വരൂ, മനോഭാവം ഇത്തരത്തില്‍ മാറ്റൂ; സംരംഭത്തെ അഴിച്ചു പണിയാം
സംരംഭങ്ങള്‍ പലതും പൂട്ടിപ്പോയിരിക്കുന്ന അവസ്ഥയിലാണ്. പലസംരംഭങ്ങളും തിരിച്ചുവരവിന്റെ പാതയിലുമാണ്. പിച്ചവച്ചും തപ്പിത്തടഞ്ഞും മുന്നോട്ട് പോകുമ്പോള്‍ മനസ് മടുത്തുപോകരുത്. എങ്ങനെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകും? എങ്ങനെ സംരംഭത്തെ അഴിച്ചുപണിയും? നോക്കാം.
നമുക്ക് ആദ്യം ഹ്രസ്വകാലത്തേക്ക് എന്തു ചെയ്യണമെന്നു നോക്കാം. അതായത് അടുത്ത രണ്ടുവര്‍ഷക്കാലം. എല്ലാ ബിസിനസുകളിലും അങ്ങേയറ്റം കീഴ്‌മേല്‍ മറിക്കലുകള്‍ ആണ് ഈ അടുത്ത കാലത്ത് കണ്ട് വരുന്ന പ്രധാനമാറ്റം. നമ്മള്‍ ബിസിനസില്‍ പിന്തുടരുന്ന ശൈലിയില്‍ നിന്ന് വ്യത്യസ്തമായ രീതികൊണ്ട്, മറ്റൊരാള്‍ അതേ ബിസിനസ് വളരെ മികച്ച രീതിയില്‍ ചെയ്യുമ്പോള്‍ അവിടെ ഡിസ്്‌റപ്ഷന്‍ സംഭവിച്ചു കഴിഞ്ഞു.
കൊറോണ മൂലം യാത്രാ വിലക്ക് വന്നതോടെ യാത്രകള്‍ ഒഴിവായി. മീറ്റിംഗുകള്‍ക്ക് സൂം പോലുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുതുടങ്ങി. ഇതുമൂലം ട്രാവല്‍, ടൂറിസം, ഹോട്ടല്‍ വ്യവസായങ്ങളിലെല്ലാം ഡിസ്്‌റപ്ഷന്‍ വരും. ഡിസ്‌റപ്ഷനുകള്‍ നമുക്ക് അനുകൂലവും പ്രതികൂലവുമായി ബാധിക്കും. നാം എപ്പോഴും അതിന്റെ പോസിറ്റീവ് വശം കാണണം.
അടുത്ത രണ്ടുവര്‍ഷക്കാലം സംരംഭകര്‍ നിലവിലുള്ള ഉല്‍പ്പാദനം കുറയ്ക്കരുത്. ജീവനക്കാരെ പിരിച്ചുവിടരുത്. പകരം പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ നൂതന മാര്‍ഗങ്ങളിലൂടെ മുന്നേറാമെന്ന് നോക്കണം. ഇന്നൊവേഷനാകണം സംരംഭത്തിന്റെ കാതല്‍. ഏറ്റവും കാര്യക്ഷമമായി, ഫലപ്രദമായി എന്നാല്‍ ചെലവ് കുറച്ച് ബിസിനസ് ചെയ്യാനുള്ള വഴിയാണ് സംരംഭകര്‍ നോക്കേണ്ടത്.
ഒരിക്കലും ബിസിനസ് വിപുലീകരണത്തിന് പോകരുത്. വാഹനം ന്യൂട്രലില്‍ ഇട്ട് ഓടിക്കും പോലെ കൊണ്ടുപോകുക.
ഈ ഘട്ടത്തില്‍ എങ്ങനെ ചെലവ് ചുരുക്കണം?
വലിയ ഓഫീസ് സ്‌പേസും മറ്റ് സൗകര്യങ്ങളും ഇനി കുറയ്ക്കാം. അത്തരത്തിലുള്ള ചെലവുകള്‍ പരമാവധി കുറയ്ക്കാം.
അവശ്യയാത്രകള്‍ മാത്രം മതി.
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരമാവധി പേരെ വീഡിയോ കോളിലൂടെയും മറ്റും കണ്ട് ചര്‍ച്ചകള്‍ നടത്താം.
സീറോ ബേസ്ഡ് ബജറ്റിംഗ് സമ്പ്രദായം കൊണ്ടുവരിക. പൊതുവേ കഴിഞ്ഞ വര്‍ഷം സെയ്ല്‍സ് എത്രയായിരുന്നോ അതിന്റെ പത്തുശതമാനം ഈ വര്‍ഷം കൂട്ടുക എന്നതുപോലുള്ള ശൈലിയാണ് ചെറുകിട സംരംഭകര്‍ സ്വീകരിക്കുക.
അത്തരത്തിലുള്ള വര്‍ധന എല്ലാ രംഗത്തും നടത്തും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം ടെലിഫോണ്‍ ബില്‍ 10,000 രൂപയായിരുന്നു. ഈ വര്‍ഷം അത് 12,000 മാക്കും. എന്നാല്‍ ഇനി അത് പാടില്ല. സംരംഭകന്‍ ടീമിന് മുന്നില്‍ വെയ്ക്കുന്ന അടിസ്ഥാന നിരക്ക് സീറോയായിരിക്കണം.
ടീം അവര്‍ക്ക് ഈ വര്‍ഷം വേണ്ട അവശ്യകാര്യങ്ങള്‍ പറയട്ടേ. ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഏറ്റവും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുള്ള വഴിയാണ് നോക്കേണ്ടത്. കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനശൈലികളും ബജറ്റിംഗും ഒന്നും പരിഗണിക്കേണ്ടതുണ്ട്.
പണം കടവാങ്ങിയിരിക്കുന്നത് എവിടെ നിന്നായാലും അവരോട് കൃത്യമായി കാര്യങ്ങള്‍ പറയുക. പലിശ ഇളവ് വാങ്ങുക: അടിസ്ഥാനപരമായി ദുര്‍ബലമായ കമ്പനികള്‍ ഇപ്പോള്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നുണ്ടാകും. ചെറിയ കാറ്റടിച്ചാല്‍ അവ തകര്‍ന്നുവീഴുമായിരുന്നു. കൊറോണ ഒരു കൊടുങ്കാറ്റായതിനാല്‍ അവയുടെ സ്ഥിതി ഗുരുതരമായി എന്നുമാത്രം.
പലരും സംരംഭം നടത്താന്‍ 36 ശതമാനവും അതിലേറെയും പലിശയ്ക്ക് പണമെടുത്തിട്ടുണ്ടാകും. പലവിധ കടങ്ങള്‍ മാനേജ് ചെയ്യാന്‍ വേണ്ടിയാണ് ചിലര്‍ ബിസിനസ് ചെയ്യുന്നത് തന്നെ. അത്തരക്കാരോട് എനിക്ക് പറയാനുള്ള കാര്യമിതാണ്.
നിങ്ങള്‍ ബ്ലേഡ് പലിശയ്ക്ക് പണം കടം തന്നവരുടെ അടുത്ത് പോയി പറയുക. ഞാന്‍ നിങ്ങളില്‍ നിന്ന്് കടം വാങ്ങിയ പണം മുഴുവന്‍ ഘട്ടം ഘട്ടമായി തരാം. പക്ഷേ പലിശ ഇനി ഒരു പൈസ തരില്ല. പലിശയ്ക്കായി നിങ്ങള്‍ ബുദ്ധിമുട്ടിച്ചാല്‍ നിങ്ങളുടെ പ്രിന്‍സിപ്പല്‍ തുക പോലും നഷ്ടമാകും.
ശരിയായ കാര്യം ശരിയായ വിധത്തില്‍ തുറന്ന് പറയുകയാണ് ഇപ്പോള്‍ ആദ്യം വേണ്ടത്. പറഞ്ഞു കഴിഞ്ഞാല്‍ സംരംഭകന്റെ മനസ് ശാന്തമാകും. പിന്നെ കേള്‍ക്കുന്നവന്റെ തലവേദനയല്ലേ, അതവന്‍ കൈകാര്യം ചെയ്തുകൊള്ളും.
വന്‍ പലിശയ്‌ക്കെടുത്ത വായ്പകളെല്ലാം തന്നെ ഏതെങ്കിലും വിധത്തില്‍ പുനഃക്രമീകരിക്കാന്‍ നോക്കുക.
അടുത്ത അഞ്ച് വര്‍ഷം വരെ
എല്ലാ ബിസിനസ് രംഗത്തും പുതിയ ടെക്‌നോളജികള്‍ ഈ കാലഘട്ടത്തില്‍ വന്‍തോതില്‍ കടന്നുവരും. വികസിത രാജ്യങ്ങളില്‍ പേറ്റന്റഡ് ആയ ഒട്ടനവധി ടെക്‌നോളജികളുണ്ട്. അവിടങ്ങളില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വളരെ ശക്തമാണ്.
നാം ഇപ്പോള്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ടെക്‌നോളജികള്‍ ബിസിനസുകളിലേക്ക് വരും. അപ്പോള്‍ ടെക്‌നോളജിയാല്‍ മുന്നോട്ടുപോകുന്ന സംരംഭമായിരിക്കണം നിങ്ങളുടേതും. ഈ മാറ്റം മുന്നില്‍ കാണുക.