ബിസിനസിലെ പുതുതലമുറ പഠിക്കണം, ക്ഷമ

വളരെ വേഗത്തില്‍, ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണിത്. ഈ സാഹചര്യത്തില്‍ കുടുംബ ബിസിനസ് മേഖലയില്‍ കാണുന്ന പ്രധാന ട്രെന്‍ഡുകള്‍ എന്തെല്ലാമാണ്?

ലോകത്തിലെവിടെയും, വികസിത രാജ്യങ്ങളിലായാലും വികസ്വര രാജ്യങ്ങളിലായാലും, സമ്പദ്‌വ്യവസ്ഥയില്‍ കുടുംബ ബിസിനസുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് അന്നും ഇന്നും. ലോകം മാറുന്നതനുസരിച്ച് സ്വയം മാറാന്‍ തയാറുള്ള കുടുംബ ബിസിനസുകള്‍ ഇനിയും ഉയരും, മറ്റുള്ളവ ഇല്ലാതാകും.

'ദ് വേള്‍ഡ് ഈസ് ഫ്‌ളാറ്റ്' എന്ന പുസ്തകത്തില്‍ തോമസ് ഫ്രീഡ്മാന്‍ പറയുന്നതുപോലെ, ഗ്ലോബലൈസേഷനും സാങ്കേതിക വിദ്യയുടെ സ്വാധീനവും കാരണം ബിസിനസ് പരിസ്ഥിതിയുടെ നിര്‍വചനം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.

പുതിയ ബിസിനസ് മോഡലുകളും രംഗത്ത് വരുന്നു. വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നതിലുള്ള കഴിവും ഉത്സാഹവും, ദീര്‍ഘകാല കാഴ്ചപ്പാടും ഉള്ള ഫാമിലി ബിസിനസുകള്‍ ഈ മാറ്റങ്ങളെ മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ട്, അവരുടെ പ്രകടനവും അസാമാന്യമാണ്. കൊഡാക്‌പോലുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ബിസിനസ് തകരുമ്പോള്‍ പോലും അവരുടെ മേഖലയില്‍ നിന്ന് വ്യതിചലിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ, ലക്ഷ്മി മിത്തലിന്റേതുപോലുള്ള ഗ്രൂപ്പുകള്‍ക്ക് പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി ലോകമൊട്ടാകെ തന്നെ ബിസിനസുകള്‍ ഏറ്റെടുക്കുന്നത് സാധ്യമാകുന്നു.

ഔട്ട്‌സോഴ്‌സിംഗ്, ഇന്‍സോഴ്‌സിംഗ്, ഓഫ് ഷോറിംഗ്, ചെയ്‌നിംഗ്, ഫ്രാഞ്ചൈസിംഗ് എന്നിങ്ങനെയുള്ള പുതിയ മോഡലുകളിലൂടെ ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയ കുടുംബ ബിസിനസുകളാണ് ഇപ്പോള്‍ വിജയം നേടുന്നത്. വിവരങ്ങള്‍ കൈമാറുന്നതില്‍ സുതാര്യത വര്‍ധിച്ചതുമൂലം ഈ രംഗത്തെ ഇടനിലക്കാരുടെ കാലം കഴിഞ്ഞു എന്നത് മറ്റൊരു വശം. അത്തരം ഇടപാടുകളിലൂടെ വരുമാനമുണ്ടാക്കിയിരുന്ന സംരംഭങ്ങള്‍ ആഗോളതലത്തിലെ മത്സരം മൂലം കനത്ത നഷ്ടമാണ് നേരിടുന്നത്. അതുപോലെ തന്നെ, സപ്ലൈ ചെയ്ന്‍ ചെറുതായതുകൊണ്ടും ഇടനിലക്കാരുടെ ബിസിനസ് താഴേയ്ക്കാണ്.

കുടുംബ ബിസിനസുകളുടെ പൊതുവായ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണ് ?

ഉടമസ്ഥതയും മാനേജ്‌മെന്റും സംയോജിക്കുന്നു എന്നതില്‍ നിന്ന് തന്നെയാണ് ഫാമിലി ബിസിനസിന്റെ ഗുണങ്ങള്‍ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഈ ബിസിനസുകള്‍ക്ക് സ്ഥിരമായ ശ്രദ്ധ ലഭിക്കുന്നു, വെല്ലുവിളികളും അവസരങ്ങളും കണ്ടെത്തുന്നതിലുള്ള ജാഗ്രതയും. ഉടമസ്ഥര്‍ ഒപ്പമുള്ളതുകൊണ്ട് പ്രതിബദ്ധതയും അര്‍പ്പണമനോഭാവവും ഏറെയാണ് എന്നതും മറ്റൊരു സവിശേഷത. സ്വന്തം പണം നിക്ഷേപിച്ചിട്ടുള്ളതുകൊണ്ടും തെറ്റായ തീരുമാനങ്ങള്‍ വ്യക്തിപരമായ സാമ്പത്തിക തകര്‍ച്ചയുണ്ടാക്കും എന്നതുകൊണ്ടും അന്തിമ തീരുമാനങ്ങളെടുക്കുമ്പോള്‍ ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കും. അതേസമയം, വേഗത്തില്‍ തീരുമാനങ്ങളെടുക്കുകയും ചെയ്യും. ദീര്‍ഘകാല കാഴ്ചപ്പാടുള്ളതുകൊണ്ട് തീരുമാനങ്ങളും ബന്ധങ്ങളും കൂടുതല്‍ മികച്ചതായിരിക്കും. ഇനിയും ഏറെ വര്‍ഷങ്ങള്‍ മുന്നിലുണ്ടെന്ന വിശ്വാസം കാരണവും ഓരോ ക്വാര്‍ട്ടര്‍ലി റിസള്‍ട്ടും ഓര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ലാത്തതുകൊണ്ടും ബിസിനസിന് ഏറ്റവും ഉചിതമായ ദിശ തെരഞ്ഞെടുക്കാനും ഇവര്‍ക്ക് കഴിയും.

ഏറ്റവും ഉയര്‍ന്ന പദവികളിലേക്ക് വേണ്ട മനുഷ്യവിഭവ ശേഷിയുടെ കുറവാണ് ഇത്തരം ബിസിനസുകളുടെ പ്രധാന പോരായ്മ. പ്രധാനപ്പെട്ട ജോലികള്‍ ഏറ്റെടുക്കാന്‍ വേണ്ട യോഗ്യത എപ്പോഴും ഉടമസ്ഥരില്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ഇതിനായി മികച്ച ഒരു തെരഞ്ഞെടുപ്പും കുടുംബത്തിനുള്ളില്‍ സാധ്യമാകാറില്ല. പലപ്പോഴും വൈകാരികമായ പ്രശ്‌നങ്ങളും വാണിജ്യപരമായ കാര്യങ്ങളും കൂടിക്കുഴയും.

ബിസിനസ് എപ്പോഴും ഉടമസ്ഥനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് പ്രൊഫഷണലുകള്‍ക്കും പ്രശ്‌നം സൃഷ്ടിക്കും. ഉയര്‍ന്ന പദവിയില്‍ ഒരു കുടുംബാംഗം സ്ഥിരമായുള്ളതുകൊണ്ട് പ്രൊഫഷണലുകള്‍ക്ക് കരിയറില്‍ ഉയര്‍ച്ചയും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മികച്ച ജീവനക്കാരെ ആകര്‍ഷിക്കാനും അവരുടെ സേവനം തുടര്‍ന്നുകൊണ്ടുപോകാനും ഇത്തരം ബിസിനസുകള്‍ക്ക് പലപ്പോഴും കഴിയാറില്ല.

ധനസ്രോതസിന്റെ ലഭ്യതക്കുറവാണ് മറ്റൊരു പരിമിതി. ഉടമസ്ഥാവകാശം കുടുംബത്തില്‍ തന്നെ നിലനിര്‍ത്തേണ്ടതുകൊണ്ട് മൂലധനം മുഴുവനായോ അതിന്റെ നല്ലൊരു പങ്കോ എപ്പോഴും കുടുംബത്തിന്റെ കൈവശമായിരിക്കും. പുറമെ നിന്ന് മൂലധനം സ്വീകരിക്കുന്നതില്‍ ഇത് തടസമാകും. ഉടമസ്ഥര്‍ കുറേക്കാലം ബിസിനസിന്റെ നേതൃസ്ഥാനത്തുണ്ടാവുന്നതുകൊണ്ട് അവര്‍ക്ക് ആ സ്ഥാപനത്തിലുള്ള സ്വാധീനം വളരെ വലുതായിരിക്കും. അവരുടെ അഭാവത്തില്‍ ബിസിനസ് എങ്ങനെ തുടര്‍ന്ന് പോകാമെന്നത് വലിയൊരു വെല്ലുവിളിയായി മാറും.

കുടുംബ ബിസിനസുകളില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണ്?

നാല് വിധത്തിലുള്ള സംഘര്‍ഷങ്ങളാണ് കുടുംബ ബിസിനസുകള്‍ സാധാരണയായി അഭിമുഖീകരിക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇതില്‍ ഒന്നാമത്. വ്യക്തിത്വം, വിശ്വാസങ്ങള്‍, കാഴ്ചപ്പാട്, രാഷ്ട്രീയം, ഉയര്‍ച്ചയെക്കുറിച്ചുള്ള ആഗ്രഹം, ഇഷ്ടങ്ങള്‍ ഇഷ്ടക്കേടുകള്‍ എന്നിവയിലെല്ലാമുള്ള വ്യത്യാസങ്ങളാണ് ഇവയില്‍ പെടുന്നത്. ആദ്യമൊക്കെ ഈ വിഭിന്നതകള്‍ കുടുംബത്തെ പരസ്പര പൂരകമാക്കാന്‍ സഹായിക്കും, പക്ഷെ, കാലം ചെല്ലുന്തോറും ഇവയെ അംഗീകരിക്കാനുള്ള പക്വത നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ വളരെ ഗുരുതരമായ സംഘര്‍ഷങ്ങളാണ് ഉണ്ടാകുക. ബിസിനസില്‍ നിന്നുള്ള ലാഭങ്ങളും നേട്ടങ്ങളും പങ്കിടുമ്പോഴാണ് രണ്ടാമത്തെ പ്രശ്‌നം ഉടലെടുക്കുന്നത്. പണം, അധികാരം, പൊതുജനശ്രദ്ധ, ഉടമസ്ഥാവകാശത്തിലെ പങ്ക് എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും.

മൂന്നാമത്തെ വെല്ലുവിളി, വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പല കാര്യങ്ങളിലും ഉണ്ടാകുന്ന തുല്യതക്കുറവാണ്. കഴിവില്‍ ഉള്ള വ്യത്യാസം, കുട്ടികളുടെ എണ്ണത്തിലുള്ള അസമത്വം, അധികാരങ്ങളും സമ്പത്തും പങ്ക് വയ്ക്കുന്നതിലുള്ള തുല്യതയില്ലായ്മ, ഉടമസ്ഥതയും നേതൃത്വവും തീരുമാനിക്കുന്നതില്‍ ഉണ്ടാകുന്ന അസമത്വം... ഇതെല്ലാം നേരത്തെ മനസിലാക്കി നേരിട്ടില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ വഷളാകും.

വ്യക്തികളുടെയും ബിസിനസിന്റെയും ജീവിതചക്രമാണ് അവസാനത്തെ കാരണം. കാലം മാറുന്തോറും വ്യക്തികളും അവരുടെ ഇഷ്ടങ്ങളും കാഴ്ചപ്പാടുകളും മാറും, അവരുടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാകും. അഭിപ്രായങ്ങളും. അടുത്ത തലമുറ രംഗത്തെത്തുന്നതോടെ അധികാരക്കൈമാറ്റം ഉള്‍പ്പടെ പല പ്രശ്‌നങ്ങളും ഉയര്‍ന്നുവരും.

വിദേശരാജ്യങ്ങളിലെ കുടുംബ ബിസിനസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ബിസിനസുകള്‍ എത്രത്തോളം വ്യത്യസ്തമാണ്? എന്താണ് ഇവയുടെ പ്രത്യേകതകള്‍?

പാശ്ചാത്യ സംസ്‌കാരത്തില്‍ നിന്നും തികച്ചും വിഭിന്നമായി ഇന്ത്യയുടേത് തികച്ചും സവിശേഷമായ ഒരു കുടുംബ പാരമ്പര്യമാണ്. കുടുംബത്തിലെ ഐക്യം ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഏറെ വിലപ്പെട്ടതും. ബിസിനസിലെ താഴെത്തട്ടിലെ ജോലികള്‍ ചെയ്യുന്നത് മകനായാലും ജീവനക്കാരനായാലും മേലധികാരിയോട് ബഹുമാനത്തോടെയും അനുസരണയോടെയും പെരുമാറണം എന്നത് നിര്‍ബന്ധമാണ്. തിരിച്ച്, അവര്‍ക്ക് വേണ്ട സംരക്ഷണവും അര്‍ഹമായ പരിഗണനയും മേധാവികളില്‍ നിന്ന് ലഭിക്കുകയും ചെയ്യും. ഇന്ത്യയിലെ ഭൂരിഭാഗം ഫാമിലി ബിസിനസുകളും വളരെ പ്രായം കുറഞ്ഞതാണ്. പല തലമുറകളിലുമുള്ള കസിന്‍ സംഘങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഇവയ്ക്ക് നേരിടേണ്ടി വരുന്നില്ല.

സര്‍ക്കാര്‍ തലത്തില്‍ സഹായമൊന്നും ലഭിക്കാത്തതുകൊണ്ട് കുടുംബമാണ് എല്ലാ കാര്യങ്ങള്‍ക്കും ആശ്രയം. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങളും ആരോഗ്യ കാര്യങ്ങളും എല്ലാം കുടുംബം തന്നെ ഏറ്റെടുക്കണം. ഇത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്റെയും ബന്ധങ്ങളുടെയും പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, ഒരു വികസ്വര രാജ്യം എന്ന നിലയില്‍ കുടുംബസംരക്ഷണത്തിനു വേണ്ട നിയമ വ്യവസ്ഥയും ഇവിടെയില്ല. സംരംഭകര്‍ക്ക് വായ്പകള്‍ ലഭിക്കാന്‍ വ്യക്തിജാമ്യം നല്‍കേണ്ടിവരും. ബിസിനസില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് കുടുംബത്തെ ഒന്നാകെ ബാധിക്കും. കുടുംബത്തിന് മേല്‍ വ്യക്തി ജാമ്യങ്ങള്‍ ഉള്ളതുകൊണ്ട് ഈ ബിസിനസുകള്‍ പൂര്‍ണമായും പ്രൊഫഷണലുകളെ ഏല്‍പ്പിക്കാനും കഴിയില്ല.

പലപ്പോഴും ഫാമിലി ബിസിനസ് ചര്‍ച്ചകളെല്ലാം പ്രമുഖ കുടുംബങ്ങളായ ഗോദ്‌റെജ്, അംബാനി എന്നിവയെ കുറിച്ച് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷം കുടുംബ ബിസിനസുകളും ചെറുകിട ഇടത്തരം സംരംഭങ്ങളാണ്. വന്‍കിട ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥാപനത്തിലേയ്ക്ക് സ്‌പെഷലിസ്റ്റുകളെയും മറ്റ് മികച്ച മാനേജ്‌മെന്റ് വിദഗ്ധരെയും ആകര്‍ഷിക്കാനും നിലനിര്‍ത്താനും ഈ സംരംഭങ്ങള്‍ക്ക് കഴിയുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ഉടമസ്ഥര്‍ തന്നെ പ്രധാന ജോലികള്‍ ഏറ്റെടുക്കുന്നു, പല പ്രധാന തീരുമാനങ്ങളും വ്യത്യസ്തമായ ജോലികളും ഇവരുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ചുമതലയായി മാറുന്നു. ബിസിനസ് ആശയം മുതല്‍ നിക്ഷേപവും ബിസിനസ് മാനേജ്‌മെന്റും ദൈനംദിന പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രൊഫഷണലൈസേഷന്‍, ഡെലിഗേഷന്‍ എന്നൊക്കെ പറയുമെങ്കിലും എസ്എംഇ സംരംഭങ്ങളിലൂടെ ഉടമസ്ഥത കുടുംബത്തിനുള്ളില്‍ തന്നെയാണ്. അതുകൊണ്ട് അടുത്ത അവകാശിയും കുടുംബത്തില്‍ നിന്ന് തന്നെ.

അപ്പോള്‍ കേരളത്തിലോ?

കേരളത്തിലെ കുടുംബ ബിസിനസുകള്‍ കൂടുതല്‍ വിശാലമായൊരു കാഴ്ചപ്പാട് സ്വീകരിക്കേണ്ട കാലമായി. ഇവിടെ ഒതുങ്ങി നില്‍ക്കാതെ അവര്‍ രാജ്യമൊട്ടാകെയുള്ള ബിസിനസിന്റെ ഭാഗമാവുകയും വേണം. ജ്യോതി ലബോറട്ടറീസിന്റെ എം.പി രാമചന്ദ്രന്‍ പറയുന്നത് അദ്ദേഹത്തിന്റെ കമ്പനി ശരിയായ വളര്‍ച്ച കൈവരിച്ചത് കേരളത്തിന് പുറത്തെത്തിയതിനു ശേഷമാണ് എന്നാണ്. വ്യത്യസ്തരായ ആളുകളുമായി ഇടപഴകി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ തൊഴിലാളിത്തര്‍ക്കങ്ങള്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഈ സംസ്ഥാനത്തിലേക്കുള്ള ബിസിനസുകാരുടെ വരവിനെ കാര്യമായി ബാധിച്ചു. പല സംസ്‌കാരങ്ങളുമായി ഇടപഴകി ബിസിനസിനെ കൂടുതല്‍ വിപുലമാക്കാന്‍ ഇവിടെയുള്ള സംരംഭകര്‍ക്ക് കഴിയാതെ പോയതും

അതുകൊണ്ടാണ്.

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പല കുടുംബ ബിസിനസുകളും തകര്‍ച്ച നേരിടുന്നത് എന്തുകൊണ്ടാണ്?

ഇത് എല്ലാ ബിസിനസുകള്‍ക്കും ബാധകമായ കാര്യമാണ്. കുടുംബ ബിസിനസുകള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പലതും ചെയ്തുകഴിഞ്ഞു എന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തുടങ്ങിയതാണ് സംരംഭം. ഇന്ന് എല്ലാം മാറിക്കഴിഞ്ഞു. പുതുമയാണ് ഇനി വേണ്ടത്. പുതിയ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, പ്രവര്‍ത്തന രീതികള്‍, ബിസിനസ് മോഡലുകള്‍ എന്നിവയെക്കുറിച്ചെല്ലാം പഠിക്കണം, ഇത്തരം ബിസിനസുകള്‍ നടത്താന്‍ വേണ്ട കഴിവുകള്‍ സ്വന്തമാക്കണം, സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തണം, ബിസിനസില്‍ ചേരാന്‍ അടുത്ത തലമുറയെ പ്രാപ്തരാക്കണം, വലിയ വളര്‍ച്ചയ്ക്ക് വേണ്ടി തയ്യാറെടുക്കണം. ഇത്രകാലം വരെ ഇന്ത്യയിലെ ബിസിനസുകള്‍ക്ക് പ്രതിസന്ധികള്‍ പലതായിരുന്നു, പക്ഷെ, ഇപ്പോള്‍ അവസരങ്ങള്‍ ഏറെയാണ്. ഇനി മുന്നോട്ട് നടക്കുകയേ വേണ്ടു, എന്താണ് ആവശ്യമെന്നു മനസിലാക്കി പ്രവര്‍ത്തിക്കുക. സ്വയം സൃഷ്ടിച്ച ലക്ഷ്മണരേഖകള്‍ മറികടക്കാന്‍ സമയമായി.

ഉടമസ്ഥതയും മാനേജ്‌മെന്റും ശരിയായ രീതിയില്‍ ചേര്‍ത്ത് കൊണ്ടുപോയി ബിസിനസ് ഒരു വിജയമാക്കിത്തീര്‍ക്കാന്‍ എന്താണ് ചെയ്യേണ്ടത്?

ഇവ രണ്ടും ചേര്‍ന്ന് പോകുന്നതിനു ഗുണങ്ങള്‍ ഏറെയുണ്ട്. ഉടമസ്ഥന്റെ ബാധ്യത ഭീമമായതുകൊണ്ട് ബിസിനസ് പൂര്‍ണമായും ഉടമസ്ഥതയില്ലാത്ത ഒരാളെ ഏല്‍പ്പിക്കുന്നതില്‍ അപകടമുണ്ട്. അമിതാഭ് ബച്ചന്‍ എബിസിഎല്‍ സിഇഒ ആയ സഞ്ജീവ് ഗുപ്തയെ ഏല്‍പ്പിച്ചതുപോലെ. പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ സിഇഒ രാജിവച്ച് കൊക്കകോളയില്‍ ചേര്‍ന്നു, അദ്ദേഹത്തിന്റെ ജീവിതത്തിനു ഒന്നും സംഭവിച്ചില്ല, ജപ്തി ചെയ്യപ്പെട്ടത് ബച്ചന്റെ സ്വത്തുക്കള്‍.

എങ്കിലും ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് മികച്ച ഒരു സംവിധാനവും ആന്തരിക നിയന്ത്രണവും ഉണ്ടാകേണ്ടതുണ്ട്. ഉടമസ്ഥരല്ലാത്ത ജീവനക്കാര്‍ക്ക് ബിസിനസില്‍ പ്രധാന പങ്ക് വഹിക്കാന്‍ വേണ്ട സൗകര്യവും വേണം. ലാഭത്തിലെ ഒരു വിഹിതം, ജീവനക്കാര്‍ക്ക് ഓഹരി പങ്കാളിത്തം (ESOP) എന്നിവ ലഭ്യമാക്കിയാല്‍ ഉടമസ്ഥതയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും വ്യത്യാസം വരും.

ബിസിനസ് മാനേജ്‌മെന്റിലെ വെല്ലുവിളികളെയും സ്വന്തം ഉത്തരവാദിത്തങ്ങളെയും കുറിച്ച് സംരംഭകരും അറിഞ്ഞിരിക്കണം. ഏത് തീരുമാനമായാലും അതിന്റെ ഫലം എന്തായിരിക്കും എന്നതിനെക്കുറിച്ച് നല്ല ധാരണ വേണം. മാനേജ്‌മെന്റില്‍ ഇടപെടുന്നില്ലെങ്കില്‍ പോലും സംഭവിക്കുന്ന കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം.

പുതിയ തലമുറയിലേക്ക് അധികാരം കൈമാറുക എന്ന വെല്ലുവിളി നേരിടാനുള്ള ഏറ്റവും ഫലവത്തായ മാര്‍ഗം എന്താണ്?

എത്രയും നേരത്തെ അവരെ ബിസിനസിലേക്ക് കൊണ്ടുവരാമോ അത്രയും നല്ലത്. പഴയ തലമുറയുടെ അധ്വാനവും സ്വന്തം ജീവിതത്തില്‍ ബിസിനസിനുള്ള സ്ഥാനവും മനസിലാക്കാന്‍ ഇതവരെ സഹായിക്കും. ബിസിനസിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള പ്രായോഗികമായ അറിവ് നേടാനും ഈ പരിചയം നല്ലതാണ്. കുടുംബ ബിസിനസിനെക്കുറിച്ച് അഭിമാനവും ഏറെയാകും. ഒരു പലചരക്ക് കടയെ എങ്ങനെ വാള്‍മാര്‍ട്ട് ആക്കാം എന്ന് അവര്‍ ചിന്തിക്കാനും തുടങ്ങും.

മികച്ച ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയാണ് രണ്ടാമത്തെ പ്രധാന കാര്യം. പുതിയ തലമുറയുടെ വ്യക്തിത്വം അംഗീകരിക്കുക, അവരുടെ പോരായ്മകള്‍ കൊട്ടിഘോഷിക്കാതിരിക്കുക. പരസ്പരം മനസിലാക്കുക.

മൂന്നാമതായി, അഭിപ്രായ വ്യത്യാസങ്ങളും മാറുന്ന കാഴ്ചപ്പാടുകളും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ മികച്ച രീതിയില്‍ നേരിടാനും തരണം ചെയ്യാനും പഠിക്കണം.

എല്ലാവരും എപ്പോഴും പഠിച്ചുകൊണ്ടിരിക്കുക എന്നതാണ് അവസാനത്തെ കാര്യം. പുതിയ തലമുറ പഠിക്കേണ്ടത് ക്ഷമയാണ്, മുന്‍ തലമുറ ബിസിനസ് കാര്യങ്ങള്‍ വിട്ടുകൊടുക്കാനും പുതിയ അവകാശികളെ അംഗീകരിക്കാനും പഠിക്കണം.

ഫാമിലി ബിസിനസുകള്‍ ഭാവിയിലേക്ക് വേണ്ട തയാറെടുപ്പുകള്‍ എങ്ങനെ തുടങ്ങണം? ഇവര്‍ക്ക് ഒരു ഭരണഘടനയുടെ ആവശ്യമുണ്ടോ?

കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ ബിസിനസ് രംഗത്ത് എത്താനായി പരിശീലിപ്പിക്കണം. ഒരു ബിസിനസ് വിജയകരമായി നടത്താന്‍ ആവശ്യമായ ആത്മവിശ്വാസവും ധൈര്യവും ദൃഢചിന്തയും സഹാനുഭൂതിയും അവര്‍ നേടണം. പണത്തിന്റെ മൂല്യവും മറ്റുള്ളവരോട് കാണിക്കേണ്ട ബഹുമാനവും പഠിപ്പിക്കണം. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവരെ ഈ രംഗത്തിനു ആവശ്യമായ രീതിയില്‍ തയാറെടുപ്പിക്കണം. പരസ്പരം ചര്‍ച്ച ചെയ്ത ഒരു ഭരണഘടനയോ ധാരണാപത്രമോ ഉണ്ടാക്കുകയും വേണം. ബിസിനസ് പിന്തുടരുന്ന മൂല്യങ്ങളും വിഷനും മനസിലാക്കാന്‍ ഇത് സഹായിക്കും. പക്ഷെ, ഏറെ ശ്രമിച്ച് തയാറാക്കിയ ചട്ടങ്ങള്‍ക്ക് പലപ്പോഴും ആവശ്യമായ പരിഗണന ലഭിക്കാറില്ല എന്നതും സത്യം.

ഇന്ത്യയിലും വിദേശത്തും കുടുംബ ബിസിനസുകള്‍ക്ക് വിജയമാതൃകകളായ മൂന്ന് ഗ്രൂപ്പുകള്‍ ഏതെല്ലാമാണ്? എന്താണ് അവരുടെ വിജയ രഹസ്യം?

പ്രമുഖമായ ബ്രാന്‍ഡുകള്‍ എടുക്കുകയാണെങ്കില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഒരു മികച്ച മാതൃകയാണ്. ജി ഡി ബിര്‍ള കൊച്ചുമകനായ ആദിത്യ ബിര്‍ളയെയും അദ്ദേഹം മകന്‍ കുമാരമംഗലം ബിര്‍ളയെയും എങ്ങനെ കുടുംബമൂല്യങ്ങള്‍ പഠിപ്പിച്ച് ഈ മേഖലയിലേക്ക് കൊണ്ടുവന്നു എന്നത് പഠിക്കേണ്ട കാര്യമാണ്. ഓരോരുത്തരും ബിസിനസിന്റെ വിപണി മൂല്യം പതിന്മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്തു. പട്ടേല്‍ എക്‌സ്ട്രൂഷന്റെ മോഹന്‍ഭായി പട്ടേല്‍ അടുത്ത തലമുറയെ പരിശീലിപ്പിച്ചതും പത്തിലേറെ കുടുംബങ്ങള്‍ ബിസിനസിലുള്ള ആര്‍ ആര്‍ കാബെല്‍ കൃത്യമായ ചിട്ടകളിലൂടെ ബിസിനസ് വളര്‍ത്തുന്നതും മാതൃകയാക്കണം. ചന്ദേരിയ കുടുംബമാണ് മറ്റൊരു ഉദാഹരണം.

ഇവരുടെയെല്ലാം വിജയരഹസ്യമോ? ബിസിനസിലെ പ്രധാന പദവി ഉടമസ്ഥന് തന്നെ. കുടുംബാംഗങ്ങള്‍ അല്ലാത്ത ജീവനക്കാരെ ബഹുമാനിക്കാനും അവരെ ശാക്തീകരിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നു. കൃത്യമായ പ്രവര്‍ത്തനരീതിയും സംവിധാനവും വിഷനും ഉള്ള സ്ഥാപനങ്ങള്‍ പണിതുയര്‍ത്തി... ഏറ്റവും പ്രധാനമായി, കരുത്തുറ്റ കുടുംബ മൂല്യങ്ങളാണ് എപ്പോഴും ഇവരുടെ ആശ്രയം.

കുടുംബ ബിസിനസുകള്‍ പിന്തുടരേണ്ട അഞ്ച് പ്രധാന കാര്യങ്ങള്‍ എന്തെല്ലാമാണ്?

1. ഏറ്റവും താല്‍പ്പര്യത്തോടെയും ഊര്‍ജസ്വലതയോടും പുതിയ തലമുറ ബിസിനസിന്റെ ഭാഗമാകാന്‍ വേണ്ടി സമയവും എനര്‍ജിയും ചെലവഴിക്കുക

2. നിങ്ങളെക്കാള്‍ കഴിവുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പഠിക്കുക

3. അധികാരവും ഉത്തരവാദിത്തവും കൃത്യമായി വേര്‍തിരിക്കുന്ന സ്ഥാപനം കെട്ടിപ്പടുക്കുക

4. ഓപ്പറേഷനല്‍, സ്ട്രാറ്റജിക് എന്ന് ജോലികളെ തരംതിരിക്കാന്‍ കഴിയണം. ഡെലിഗേറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ആദ്യത്തേത്. സ്ട്രാറ്റജിക് വിഭാഗത്തില്‍ പെടുന്ന കാര്യങ്ങള്‍ ഉടമസ്ഥരോ ടോപ്പ് മാനേജ്‌മെന്റോ മാത്രം ചെയ്യേണ്ടതാണ്.

5. കുടുംബത്തിലെ സ്ത്രീകളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുക. നല്ല പരിശീലനം ലഭ്യമാക്കിയാല്‍ ബിസിനസിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കാന്‍ ഇവര്‍ക്ക് കഴിയും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it