നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ട്രാഫിക് വർധിപ്പിക്കണോ? ഇതാ ചില വഴികൾ 

ബാങ്ക് ഇടപാടുകൾ മുതൽ പച്ചക്കറി വില്പന വരെ ഡിജിറ്റലായി മാറിയ ഇന്നത്തെക്കാലത്ത് സ്വന്തമായി ഒരു വെബ്സൈറ്റ് ഇല്ലാത്ത ബിസിനസ് സ്ഥാപനങ്ങൾ കുറവായിരിക്കും. കൂടുതൽ ഉപഭോക്താക്കളിലേക്കെത്താനും അതുവഴി ബിസിനസ് ഉയർത്താനും ഒരു മികച്ച വെബ്സൈറ്റ് കൂടിയേ തീരൂ.

വെബ്സൈറ്റ് രൂപീകരിച്ചു കഴിഞ്ഞാൽ അടുത്തവെല്ലുവിളി ഇതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക എന്നതാണ്. 180 കോടിയിലധികം വെബ്സൈറ്റുകൾ ഉള്ള ഡിജിറ്റൽ ലോകത്ത് എങ്ങനെ നിങ്ങൾക്ക് വേറിട്ട് നിൽക്കാനാകും? ഇതിന് നിങ്ങളെ സഹായിക്കുന്നത് നിങ്ങളുടെ വെബ്സൈറ്റിലെ കണ്ടന്റ് ആണ്.

കണ്ടന്റ് എന്നാൽ ലേഖനമോ, ചിത്രമോ, വീഡിയോയോ എന്തുമാകാം. നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ട്രാഫിക് വർധിപ്പിക്കാൻ സഹായിക്കുന്ന രീതിയിൽ കണ്ടന്റിനെ എങ്ങനെ മികച്ചതാക്കാം?

ഇന്ത്യയിൽ ഒരു മാസം 42 ബില്യൺ ഗൂഗ്‌ൾ സേർച്ചുകളാണ് ഉണ്ടാകുന്നത്. ഇങ്ങനെ ലഭിക്കുന്ന സേർച്ച് റിസൾട്ടുകളിൽ നമ്മുടെ വെബ്സൈറ്റ് ആദ്യത്തെ പേജിലുണ്ടെങ്കിലേ കൂടുതൽ സന്ദർശകരെ ലഭിക്കുകയുള്ളൂ. ആദ്യത്തെ മൂന്ന് റിസൾട്ടാണ് ഏറ്റവും കൂടുതൽ പേർ പരിഗണിക്കുക.

ഗൂഗ്ൾ സെർച്ചിൽ നിങ്ങളുടെ വെബ്സൈറ്റ് മുകളിൽ എത്തണമെങ്കിൽ മികച്ച സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ (എസ്.ഇ.ഒ), മികച്ച ഗൂഗ്‌ൾ റാങ്കിങ് എന്നിവ വേണം. ഇതിനായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:

  • ഒരു പ്രധാന ഘടകം സ്പീഡ് ആണ്. നിങ്ങളുടെ വെബ്സൈറ്റ് തുറക്കാൻ അഞ്ച് സെക്കന്റിലധികം എടുക്കുന്നുണ്ടെങ്കിൽ സന്ദർശകർ സൈറ്റിൽ നിന്ന് പോകാൻ സാധ്യത കൂടുതലാണ്. ഒരു സൈറ്റ് ലോഡ് ആകാൻ പരമാവധി 2-3 സെക്കൻഡുകൾ മാത്രമേ എടുക്കാവൂ.
  • നിങ്ങളുടെ വെബ്സൈറ്റ് മൊബൈൽ ഫോണിലും വെബ്സൈറ്റിലും ഉപയോഗിക്കാവുന്ന വിധത്തിൽ responsive ആയിരിക്കണമെന്ന് website ഡവലപ്പറോട് ആവശ്യപ്പെടാം.
  • വെബ്സൈറ്റ് എപ്പോഴും അപ്‌ഡേറ്റഡ് ആയിരിക്കണം. കോർപ്പറേറ്റ് വെബ്‌സൈറ്റുകൾക്ക് ട്രാഫിക് ഉയർത്താൻ ഉള്ള എളുപ്പവഴിയാണ് ബ്ലോഗ്. ഇത് ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യുന്നത് വെബ്സൈറ്റിന്റെ പുതുമ നിലനിർത്തും. മാത്രമല്ല കൂടുതൽ പേർ സൈറ്റിലേക്ക് എത്തുകയും ചെയ്യും.
  • എഴുതിയ ആളുടെ ഫോട്ടോ, പ്രൊഫൈൽ എന്നിവ ഒപ്പം നൽകുന്നതും വെബ്സൈറ്റിന്റെ വിശ്വാസ്യത വർധിപ്പിക്കും.
  • നിങ്ങളുടെ വെബ്സൈറ്റിലെ കണ്ടന്റ് ഒറിജിനൽ ആയിരിക്കണം. കണ്ടന്റ് ഒരിക്കലും മറ്റ് വെബ്സൈറ്റുകളിൽ നിന്ന് പകർത്തിയതാകരുത്.
  • വായിക്കാൻ എളുപ്പമുള്ള, ലളിതമായ ഭാഷയിൽ ആയിരിക്കണം കണ്ടന്റ്. കടുപ്പമുള്ള വാക്കുകൾ, passive voice എന്നിവ ഒഴിവാക്കണം. Font Type, Font Size എന്നിവ വായിക്കാൻ എളുപ്പമുള്ളതാകണം.
  • ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു നിർത്തുന്നതായിരിക്കണം ഉള്ളടക്കം. കുറഞ്ഞത് 20 സെക്കന്റ് എങ്കിലും വായനക്കാരെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ലെങ്കിൽ ആ വെബ്സൈറ്റിനെ വിശ്വാസ്യത കുറഞ്ഞ ഒന്നായി ഗൂഗ്ൾ കണക്കാക്കും.
  • ലേഖനത്തിന്റെ തലക്കെട്ടിലും URL ലും ആളുകൾ ഗൂഗിളിൽ സെർച്ച് ചെയ്യാൻ സാധ്യതയുള്ള keywords നൽകണം. നിങ്ങളുടെ വായനക്കാർ എന്ത് വാക്കുപയോഗിച്ചായിരിക്കും സെര്‍ച്ച് ചെയ്യുകയെന്ന നിഗമനത്തിലെത്തി കീവേഡ് പ്ലാന്‍ ചെയ്യണം. ഉദാഹരണത്തിന് നിങ്ങൾ ഡിജിറ്റൽ മാർക്കറ്റിംഗിനെക്കുറിച്ചാണ് ലേഖനമെഴുതുന്നതെങ്കിൽ അതുമായി ബന്ധപ്പെട്ട കീ വേർഡ് നൽകുന്നതാണ് ഉചിതം. ഇതിനായി ഗൂഗിള്‍ കീവേഡ് പ്ലാനര്‍ പോലുള്ള ടൂളുകളും ഉപയോഗിക്കാം.
  • സേർച്ച് റിസൾട്ടുകളിൽ ആദ്യം നിങ്ങളുടെ വെബ്സൈറ്റ് എത്തണമെങ്കിൽ സൈറ്റിന്റെ ഗൂഗിൾ റാങ്കിങ് ഉയർന്നതാകണം. വെബ്സൈറ്റ് റാങ്കിങ്ങിനെ സ്വാധീനിക്കുന്ന ഒന്നാണ് snippets. നിങ്ങളുടെ ലേഖനം അല്ലെങ്കിൽ ബ്ലോഗ് എന്തിനെക്കുറിച്ചാണെന്ന ഒരു സമ്മറിയാണിത്. ആളുകളെ ആകർഷിക്കുന്ന വിധത്തിൽ വേണം ഇത് തയ്യാറാക്കാൻ.
  • ചിത്രങ്ങൾക്കും വീഡിയോകൾക്കും ഉയർന്ന ക്വാളിറ്റി ഉറപ്പുവരുത്തണം. മാത്രമല്ല അവ പെട്ടെന്ന് ലോഡ് ആകുന്നവിധത്തിൽ optimized ആയിരിക്കുകയും വേണം.
  • മെറ്റാ ഡിസ്ക്രിപ്ഷൻ, മെറ്റാ ടൈറ്റിൽ എന്നിവ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കണം. സ്ഥാപനത്തിന്റെ പേര് ഇതിലുൾപ്പെടുത്തുക എന്നതാണ് അതിനുള്ള എളുപ്പമാർഗം.

(ഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ ലാംഗ്വേജസ് ന്യൂസ്‌പേപ്പേഴ്‌സ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച ശില്‍പ്പശാലയിൽ നിന്ന്: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിലും 11 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അലോക് അഗര്‍വാളാണ് ശില്‍പ്പശാല നയിച്ചത്.)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it