ഇ കൊമേഴ്‌സില്‍ പച്ചപിടിക്കുന്നില്ലേ? എങ്കില്‍ പരിശോധിക്കൂ ഈ ആറു കാര്യങ്ങള്‍

കൊറോണയ്ക്ക് ശേഷം ലോകത്താകമാനം ബിസിനസ് മോഡലുകള്‍ മാറിമറിയും. ഇ കൊമേഴ്‌സിന് അതില്‍ വലിയ പങ്കു വഹിക്കാനുണ്ട്. ഈ കൊമേഴ്‌സ് ബിസിനസില്‍ ഇവിടെയുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കടക്കം വിജയിക്കണമെങ്കില്‍ മികച്ച ആസൂത്രണവും ഈ മേഖലയെ കുറിച്ചുള്ള ആഴത്തിലുള്ള അറിവും കൂടിയേ തീരൂ. എന്താണ് ഇ കൊമേഴ്‌സ് ബിസിനസിന്റെ അടിസ്ഥാനമെന്നും പ്രവര്‍ത്തന രീതിയും ആദ്യം മനസ്സിലാക്കണം. വിവിധ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇ കൊമേഴ്‌സ് മേഖലയിലെ പരാജയ നിരക്ക് 80 ശതമാനം ആണെന്നിരിക്കേ പ്രത്യേകിച്ചും.

ഇ-കൊമേഴ്‌സ് ബിസിനസ്സ് മോഡലുകള്‍?

പ്രധാനമായും ആറു തരത്തിലുള്ള ഇ കൊമേഴ്‌സ് ബിസിനസ് മോഡലുകളാണ് ഉള്ളത്. B2C - Business to Consumer - (Flipkart), B2B - Business to Business - (Amazon business), C2C - Consumer to Consumer - (OLX), C2B - Consumer to Business - (Fotolia), B2G - Business to Government - (Auctions), C2G - Consumer to Government - (Govt. Payments) എന്നിവയാണവ.

ഇ-കൊമേഴ്‌സ് പ്രോഡക്റ്റ് മോഡലുകള്‍

സിംഗ്ള്‍ പ്രോഡക്റ്റ് : താരതമ്യേന കുറഞ്ഞ നഷ്ട സാധ്യത ഉള്ള, വളരെ അധികം ആവശ്യക്കാരുള്ള അല്ലെങ്കില്‍ തുല്യ സമാനതകള്‍ ഇല്ലാത്ത ഒരു ഉല്‍പ്പന്നം മാത്രം കൈകാര്യം ചെയ്യുന്നു. പ്രധാന പ്രശ്‌നം ആ ഉല്‍പ്പന്നത്തിന്റെ സ്വീകാര്യതയില്‍ മാത്രം ആശ്രയിച്ചാണ് ബിസിനസ്സ് മുന്നോട്ട് പോവുന്നത്.

സിംഗ്ള്‍ കാറ്റഗറി: ഒരേ ഇനത്തില്‍ ഉള്ള ഉയര്‍ന്ന വിശ്വാസ്യതയും, മതിപ്പുമുള്ള ഉല്‍പ്പന്നങ്ങള്‍. കൊടുത്താല്‍ ഉപഭോക്താളെ സൃഷ്ടിക്കാനും, അവരില്‍ താല്‍പ്പര്യം കൂട്ടുവാനും ഉതകുന്ന ഈ രീതിയാവും ഒരു പുതിയ സംരഭകന് ഏറ്റവും അനുയോജ്യമായ ഒരു മോഡല്‍

മള്‍ട്ടിപ്പ്ള്‍ കാറ്റഗറി: വിവിധ ഇനം ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ഒരു മോഡല്‍, നിലവില്‍ ഒരു ഇ-കൊമേഴ്‌സ് ബിസിനസ്സ് വിജയിപ്പിച്ച ഒരു സംരംഭകന് ആയിരിക്കും അനുയോജ്യം. വിവിധ ഇനം ഉത്പന്നങ്ങളിലുള്ള വൈദഗ്ധ്യവും, അറിവും, അതിനുള്ള നിരവധി വിതരണക്കാരെയും ഒരു പോലെ സംഘടിപ്പിക്കുകയും ചെയ്യേണ്ട ഈ ഒരു മോഡല്‍ വിജയിപ്പിച്ചെടുക്കുവാന്‍ വലിയ പരിശ്രമം ആവശ്യമാണ്.

അഫിലിയേറ്റ്: മറ്റ് കമ്പനികളുടെ, ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ പ്ലാറ്റഫോമിലൂടെ പ്രൊമോട്ട് ചെയ്ത്, അതിലൂടെ ആരെങ്കിലും ആ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയാണെങ്കില്‍ വില്പന ഇന്‍സെന്റീവ് ലഭിക്കുന്ന ഒരു മോഡല്‍. ഇത് വിജയിക്കണമെങ്കില്‍ നമ്മുടെ പ്ലാറ്റുഫോം അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് ആയെങ്കില്‍ മാത്രമേ എളുപ്പത്തില്‍ സാധിക്കുകയുള്ളൂ.

ഹൈബ്രിഡ്: B2C - B2B മോഡലുകളുടെ പ്രധാന സവിശേഷതകള്‍ ഒരുമിച്ച് ചേര്‍ത്ത് കൊണ്ടുള്ള ഒരു സംവിധാനം. (combination of inventory-led and marketplace).

എന്തുകൊണ്ട് പരാജയപ്പെടുന്നു?

ബിടുസി പ്ലാറ്റ്‌ഫോമാണ് സാധാരണ സംരംഭകരെ സംബന്ധിച്ചിടത്തോളം ഇതില്‍ പ്രധാനം. എന്നാല്‍ വലിയ പ്രതീക്ഷയോടെ ഈ മേഖലയിലെത്തുന്ന ഭൂരിഭാഗവും പരാജയപ്പെടുന്നു. എന്താണ് അവരുടെ പരാജയത്തിനുള്ള കാരണങ്ങളെന്ന് മനസ്സിലാക്കുക എന്നതാണ് വിജയത്തിലേക്കുള്ള ആദ്യപടി. ഇതാ ഇ കൊമേഴ്‌സ് സംരംഭങ്ങള്‍ പരാജയപ്പെടുന്നതിനുള്ള ആറു പ്രധാന കാരണങ്ങള്‍...

1. മൂലധനത്തിന്റെ അപര്യാപ്തത

ഇ-കൊമേഴ്‌സ് ബിസിനസ്സുകള്‍ വളരെ ചെറിയ മൂലധനത്തോട് കൂടി എളുപ്പത്തില്‍, ഒരുഷോറൂമിന്റെ ആഡംബരങ്ങള്‍ ഒന്നും ഇല്ലാതെ ചെറിയ സ്റ്റോറേജ് സ്ഥലവുമായി ആരംഭിക്കാവുന്ന ഒരു ബിസിനസ്സ് ആണെന്ന് കരുതിയാണ് ഇതിലേക്ക് കടന്നു വരുന്നതാണു ഒരു പ്രധാന പരാജയ കാരണം. അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഉള്ള ഒരു ഇ-കൊമേഴ്‌സ് സോഫ്റ്റ്‌വെയര്‍ മാത്രം ആയിട്ടാണ്, പലരും ബിസിനസ് ആരംഭിക്കുന്നത് തന്നെ.

എന്നാല്‍ കട ഒരു സ്ഥലത്തു ആരംഭിക്കുമ്പോള്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ഒരു ഓണ്‍ലൈന്‍ ഷോപ് ആരംഭിക്കുമ്പോഴും ആവശ്യമുണ്ട്. അതിനെ ആകര്‍ഷണീയമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നത് പോലെ, ഒരു നെയിം ബോര്‍ഡ് വെക്കുന്നതും, ആവശ്യത്തിന് ജീവനക്കാരെ എടുക്കുന്നതും, പരസ്യ ചെലവും അടക്കം എല്ലാ കാര്യങ്ങളും ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിനും ആവശ്യമാണ്.

പല കാര്യങ്ങളും ഓണ്‍ലൈനില്‍ തന്നെയാണ് ചെയ്യേണ്ടത് എന്നത് മാത്രമാണ് വ്യത്യാസം. അതിനാവശ്യമായ പ്രവര്‍ത്തന ചെലവുകളും മുന്‍കൂട്ടി കണ്ടു വേണം ഒരു ഓണ്‍ലൈന്‍ ഷോപ്പ് ആരംഭിക്കുവാന്‍. ഒരു ഇകൊമേഴ്‌സ് പ്ലാറ്റുഫോം മാത്രം നിര്‍മ്മിച്ച് കൊണ്ട് ഈ ബിസിനസ്സ് തുടങ്ങുവാനും അതിനെ ദീര്‍ഘകാലത്തേക്ക് ലാഭകരമായി കൊണ്ട് പോകുവാനും കഴിയില്ല. ഒരു പക്ഷെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കുറച്ച് കാലത്തേക്ക് കുറച്ച് പണം ഉണ്ടാക്കാന്‍ മാത്രം സഹായിച്ചെക്കാം.

അത് പോലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ നിന്ന് വിലപേശലിലൂടെ ചെറിയ ചെലവില്‍ വാങ്ങിച്ചെടുക്കുന്ന ഒരു പ്ലാറ്റ്‌ഫോമുമായി, കടന്ന് വരുമ്പോഴും പരാജയം സുനിശ്ചിതമാണ്. റെഡിമെയ്ഡ് ആയി ഡൗണ്‍ലോഡ് ചെയ്യാവുന്ന നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി എടുക്കുന്ന ഇത്തരം പല പ്ലാറ്റ്‌ഫോമുകളും സുസ്ഥിരമായ ഒരു ബിസിനസ്സ് മോഡല്‍ നടത്തി കൊണ്ട് പോകുവാന്‍ പര്യാപ്തമല്ല. നമ്മള്‍ ഓര്‍ക്കേണ്ടത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് ഇകൊമേഴ്‌സ് ബിസിനസ്സ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവര്‍ക്ക് ലഭിക്കുന്ന നിക്ഷേപത്തിന്റെ പ്രധാന ഭാഗം നീക്കി വെക്കുന്നത് തുടര്‍ച്ചയായ ടെക്‌നോളജി ഡെവലപ്‌മെന്റ് നടത്തുവാന്‍ വേണ്ടിയാണു എന്നതാണ്. ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്ന പ്രോസസ്സ് ആണ്. ഓരോ ഘട്ടങ്ങളിലും വേണ്ടത്ര മുടക്ക് മുതല്‍ ഇറക്കി പ്ലാറ്റ്‌ഫോം അപ്‌ഗ്രേഡ് ചെയ്യുവാനും മാര്‍ക്കറ്റിങ് നടത്തുവാനും കഴിഞ്ഞില്ലെങ്കില്‍ ഈ ബിസിനസ്സ് പെട്ടെന്ന് പരാജയപെട്ടു പോവും.

2. മികച്ച ആസൂത്രണത്തിന്റെ കുറവ്

ഒരു പുതിയ ബിസിനസ് പ്രൊജക്റ്റ് ആരംഭിക്കുമ്പോള്‍ ചെയ്യാറുള്ളത് പോലെ തന്നെ കൃത്യമായ ബിസിനസ് പ്ലാനുകള്‍ ഇ കൊമേഴ്‌സ് ബിസിനസിനും ആവശ്യമാണ്. പലപ്പോഴും ഒരു ആപ്ലിക്കേഷനും കുറച്ച് ഫേസ്ബുക്ക് പരസ്യങ്ങളും ആയി മാത്രമാണ് ഇത്തരം ബിസിനസുകള്‍ ആരംഭിക്കുന്നത്. നമ്മുടെ ഉപഭോക്താക്കള്‍ ആരാണ് എന്ന ചോദ്യത്തില്‍ വ്യക്തമായ ഉത്തരങ്ങളിലൂടെ ബിസിനസ് ആസൂത്രണം ചെയ്യുവാന്‍ സാധിക്കണം.

ഉദാഹരണത്തിന് ഒരു പലവ്യഞ്ജന സാധനങ്ങളുടെ ബിസിനസ് ആണെങ്കില്‍ തന്നെ ഒരു നാട്ടില്‍ ഉള്ള എല്ലാവരും നമ്മുടെ ഉപഭോക്താക്കള്‍ എന്ന് ചിന്തിക്കാതെ അതില്‍ തന്നെ ഏത് തരക്കാര്‍, ഏത് വരുമാന പരിധിയില്‍ വരുന്നവര്‍, ഏത് പ്രത്യേക സവിശേഷതകള്‍ ആഗ്രഹിക്കുന്നവര്‍ എന്ന വ്യക്തമായ പ്ലാന്‍ ഉണ്ടായാല്‍ മാത്രമേ, അവരിലേക്ക് എത്തുവാന്‍ ഏതു മാര്‍ക്കറ്റിംഗ് ചാനലുകള്‍, അവരുമായി സംവദിക്കുവാനുള്ള ആശയങ്ങള്‍, അവര്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ അല്ലെങ്കില്‍ സൗകര്യങ്ങള്‍, അത് നടപ്പിലാക്കുവാനുള്ള ചെലവുകള്‍, അത് കൊണ്ട് ലഭിക്കാവുന്ന വരുമാന മാര്‍ഗ്ഗം തുടങ്ങിയവയുടെ ഒരു മുന്‍ധാരണ ലഭ്യമാവൂ.

ഈ ഒരു പദ്ധതിയും ആയി വേണം ഏതു തരത്തിലുള്ള ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആണ് വേണ്ടത് എന്ന് തീരുമാനിക്കുവാനും അതിനു വേണ്ട സാങ്കേതിക സഹായം തേടുവാനും, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യുവാനും.

ഒപ്പം നമ്മുടെ ഡെലിവറി ചാനല്‍ എന്താണെന്നും, ഉല്‍പ്പന്നങ്ങള്‍ എവിടെ നിന്നും കണ്ടെത്തും എന്നുമുള്ള കൃത്യമായ ഒരു ഉത്തരം ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഉണ്ടായിരിക്കണം. അവയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാനുള്ള ഇടപെടലുകള്‍ നടത്തുവാനും കഴിയണം.

സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി, അതിനാവസ്യമായ എല്ലാ ഘടകങ്ങളും ഉണ്ടാക്കുവാനുള്ള സാഹചര്യം ഒരുങ്ങുന്നത് വരെ സംരംഭകന്റെ നിരന്തരം ഇടപെടലുകളും, അതിനു വേണ്ട ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനും നേരത്തെ ഉണ്ടാവേണ്ടതാണ്. വളരെ അധികം ക്ഷമ വേണ്ട ഒരു ഗെയിം ആണ് സംരഭകത്വം എന്ന് പറയാറുണ്ട്. കാര്യങ്ങള്‍ കണ്ടു, ആവശ്യത്തിന് കൊണ്ട് പഠിച്ച് മാറ്റങ്ങള്‍ വരുത്തി കൊണ്ട് പോകുവാനുള്ള ക്ഷമ ഇല്ലാത്തതും ഈ ബിസിനസിന്റെ വലിയ പരാജയ കാരണമാണ്. മിക്കവാറും ഇകൊമേഴ്‌സ് സംരംഭങ്ങള്‍ 12 മുതല്‍ 24 വരെ കാലയളവില്‍ ആണ് പരാജയപ്പെട്ട് നിര്‍ത്തി പോവുന്നത്.

3. മോശം കസ്റ്റമര്‍ സര്‍വീസ്

വ്യക്തമായ ഒരു കസ്റ്റമര്‍ സര്‍വിസ് സംവിധാനം ഇകൊമേഴ്‌സ് ബിസിനസ് ആരംഭത്തില്‍ തന്നെ ആസൂത്രണം ചെയ്യേണ്ടതാണ്. വാങ്ങുന്നതിനു മുന്‍പ് നേരിട്ട് കാണുന്നതിനും, അനുഭവിക്കുന്നതിനും അവസരം ഇല്ലാത്തത് കൊണ്ട് തന്നെ ഒരു പക്ഷെ മറ്റ് ബിസിനസുകളേക്കാള്‍ കസ്റ്റമര്‍ സര്‍വീസ് ഈ ബിസിനസിന്റെ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്.

പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഒരു മോശം അനുഭവം ഒരാളോടെങ്കിലും 95 ശതമാനം ഉപഭോക്താക്കളും പങ്ക് വെക്കും, 50 ശതമാനം പേര് അത് ചുരുങ്ങിയത് അഞ്ചുപേരോട് എങ്കിലും പറയും എന്നാണ്. കൊറോണ എന്ന മാരക രോഗം പകരുന്നതിന്റെ തോത് അറിയാവുന്ന നമുക്ക്, ഇത്തരം മോശം അനുഭവങ്ങളുടെ വ്യാപനത്തോത് എളുപ്പത്തില്‍ അളക്കാവുന്നതാണ്. ഇന്നത്തെ കസ്റ്റമേഴ്‌സ് ഗൂഗിള്‍ റിവ്യൂ പോലെയുള്ള സംവിധാനങ്ങളെ ആശ്രയിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന തിരിച്ചടികള്‍ ഊഹിക്കാവുന്നതാണ്.

ബിസിനസ് ഡെലിവറി മാനേജ്‌മെന്റ് നടപ്പിലാക്കുന്നതില്‍ ഉള്ള വീഴ്ചകള്‍ വലിയ പരാതികള്‍ ഉയരാന്‍ കാരണമാവാം. സംശയങ്ങളും പരാതികളും ഉന്നയിക്കുവാന്‍ നമ്മുടെ പ്‌ളേറ്റ്‌ഫോമില്‍ തയ്യാറാക്കിയ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതും, ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം വളരെ വേഗത്തില്‍ നല്‍കുവാനും ഉള്ള ടീമും ഇകൊമേഴ്‌സ് ബിസിനസില്‍ അത്യാവശ്യമാണ്.

ഫേസ്ബുക് മെസ്സഞ്ചറിലും ചാറ്റ് ബോട്ടുകളിലും തയ്യാറാക്കിയ കൃത്രിമ മെസ്സേജുകള്‍ - ഉദാഹരണത്തിന് ഞങ്ങളുടെ റെപ്രസെന്റേറ്റിവ് ഇപ്പോള്‍ ഓണ്‍ലൈനില്‍ അല്ല, ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് മറുപടി തരുന്നത് ആയിരിക്കും - ബിസിനസിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യും.

പലരും ചെയ്തു വരുന്ന ഒരു അബദ്ധം, ലോക പ്രശസ്ത ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ അനുകരിച്ച് അതില്‍ കാണുന്ന ഓട്ടോമേറ്റഡ് ചാറ്റ് ബോട്ട് തുടങ്ങിയ എല്ലാ സംവിധാങ്ങളും നമ്മുടെ പ്ലേറ്റ്‌ഫോമുകളില്‍ ഉണ്ടാക്കി നല്‍കുവാന്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്യുന്ന കമ്പനികളോട് ആവശ്യപ്പെടും. താരതമ്യേന കുറഞ്ഞ ചെലവില്‍ കിട്ടുന്ന അല്ലെങ്കില്‍ സൗജന്യമായി ലഭിക്കുന്ന പ്രോജക്ടുകളും സ്‌ക്രിപ്റ്റുകളും മാത്രമേ നമ്മുടെ ബഡ്ജറ്റില്‍ മിക്കവാറും ലഭ്യമാവുകയുള്ളൂ. അത് പോലും ഓപ്പറേറ്റ് ചെയ്യുവാന്‍ വേണ്ട സംവിധാനങ്ങള്‍ ഇല്ലാതെ ഇകൊമേഴ്‌സ് സൈറ്റില്‍ ഉപയോഗ ശൂന്യമായ ഒരു ആഡംബര വസ്തുവായി അത് നില നില്‍ക്കും. അനന്തരഫലം ആ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ വലിയ അസംപ്തൃപ്തി ആയിരിക്കും.

ആധുനിക സംവിധാനങ്ങളെക്കാള്‍ അത്യാവശ്യം ഒരു മുഴുവന്‍ സമയ കസ്റ്റമര്‍ സര്‍വീസ് ടീം ആണെന്ന് ചുരുക്കം.
വെബ്‌സൈറ്റില്‍ ബന്ധപ്പെടാനുള്ള അഡ്ഡ്രസ്സ്, ഫോണ്‍ നമ്പര്‍ കൊടുക്കാതിരിക്കുക, നല്ല റിട്ടേണ്‍ പോളിസികള്‍ ഇല്ലാതിരിക്കുക എന്നീ കാര്യങ്ങളും ബിസിനസിന്റെ വിശ്വാസ്യത തകര്‍ക്കും. മറ്റൊരു പ്രധാന കാര്യം വെബ്‌സൈറ്റ് സെക്യൂര്‍ അല്ലാതിരിക്കുക എന്നതാണ്. സ്വന്തം ക്രെഡിറ്റ് കാര്‍ഡുകളും ബാങ്ക് പേയ്‌മെന്റ് ഗേറ്റ് വേയും ഉപയോഗിക്കുന്ന ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ബഡ്ജറ്റില്‍ ഊന്നിയുള്ള നമ്മുടെ വിലപേശലിനെ നേരിടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒരു പക്ഷെ സോഫ്റ്റ്‌വെയര്‍ നല്‍കുന്നവര്‍ ഒഴിവാക്കിയേക്കാം. അത് പക്ഷെ ബിസിനസിനെ ആകെ ബാധിക്കുന്ന വലിയ കാര്യങ്ങള്‍ ആണ്..

4. മോശം വെബ്‌സൈറ്റ് ലേ ഔട്ട്

മോശം വെബ്‌സൈറ്റ് ഡിസൈനും സംവിധാനങ്ങളും പരാജയത്തിന് കാരണമാകാം. ഇകൊമേഴ്‌സ് എന്നത് ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം സൗകര്യത്തിന്റെയും, എളുപ്പത്തിന്റെയും ഒരു ഷോപ്പിംഗ് അനുഭവം അല്ലെങ്കില്‍ വ്യാപാര സാമ്രാജ്യം ആയിരിക്കണം. ഡൊമൈന്‍ തെരഞ്ഞെടുക്കുന്നതില്‍ തന്നെ ഇത് ആരംഭിക്കണം.

ഓര്‍മ്മിക്കാന്‍ വളരെ വിഷമം പിടിച്ച, അതെ സമയം ഉള്ളതിനേക്കാളേറെ വാഗ്ദാനങ്ങള്‍ വിളംബരം ചെയ്യുന്ന (ഉദാ: www.newworldmarket.com) ഒരു ഡൊമൈന്‍ ഒഴിവാക്കേണ്ടതാണ്. ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതികള്‍ അവ ഇനം തിരിച്ച് തെരഞ്ഞെടുക്കുവാന്‍ ഉള്ള സൗകര്യം തുടങ്ങിയ വളരെ പ്രധാനമാണ്.

ഉദാഹരത്തിനു ഒരു പച്ചക്കറി വില്‍ക്കുന്ന വെബ്‌സൈറ്റില്‍ ആമസോണ്‍ വെബ്‌സൈറ്റ് അനുകരിച്ച് ഒരു പ്രോഡക്റ്റ് ക്ലിക്ക് ചെയ്ത അതിന്റെ വിവിധ ഫോട്ടോകള്‍ കൊടുത്ത് വലിയ വിവരണങ്ങളും, മറ്റ് വിശദാംശങ്ങളും കണ്ടു മാത്രം ഓര്‍ഡര്‍ ചെയ്യുന്ന ഒരു സംവിധാനം ഉണ്ടാവരുത്. ഉല്‍പ്പന്നങ്ങള്‍ താഴെ താഴെ ലിസ്റ്റ് ചെയ്യുന്ന ഒരു സംവിധാനം ആയിരിക്കും നല്ലത്. വലിയ റെസല്യൂഷന്‍ ചിത്രങ്ങളും മറ്റും ഉപയോഗിക്കുന്നത് സൈറ്റ് ലോഡ് ചെയ്യുന്നതില്‍ തന്നെ താമസം നേരിടും.

ഓര്‍ക്കുക നമ്മളോരുത്തരും ഇന്ന് ലോഡ് ചെയ്യാന്‍ സമയം എടുക്കുന്ന ഒരു വെബ്‌സൈറ്റ് എടുത്താല്‍ അതിനു വേണ്ടി കാത്ത് നില്‍ക്കാതെ അത് ഉപേക്ഷിച്ച് പോവുകയാണ് പതിവ്. ആവശ്യമുള്ള സംവിധാനങ്ങള്‍ മാത്രം കൊണ്ട് വന്നു കൃത്യമായ തടസ്സപ്പെടാത്ത പെയ്‌മെന്റ് സംവിധാനങ്ങള്‍ ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് വേണ്ടത്.

മറ്റൊന്ന് ബിസിനസിലേക്ക് കടന്നു വരുമ്പോള്‍ ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് മൊബൈല്‍ ആപ്ലിക്കേഷനേക്കാള്‍ ഇകൊമേഴ്‌സ് വെബ്‌സൈറ്റിനാണ്. കാരണം അത്യാവശ്യമായ, സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ആപ്പ് മാത്രമേ ഇന്ന് ഏതൊരാളും സ്വന്തം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയുള്ളൂ. ഒരു പുതിയ ഉപഭോക്താവിനെ ലഭിക്കുവാന്‍ ഏറ്റവും അനുയോജം മൊബീല്‍ സ്‌ക്രീനിലും കാണുവാന്‍ സംവിധാനം (റെസ്‌പോണ്‍സീവ്) ഉള്ള ഒരു വെബ്‌സൈറ്റ് തന്നെയാണ്. ചുരുങ്ങിയ വിവരങ്ങള്‍ കൊടുത്ത് കൊണ്ട് ഉപഭോക്താവിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയണം.

ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് രജിസ്‌ട്രേഷന്‍, ഡാറ്റ കളക്ഷന്‍ നിര്‍ബന്ധമാക്കരുത്. മറ്റ് സംവിധാനങ്ങള്‍ ആയ ഓട്ടോ സജഷന്‍, സ്ഥിരമായി വാങ്ങിച്ച് കൊണ്ടിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ തെരെഞ്ഞെടുക്കല്‍ തുടങ്ങിയ ചില കാര്യങ്ങള്‍ വളരെ അധികം ഗുണം ചെയ്യും.

5. മാര്‍ക്കറ്റിംഗിന്റെ അപര്യാപ്തത

ബിസിനസ്സ് പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ മാര്‍ക്കറ്റിങ് ബഡ്ജറ്റ് മാറ്റി വെക്കുവാന്‍ കഴിയണം. നിരന്തരം ഉപഭോക്താക്കളുടെ പ്രതികരണം മനസ്സിലാക്കി കൊണ്ട് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി കൊണ്ടുള്ള ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനം ഇ കൊമേഴ്‌സ് ബിസിനസില്‍ അത്യാവശ്യമാണ്.

ബിസിനസിന്റെ പ്രയോഗിതകളിലും മാര്‍ക്കറ്റിലും ഇടപെടേണ്ടത് കൊണ്ട് പലപ്പോഴും ഇത് സംരംഭകന് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കണമെന്നില്ല. വിവിധ തലത്തിലുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ പര്യാപ്തമായ ചാനലുകള്‍ ബ്രോഷറുകള്‍ , സോഷ്യല്‍ മീഡിയ, എഫ് എം റേഡിയോ തുടങ്ങി നിരവധി മാധ്യമങ്ങള്‍ ഉപയോഗിക്കുവാന്‍ കഴിയണം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് രീതികള്‍ തന്നെയാണ്. ഇത് ഒരു തുടര്‍ പ്രക്രിയ ആണ്. ബിസിനസിന്റെ സ്വഭാവം അനുസരിച്ച് അധികം ചെലവുകളും അല്ലെങ്കില്‍ വലിയ വൈദഗ്ധ്യവും ആവശ്യമായ ഒരു മേഖല.

6. മോശമായ വെബ്‌സൈറ്റ് റാങ്കിങ് & ട്രാഫിക്

ഇകൊമേഴ്‌സ് ബിസിനസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം നമ്മുടെ ഡൊമൈന്‍ ഓര്‍ത്ത് വച്ച് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്ത് കൊണ്ടായിരിക്കില്ല ഭൂരിപക്ഷം ഉപഭോക്താക്കളും ബിസിനസിനെ കണ്ടെത്തുന്നത് എന്നതാണ്.

അത് കൊണ്ട് തന്നെ നല്ല ഒരു പേജ് റാങ്കിങ്ങും, ഗൂഗിള്‍ ബിസിനസ് ലിസ്റ്റിംഗ് രജിസ്‌ട്രേഷനും, റാങ്കിങ്ങിനെ സഹായിക്കുന്ന രീതിയില്‍ ഉള്ള നല്ല വെബ്‌സൈറ്റ് ട്രാഫിക്കും അത്യാവശ്യമാണ്. ഇത് നടപ്പിലാക്കുവാന്‍ ഒരു ടീം ബിസിനസിന് ഉള്ളിലോ, അല്ലെങ്കില്‍ ഔട്‌സോഴ്‌സ് ചെയ്യുകയോ ആവാം. റാങ്കിങ്ങിനും, പരസ്യത്തിനും വേണ്ടി ഫ്രീ ടൂളുകള്‍ ഉപയോഗിക്കുന്നത് ചിലപ്പോള്‍ നെഗറ്റിവ് ആയി ബാധിച്ചെക്കാം.

ഫ്രീ ആണെന്നുള്ള അത്തരം ടൂളുകളുടെ ഒരു ലൈന്‍ പോലും ബിസിനസിന്റെ വിശ്വാസ്യത തകര്‍ക്കും. ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ് വിഷയത്തില്‍ നല്ല അറിവ് ഉള്ള ഒരു ടീം ഉണ്ടായാല്‍ മാത്രമേ ഈ ഒരു രംഗം ഭംഗിയായി കൈകാര്യം ചെയ്യുവാന്‍ കഴിയുകയുള്ളൂ. നമ്മുടെ ബിസിനസുമായി ഒത്തു പോവുന്ന ഓണ്‍ലൈന്‍ ലേഖനങ്ങളും ബ്ലോഗുകളും സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത് ട്രാഫിക് കൂട്ടുവാന്‍ സഹായിക്കും.

ഗൂഗിള്‍ അനാലിറ്റിക് ടൂള്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സൈറ്റ് ട്രാഫിക്, റാങ്കിങ് നിരന്തരം പരിശോധിച്ച് കൊണ്ടിരിക്കുന്നത് ഉപഭോതാവിന്റെ ഷോപ്പിംഗ് അനുഭവത്തെ കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ലഭിക്കുവാന്‍ സഹായമാകും. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ അന്ന് കൂടുതല്‍ താല്‍പ്പര്യം ജനിപ്പിക്കുന്നതെന്നും, ഏതൊക്കെ പേജുകളില്‍ എത്തുമ്പോഴാണ് ഉപഭോതാവ് വെബ്‌സൈറ്റ് ഉപേക്ഷിക്കുന്നത് എന്നും മനസ്സിലാക്കുവാന്‍ ഇത് സഹായിക്കും.

അത് പോലെ പ്രധാനപ്പെട്ട ഒന്നാണ് സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍ എന്നതും. ഇതിന്റെയൊക്കെ പ്രാധാന്യം എങ്ങിനെ ഒരു ഉല്‍പ്പന്നം അന്വേഷിക്കുന്ന ഉപഭോക്താവിന്റെ മുന്‍പിലേക്ക് നമ്മുടെ ബിസിനസിനെ എത്തിക്കുക എന്നതാണ്, അതല്ലാതെ ഉപഭോക്താവ് നമ്മുടെ ബിസിനസിനെ തന്നെ അന്വേഷിച്ച് വരുവാനുള്ള സാധ്യത വളരെ കുറവാണ്.

ഒപ്പം നമ്മുടെ ഉപഭോക്താക്കളെ തിരിച്ചറിഞ്ഞു കൊണ്ട് അവരിലേക്ക് മാത്രമായി പ്ലാറ്റ്‌ഫോം ഫോക്കസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അനവധി ടെക്‌നിക്കല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ വിഷയം കൈകാര്യം ചെയ്യുവാന്‍ അതില്‍ പ്രാഗല്‍ഭ്യമുള്ള ഒരു ടീം തന്നെ വേണ്ടി വരും.

അനുകൂല സാഹചര്യം

ഇപ്പോ നിലവില്‍ ഉള്ള ഒരു അനുകൂല സാഹചര്യം, എല്ലാവരും അവരുടെ ശീലങ്ങളും, ബ്രാന്‍ഡുകളും മറ്റ് താല്‍പ്പര്യങ്ങളും മാറ്റി നിര്‍ത്തിയ ഒരു സമയമാണ്. ഒരു മാസത്തോളമായി നാം പ്രാക്ടീസ് ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മുടെ പുതിയ ശീലങ്ങള്‍ ആയി മാറുവാനും സാധ്യത ഉണ്ട്.

ഈ ഒരു സമയത്ത് നമ്മുടെ ബിസിനസ്സ് മുന്‍ പരിചയത്തെക്കാള്‍, ഉപഭോക്താക്കളുമായി ഉണ്ടാക്കാവുന്ന ബന്ധങ്ങള്‍ ഒരു സുസ്ഥിര ബിസിനസിന് ലോക് ഡൌണ്‍ കഴിഞ്ഞു പോയാലും നമ്മളെ സഹായിക്കും. വലുപ്പ ചെറുപ്പമില്ലാതെ ലോകത്തിലെ എല്ലാ ബിസിനസ്സുകളും വീണ്ടും ഒരേ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ വന്നു നില്‍ക്കുകയാണ്.

ഏതൊരു പുതിയ ബിസിനസിനും നിലവില്‍ ഉണ്ടായിരുന്ന ഒരു ബിസിനസ് പോലെ തന്നെ ഉപഭോക്താക്കളുടെ മനസ്സില്‍ കടന്ന് കയറുവാന്‍ ഉള്ള അനുകൂല സാഹചര്യം, മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൊണ്ട് വ്യക്തമായ ആസൂത്രണത്തോടെ കടന്നു വരുന്ന ഒരു സംരംഭകന് വിജയിക്കുവാന്‍ അനുകൂല ഘടകങ്ങള്‍ ഏറെയാണ്.

പുതിയ പ്രതീക്ഷകള്‍

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹായത്തോടെ കണ്ണൂരിലെ മൈസോണ്‍ ഇന്‍ക്യൂബേഷന്‍ സെന്ററര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനികള്‍ ചെറുകിട ഇടത്തരം ബിസിനസ്സുകളെ, ഡിജിറ്റല്‍ ബിസിനസ്സ് മേഖലയിലേക്ക് കൂടി കൊണ്ട് വരുവാന്‍ സഹായിക്കുവാനായി ഒരു പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നതിനു വേണ്ടി കൂടി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. വരും നാളുകളില്‍ അത്തരം പുതിയ സംവിധാനങ്ങളും നമ്മുടെ നാടിന്റെ ബിസിനസ്സ് പുരോഗതിക്കായി കൈ കോര്‍ക്കും.

ഫേസ്ബുക്കുമായി ചേര്‍ന്ന് കൊണ്ട് റിലയന്‍സ് ജിയോ, വാട്ട്‌സ്അപ്പിനെ ഉപയോഗപ്പെടുത്തി ലോക്കല്‍ ഷോപ്പുകളെ കണക്ട് ചെയ്യുവാന്‍ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ചെറുകിട ഇടത്തരം ബിസിനസ്സുകള്‍ ടെക്‌നോളജി കമ്പനികളുമായി കൈ കോര്‍ത്ത് പിടിച്ച് മറ്റൊരു ബിസിനസ് രീതി വാര്‍ത്തെടുക്കുവാനുള്ള സമയമായിരിക്കുന്നു. വിവരങ്ങള്‍ക്ക്; 98461 13263

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it