മെഴുകുതിരിയും സോപ്പും നിര്‍മിച്ച് തുടക്കം, ഇന്ന് ആഗോള ഭീമന്‍: ഈ കമ്പനിയെ നിങ്ങള്‍ അറിയുമോ?

Pampers, Ariel, Head&shoulders, Vicks തുടങ്ങി നമ്മള്‍ ഇന്നുപയോഗിക്കുന്ന നൂറോളം ഉല്‍പ്പന്നങ്ങളുടെ മാതൃസ്ഥാപനം പി&ജി ആണ്. അതിനാല്‍ തന്നെ ബ്രാന്‍ഡ് വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ P&G യുടെ ചരിത്രത്തെ കുറിച്ച് അറിയേണ്ടതുണ്ട്. കഥ ആരംഭിക്കുന്നത് 1837 മുതലാണ്. വില്യം പ്രോക്റ്ററും ജെയിംസ് ഗാംബിലുമാനുമാണ് പ്രധാന കഥാപാത്രങ്ങള്‍. വില്യമിന്റെ ഉപജീവനമാര്‍ഗം മെഴുകുതിരി നിര്‍മാണമായിരുന്നു; ജെയിംസിന്റേത് സോപ്പ് നിര്‍മാണവും. ഇരുവരും രണ്ടിടത്താണ് താമസമെങ്കിലും ഇവര്‍ വിവാഹം ചെയ്തത് രണ്ട് സഹോദരിമാരെയാണ്. ഇവരുടെ ഭാര്യാപിതാവിന് മരുമക്കള്‍ ഒരുമിച്ച് എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ 1837 ല്‍ അവര്‍ ഒരുമിച്ച് സിന്‍സുനാറ്റി എന്ന ഗ്രാമത്തില്‍ പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിള്‍ (P&G) എന്ന സ്ഥാപനം ആരംഭിച്ചു. തുടക്കത്തില്‍ മെഴുകുതിരിയും സോപ്പും തന്നെയായിരുന്നു പ്രധാന ഉല്‍പ്പന്നങ്ങള്‍. ബിസിനസ് നല്ല രീതിയില്‍ തന്നെയായിരുന്നു മുന്നോട്ട് പോയത്. അങ്ങനെ 1850 ല്‍ അവര്‍ അവരുടെ ഉല്‍പ്പന്നത്തിന്റെ പാക്കില്‍ നക്ഷത്രചിഹ്നം വരച്ച് വില്‍ക്കാന്‍ തുടങ്ങി. ഇത് ഉപഭോക്താക്കള്‍ക്ക് P&G യുടെ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ സഹായകരമായി. ചിഹ്നം ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ കടക്കാര്‍ സ്വീകരിക്കാതെയുമായി. കാരണം ചിഹ്നമുള്ള ഉല്‍പ്പന്നം മാത്രമേ ആളുകള്‍ വാങ്ങുന്നുള്ളൂ എന്ന അവസ്ഥയിലെത്തി. ഓര്‍ക്കേണ്ടത്, ബ്രാന്‍ഡിംഗ് എന്ന ആശയമൊന്നും അധികമൊന്നും വളരാത്ത കാലത്താണ് അവര്‍ നക്ഷത്ര ലോഗോ വച്ച് ഉല്‍പ്പന്നം ഇറക്കിയത്.

1858- 59 കാലത്ത് ഇവരുടെ വില്‍പ്പന ഒരു മില്യണ്‍ യുഎസ് ഡോളറുകള്‍ കടന്നു. 80 തൊഴിലാളികള്‍ ഇവര്‍ക്ക് അന്ന് ഉണ്ടായിരുന്നു. ഏതൊരു ബ്രാന്‍ഡിനും ഒരു turning point ഉണ്ടാകും. അത്തരത്തില്‍ ഇവരുടെ മുന്നിലും ഒരു വലിയ അവസരം വന്നു ചേര്‍ന്നു. അമേരിക്കന്‍ സിവില്‍ യുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തില്‍ പങ്കെടുക്കുന്ന പട്ടാളകാര്‍ക്കുള്ള സോപ്പും മെഴുകുതിരിയുമെല്ലാം എത്തിച്ചുനല്‍കാനുള്ള കരാര്‍ ഇവര്‍ ഒപ്പിട്ടു. മാത്രമല്ല അതുവഴി പുതിയ ധാരാളം അവസരങ്ങളും ഇവരെ തേടിയെത്തി. അമേരിക്കയെമ്പാടും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. 1880 ല്‍ ഇവര്‍ വ്യത്യസ്തമായ ഒരു ഉല്‍പ്പന്നം വിപണിയിലെത്തിച്ചു. വെള്ളത്തിലിട്ടാല്‍ പൊങ്ങി കിടക്കുന്ന സോപ്പ്. ഐവറി എന്നാണ് ആ സോപ്പിന് പേരിട്ടത്. ഫ്‌ളോട്ടിങ് സോപ്പെന്നും അറിയപ്പെട്ടു. അന്നത്തെ കാലത്തെ തരംഗമായിരുന്നു ഈ സോപ്പ്.

1887 ല്‍ വില്ല്യം പ്രോക്റ്ററിന്റെ പേരക്കുട്ടി വില്യം അര്‍ണാട് കമ്പനിയില്‍ ലാഭം പങ്കിടുന്ന പരിപാടി ആരംഭിച്ചു. അതായത് സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് സ്ഥാപനം ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് വീതിച്ചു നല്‍കുന്ന പരിപാടി. എന്തിനായിരിക്കും അത്തരം പരിപാടി ആരംഭിച്ചത്? നമുക്കറിയാം വ്യവസായ വിപ്ലവം നടക്കുന്ന സമയമായിരുന്നു അത്. ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്ന സമയം. സ്വാഭാവികമായും തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി ധാരാളം തൊഴിലാളി കൂട്ടായ്മയും ഉണ്ടായിരുന്ന കാലം. പല കാരണങ്ങളും പറഞ്ഞ് സമരം ചെയ്യുന്ന കാലം. അതില്‍ നിന്നും രക്ഷപ്പെടാനും തൊഴിലാളികളെ നല്ല രീതിയില്‍ പണിയെടുപ്പിക്കാനുമാണ് അത്തരം ഒരു നീക്കം അര്‍ണാട് നടത്തിയത്.

ഉപഭോക്താക്കളുമായി നല്ല രീതിയില്‍ ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. നമ്മള്‍ ഇന്ന് കാണുന്ന പല മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും 1890 കളില്‍ ഇവര്‍ നടത്തുന്നു. സോപ്പിന്റെ കവറുകള്‍ നല്‍കിയാല്‍ തിരിച്ച് കുട്ടികള്‍ക്കുള്ള കളറിംഗ് പുസ്തകം സമ്മാനമായി നല്‍കുന്ന പദ്ധതി. സ്ഥാപനത്തിന് വേണ്ടി നല്ല കവിത രചിച്ചു നല്‍കിയാല്‍ ഉല്‍പ്പന്നങ്ങള്‍ അയച്ചുകൊടുക്കുന്ന പരിപാടി തുടങ്ങി ധാരാളം Customer engagement തന്ത്രങ്ങള്‍ അവര്‍ പയറ്റിയിരുന്നു.

1911 കളില്‍ അവര്‍ അവരുടെ പുതിയ സ്ഥാപനങ്ങള്‍ അമേരിക്കയിലെ മറ്റ് സ്ഥലത്തു കൂടി കെട്ടിയുയര്‍ത്താന്‍ തുടങ്ങി. 1924 ല്‍ അവര്‍ ഒരു മാര്‍ക്കറ്റിംഗ് റിസേര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു PhD economist നെ വച്ച് ആരംഭിച്ചു. ഓര്‍ക്കണം, 1920 കളില്‍മാര്‍ക്കറ്റിംഗ് രീതികളൊന്നും ഒട്ടും ഉപയോഗിക്കാത്ത സമയമായിരുന്നു. ഉപഭോക്താക്കളെ കേന്ദ്രീകരിച്ചായിരുന്നില്ല ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചിരുന്നത്. ഉപഭോക്താക്കളെ പഠിച്ചായിരുന്നു അവര്‍ ഓരോ ഉല്‍പ്പന്നവും വിപണിയില്‍ എത്തിച്ചിരുന്നത്. അന്ന് തുണി അലക്കാന്‍ ആളുകള്‍ സോപ്പിനെ പൊടിച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. അത് തിരിച്ചറിഞ്ഞ് സോപ്പ് പൊടി ഇറക്കാന്‍ അവര്‍ തയ്യാറായി. അതായത് ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് അവരുടെ ഓരോ ഉല്‍പ്പന്നവും. 1930 കളില്‍ റേഡിയോ ഉപയോഗം വര്‍ധിച്ച സമയമായിരുന്നു. അന്ന് അവര്‍ റേഡിയോവില്‍ സ്‌പോണ്‍സറിംഗ് പരിപാടികള്‍ നടത്തുകയുണ്ടായി. അതിനെ ആളുകള്‍ അന്ന് വിളിച്ചിരുന്നത് സോപ്പ് ഓപ്പറ എന്നായിരുന്നു. അന്ന് ഇവര്‍ അമേരിക്ക വിട്ട് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു. പല സ്ഥാപനങ്ങളെയും ഏറ്റെടുക്കുന്ന തലത്തിലേക്ക് അവര്‍ക്ക് വളരാന്‍ കഴിഞ്ഞു. 1946 ലാണ് Tide എന്ന വാഷിംഗ് പൗഡര്‍ വിപണിയില്‍ എത്തിച്ചത്. 1947 പ്രില്‍ ഷാംപൂ. 1955 ആദ്യമായി ഫ്‌ളൂറൈഡ് ചേര്‍ത്ത ടൂത്ത്‌പേസ്റ്റ്. 1957 ചാര്‍മിന്‍ പേപ്പര്‍ ബാഗ്‌സ് എന്ന കമ്പനിയെ ഏറ്റെടുത്ത് ടോയ്‌ലറ്റ് പേപ്പര്‍ നിര്‍മാണം ആരംഭിച്ചു. 1965 ല്‍ മറ്റൊര ുവ്യത്യസ്ത ഉല്‍പ്പന്നം ഇറക്കി, Pampers. ഡിസ്‌പോസ് ചെയ്യാന്‍ കഴിയുന്ന diapers അന്നത്തെ കാലത്ത് ഉണ്ടായിരുന്നില്ല. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അത്തരം diapers ഇറക്കിയിരുന്നു എങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ല.

2005 ല്‍ യൂണിലിവറിനെ രണ്ടാമതാക്കി consumer ഉല്‍പന്ന മേഖലയില്‍ ഇവര്‍ ഒന്നാമതെത്തി. അതിനുള്ള കാരണം gillette നെ ഏറ്റെടുത്തു എന്നതാണ്. ഇന്ന് ലോക വിപണിയില്‍ P&G മുന്‍നിരയില്‍ തുടരുന്നു എങ്കില്‍ അതിനുള്ള കാരണം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതു പോലെ ചെയ്തു എന്നതാണ്. മറ്റുള്ളവര്‍ മനസിലാക്കും മുമ്പ് ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിനുള്ള പരിഹാരം ഉല്‍പ്പന്ന രൂപത്തില്‍ നല്‍കി എന്നതാണ് അവരുടെ വിജയരഹസ്യം. ചോദ്യം ഇതാണ്: നിങ്ങളുടെ സ്ഥാപനത്തില്‍ മാര്‍ക്കറ്റ് റിസര്‍ച്ചിനായി സമയം ചെലവിടാറുണ്ടോ?

( BRANDisam LLP യുടെ ബിസിനസ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. ഫോണ്‍: +91 8281868299)


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Next Story
Share it