കരുതിയിരിക്കുക, ഓണ്‍ലൈന്‍ പണമിടപാടിലെ നാലു ചതിക്കുഴികള്‍

കൊറോണയെ മാത്രം പേടിച്ചാല്‍ പോര ഇക്കാലത്ത്. പുറത്തിറങ്ങാനാവാതെ ലോക്ക് ഡൗണില്‍ പെട്ടിരിക്കുന്നവര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി നടത്തുന്ന പണമിടപാടുകളിലൂടെ പണം നഷ്ടപ്പെടാതിരിക്കാനും ജാഗ്രത കാട്ടണം. നമ്മുടെ ചെറിയൊരു പിഴവ് മുതലാക്കി മുതലെടുക്കാന്‍ കാത്തിരിക്കുകയാണ് ഓണ്‍ലൈന്‍ ക്രിമിനലുകള്‍. യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസിലൂടെ (യുപിഐ) നടത്തുന്ന പണമിടപാടുകളിലാണ് ഏറ്റവുമധികം തട്ടിപ്പുകള്‍ നടക്കുന്നത്. വളരെ എളുപ്പത്തിലും കാഷ്‌ലസ് ആയും ചെയ്യാനാകുന്നതിനാല്‍ ഈ മാര്‍ഗം വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകളെ കുറിച്ച് വിവിധ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വരുന്നുമുണ്ട്. ഇതാ ചില തട്ടിപ്പു രീതികള്‍...

1. വിവരങ്ങള്‍ തട്ടിയെടുക്കല്‍

തട്ടിപ്പുകാര്‍ നിങ്ങള്‍ക്ക് വ്യാജ പേമെന്റ് ലിങ്ക് എസ്എംഎസ് മുഖേന അയച്ചു തരുന്നു. നിങ്ങളുടെ ബാങ്കിന്റേതിന് സമാനമായ യുആര്‍എല്‍ ആയതിനാല്‍ നിങ്ങള്‍ക്ക് സംശയമൊന്നും ഉണ്ടാകാനിടയില്ല. ഇതില്‍ വിരലമര്‍ത്തുന്നതോടെ നിങ്ങളുടെ മൊബീലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന, നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന യുപിഐ പേമെന്റ് ആപ്ലിക്കേഷന്‍ തുറന്നു വരുന്നു. അതില്‍ ഓട്ടോ ഡെബിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യാനായി ആവശ്യപ്പെടും. ഒരിക്കല്‍ നിങ്ങള്‍ അനുവാദം നല്‍കിയാല്‍ തുടര്‍ച്ചയായ ഇടവേളകളില്‍ നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും.

നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക യുആര്‍എല്‍ യില്‍ നിന്നു തന്നെയാണോ സന്ദേശം വന്നതെന്ന് ഉറപ്പു വരുത്തുക എന്നതാണ് ഇതില്‍ ചെയ്യാനുള്ളത്. ബാങ്കിന്റെ പ്രതിനിധികളോടോ ബാങ്ക് വെബ്‌സൈറ്റിലോ അന്വേഷിച്ചാല്‍ ഇതറിയാനാകും.

മാത്രമല്ല, ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസോ മാല്‍വെയറുകളോ നിങ്ങളുടെ ഫോണില്‍ തനിയെ ഇന്‍സ്റ്റാള്‍ ആകുകയും നിങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ ചോരുകയും ചെയ്യും. തട്ടിപ്പ് നടന്നതായി അറിഞ്ഞാല്‍ ഉടനെ ബാങ്കില്‍ വിളിച്ചറിയിക്കാന്‍ മടിക്കേണ്ട.

2. റിമോട്ട് സ്‌ക്രീന്‍ മിററിംഗ് ടൂള്‍

വര്‍ക്ക് ഫ്രം ഹോം വ്യാപകമായിരിക്കുന്ന ഇക്കാലത്ത് നിങ്ങളുടെ ലാപ്‌ടോപ്പിനെയും ഫോണിനെയുമൊക്കെ വൈഫൈ മുഖാന്തിരം സ്മാര്‍ട്ട് ടിവിയടക്കമുള്ള വലിയ സ്‌ക്രീനുമായി ബന്ധിപ്പിക്കാന്‍ സ്‌ക്രീന്‍ മിററിംഗ് ടൂളുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുക സാധാരണമാണ്. ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ആപ്പുകള്‍ നിങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപാധിയാകാം. ഗൂഗ്ള്‍ പ്ലേയിലും ആപ്പ് സ്റ്റോറിലുമുള്ള എല്ലാ ആപ്ലിക്കേഷനുകളും നല്ല ഉദ്ദേശത്തോടെയുള്ളതാവണമെന്നില്ല. പ്രത്യേകിച്ചും അണ്‍വേരിഫൈഡ് ആയ ആപ്പുകള്‍. ഒരിക്കല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ മൊബീല്‍ ഫോണിന്റേയോ ലാപ് ടോപ്പിന്റെയോ നിയന്ത്രണം ഇത് ഏറ്റെടുത്തേക്കാം. അത് വലിയ സാമ്പത്തിക നഷ്ടത്തിലായിരിക്കും അവസാനിക്കുക.

3. സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികള്‍

യുപിഐ സോഷ്യല്‍ മീഡിയ പേജുകളില്‍ എന്‍പിസിഐ, ഭീം തുടങ്ങിയ പേരുകളോ അതിനോട് സാമ്യമുള്ള പേരുകളോ അതിനൊപ്പം ബാങ്കുകളുടെയും സര്‍ക്കാരിന്റെയും ചിഹ്നങ്ങളും കണ്ടാല്‍ ഉടനെ അത് ഔദ്യോഗികമാണെന്ന് ധരിക്കരുത്. പല തട്ടിപ്പുകാരും ഇത്തരത്തിലുള്ള ലിങ്കുകള്‍ സൃഷ്ടിച്ച് നിങ്ങളെ വഞ്ചിക്കാം. ഒരു യുപിഐ ബ്രാന്‍ഡുമായി കണക്ട് ചെയ്യുന്നതിന്റെ ഭാഗമായി സ്വന്തം ഫോണ്‍ നമ്പര്‍ സോഷ്യല്‍മീഡിയയിലൂടെ പരസ്യപ്പെടുത്താതിരിക്കലാണ് നല്ലത്. പൊതുവേ ഏതെങ്കിലും യുപിഐ ഹാന്‍ഡിലില്‍ നിന്നുള്ള സന്ദേശങ്ങളടങ്ങുന്ന സ്‌ക്രീന്‍ ഷോട്ട് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അത് കാണേണ്ടവര്‍ കണ്ടില്ലെങ്കിലും തട്ടിപ്പുകാര്‍ കാണുമെന്ന് മനസ്സിലാക്കുക.

4. ഒടിപി, യുപിആ പിന്‍

യുപിഐ വഴി ഇടപാട് നടത്തുമ്പോള്‍ ബാങ്കില്‍ നിന്ന് അപ്പപ്പോള്‍ അയച്ചു കിട്ടുന്ന വണ്‍ടൈം പാസ് വേര്‍ഡുകള്‍ നല്‍കേണ്ടതായുണ്ട്. അല്ലെങ്കില്‍ യുപിഐ പിന്‍ സെറ്റ് ചെയ്ത് ഉപയോഗിക്കണം. തട്ടിപ്പുകാര്‍ ഒടിപിയും യുപിഐ പിന്‍ നമ്പറും സൂത്രത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് കൈക്കലാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് വ്യാപകമായി കേള്‍ക്കുന്ന പരാതിയാണ്. ഒരിക്കല്‍ ഇത് നല്‍കിയാല്‍ പിന്നീട് ഉപഭോക്താവിന്റെ എക്കൗണ്ടില്‍ നിന്ന് തുടര്‍ച്ചയായി പണം അപഹരിക്കാനുള്ള വിദ്യ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് ഉണ്ടെന്ന് മനസ്സിലാക്കുക. ബാങ്കുകള്‍ ഒരിക്കലും പിന്‍ നമ്പറോ ഒടിപിയോ ആവശ്യപ്പെട്ട് നിങ്ങളെ സമീപിക്കില്ല. ഇത്തരം വിവരങ്ങള്‍ ഒരാളുമായും പങ്കുവെക്കരുത്.

തട്ടിപ്പിനിരയായാല്‍ എന്തു ചെയ്യണം?

ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടനെ അതാത് ബാങ്ക്, ഇ വാലറ്റ് അധികൃതരെ ബന്ധപ്പെട്ട് വാലറ്റ് ബ്ലോക്ക് ചെയ്യണം. ഇത് പിന്നീട് പണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. അതോടൊപ്പം പോലീസിലോ സൈബര്‍ ക്രൈം സെല്ലിലോ അറിയിക്കാം.

ഗൂഗ്ള്‍ പ്ലേ സ്റ്റോറിലും ആപ്പ്ള്‍ സ്റ്റോറിലും ലഭിക്കുന്ന ആപ്ലിക്കേഷനുകള്‍ വെരിഫൈ ചെയ്തതാണോ ഔദ്യോഗികമാണോ എന്നുറപ്പ് വരുത്തിയതിന് ശേഷം മാത്രം ഡൗണ്‍ലോഡ് ചെയ്യുക ഡിജിറ്റല്‍ പേമെന്റ്‌സ് ആപ്പുകള്‍ നല്‍കുന്ന സ്പാം മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക. ഗൂഗ്ള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ അണ്‍നോണ്‍ എക്കൗണ്ടുകളില്‍ നിന്നുള്ള പേമന്റ് റിക്വസ്റ്റ് വരുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാറുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it