കുടുംബ ബിസിനസ്: പിന്തുടര്‍ച്ച ചിറ്റിലപ്പിള്ളി മോഡല്‍

ബിസിനസില്‍ വളരെ സജീവമായിരിക്കുമ്പോള്‍തന്നെ അികാരം രണ്ടാം തലമുറയ്ക്ക് കൈമാറുക - കുടുംബ ബിസിനസുകളില്‍ പലരും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വര്‍ഷങ്ങള്‍ക്കു മുമ്പ് നടപ്പാക്കിയത്.

വിഗാര്‍ഡിന്റെയും വണ്ടര്‍ലായുടെയും സാരഥ്യം തന്റെ പുത്രന്മാര്‍ക്ക് കൈമാറിക്കൊണ്ട് അവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറിയപ്പോള്‍ കുടുംബ ബിസിനസിലെ സുഗമമായ അധികാര കൈമാറ്റത്തിന്റെ കാര്യത്തിലും ഒരു മാതൃകയാകുയായിരുന്നു കൊച്ചൗസേപ്പ്.

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പാര്‍ക്കുകളും റിസോര്‍ട്ടുകളും നിര്‍മിച്ചുകൊണ്ട് ഈ ബിസിനസ് രംഗത്തെ മുന്‍നിര കമ്പനിയായി മാറിയ വണ്ടര്‍ലാ ഹോളിഡെയ്‌സിന്റെ മാനേജിംഗ് ഡയറക്റ്ററായി മൂത്ത പുത്രന്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളിയെയും 2012ല്‍ 1000 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന വിഗാര്‍ഡിന്റെ മാനേജിംഗ് ഡയറക്റ്ററായി 32 കാരനായ രണ്ടാമത്തെ പുത്രന്‍ മിഥുന്‍ ചിറ്റിലപ്പിള്ളിയെയും നിയമിക്കാന്‍ കൊച്ചൗസേപ്പിന് ധൈര്യം പകര്‍ന്ന കാര്യങ്ങളെന്തൊക്കെയാണ്?

വലിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ രണ്ടാം തലമുറയെ എങ്ങനെ പ്രാപ്തരാക്കാം? ഇവയെക്കുറിച്ചെല്ലാം 'ധന'ത്തിന് നല്‍കിയ അഭിമുഖത്തില്‍ കൊച്ചൗസേപ്പ് വിശദീകരിക്കുന്നു.

അടിത്തറ ശക്തമായാല്‍ പേടിക്കേണ്ട!

വിഗാര്‍ഡിന്റെയും വണ്ടര്‍ലായുടെയുമെല്ലാം കാര്യത്തില്‍ വളര്‍ച്ചയ്ക്കുള്ള ശക്തമായ ഒരു അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. മികച്ച ടീം, ശക്തരായ മാനേജര്‍മാര്‍, ബിസിനസ് നടത്തിപ്പിനായുള്ള മികവുറ്റ സംവിധാനങ്ങള്‍, മൂല്യങ്ങളില്‍ അടിയുറച്ച ഒരു സംസ്‌കാരം... ഇവയെല്ലാം വളര്‍ച്ചയ്ക്ക് കരുത്തേകി.

ഇങ്ങനെയുള്ള ഒരു സംവിധാനത്തില്‍ വ്യക്തികള്‍ക്കല്ല പ്രാധാന്യം. കമ്പനിയുടെ തലപ്പത്ത് ഒരാള്‍ മാറി മറ്റൊരാള്‍ വന്നാലും ഇക്കാര്യങ്ങളിലൊന്നും ഉടനടി ഒരു മാറ്റമുണ്ടാകുകയുമില്ല. രണ്ടാം തലമുറയ്ക്ക് മുമ്പില്‍ രണ്ട് വഴികളാണുള്ളത്. - ഒന്നുകില്‍ നിലവിലുള്ളതിനെ സ്വാംശീകരിക്കുക (Assimilate) അല്ലെങ്കില്‍ മൊത്തത്തില്‍ പൊളിച്ചെഴുതുക (Distrupt). ഞങ്ങളുടെ കമ്പനികളില്‍ ആദ്യത്തേതാണ് സംഭവിച്ചത്.

കൃത്യമായ പരിശീലനത്തിനു ശേഷമാണോ കടിഞ്ഞാണ്‍ കൈമാറിയത്?

അരുണ്‍ പഠനം കഴിഞ്ഞെത്തിയപ്പോള്‍ ബാംഗ്ലൂരിലെ വണ്ടര്‍ലായുടെ നിര്‍മാണം നടക്കുകയായിരുന്നു. ടെക്‌നിക്കല്‍ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള അരുണ്‍ വണ്ടര്‍ലായില്‍ എത്തിയത് ഒരു സ്വാഭാവിക തീരുമാനമെന്ന് പറയാം. രണ്ട് വര്‍ഷത്തിനുശേഷം പഠനം കഴിഞ്ഞെത്തിയ മിഥുന്‍ വിഗാര്‍ഡിലും ചേര്‍ന്നു. ഫിനാന്‍സ് കാര്യങ്ങളിലായിരുന്നു ആദ്യം ശ്രദ്ധ പതിപ്പിച്ചിരുന്നത്. എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍മാരായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഒരു 'ഹാന്‍ഡ് ഹോള്‍ഡിംഗ്' ഉണ്ടായിരുന്നെന്ന് തന്നെ പറയാം. ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ പറയുമ്പോഴാണ് കൂടുതല്‍ മനസിലാകുക എന്നതിനാല്‍ ചിലപ്പോള്‍ ബിസിനസ് രംഗത്തെ തന്നെ മറ്റു പ്രമുഖരെക്കൊണ്ട് അവരോട് സംസാരിപ്പിച്ചിട്ടുമുണ്ട്.

ആരും എന്നെ നിയന്ത്രിക്കുന്നത് ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍. എന്റെ പിതാവിന് എന്നില്‍ ഒരു വിശ്വാസമുണ്ടായിരുന്നു. അനാവശ്യമായി നിയന്ത്രിക്കാനോ എന്റെ കാര്യങ്ങളില്‍ ഇടപെടാനോ വന്നിട്ടില്ല. അതേ സ്വാതന്ത്ര്യം വേണമെന്ന് എന്റെ മക്കള്‍ക്കും ആഗ്രഹമുണ്ടാകുമല്ലോ. അതിനാലാണ് അവരെ ചുമതലകള്‍ ഏല്‍പ്പിച്ച് അനുദിന ഇടപെടലുകളില്‍ നിന്നും ഞാന്‍ മാറി നിന്നത്.

കുടുംബ ബിസിനസില്‍ പലപ്പോഴും സ്വത്ത് വിഭജനം ഒരു കീറാമുട്ടിയാകാറുണ്ടല്ലോ?

പബ്ലിക് ഇഷ്യുവിന് പോകുംമുമ്പ് തന്നെ ഒരു റീസ്ട്രക്ചറിംഗ് നടത്തിയിരുന്നു. വിഗാര്‍ഡില്‍ അരുണിന് ഏകദേശം മിഥുന്റെ അത്രതന്നെ ഓഹരി പങ്കാളിത്തമുണ്ട്. തിരിച്ച് വണ്ടര്‍ലയില്‍ മിഥുനും. ഇങ്ങനെയൊരു ക്രോസ് മാച്ചിംഗ് നടത്തിയിരിക്കുന്നതിനാല്‍ രണ്ട് കമ്പനികളും നന്നായി നടക്കുന്നതുകൊണ്ടുള്ള

ഫലം രണ്ടുപേര്‍ക്കും ഒരുപോലെ ലഭിക്കും.

പബ്ലിക് ഇഷ്യൂവിന് പോകാന്‍ തീരുമാനിച്ചത് ഏത് സാഹചര്യത്തിലായിരുന്നു?

എപ്പോഴും പുതിയ കാര്യങ്ങളിലേക്ക് കടക്കുക എന്നത് ബിസിനസിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. 'വാട്ട് നെക്സ്റ്റ്' എന്ന് ഞാന്‍ എപ്പോഴും എന്നോട് തന്നെ ചോദിക്കാറുണ്ട്. അങ്ങനെ ആലോചിച്ചപ്പോഴാണ് പബ്ലിക് ഇഷ്യൂവിന് പോയാലോ എന്ന ചിന്ത വന്നത്.

മാത്രമല്ല, വേറൊരു മെച്ചവും ഞാന്‍ അതില്‍ കണ്ടു. ഒരു കുടുംബ ബിസിനസായി മുന്നോട്ട് കൊണ്ടുപോകുകയായിരുന്നെങ്കില്‍, മിഥുനിനും അരുണിനും എന്നോട് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ പബ്ലിക് ഇഷ്യൂവിന് പോയാല്‍ നിക്ഷേപകര്‍, ഡയറക്ടര്‍മാര്‍ എന്നിവരോടെല്ലാം വിശദീകരണം നല്‍കണം. ഇങ്ങനെ മാത്രമേ അവരെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കാന്‍ സാധിക്കൂ എന്ന് എനിക്ക് മനസിലായി. വെല്ലുവിളികള്‍ കൂടുന്നതനുസരിച്ച് കൂടുതല്‍ ഉത്തരവാദിത്തബോധം കൈവരും. അങ്ങനെയാണ് കമ്പനികള്‍ ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

കുടുംബ ബിസിനസില്‍ ഇളം തലമുറയ്ക്ക് താല്‍പ്പര്യമില്ലെന്ന് പലരും പരിതപിക്കാറുണ്ടല്ലോ?

ചെറുപ്പത്തില്‍തന്നെ ബിസിനസിനെക്കുറിച്ച് അറിഞ്ഞും കേട്ടും വളര്‍ന്നാല്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടാകാന്‍ സാധ്യത കുറവാണ്. പല ബിസിനസുകാരും അവരുടെ മക്കളെ സ്‌കൂള്‍ മുതലേ ദൂരദേശത്തൊക്കെ വിട്ട് പഠിപ്പിക്കുന്നത് കാണാറുണ്ട്. അരുണും മിഥുനും വീടിനടുത്തുള്ള സ്‌കൂളില്‍തന്നെയാണ് പഠിച്ചത്. ആദ്യകാലത്ത് സമരം വന്നതും കൊടിപിടിച്ചതും എനിക്കെതിരെ ചീത്ത വിളിച്ചതുമെല്ലാം കണ്ടും കേട്ടും ബിസിനസ് സാഹചര്യങ്ങളൊക്കെ മനസിലാക്കിയാണ് അവര്‍ വളര്‍ന്നത്. പഠനം മാത്രം മതി എന്നുപറഞ്ഞ് കുട്ടികളെ അകറ്റി നിര്‍ത്തിയാല്‍ പിന്നീട് അവര്‍ക്ക് ബിസിനസില്‍ താല്‍പ്പര്യം തോന്നണമെന്നില്ല. എന്നാല്‍ പിതാവിന്റെ കൂടെ ചേര്‍ന്നു പോകാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് കരുതി പിന്മാറുന്നവരെയും കണ്ടിട്ടുണ്ട്!

അധികാര കൈമാറ്റം കഴിഞ്ഞാല്‍ 'ഇനിയെന്ത്' എന്ന ആശങ്ക മൂലമാണ് പലര്‍ക്കും ബിസിനസ് കൈമാറാന്‍ സാധിക്കാത്തത്. അതിനെയെങ്ങനെയായിരുന്നു നേരിട്ടത്?

ബിസിനസില്‍ വളരെ സജീവമായിരുന്ന ആര്‍ക്കും അങ്ങനെ പൂര്‍ണ്ണമായി മാറിനില്‍ക്കാന്‍ സാധിക്കില്ല. അത് മനസിലാക്കിക്കൊണ്ടാണ് ഞാന്‍ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ആരംഭിച്ചത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലും ഞാന്‍ വളരെ സജീവമാണ്. സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുന്നത് കൂടുതല്‍ സംതൃപ്തി തരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖല അത്ര മെച്ചമല്ലാതിരുന്ന (ഇപ്പോഴും അല്ല) കാലത്താണ് വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ആരംഭിച്ചത്. പക്ഷെ, ബിസിനസ് നല്ല രീതിയില്‍ പോകുന്നു. മൂന്ന് പൂര്‍ത്തിയായ പ്രോജക്ടുകളുണ്ട്. നാലെണ്ണം നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

വിജയം ഒരു വ്യക്തിയില്‍ ഒതുങ്ങുന്നതല്ല എന്നതാണ് കുടുംബ ബിസിനസുകള്‍ ആദ്യം മനസിലാക്കേണ്ടത്. ബിസിനസിലായാലും പ്രൊഫഷനിലായാലും ആരും ഒഴിവാക്കാന്‍ പറ്റാത്തവര്‍ (indispensable) അല്ല എന്ന തോന്നല്‍ എപ്പോഴും ഉണ്ടായിരിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it