നിങ്ങളുടെ വില്‍പ്പന കൂട്ടണോ? ഇതാ ഒരു കിടിലന്‍ തന്ത്രം!

ആളുകള്‍ എന്തുകൊണ്ട് ചില സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു? അതേ ഉല്‍പ്പന്നം മറ്റ് സ്ഥാപനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്നില്ല? ആളുകള്‍ പല കാരണങ്ങള്‍കൊണ്ടും ഉല്‍പ്പന്നങ്ങള്‍ വാങ്ങാം, എന്നാല്‍ ബഹുഭൂരിപക്ഷം വില്‍പ്പനയും നടക്കുന്നത് ആ ഉല്‍പ്പന്നത്തിന്റെയോ സ്ഥാപനത്തിനെയോ മേലുള്ള ആളുകളുടെ വിശ്വാസമാണ്. ഇനി എന്താണ് ഈ വിശ്വാസം എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമുക്ക് 100 ശതമാനം ഉറപ്പില്ലാത്ത കാര്യങ്ങളെ പറയുവാനാണ് വിശ്വാസം എന്ന പദം ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്ത് മഴ പെയ്യുന്നില്ല എങ്കില്‍ ഇവിടെ മഴ പെയ്യുന്നില്ല എന്ന് വിശ്വസിക്കുന്നു എന്നുപറയേണ്ട ആവശ്യമില്ല. കാരണം എനിക്ക് ഉറപ്പാണ് മഴ പെയ്യുന്നില്ല എന്ന്. എന്നാല്‍ മറ്റൊരു ജില്ലയില്‍ മഴ പെയ്യുന്നുണ്ടോ എന്ന് സംശയിക്കുന്നു എങ്കില്‍ എനിക്ക് പറയാം മഴ പെയ്യുന്നുണ്ട് എന്ന് വിശ്വസിക്കുന്നു എന്ന്. അതായത് വിശ്വാസം എന്നത് കുറെ ഉറപ്പും കുറച്ച് സംശയവും പ്രകടിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ്.

100 ശതമാനം ഉറപ്പോടുകൂടിയല്ല പലപ്പോഴും ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. ഒരു റിസ്‌ക് ഉപഭോക്താക്കള്‍ അവിടെ എടുക്കുന്നുണ്ട്. കുറഞ്ഞ റിസ്‌ക് ഉള്ള ഉല്‍പ്പന്നങ്ങളാണ് ആളുകള്‍ വാങ്ങുവാന്‍ ആഗ്രഹിക്കുക. അതായത് ഉപഭോക്താക്കള്‍ എടുക്കുന്ന റിസ്‌കിനെ കുറയ്ക്കാന്‍ കഴിഞ്ഞാല്‍ അവിടെ വില്‍പ്പനക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഉപഭോക്താവിന്റെ ഈ റിസ്‌കിനെ ബിസിനസ്സുകാരന്‍ ഏറ്റെടുക്കുമ്പോള്‍ അതിനെ പറയുന്ന പേരാണ് റിസ്‌ക് reversal . (സ്റ്റോക്ക് trading ല്‍ ഉപയോഗിക്കുന്ന റിസ്‌ക് റിവേഴ്‌സല്‍ എന്ന പദത്തിന്റെ അര്‍ത്ഥമില്ല ഇവിടെ എടുക്കേണ്ടത്). റിസ്‌ക് റിവേഴ്‌സല്‍ തന്ത്രം എത്രത്തോളം നല്ല രീതിയില്‍ പയറ്റുന്നുവോ അത്രയും വില്‍പ്പന കൂടുവാനുള്ള സാധ്യതയുണ്ട്. നിലവില്‍ ഏതെല്ലാം രീതിയിലാണ് ബിസിനസ്സുകള്‍ ഈ തന്ത്രം പ്രയോഗിക്കുന്നത് എന്ന് നോക്കാം.

Money -back guarantee : പൊതുവെ നമ്മള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ കാണുന്ന ഒന്നാണ് money back guarantee . ഉല്‍പ്പന്നം വാങ്ങി തൃപ്തനായില്ല എങ്കില്‍ നിശ്ചിത ദിവസത്തിനകം തിരിച്ചു നല്‍കിയാല്‍ പണം മടക്കിത്തരുന്ന സ്ഥാപനങ്ങള്‍ ഒത്തിരിയുണ്ട്. ഈ ഒരു ഗ്യാരണ്ടി സ്ഥാപനങ്ങള്‍ നല്‍കുന്നതുകൊണ്ടാണ് ആളുകള്‍ കൂടുതലും ഇത്തരം സ്ഥാപനത്തില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. കാരണം ആളുകള്‍ക്ക് റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ല. 'വാങ്ങിയ ഉത്പന്നം ഒരുകാരണവശാലും തിരിച്ചെടുക്കില്ല' എന്ന ബോര്‍ഡ് വച്ച സ്ഥാപനത്തില്‍ നിന്നും നമ്മള്‍ ഉല്‍പ്പന്നം വാങ്ങുവാന്‍ ആഗ്രഹിക്കുമോ?

Money-back + incentive ഗ്യാരണ്ടി: ഉപഭോക്താക്കള്‍ ഉല്‍പ്പന്നം വാങ്ങി സംതൃപ്തരായില്ല എങ്കില്‍ ഉല്‍പ്പന്നം മടക്കി നല്‍കിയാല്‍ പണം മാത്രമല്ല അതിനോടൊപ്പം ഒരു സമ്മാനം കൂടി നല്‍കുന്ന രീതിയാണിത്. നമ്മള്‍ ഇറക്കുന്ന ഉല്‍പ്പന്നത്തില്‍ അത്രമാത്രം ഉറപ്പുണ്ടെങ്കില്‍ മാത്രമാണ് ഈ കടന്നകൈപ്രയോഗം നടത്തേണ്ടത്. ഉപഭോക്താക്കളെ തീര്‍ച്ചയായും കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇതുതന്നെ ധാരാളമാണ്.

Emotional ഗ്യാരണ്ടി : money back ഗ്യാരണ്ടി പലപ്പോഴും പല ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കാന്‍ കഴിയുകയില്ല. കാരണം അതിന് പല പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ട്. ഉദാഹരണത്തിന് ആരോഗ്യ മേഖല, കണ്‍സള്‍ട്ടന്റുകള്‍ തുടങ്ങിയവ. ഇവിടെ തുടക്കത്തില്‍ സൗജന്യ സേവനം നല്‍കി സംതൃപ്തി തോന്നുന്നെങ്കില്‍ മാത്രം പണം മുടക്കിയുള്ള സേവനം നല്‍കുന്ന രീതി. ഇവിടെ സംരംഭകന്‍ എടുക്കുന്ന റിസ്‌കിന്റെ ആഴം താരതമ്യേന കുറവാണ്.

ഫ്രീ സര്‍വീസ്: ഉല്‍പ്പന്നത്തിന് എന്ത് തകരാറ് സംഭവിച്ചാലും അത് സൗജന്യമായി നേരെയാക്കി നല്‍കുന്നത് ഉപഭോക്താവ് എടുക്കുന്ന റിസ്‌ക് കുറയ്ക്കുന്ന രീതിയാണ്. ഈ സൗജന്യ സേവനത്തിന് ഒരു നിശ്ചിത സമയപരിധി നല്‍കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം വന്‍ നഷ്ടം സംഭവിച്ചേയ്ക്കാം.

ഫ്രീ ഹോം ഡെലിവറി : ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി എത്തിച്ചു നല്‍കുന്നത് ഉപഭോക്താവ് എടുക്കുന്ന ആ റിസ്‌കിനെ നമ്മള്‍ ഏറ്റെടുക്കുന്ന രീതിയാണ്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് ഇത് പരീക്ഷിച്ചു നോക്കാവുന്നത്.

ഫ്രീ ഇന്‍ഷുറന്‍സ് : വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ എടുക്കുമ്പോള്‍ അതിന് ടോട്ടല്‍ കവറേജ് നല്‍കുന്ന ഇന്‍ഷുറന്‍സ് കൂടെ സൗജന്യമായി നല്‍കുന്നത് ഉപഭോക്താവിന്റെ റിസ്‌ക് കുറയ്ക്കുന്ന രീതിയാണ്. ഇതും വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് സഹായകരമാകും.

എന്നാല്‍ മറ്റൊരു ചോദ്യം ഉയരുക, ഇത് ബിസിനസിനെ സംബന്ധിച്ചിടത്തോളം ഒരു അധിക ബാധ്യതയല്ല എന്നതാണ്. റിസ്‌ക് റിവേഴ്‌സല്‍ രീതികള്‍ പ്രയോഗിക്കുന്നതുവഴി ഉപഭോക്താക്കളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ അവിടെ കുറച്ചു ഉപഭോക്താക്കള്‍ ഉല്‍പ്പന്നം മടക്കിയയച്ചാലും അത് ബിസിനസിനെ സാരമായി ബാധിക്കുകയില്ല. അടിസ്ഥാനപരമായി നിങ്ങളുടെ ഉല്‍പ്പന്നം മികച്ചതാണ് എന്ന ഉറപ്പുണ്ടെങ്കില്‍ ഇത് ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് തന്ത്രമായിരിക്കും.


(BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍.www.sijurajan.com +91 8281868299 )


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story
Share it