കെട്ടുറപ്പോടെ കുടുംബ ബിസിനസ്- കണ്ടു പഠിക്കാം ജാപ്പനീസ് കുടുംബ ബിസിനസുകള്‍

രണ്ടാം തലമുറയ്ക്കു ശേഷം പോലും കുടുംബ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് പലപ്പോഴും നാം കാണുന്നത്. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുടുംബ ബിസിനസ് സംരംഭങ്ങള്‍ ലോകത്തുണ്ട്.

പല തലമുറകളിലേക്ക് കൈമാറി വന്ന, ഇന്നും മുന്‍നിരയില്‍ നില്‍ക്കുന്ന കുടുംബ ബിസിനസുകള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യയിലും കേരളത്തിലുമുണ്ട്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു വളരാന്‍ ഇവയ്ക്ക് സാധിച്ചതിന് പിന്നില്‍ വിവിധ ഘടകങ്ങളുണ്ട്.

ഒരു പക്ഷെ ഏറ്റവും പഴക്കമേറിയ കുടുംബ ബിസിനസ് സംരംഭങ്ങളുള്ളത് ജപ്പാനിലായിരിക്കാം. ഒരു ലക്ഷത്തോളം ജാപ്പനീസ് ബിസിനസ് സംരംഭങ്ങള്‍ 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളവയാണ്. ഇവയില്‍ തന്നെ നൂറോളം സംരംഭങ്ങള്‍ 600 വര്‍ഷത്തിന് മുകളിലുളളവയാണ്.

2008ലെ ബാങ്ക് ഓഫ് കൊറിയയുടെ 41 രാജ്യങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം 5,586 കമ്പനികള്‍ 200 വര്‍ഷം പഴക്കമുള്ളവയാണ്. ഇവയില്‍ 56 ശതമാനം സംരംഭങ്ങളും ജപ്പാനിലാണ് സ്ഥിതി ചെയ്യുന്നത്.
മൂല്യാധിഷ്ഠിതമായ പ്രവര്‍ത്തനശൈലി ജപ്പാനിലുള്ള കൊങ്കോ ഗുമി ഗ്രൂപ്പാണ് ലോകത്തിലെ തന്നെ ഏറ്റവും പഴയ കുടുംബ ബിസിനസ് ആയി കരുതുന്നത്.

1420 വര്‍ഷങ്ങളുടെ ചരിത്രമാണ് ഈ സംരംഭത്തിന് പറയാനുള്ളത്. 40 തലമുറകള്‍ ഉള്‍പ്പെട്ട ഈ സ്ഥാപനം ബുദ്ധമത ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്ന മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2006ല്‍ ഈ സ്ഥാപനത്തെ മറ്റൊരു ജാപ്പനീസ് ഗ്രൂപ്പ് വാങ്ങിയെങ്കിലും അതിന്റെ അനുബന്ധ സ്ഥാപനമായി അതേ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു.

ഇപ്പോഴത്തെ കുടുംബ ബിസിനസുകള്‍ക്ക് കൊങ്കോ ഗുമി എന്ന സംരംഭത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. പ്രത്യേകിച്ച് ഈ സംരംഭം പിന്തുടരുന്ന മൂല്യാധിഷ്ഠിത മാനേജ്‌മെന്റ്, പിന്തുടര്‍ച്ചാ പദ്ധതികളെക്കുറിച്ച്. ലാഭം എന്നതിനേക്കാള്‍ ചില വിശ്വാസപ്രമാണങ്ങള്‍ക്കാണ് സ്ഥാപനം പ്രാധാന്യം നല്‍ കുന്നത്.

എല്ലാ ജാപ്പനീസ് സംരംഭങ്ങള്‍ക്കും തന്നെ ഇത്തരത്തിലുള്ള ചില വിശ്വാസപ്രമാണങ്ങളുണ്ട്. കമ്പനി യുടെ മോട്ടോ, സ്ലോഗണ്‍ എന്നിവ വഴി അത് അവര്‍ തലമുറകളിലേക്കും ജീവനക്കാരിലേക്കും ബന്ധപ്പെട്ട എല്ലാവരിലേക്കും പകരുന്നു. ഉപഭോക്താവുമായി വിശ്വാസ്യതയില്‍ അടിയുറച്ച ബന്ധം സൃഷ്ടിക്കാന്‍ ഇത് സഹായിക്കുന്നു. ഒരു കുടുംബ സംസ്‌കാരവും മൂല്യാധിഷ്ഠിത ശൈലിയും സൃഷ്ടിക്കുകയും അത് വരുന്ന തലമുറകളിലേക്കു കൂടി കൈമാറുകയും ചെയ്യേണ്ടത് കുടുംബ ബിസിനസുകളുടെ നിലനില്‍പ്പിന് വളരെ പ്രധാനമാണ്.

സ്ത്രീ-പുരുഷ വേര്‍തിരിവില്ല

പുരുഷനോ സ്ത്രീയോ എന്ന വേര്‍തിരിവ് ഇല്ലാതെയാണ് കൊങ്കോ ഗുമി ഗ്രൂപ്പ് തങ്ങളുടെ പിന്തുടര്‍ച്ചാ പദ്ധതി രൂപികരിച്ചിട്ടുള്ളത്. വനിതകളോ മരുമക്കളോ ആകട്ടെ നേതൃസ്ഥാനത്തെത്താന്‍ കഴിവുള്ളവരായിരിക്കും കുടുംബ ബിസിനസിന്റെ തലപ്പത്തേക്ക് എത്തുക. പല പ്രമുഖ ജാപ്പനീസ് കുടുംബങ്ങളിലും മരുമക്കള്‍ കുടുംബ ബിസിനസിലേക്കു വരുകയും കുടുംബപ്പേരിനെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു.

കൊങ്കോ ഗ്രൂപ്പ് കുടുംബ ബന്ധങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്നു. ''കുടുംബം നല്ല രീതിയിലാണെങ്കില്‍ കമ്പനിയും വളരുന്നു. കമ്പനി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബ വും മികച്ചതാകുന്നു. രണ്ട് ചക്രങ്ങള്‍ ഒരുമിച്ചു മുന്നോട്ടു കുതിക്കുന്നതു പോലെയാണിത്.'' കൊങ്കോ കുടുംബ ബിസിനസിന്റെ 40 ാം തലമുറയിലെ അംഗമായ മസാക്കാസു കൊങ്കോ പറയുന്നു.

ഈ കുടുംബത്തിലെ മറ്റൊരു രസകരമായ രീതിയുണ്ട്. മരുമകന്‍ കുടുംബ ബിസിനസിലേക്കു ചേരുമ്പോഴും കൊങ്കോ എന്ന കുടുംബപ്പേര് തന്നെയാണ് സ്വീകരിക്കുന്നത്. ഈ ജാപ്പനീസ് രീതി വഴി ആ തലമുറയില്‍ വേറെ ആണ്‍മക്കള്‍ ഇല്ലെങ്കില്‍പ്പോലും സംരംഭത്തിന്റെ പേര് നിലനിര്‍ത്താനാകുന്നു.

അനുകരിക്കാം ജാപ്പനീസ് ശൈലി

ജപ്പാനിലെ കുടുംബ ബിസിനസുകളുടെ വിജയത്തിന് മറ്റൊരു കാരണം ജാപ്പനീസ് സംസ്‌കാരത്തിന്റെ പ്രത്യേകത കൂടിയാണ്.''ജപ്പാനില്‍ ബിസിനസ് ചെയ്യുകയെന്നതിന്റെ യുക്തി സമര്‍പ്പണമനോഭാവത്തിന്റെ യുക്തിയാണ്. അല്ലാതെ തെരഞ്ഞെടുപ്പിന്റെ യുക്തിയല്ല.'' ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ നിസാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസിലെ ഹഗ് വിടാകര്‍ പറയുന്നു.

ജപ്പാനിലെ ബിസിനസ് സംസ്‌കാരം ഊന്നല്‍ കൊടുക്കുന്നത് തലമുറകള്‍ക്ക് അപ്പുറത്തേക്ക് സംരംഭത്തെ വളര്‍ത്താനാണ്, അല്ലാതെ ഹ്രസ്വകാല ലാഭമല്ല.2006 വരെ പ്രഭാവത്തോടെ നിലനിന്ന കൊങ്കോ ഗുമി ഗ്രൂപ്പിന്റെ പ്രയാണത്തെ ചില ഘടകങ്ങള്‍ പ്രതികൂലമായി ബാധിച്ചു.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കമ്പനിയുടെ സാമ്പത്തിക വിഭവങ്ങളുടെ അമിതവിനിയോഗവും സാമൂഹ്യ സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതും കമ്പനിയുടെ നാശത്തിന് കാരണമായി.

അതിനുശേഷം ജപ്പാനിലെ തകാമറ്റ്‌സു എന്ന വമ്പന്‍ നിര്‍മാണ കമ്പനി തങ്ങളുടെ സബ്‌സിഡിയറി ആയി കൊങ്കോ ഗുമിയെ ഏറ്റെടുക്കുകയായിരുന്നു.

കുടുംബ ബിസിനസുകൾക്ക് എങ്ങനെ ശാശ്വത വിജയം നേടാം എന്ന വിഷയത്തിൽ പഠനം നടത്തിയ സെയ്ന്റ് ഗിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സെന്റർ ഫോർ ഫാമിലി ബിസിനസിലെ ഡോ. റോജി ജോർജും സുമിന സൂസൻ കൊച്ചിട്ടിയും ചേർന്ന് തയാറാക്കിയ ലേഖനം: ഇ-മെയ്ൽ: scfb@saintgits.org. 2017 ഡിസംബർ ലക്കം ധനം മാഗസിനിൽ പ്രസിദ്ധീകരിച്ചത്.

Related Articles
Next Story
Videos
Share it