നിങ്ങളുടെ മാര്‍ക്കറ്റിംഗ് ഇതുപോലെയാണോ? മാറ്റിയില്ലെങ്കില്‍ പണി കിട്ടും!

ടി വിയില്‍ പരസ്യം വരുമ്പോള്‍ ചാനല്‍ മാറ്റുന്ന പതിവ് നമുക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു. കാരണം പരസ്യങ്ങള്‍ നമ്മുടെ ആസ്വാദനത്തെ തടസ്സപ്പെടുത്തുന്ന ഒന്നായാണ് കണക്കാക്കിയിരുന്നത്. ഇന്ന് യൂട്യൂബ് പോലുള്ള മാധ്യമങ്ങളിലേക്ക് ആളുകള്‍ തിരിഞ്ഞപ്പോള്‍ അവിടെ നിശ്ചിത സമയം നിര്‍ബന്ധമായും പരസ്യം കാണണം എന്ന രീതിയില്‍ അത് മാറി. മറുഭാഗത്ത് ഓരോ രംഗത്തുമുള്ള മത്സരം കടുത്തപ്പോള്‍ ആളുകളെ ആകര്‍ഷിക്കാനായി പരസ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ അത് ഏതറ്റം വരെയും പോകുന്ന അവസ്ഥയിലെത്തി. എന്നാല്‍ ചില മര്യാദകള്‍ പാലിക്കാതെ മാര്‍ക്കറ്റിങ് ചെയ്താല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. ഒരുപക്ഷേ ഹൃസ്വകാലത്തേക്ക് വില്‍പന നടക്കുമെങ്കിലും പിന്നീട് വലിയ പ്രശ്‌നങ്ങള്‍ അത് ക്ഷണിച്ചു വരുത്തും. മാര്‍ക്കറ്റിങ് എന്നത് കള്ളം പറച്ചില്‍ ആണെന്ന പൊതുസമൂഹത്തിന്റെ ധാരണ മാറ്റിയെടുക്കേണ്ടതുണ്ട്.

എന്തെല്ലാം ശ്രദ്ധിക്കണം:
1. ഇല്ലാത്ത കാര്യങ്ങള്‍ അവകാശപ്പെടരുത്: പുതുതായി ആരംഭിച്ച ചില സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലും ബ്രോഷറിലും പലപ്പോഴും കാണാറുള്ള ഒരു വാചകമാണ് 'India's no 1......', 'the most trusted....' തുടങ്ങിയവ. സാമാന്യ ബുദ്ധിയില്‍ ചിന്തിച്ചുകഴിഞ്ഞാല്‍ ആര്‍ക്കും മനസിലാകും ഇത് കള്ളമാണെന്ന്. ഇത് സ്ഥാപനത്തിന്റെ നിലവാരത്തിനെ ഇടച്ചുതാഴ്ത്തുന്ന ഒന്നായി പിന്നീട് ഭവിക്കും. അതുകൊണ്ട് ഒരിക്കലും ഇത്തരം ഒട്ടും ലോജിക് ഇല്ലാത്ത വാചകങ്ങള്‍ എവിടേയും നല്‍കരുത്.

2. വ്യാജ ലൈസന്‍സ്/സര്‍ട്ടിഫിക്കറ്റ്: ചിലരെങ്കിലും മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി അവരുടെ വെബ്‌സൈറ്റിലും, പാക്കിങ് കവറിലും പല സര്‍ട്ടിഫിക്കേഷന്‍ ഡീറ്റൈല്‍സും നല്‍കാറുണ്ട്. എന്നാല്‍ ഇതെല്ലാം യഥാര്‍ത്ഥത്തില്‍ കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ട്രേഡ് മാര്‍ക്കിന് അപേക്ഷിക്കാതെ (™) എന്ന് ലോഗോവിന് മുകളില്‍ കൂട്ടിച്ചേര്‍ക്കുക, ISO certification ഇല്ലാതെ ISO സര്‍ട്ടിഫൈഡ് കമ്പനി എന്ന് എഴുതി ചേര്‍ക്കുക, പ്രൊപ്രൈറ്റര്‍ഷിപ് ബിസിനസ്സ് ആണെങ്കിലും അത് പ്രൈവറ്റ് കമ്പനി എന്ന നിലക്ക് അവതരിപ്പിക്കുക എന്നുതുടങ്ങി ഒട്ടനവധി തട്ടിപ്പുകള്‍ മാര്‍ക്കറ്റിങ് ആവശ്യത്തിനായി ചിലര്‍ ചെയ്യാറുണ്ട്. ഇത് ചെന്നെത്തിക്കുന്നത് വലിയ നിയമ പ്രശ്‌നത്തിലേക്കായിരിക്കും.

3. മോഷണം: ചില പ്രശസ്തമായ ബ്രാന്‍ഡുകളുടെ പേരിന് ഏറെക്കുറെ സാമ്യമായ പേര് ഉപയോഗിച്ച്, അവരുടെ പാക്കിംഗിന് സമാനമായ പാക്കിംഗ് വച്ച് ഉല്‍പ്പന്നം ഇറക്കുന്നവര്‍ ധാരാളം ഉള്ളതായി നിങ്ങള്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നം വാങ്ങിപ്പിക്കാനായാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രീതിയാണിത്. ഇത്തരത്തില്‍ ട്രേഡ്മാര്‍ക്ക് നിയമ ലംഘനം നടത്തി പിടിക്കപ്പെട്ടാല്‍ അതുവരെ ആ സ്ഥാപനം ആ പേരുപയോഗിച്ച് ഉണ്ടാക്കിയ സര്‍വ്വ ലാഭവും തിരിച്ചു നല്‍കേണ്ടിവരും, മാത്രമല്ല 2 വര്‍ഷം വരെ ജയില്‍ തടവ് ലഭിച്ചേക്കാവുന്ന കുറ്റകൃത്യംകൂടിയാണിത്.

4. വൈകാരികതയെ ചൂഷണം ചെയ്യല്‍: പരസ്യങ്ങള്‍ എല്ലാം തന്നെ ആളുകളുടെ വികാരത്തെ സ്പര്‍ശിക്കുന്നതാണ്. എന്നാല്‍ അതിന് ഒരു പരിധിയുണ്ട്. ആളുകളുടെ ഭയം, മക്കളോടുള്ള സ്‌നേഹം തുടങ്ങിയ മൃദുല വികാരങ്ങളെ ഒരു പരിധിക്കപ്പുറം ചൂഷണം ചെയ്യുന്ന രീതി ഒരിക്കലും അഭികാമ്യമല്ല. 'നിങ്ങളുടെ മക്കളോടുള്ള സ്‌നേഹം ആത്മാര്‍ത്ഥമെങ്കില്‍ നല്‍കൂ ഈ ഉല്‍പ്പന്നം' ഇത്തരം ശൈലിയിലുള്ള പരസ്യവാചകങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.
അപ്പോള്‍പ്പിന്നെ ഏറ്റവും മികച്ച മാര്‍ക്കറ്റിങ് രീതി ഏതാണ്?
സത്യം പറയുക: സത്യം അവതരിപ്പിക്കുക എന്നതുതന്നെയാണ് ഏറ്റവും മികച്ച മാര്‍ക്കറ്റിങ് രീതി. ആ സത്യത്തെ മഹത്വപ്പെടുത്തുന്നതിനായി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മനോഹരമാക്കാം. അത്തരത്തില്‍ തന്ത്രപരമായി സത്യത്തെ അവതരിപ്പിക്കുന്നിടത്താണ് മാര്‍ക്കറ്റിങ് എല്ലാ രീതിയിലും വിജയിക്കുന്നത്. അത്തരത്തില്‍ പരിവപ്പെടുത്തിയെടുക്കാന്‍ ഏറ്റവും മികച്ച മാര്‍ക്കറ്റിങ് വിദഗ്ധര്‍ക്ക് കഴിയും. എന്നാല്‍ കള്ളം പറയാന്‍ ആര്‍ക്കും കഴിയും.

(ലേഖകന്‍ BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ്. www.sijurajan.com , +91 8281868299 )

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it