ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാം; പ്രയോജനപ്പെടുത്താം 'ലോക്ഡ് - ഇന്‍' ആകാത്ത ഈ സാങ്കേതിക വിദ്യകള്‍

വര്‍ക്കി പട്ടിമറ്റം

അടിക്കടി സാങ്കേതിക വിദ്യകളും ബിസിനസ് തന്ത്രങ്ങളും പ്രക്രിയകളും മാറിക്കൊണ്ടിരിക്കുന്ന രംഗത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ ജീവനക്കാര്‍ക്ക് ഇടയ്ക്കിടെ ട്രെയിനിംഗ് നല്‍കിയേ പറ്റൂ. ദൂരെയുള്ള പരിശീലന കേന്ദ്രങ്ങളില്‍ നിലവാരമുള്ള പഠനങ്ങള്‍ക്ക് കനത്ത ഫീസും യാത്രാചെലവും മുറിവാടകയും നല്‍കി ജീവനക്കാരെ അയയ്ക്കാറുമുണ്ട് പല സ്ഥാപനങ്ങളും. പലരും ഇതൊരു വിനോദയാത്രയാക്കി മാറ്റുന്നു. ക്ലാസ് മുറികളിലിരുന്നു ഉറക്കം തൂങ്ങുന്നു; ചിലര്‍ ക്ലാസുകളില്‍ നിന്ന് മുങ്ങുന്നു. ലക്ഷക്കണക്കിന് ഓഫീസുകള്‍ അടച്ചിട്ട് ലോകജനതയുടെ നല്ലൊരു ശതമാനം വീടുകളിലിരിക്കുന്ന കൊറോണ കാലത്തും ഒരു മുടക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന പല സാങ്കേതിക വിദ്യകളും നാമിന്ന് കാണുന്നുണ്ട്. കൂട്ടത്തില്‍പെടുന്ന ഓണ്‍ലൈന്‍ സ്റ്റാഫ് ട്രെയിനിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി എവിടെയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ഏതു വിഷയത്തിലും കുറഞ്ഞ ചെലവില്‍ പരിശീലനം നേടാനുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.

3000 വിഷയങ്ങള്‍ പഠിക്കാം

യുഡെമി (udemy) എന്ന അമേരിക്കന്‍ കമ്പനിയുടെ ട്രെയിനിംഗ് പ്ലാറ്റ്‌ഫോം വഴി 3000 വിഷയങ്ങള്‍ പഠിക്കാം. ഇതില്‍ ഭൂരിഭാഗവും സാങ്കേതികവിദ്യകളാണ്. നൂറിലേറെ രാജ്യങ്ങളിലായി നാലായിരത്തിലേറെ കമ്പനികള്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നു. കേവലം 360 രൂപയ്ക്ക് പോലും പഠിക്കാവുന്ന കോഴ്‌സുകളുണ്ട്. വിപ്രോ, ടെക് മഹീന്ദ്ര, ടെട്രാസോഫ്റ്റ് തുടങ്ങിയ ഇ്ത്യന്‍ കമ്പനികളും യുഡെമിയുടെ സേവനം പ്രയോജനപ്പെടുത്തുന്നു. വിദഗ്ധരായ ട്രെയിനര്‍മാര്‍ ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ ഓഡിയോ, വിഡിയോ, പ്രസന്റേഷന്‍ എന്നിവയുള്‍പ്പെടുന്ന ഇമേഴ്‌സീവ് ട്രെയിനിംഗ് (Immersive training) ആണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ നമുക്ക് ലഭിക്കുന്നത്. ഇത് ലാപ്‌ടോപ്പിലോ മൊബൈല്‍ ഫോണിലോ ഡൗണ്‍ലോഡ് ചെയ്ത് സൗകര്യം പോലെ കണ്ടും കേട്ടും വായിച്ചും പഠിക്കാം. സ്ഥാപനത്തിന്റെ സഹായമില്ലാതെ തന്നെ തൊഴില്‍ മേഖലയില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്ന ആര്‍ക്കും ഇതുവഴി നൈപുണ്യം നേടാം.

യുഡെമി ഒരുദാഹരണം മാത്രം. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ തുടക്കമിട്ട മറ്റു പല ഓണ്‍ലൈന്‍ സ്റ്റാഫ് ട്രെയിനിംഗ് സഥാപനങ്ങളും ഈ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നല്‍കി വരുന്നു. അവയെപ്പറ്റി വിസ്തരിക്കുന്നതിനു പകരം വിവരങ്ങള്‍ ലഭ്യമായ വെബ്‌സൈറ്റുകളെ ചൂണ്ടിക്കാണിക്കാം. v360e.com, shop vista-training.com, learninglight.com, eidesign.net, shezartech.com, zeuslearning.com എന്നിവ അവയില്‍ ചിലതുമാത്രം.

നേരിട്ടു പരിശീലനം

പ്രമുഖ ഐടി സ്ഥാപനങ്ങള്‍ക്കെല്ലാം തന്നെ സ്റ്റാഫ് ട്രെയിനിംഗിനായി സ്വന്തം പ്ലാറ്റ്‌ഫോമുകളുണ്ട്. ചില കമ്പനികള്‍ അവ മറ്റുള്ളവര്‍ക്കും നാമമാത്രമായ ഫീസുവാങ്ങി നല്‍കുന്നുണ്ട്. ഗൂഗ്‌ളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സും ആക്‌സെഞ്ചറിന്റെ ഇ.ആര്‍.പി, പ്രോജക്റ്റ് മാനേജ്‌മെന്റ് കോഴ്‌സുകളും ഉദാഹരണങ്ങള്‍. ആമസോണ്‍ അവരുടെ മെഷീന്‍ ലേണിംഗ് കോഴ്‌സ് സൗജന്യമായി നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചുരുങ്ങിയ ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ ട്രെയിനിംഗ് എന്തുകൊണ്ടും അഭികാമ്യമാണ്. കോഴ്‌സ് ഫീസ് കുറവാണെന്നു മാത്രമല്ല, യാത്രാചെലവും താമസച്ചെലവുമൊഴിവാക്കാം.

ആള്‍, സ്ഥലത്തുതന്നെയുണ്ടാകുമെന്നതിനാല്‍ അത്യാവശ്യ ജോലികളെ ബാധിക്കില്ല. യഥാര്‍ത്ഥതാല്‍പര്യമുള്ളവര്‍ക്കെല്ലാം പരിശീലനം നല്‍കാം. കുടുംബത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള സാഹചര്യമില്ലാത്തവര്‍ക്കും പരിശീലനം നേടാം. ഏറ്റവും പുതിയ വിഷയങ്ങളില്‍ ഏറ്റവും വിദഗ്ധരായ ട്രെയിനര്‍മാരില്‍ നിന്നും നേരിട്ടു പരിശീലനം നേടാം. സ്ഥാപനത്തെ സംബന്ധിച്ച് പ്രസക്തമായ വിഷയങ്ങളില്‍ പരിശീലനം നേടിയ വിദഗ്ധര്‍ മറ്റു ജീവനക്കാര്‍ക്ക് അതേപ്പറ്റി പ്രസന്റേഷന്‍ നല്‍കി ബോധവല്‍ക്കരിക്കുന്നതും നല്ലതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളുള്‍പ്പെടുത്തുന്ന പ്രവണതയുണ്ട് പല സ്ഥാപനങ്ങളിലും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it