'എന്താണീ സ്വപ്‌നം? ഭാവി കാണാനുള്ള നമ്മുടെ കഴിവാണത്'

ഡോ.എം.അയ്യപ്പന്‍

ചെയര്‍മാന്‍, എ.എസ്. ഗ്രൂപ്പ് ഓഫ് കമ്പനീസ്, തിരുവനന്തപുരം

മുന്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, എച്ച്.എല്‍.എല്‍.ലൈഫ് കെയര്‍

സന്തോഷത്തിന് മുന്‍തൂക്കം

എല്ലായ്‌പ്പോഴും സന്തോഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഞാന്‍ പിന്തുടരുന്ന തത്വം. പണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതും സന്തോഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതും രണ്ടാണ്. പണം ഉണ്ടാക്കുന്നതിന്റെ ആത്യന്തിക ലക്ഷ്യവും സന്തോഷകരമായൊരു ജീവിതമാണല്ലോ? സന്തോഷത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുന്നത് നമുക്ക് അനുഭവപ്പെടും. സന്തോഷത്തിനായി നമ്മള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ പണം താനെ വന്നുചേരുകയും ചെയ്യും. നമ്മള്‍ സന്തുഷ്ടരല്ലെങ്കില്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ഒരിക്കലും നമുക്ക് സാധിക്കുകയില്ല.

മൂല്യാധിഷ്ഠിത പ്രവര്‍ത്തനം

വ്യക്തമായൊരു ഒരു ലക്ഷ്യമുണ്ടായിരിക്കുന്നതോടൊപ്പം പ്രവൃത്തികള്‍ മൂല്യാധിഷ്ഠിതമായിരിക്കാനും ശ്രദ്ധിക്കുന്നു. അല്ലെങ്കില്‍ അത് നമുക്കൊരിക്കലും സന്തോഷം നല്‍കുകയില്ല. സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അതിലൊരു മാറ്റം വരുത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമൊക്കെ ഈയൊരു തത്വം ബാധകമാണ്. ഏകദേശം 14 വര്‍ഷത്തോളം എച്ച്.എല്‍.എല്‍ ലൈഫ്‌കെയറിനെ ഞാന്‍ നയിച്ചപ്പോഴും സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായിരുന്നു മുന്‍ഗണന നല്‍കിയത്. ഇപ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആശ കെയര്‍ ഹോമിന്റെ പ്രവര്‍ത്തനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുന്നതും അത്തരമൊരു ലക്ഷ്യത്തോടെയാണ്.

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നു

ബിസിനസിലും തൊഴിലിലുമൊക്കെ വളരെയേറെ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഒരു 10 വര്‍ഷം മുമ്പുള്ള പല കമ്പനികളും ഇന്നില്ല. പകരം പുതിയ അനേകം കമ്പനികള്‍ വന്നിട്ടുണ്ടെങ്കിലും അടുത്ത 10 വര്‍ഷത്തിന് ശേഷം അവയൊന്നും ഉണ്ടാകണമെന്നുമില്ല. പ്രവര്‍ത്തന സാഹചര്യങ്ങളും രീതികളുമൊക്കെ മാറുകയാണ്. അതിനാല്‍ നിരന്തര പഠനത്തോടൊപ്പം നൂതന സാങ്കേതിക വിദ്യകളുമായി ഇണങ്ങിച്ചേരാനുള്ള കഴിവും വളര്‍ത്തിയെടുക്കുന്നു. എച്ച്.എല്‍.എല്ലില്‍ പ്രവര്‍ത്തിക്കുമ്പോഴും നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു സ്ഥാപനത്തിലെ ആളുകളെ നയിക്കുന്നത് അതിന്റെ വളര്‍ച്ചയാണ്. അതിനെക്കുറിച്ച് നമുക്കൊരു സ്വപ്‌നം ഉണ്ടായിരിക്കണം. എന്താണീ സ്വപ്‌നം? ഭാവി കാണാനുള്ള നമ്മുടെ കഴിവാണത്.

ഉറച്ച ആത്മവിശ്വാസം

കാര്യങ്ങള്‍ നടപ്പാക്കാനും വിജയിക്കാനാകും കഴിയുമെന്നുള്ള ദൃഢമായൊരു ആത്മവിശ്വാസമാണ് മറ്റൊന്ന്. നമ്മുടെ ലക്ഷ്യം വ്യക്തമാണെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്നുള്ള കാര്യത്തില്‍ നമുക്ക് സംശയമുണ്ടാകില്ല. അതിലേക്കായി ആള്‍ക്കാരെ നമുക്കൊപ്പം കൊണ്ടുപോകാനുള്ള ധൈര്യവും നമുക്കുണ്ടായിരിക്കണം. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ വളരെ ലളിതമായി കൈകാര്യം ചെയ്യുന്നതിനും ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്നു.

വ്യക്തികളെ പ്രചോദിപ്പിക്കല്‍

സമൂഹത്തില്‍ വളരെയേറെ വ്യത്യസ്തരായ ആളുകളാണ് ഉള്ളത്. അവരുടെ കഴിവുകളും കാര്യക്ഷമതയുമൊക്കെ തികച്ചും വ്യത്യസ്തമായിരിക്കും. സമൂഹത്തിന് എല്ലാത്തരം ആളുകളെയും ആവശ്യമാണ്. പ്രകൃതിയില്‍ പക്ഷികളും മൃഗങ്ങളും വിഷമുള്ള പാമ്പുകളുമൊക്കെ ഉള്ളതുപോലെ അത്തരമൊരു കൊളാബൊറേഷന്റെ രസതന്ത്രത്താലാണ് കാര്യങ്ങള്‍ നടത്തപ്പെടുന്നത്. ഇത്തരമൊരു വൈവിദ്ധ്യത്തിലും പ്രതികൂല സാഹചര്യങ്ങളിലുമൊക്കെ വിജയം നേടുന്നതാണ് കഴിവ്. ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ നല്‍കി അതുവഴി കൂടുതല്‍ ലീഡര്‍മാരെ സൃഷ്ടിക്കുന്നതിനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it