ഗൂഗിളിന്റെ സെർച് അൽഗോരിതം മാറിമറിയുന്നതിനനുസരിച്ച് ഇതിലും അപ്‌ഡേഷനുകൾ ഉണ്ടാകും. നിങ്ങൾ ലക്ഷ്യമിടുന്ന വായനക്കാർക്ക് പ്രസക്തമായ കണ്ടെന്റ് നൽകുക, വളരെ ലളിതമായി അത് അവതരിപ്പിക്കുക എന്നതാണ് പ്രധാനം.

വേഗത്തിലും കാര്യമുണ്ട്

വെബ്സൈറ്റ് ലോഡ് ആകാൻ മൂന്ന് സെക്കൻഡിലധികം സമയമെടുത്താൽ വായന ഉപേക്ഷിക്കുന്നവരാണ് പകുതിയിലേറെ വായനക്കാരും. സൈറ്റിന്റെ സ്പീഡ് അതിന്റെ റാങ്കിങ്ങിനെ സ്വാധീനിക്കുന്ന ഘടകമാണ്. എന്നാൽ സ്പീഡിന് വേണ്ടി കണ്ടെന്റും ചിത്രങ്ങളും തീരെ കുറയ്ക്കുന്നതും നല്ലതല്ല. നിങ്ങൾക്ക് ഒരു മൊബീൽ ആപ്പ് ഉണ്ടെങ്കിൽ അത് പ്രോഗ്രസ്സിവ് വെബ് ആപ്പ് (PWA) ആയിരിക്കാൻ ശ്രദ്ധിക്കുക. ഇത് വേഗത കൂട്ടും. മാത്രമല്ല ഹോം സ്‌ക്രീനിൽ നിന്ന് ലോഞ്ച് ചെയ്യുകയും ചെയ്യാം.

കൂടുതൽ വായിക്കാൻ: എങ്ങനെ നിങ്ങളുടെ ബിസിനസിനെ ഡിജിറ്റലാക്കാം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it