ഈ മാറ്റം സ്ഥിരമാണ്, ഇനി പഴയതിലേക്ക് തിരിച്ചുപോകില്ല! കുടുംബ ബിസിനസിനെക്കുറിച്ച് കാവില്‍ രാമചന്ദ്രന്‍

പണ്ട് ഹോക്കി കളിച്ചിരുന്നത് യഥാര്‍ത്ഥ പുല്‍ത്തകിടിയിലായിരുന്നു. അന്ന് ഇന്ത്യയും പാക്കിസ്ഥാനും ആയിരുന്ന ലോകചാമ്പ്യന്മാര്‍. എന്നാല്‍ പിന്നീട് ഹോക്കി കളി കൃത്രിമ പുല്‍ത്തകിടിയിലേക്ക് മാറിയപ്പോള്‍ ആ മാറ്റത്തിനനുസരിച്ച് മാറാന്‍ പഴയ ചാമ്പ്യന്മാര്‍ക്ക് സമയം ഏറെയെടുത്തു. ഈ സമയം കൊണ്ട്് മറ്റ് രാജ്യങ്ങള്‍ ഹോക്കിയില്‍ ചാമ്പ്യന്മാരായി. പഴയവര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു. ഇതുപോലെ തന്നെയാണ് ബിസിനസ് ലോകത്തും നടക്കുന്നത്. കളിച്ചുകൊണ്ടിരിക്കുന്ന കളിക്കളം പാടെ മാറി. പുതിയ കളിക്കളത്ത് കളിക്കണമെങ്കില്‍ അതിന് വേണ്ട ഒരുക്കങ്ങള്‍ വേണം, സന്നാഹങ്ങള്‍ വേണം. ഇത്രയും വേഗത്തില്‍ മാറ്റങ്ങളോട് പ്രതികരിക്കാന്‍ എല്ലാ കുടുംബ ബിസിനസുകള്‍ക്കും സാധിക്കണമെന്നില്ല.

കോവിഡിന് മുമ്പേ തന്നെ ഡിജിറ്റലൈസേഷന്റെ ആവശ്യകത കുടുംബ ബിസിനസുകള്‍ക്ക് മനസിലായിത്തുടങ്ങിയിരുന്നു. എല്ലാ മേഖലകളിലും കീഴ്മേല്‍ മറിക്കലുകള്‍ (റശെൃൗുശേീി) വന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പല കുടുംബ ബിസിനസുകളും അത് കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ കോവിഡ് സാഹചര്യം കുടുംബ ബിസിനസുകള്‍ക്ക് വലിയൊരു ഞെട്ടലായി. അതിവേഗം മാറേണ്ട സാഹചര്യം വന്നു.

ഡിജിറ്റലൈസേഷന്‍ പെട്ടെന്നായി. മുതിര്‍ന്ന തലമുറയ്ക്ക് ഇതേക്കുറിച്ച് കാര്യമായ അറിവില്ലാത്തതിനാല്‍ പുതിയ തലമുറയോട് കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കേണ്ട അവസ്ഥ വന്നു. അത് പുതിയ തലമുറയ്ക്ക് ഒരു അംഗീകാരം ലഭിക്കാന്‍ ഇടയാക്കി. പല കുടുംബ ബിസിനസുകളും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്.

ഇത്തരം പ്രതിസന്ധികളില്‍ നിന്ന് രക്ഷപെടണമെങ്കില്‍ കുടുംബം ഒന്നായി നീങ്ങേണ്ട ആവശ്യകതയെക്കുറിച്ച് എല്ലാവരും ബോധവാന്മാരായി. പ്രായമുള്ളവര്‍ക്ക് മാത്രമേ എല്ലാം അറിയൂ എന്ന ധാരണ കൈവെടിയണമെന്നും യുവാക്കളെ കൂടുതലായി ഇതിലേക്ക് ഇടപെടുത്തണമെന്നും മനസിലായി.

മുന്നോട്ടുപോകുന്തോറും ബിസിനസ് ചെയ്യുന്ന രീതിയില്‍ വ്യത്യാസം വന്നുകൊണ്ടിരിക്കുകയായിരുന്നു. അത് പഠിച്ചുവന്ന് പുതിയതിലേക്ക് ഇറങ്ങാന്‍ ഇപ്പോഴത്തെ ബിസിനസ് സാരഥികള്‍ പ്രായം അധികരിച്ചിരിക്കുന്ന സാഹചര്യം. ഡിജിറ്റലൈസേഷനിലേക്ക് മാറണമെങ്കിലും അതിജീവനത്തിനായി പുതിയ മേഖലകളിലേക്ക് കടക്കണമെങ്കിലും അതിന് യുവാക്കളെ കൂട്ടുപിടിക്കാതെ പറ്റില്ലെന്ന യാഥാര്‍ത്ഥ്യം മനസിലായി. കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന കുടുംബ ബിസിനസുകള്‍ പലതും അതില്‍ നിന്ന് കരകയാറാനായി ബിസിനസിന്റെ നേതൃത്വം പുതിയ തലമുറയെ ഏല്‍പ്പിക്കണോ എന്ന ചര്‍ച്ചയിലാണ്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ ഈ പ്രതിസന്ധി കുടുംബ ബിസിനസുകളിലെ പിന്തുടര്‍ച്ച വേഗത്തിലാക്കിയിട്ടുണ്ട്. സാരഥ്യം ആരുടെ കൈയിലാണ് എന്നതല്ല ഇവിടെ കാര്യം. ഇപ്പോഴത്തെ ഈ മാറ്റം സ്ഥിരമാണ്. പഴയതിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല. ഇതിനെ നേരിടാന്‍ കുടുംബ ബിസിനസുകള്‍ തയാറാണോ എന്നതാണ് ചോദ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles
Next Story
Videos
Share it