Begin typing your search above and press return to search.
വര്‍ക്ക് ഫ്രം ഹോം; ജോലി മാറിയതെങ്ങനെ, മാറുന്നതെങ്ങനെ?
''വീട്ടിലെ ഒരു മുറിയിലിരുന്ന് മകന്‍ ശശാങ്ക് അമേരിക്കയിലെ ഫിനാന്‍ഷ്യല്‍ പോര്‍ട്ടലിനു വേണ്ടി ജോലി ചെയ്ത് ഡോളര്‍ സമ്പാദിക്കുന്നു. ഭാര്യ അനില മാഞ്ചസ്റ്ററിലെ ക്ലിനിക്കിനു വേണ്ടി ഓണ്‍ലൈന്‍ കരാറിലൂടെ പൗണ്ട് നേടുന്നു. മറ്റൊരു മുറിയില്‍ നാട്ടിലെ ഓണ്‍ലൈന്‍ ജോലി ചെയ്ത് ഞാന്‍ രൂപ വാങ്ങുന്നു. ഇതിനിടെ എല്ലാവര്‍ക്കും വേണ്ടി പാചകവും.'' കോവിഡ് കാലത്തെ വര്‍ക് ഫ്രം ഹോം തൊഴില്‍ രീതികളെ കുറിച് കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റും, മാധ്യമ പ്രവര്‍ത്തകനുമായ ജേക്കബ്. സി വര്‍ഗീസ് പറയുന്നു.
''അതിരാവിലെ പതിവുപോലെ അടുക്കള ജോലികള്‍ ചെയ്ത്, ഭക്ഷണവും പാത്രത്തിലാക്കി, രണ്ടുവയസുകാരന്‍ മകനെ കുളിപ്പിച്ച് റെഡിയാക്കി അവന്റെ അമ്മമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് മുന്‍വാതിലൂടെ പുറത്തിറങ്ങും. ഗേറ്റ് കടന്ന് റോഡിലിറങ്ങും. അവന്‍ റ്റാറ്റയും ഫ്‌ളൈയിംഗ് കിസ്സും ഒക്കെ തരും. ഞാനത് സന്തോഷത്തോടെ വാങ്ങും. അതിനുശേഷമാണ് നാടകം. മോനുമായി അമ്മമ്മ വീടില്‍ കയറി മുന്‍വാതില്‍ അടച്ച് അകത്തെ മുറിയിലേക്ക് പോകും. ഞാന്‍ തിരിച്ചോടി വീടിനുപിന്നിലെ വാതില്‍ തുറന്ന് അടുക്കളയോട് ചേര്‍ന്നുള്ള സ്‌റ്റോര്‍ റൂമില്‍ കയറി അടച്ചിരിക്കും. അതാണ് എന്റെ ജോലി സ്ഥലം. വീട്ടിലെ എവിടെ ഇരുന്നാലും മകന്‍ ഇരുത്തില്ല,'' ഏറെ തിരക്കുള്ള ഒരു വനിതാ പ്രൊഫഷണല്‍ പറയുന്നു.
മക്കള്‍ക്ക് കളിക്കാന്‍ വാങ്ങികൊടുത്ത ടെന്റ് ഹൗസാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ ഒരു വനിതാ പ്രൊഫഷണലിന്റെ 'ഓഫീസ്.'' ''വീട്ടില്‍ എവിടെയും ഇരിക്കാന്‍ ഒന്നര വയസുകാരനായ മകന്‍ സമ്മതിക്കില്ല. അമ്മ, താനും ചേച്ചിയും കളിക്കുന്ന ടെന്റില്‍ കയറിയിരിക്കുമെന്ന് അവന്‍ കരുതുന്നുമില്ല. അതിനാല്‍ അതില്‍ തലയിട്ട് നോക്കില്ല.
''ചേട്ടന്‍ മുമ്പ് ഓഫീസില്‍ പോയിരുന്നപ്പോള്‍ ഇതില്‍ കൂടുതല്‍ സമയം ഒന്നിച്ച് ചെലവിടാന്‍ സാധിക്കുമായിരുന്നു. ഇതിപ്പോള്‍ നേരം പുലര്‍ന്നാല്‍ രാത്രി വൈകുംവരെ ജോലിയാണ്. എങ്ങനെയെങ്കിലും ചേട്ടന്റെ കമ്പനി വര്‍ക്ക് ഫ്രം ഹോം മോഡ് ഒന്നു ഉപേക്ഷിച്ചാല്‍ മതി,'' ബാംഗ്ലൂരില്‍ ഐടി പ്രൊഫഷണലായ ഒരു യുവാവിന്റെ ഭാര്യയുടെ പരിദേവനം. ബാംഗ്ലൂരില്‍ മണിക്കൂറുകള്‍ ട്രാഫിക് ബ്ലോക്കില്‍ കിടന്ന് വീട്ടില്‍ തിരിച്ചെത്തിയാലും സമാധാനമുണ്ടാകുമായിരുന്നു. ഇപ്പോള്‍ അതില്ല. എപ്പോഴും ജോലി തന്നെ. ഇതായിരുന്നു ആ യുവതിയുടെ ഭര്‍ത്താവായ യുവാവിന്റെ പ്രതികരണം.
ലോകത്തെമ്പാടുമുള്ള ജനങ്ങളുടേതുമെന്ന പോലെ മലയാളികളുടെയും ജോലിയും ജീവിതവും ആശയവിനിമയും സൗഹൃദ-ബന്ധു സംഗമങ്ങളും യാത്രകളും ആഘോഷങ്ങളുമെല്ലാം മാറി മറിഞ്ഞിട്ട് വര്‍ഷം ഒന്നാകാന്‍ പോകുന്നു.
വീടെന്ന തൊഴിലിടം
വീട്ടിലിരുന്നുള്ള ജോലി സാധ്യമാണോ എന്ന സംശയത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് കാണിച്ച കാലഘട്ടമാണ് 2020 മാര്‍ച്ച് മുതല്‍ പിറവിയെടുത്തത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് ഏതാണ്ടെല്ലാ കമ്പനികളും ചുവടുമാറ്റി. പ്ലാന്റില്‍ നേരിട്ടെത്തി ചെയ്യേണ്ട ജോലികളൊഴികെ സാധ്യമായതെല്ലാം വീട്ടിലിരുന്ന് ചെയ്യാനുള്ള അനുമതി കമ്പനികള്‍ നല്‍കി. ''ജീവനക്കാര്‍ ഓഫീസിലെത്തും മുമ്പെ ഓഫീസിലെത്തണമെന്ന ഒരു കുഞ്ഞ് വാശി എന്റെ ഉള്ളില്‍ എന്നുമുണ്ടായിരുന്നു. കൃത്യനിഷ്ഠയെ കുറിച്ച്് നാം സംസാരിക്കുമ്പോള്‍ അത് സ്വയം പുലര്‍ത്തിക്കൊണ്ടാവണമല്ലോ? ബിസിനസ് ടൂറില്‍ അല്ലെങ്കില്‍ അവധി ദിവസങ്ങളിലൊഴികെ ഓഫീസില്‍ കൃത്യസമയത്ത് എത്തിയിരുന്ന എനിക്ക് ഒരു കാലത്ത് വീട്ടിലിരുന്ന് ജോലി എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. സെയ്ല്‍സ് ടീമിലുള്ളവര്‍ നേരെ ഫീല്‍ഡ് വര്‍ക്കിന് പോകാന്‍ പോലും അനുവദിക്കാന്‍ മാനസികമായി എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. എനിക്ക് തോന്നുന്നത് എന്റെ ടീമിന്റെ പ്രവര്‍ത്തനക്ഷമത ഇപ്പോള്‍ കൂടിയെന്നാണ്,'' കേരളത്തിന് പുറത്ത് ബിസിനസ് നടത്തുന്ന മലയാളിയായ ഒരു സംരംഭകന്‍ തുറന്നുപറയുന്നു.
ഐടി പ്രൊഫഷണലുകള്‍ക്ക് മാത്രമല്ല, വീട് കേന്ദ്രീകരിച്ച് തൊഴില്‍ ചെയ്യാന്‍ സാധിക്കുന്നവരെല്ലാം തന്നെ വര്‍ക്ക് ഫ്രം ഹോം വഴങ്ങുമെന്ന് തെളിയിക്കപ്പെട്ട കാലമാണിത്.
പുതിയ കാലം, പുതിയ രീതി
കേരളത്തിലെ ബഹുഭൂരിപക്ഷം പ്രൊഫഷനലുകള്‍ക്കു ഇപ്പോള്‍ വീടാണ് തൊഴിലിടം. മക്കള്‍ക്കൊപ്പം, ബന്ധുക്കള്‍ക്കൊപ്പം വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നമ്മുടെ ഐ. ടി ജീവനക്കാര്‍ പരിചയിച്ചു. കാലത്ത് ഓഫീസലേക്കു പോകാന്‍ ക്യാബ് കാത്തിരിക്കേണ്ടതില്ല. കുട്ടികളെ ആരു നോക്കുമെന്ന് ആവലാതിയില്ല. നഗരത്തിലെ ട്രാഫിക് ജാമില്ല. പതിവ് തിരക്കില്ല. കുടുംബ അന്തരക്ഷത്തിലെ തൊഴിലിടം മിക്കവരും ഇപ്പോള്‍ ഇഷ്ടപെടുന്നു
''എനിക്ക് ഒരു വയസുള്ള മോനുണ്ട്. അവന്റെ കളിയും ചിരിയും കണ്ട് വീട്ടിലിരുന്നു ജോലി ചെയ്യാനാണ് ഇഷ്ട്ടം. കൊച്ചിയിലാവുമ്പോള്‍ അവനെ നോക്കാന്‍ ജോലിക്കാരെ വേണം. അവര്‍ മോനെ നന്നായി നോക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരിന്നു. ഇവിടെ നാട്ടില്‍ അതിന്റെ ആവശ്യമില്ല.'' കുഞ്ഞിനൊപ്പം വീട്ടിലിരുന്നു ജോലി ചെയുന്നതിന്റെ സന്തോഷം ഐ ടി പ്രൊഫഷണലായ സി. എ ഷഹനാസ് പങ്കു വെച്ചു.
കേരളത്തില്‍ ഏതാണ്ട് ഒരു ലക്ഷം ഐ. ടി ജീവനക്കാര്‍ ഇപ്പോള്‍ വീട്ടിലിരുന്നു പണി ചെയുന്നുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്കില്‍ 410 കമ്പനികളിലായി 60,000 ഐ. ടി ജീവനക്കാരുണ്ട്. കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ 40000 പേരും ജോലി ചെയ്യുന്നു. കോഴിക്കോട് സൈബര്‍ പാര്‍ക്ക് ചെറുതാണ്. മുന്ന് പാര്‍ക്കുകളിലൂമായ മൊത്തം 800 ഐ. ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഐറ്റി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചല്ലാതെ പ്രവര്‍ത്തിക്കുന്ന ഐറ്റി, ഐറ്റി അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന കമ്പനിയിലെ ജീവനക്കാരും ജോലി സ്ഥലം വീടാക്കി മാറ്റിക്കഴിഞ്ഞു. ''ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ തിരുവനന്തപുരത്തെ റൂം വാടക കൊടുത്തു നിലനിര്‍ത്തി. ജനുവരി മുതല്‍ ഒഴിവാക്കി. ഇനി ഓഫീസ് എന്ന സങ്കല്‍പ്പം ഇല്ല. വീട്ടിലെ മുറി തന്നെ ഓഫീസ്,'' എറണാകുളം ജില്ലയിലെ ഒരുള്‍ഗ്രാമത്തിലെ വീട്ടിലെ ഓഫീസിലിരുന്ന് യുവ ഐറ്റി പ്രൊഫഷണല്‍ പറയുന്നു. ''... എന്നുവെച്ച് ഞങ്ങള്‍ ടീം ഡിന്നറും മീറ്റ് അപ്പുമൊന്നും ഉപേക്ഷിച്ചിട്ടില്ല. ന്യൂ ഇയര്‍ ആഘോഷം വയനാട്ടിലെ റിസോര്‍ട്ടിലായിരുന്നു. മന്ത്‌ലി ടീം ഡിന്നര്‍ കൊച്ചിയില്‍ വെച്ചാക്കി. അതിരപ്പിള്ളിയിലും ചെറായി ബീച്ചിലുമൊക്കെ പോകാന്‍ പാലക്കാടുനിന്നും തൃശൂരില്‍ നിന്നുമുള്ള ടീമംഗങ്ങള്‍ വരും. ഇടയ്ക്ക് ടീമിലെ ആരുടെയെങ്കിലും വീടുകളില്‍ പോയി താമസിക്കുകയും ചെയ്യും,'' യുവ ഐറ്റി പ്രൊഫഷണലുകളുടെ പുതിയ ആഘോഷശൈലികള്‍ വിവരിക്കുന്നു.
ബംഗളുരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ ഐ. ടി ഹബ്ബുകളില്‍ നിന്നുള്ള പതിനായിരകണക്കിനു മലയാളികളും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ ഇരുന്നു ഇപ്പോള്‍ ജോലി ചെയുന്നുണ്ട്.
പണി പാതിരാ വരെ
എത്ര ജോലി നല്‍കിയാലും അത് തീര്‍ത്ത് നല്‍കണമെന്ന് തന്നെയാണ് മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളും ജീവനക്കാരോട് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. നിശ്ചിത സമയത്ത് തൃപ്തികരമായി ജോലി പൂര്‍ത്തീകരിക്കാന്‍ മുകളില്‍ നിന്നു നിര്‍ദേശം എപ്പോഴും ഉണ്ടാവും. ''കുടുംബത്തോടൊപ്പം ജോലി ചെയ്യുന്നത് വളരെ സന്തോഷം നല്‍കുന്നുണ്ട്. വീട്ടുകാര്യവും ഇടക്ക് നോക്കേണ്ടി വരുന്നതിനാല്‍ ജോലി പലപ്പോഴും പാതിരാത്രി വരെ നീളും. ഇടയ്ക്ക് അതിഥികള്‍ വന്നാല്‍ ജോലി വീണ്ടും നീളും. 'വര്‍ക്കിംഗ് മദര്‍' എന്നനിലയില്‍ വീട്ടില്‍ ഇരുന്നുള്ള ജോലി ശരിക്കും ആസ്വദിക്കുന്നുണ്ട്'' ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ കമ്പനിയിലെ ഐ. ടി. പ്രൊഫഷണലായ ചിത്ര പറഞ്ഞു.
കാലത്തെ കോര്‍ഡിനേഷന്‍ കഴിയുമ്പോള്‍ തന്നെ ജോലി താമസിക്കും. ഓഫീസില്‍ ഇരുന്നു ജോലി ചെയ്യുമ്പോള്‍ പെട്ടെന്ന് കാര്യങ്ങള്‍ നീങ്ങും. എന്നാല്‍ വീട്ടിലിരുന്നു ജോലി ചെയ്യുമ്പോള്‍ അതിന്റെതായ താമസം വരും. നിശ്ചിത സമയത്തിനുള്ളില്‍ പ്രൊജക്റ്റ് തീര്‍ക്കേണ്ടതിനാല്‍ പലരും പുലരുവോളം ജോലിയില്‍ തന്നെയാവുംശ്രദ്ധിക്കുക. ഇതിനിടെ നെറ്റ് കണക്ടിവിറ്റി പ്രശ്‌നങ്ങളും വൈദ്യുതി തടസവും മറികടന്നുവേണം ജോലി തീര്‍ക്കേണ്ടത്.
''വീട്ടില്‍ ഇരുന്ന് തനിയെ ജോലി ചെയുമ്പോള്‍ നല്ല സ്‌ട്രെസ് ഉണ്ടാവും. പ്രൊജക്റ്റ് തലപ്പത്തുള്ളവരുമായി ആശയ വിനിമയ പ്രശ്‌നമാണ് ജോലി നീണ്ടു പോകാനുള്ള പ്രധാന കാരണം'' ബംഗളുരു ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി ചെയ്യുന്ന രോഹിത് ആര്‍. നായര്‍ വിവരിച്ചു.
വീട്ടിലിരുന്ന് ഓഫീസ് ജോലി ചെയ്യുന്ന സ്ത്രീകളാണ് ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടില്‍. ''പേഴ്‌സണല്‍ ആവശ്യത്തിനായി ഒന്നു വാട്‌സാപ്പ് പോലും നോക്കാന്‍ സമയമില്ല. ഭര്‍ത്താവും ഫുള്‍ ടൈം വീട്ടിലിരുന്നാണ് ജോലി. അദ്ദേഹം വെളുപ്പിനുണര്‍ന്ന് വ്യായാമം, യോഗ എല്ലാം കഴിഞ്ഞെത്തുമ്പോള്‍ പ്രഭാതഭക്ഷണ സമയമാകും. അടുക്കള ജോലി കഴിഞ്ഞ് ജോലിക്കിരുന്നാല്‍ പിന്നെ ഉച്ച ഭക്ഷണം, പാത്രം കഴുകല്‍ എല്ലാം ധൃതിയില്‍ തീര്‍ത്ത് പിന്നെയും ജോലി. പിന്നെ ഡിന്നറിനുള്ള ഒരുക്കം. വീണ്ടും പാത്രം കഴുകല്‍. അദ്ദേഹത്തിനപ്പോഴും തിരക്കായിരിക്കും. ഇതിനിടെ ഫ്‌ളാറ്റിലെ വല്ല മെയ്ന്റനന്‍സിന് ആരെങ്കിലും വന്നാല്‍ അവരുടെ പിന്നാലെ നടക്കല്‍, വീട്ടിലേക്കുള്ള സാധനങ്ങള്‍ വരുത്തല്‍... ഒന്നും പറയണ്ട. തിരക്കോട് തിരക്ക്. ഇതിനിടെ ഗര്‍ഭിണിയായി. വീട്ടിനുള്ളില്‍ തന്നെയുള്ള ഈ ഓട്ടത്തിനിടെ മിസ്‌കാര്യേജുമായി...'' ബഹുരാഷ്ട്ര കമ്പനിയായ വീവര്‍ക്കില്‍ ജോലി ചെയ്യുന്ന ഒരു യുവതി ഒറ്റശ്വാസത്തില്‍ പെരുമഴ പോലെ പറഞ്ഞുനിര്‍ത്തി.
ഭാര്യയും ഭര്‍ത്താവും പാതിരാത്രി വരെ ജോലി ചെയ്യുന്ന വീടുകള്‍ അഗ്നിപര്‍വ്വതത്തിന് സമാനമാണിപ്പോള്‍. ഇതിനിടെ ചെറിയ കുട്ടികളും അവരുടെ ഓണ്‍ലൈന്‍ ക്ലാസുകളും കൂടിയുണ്ടെങ്കില്‍ എല്ലാം തികഞ്ഞു. ''പലപ്പോഴും സ്‌കൂളില്‍ നിന്ന് മിസ് എക്‌സാം കാര്യം പറഞ്ഞുവിടുന്ന മെസേജുകള്‍ മകളോട് ഞാന്‍ പറയാറില്ല. വൈകീട്ട് പരീക്ഷ സമയമാകുമ്പോള്‍ പിടിച്ചിരുത്തി പറയിപ്പിക്കും. അല്ലെങ്കില്‍ രാവിലെ മുതല്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ട് പിന്നാലെ കൂടും. എന്റെ ജോലി നടക്കില്ല,'' ഒരു യുകെജികാരിയുടെ അമ്മ പറയുന്നു.
ജോലി വീട്ടിലല്ല, വീടിനടുത്ത്
കഴിഞ്ഞ വര്‍ഷമാണ് യുവ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റായ സുനില്‍ കുമാര്‍ എറണാകുളം നഗരത്തില്‍ സ്വന്തമായൊരു ഓഫീസ് തുറന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സ്ഥാപനം വിപുലമാക്കുന്നതിനിടെ കോവിഡെത്തി. എട്ടുമാസത്തോളം എറണാകുളത്തെ ഓഫീസ് വാടക കൊടുത്ത് നിലനിര്‍ത്തി. പിന്നീട് അതുപേക്ഷിച്ചു. ഇപ്പോള്‍ സ്വന്തം നാട്ടിലെ ഒരു കൊമേഴ്‌സ്യല്‍ കെട്ടിട ഉടമയില്‍ നിന്ന് ചെറിയൊരു സ്‌പേസ് വാടകയ്‌ക്കെടുത്തു. 250 ചതുരശ്രയടിയുള്ള ഓഫീസ് സജ്ജീകരിച്ചു. എന്നും രാവിലെ വീട്ടില്‍ നിന്ന് റെഡിയായി ഇറങ്ങും. വൈകീട്ട് വരെ ജോലി. യാത്രാ ക്ഷീണമില്ല. വീടിനകത്ത് അടച്ചിരിപ്പിന്റെ മടുപ്പില്ല. കര്‍ഷകനായ അച്ഛന്‍ ഇടയ്ക്ക് സഹായത്തിന് വിളിക്കില്ല. അമ്മ, ഫ്‌ളോര്‍ മില്ലില്‍ പോകാന്‍ പറയില്ല. വാടക മുന്‍പത്തേക്കാള്‍ കുറവ്. സുനില്‍ കുമാര്‍ സംതൃപ്തനാണ്.
മാസങ്ങളായി വീട്ടില്‍ അടച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ എങ്ങനെയെങ്കിലും ഓഫീസില്‍ പോകണമെന്ന ആഗ്രഹം പറയുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് വീട് തന്നെയാണ് ഇഷ്ടം. ''സ്വന്തം വണ്ടിയില്‍ ഓഫീസില്‍ പോയി പണിയെടുത്താല്‍ ശമ്പളം ജീവിക്കാന്‍ തികയില്ല. വീട് തന്നെ മതി,'' മറ്റൊരു പ്രൊഫഷണല്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ കോ ഓര്‍ഡിനേഷന്‍/ അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവാദിത്തമുള്ളവര്‍ക്ക് ഇഷ്ടം ഓഫീസ് ജോലികളോടാണ്.
പുതിയ ജോലി, വലിയ കടമ്പ
കോവിഡ് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും ഐ. ടി മേഖലയിലും മറ്റ് നിരവധി മേഖലകളിലെയും അവസരങ്ങള്‍ ഇല്ലാതാക്കി. ചെറിയ കമ്പനികളിലുള്ള നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. പ്രമുഖ കമ്പനികള്‍ കോവിഡിന് മുന്‍പ് റിക്രൂട്ട് ചെയ്തവരെ ഇതുവരെ നിയമിച്ചിട്ടുമില്ല. പരിശീലനത്തിന് ഇടമില്ലാത്തതിനാല്‍ പുതിയതായി നിയമനം ലഭിച്ചവര്‍ കാത്തിരിക്കുകയാണ്. ജോലിയില്‍ നിന്നു വിട്ടു പോകുന്നവരുടെ എണ്ണം നന്നായി കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധി കാലത്ത് റിസ്‌ക് എടുക്കാന്‍ ഒരുവിധപ്പെട്ടവര്‍ തയാറുമല്ല.
''ഇപ്പോള്‍ ജോലി മാറാന്‍ ശ്രമിക്കുന്നത് വലിയ റിസ്‌ക്കാണ്. ചില കമ്പനികള്‍ ഉയര്‍ന്ന വേതനം പറ്റുന്നവരെ ഒഴിവാക്കി ചെലവ് ചുരുക്കാന്‍ ശ്രമിക്കുന്നു.'' പുതിയ സാഹചര്യം വിലയിരുത്തി ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ കമ്പനിയിലെ ഐ. ടി പ്രൊഫഷണലായ അരുണ്‍ പിള്ള പറയുന്നു.
''ശമ്പളം 75 ശതമാനം വെട്ടിച്ചുരുക്കിയിട്ടും പഴയ കമ്പനിയില്‍ തന്നെ പിടിച്ചുനില്‍ക്കുകയാണ്. പുതിയ ജോലിക്കുള്ള ഓഫറുകളുണ്ട്. പക്ഷേ, അവര്‍ ആ പ്രോജക്ടുകള്‍ ഉപേക്ഷിക്കുകയോ മറ്റോ ചെയ്താല്‍ കൈയിലുള്ള കിളിയെ വിട്ട് പറക്കുന്നതിനെ പിടിക്കാന്‍ പോയതുപോലെയാകും. വല്ലാത്ത അവസ്ഥയാണ്,'' ഒരു യുവാവ് തന്റെ വിഷമം പങ്കുവെയ്ക്കുന്നതിങ്ങനെ.
അതിനിടെ ജീവനക്കാരെ പുറത്താക്കിയാല്‍ വീണ്ടുമൊരു ടീം കെട്ടിപ്പടുക്കുന്നത് ചെലവും ബുദ്ധിമുട്ടേറിയ കാര്യവും ആയതുകൊണ്ട് പല കമ്പനികളും ജീവനക്കാരെ കൂടെ നിലനിര്‍ത്താനാണ് ഈ പ്രതിസന്ധി ഘട്ടത്തിലും ശ്രമിക്കുന്നത്. പുറം കരാറുകള്‍ പലതും ഭാവിയില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വ്യോമഗതാഗതം, ടൂറിസം, പെട്രോളിയം, മറ്റു സേവന മേഖലകള്‍ എന്നിവയില്‍ നിന്നുള്ള പുറം കരാറുകള്‍ ചിലതെങ്കിലും നഷ്ടപെടാം. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് ഐ. ടി ജീവനക്കാരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വീടുകളിലിരുന്നു പണിയെടുക്കുന്നത്. കേരളത്തിലെ ഐ ടി കയറ്റുമതി 2016 - 17 ലേ കണക്കനുസരിച്ചു 12,000 കോടി രൂപ മാത്രമാണ്. പുതിയ സാഹചര്യത്തില്‍ ഈ രംഗത്തെ മാറ്റം കാത്തിരുന്നു കാണേണ്ടി വരും.
കോവിഡ് വാക്‌സിന്‍ എല്ലാവരിലേക്കെത്തിയാലും ജോലിസ്ഥലങ്ങള്‍ ഇനിയൊരിക്കലും പഴയതുപോലെ ആകാനിടയില്ല. ഇനി ജോലിസ്ഥലത്തെയും ജോലിയെയും കുറിച്ചുള്ള കാഴ്ചപ്പാടുകളും രീതികളും മാറും. സംഭവിക്കുന്ന മാറ്റങ്ങളില്‍ പലതും പഴയതിനെ പൂര്‍ണമായും തുടച്ചുനീക്കുന്നതുമാകും.
'മഹത്തായ ഭാരതീയ അടുക്കള'യില്‍ വേവുന്ന വനിതാ പ്രൊഫഷണലുകള്‍!
വര്‍ക്ക് ഫ്രം ഹോം യഥാര്‍ത്ഥത്തില്‍ സ്ത്രീകളില്‍ വലിയ ജോലിഭാരം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കേരളത്തിലെ പലരും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കേരളത്തിലെ വനിതാ പ്രൊഫഷണലുകള്‍ ഓഫീസില്‍ പോയിരുന്ന കാലത്തും ജോലികള്‍ക്ക് കുറവില്ലായിരുന്നു. വീട്, ഓഫീസ് എന്നീ രണ്ടിടത്തായി രണ്ട് തരത്തിലുള്ള ജോലികള്‍ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. പുരുഷന് വീട് വിശ്രമിക്കാനുള്ള ഇടവും ആനന്ദിക്കാനുള്ള സ്ഥലവുമാകുമ്പോള്‍ സ്ത്രീകള്‍ക്ക് വീട് മറ്റൊരു തൊഴിലിടം മാത്രമായി ചുരുങ്ങിയിരുന്ന അവസ്ഥയും പല കുടുംബങ്ങളിലുമുണ്ട്. ലോക്ക് ഡൗണും പിന്നീട് വര്‍ക്ക് ഫ്രം ഹോമും വന്നതോടെ സ്ത്രീകളില്‍ പലരും കൂട്ടിലടക്കപ്പെട്ട അവസ്ഥയായി. പാസഞ്ചര്‍ ട്രയ്‌നിലെ തിരിക്കിനിടയിലും കൂട്ടുകാരുമായുണ്ടായ സൗഹൃദങ്ങള്‍ നഷ്ടമായവര്‍ മുതല്‍ യാത്രാവേളകളെ ഭ്രാന്തന്‍ ചിന്തകള്‍ക്കും പുസ്തകവായനയ്ക്കും പാട്ടുകള്‍ക്കും ഒക്കെ മാറ്റിവെച്ചവര്‍ക്ക് അതിനുള്ള അവസരം തീരെ നഷ്ടമായി.
ഇതിനിടെ വേതനം വെട്ടിക്കുറയ്ക്കലും ജോലിഭാരവും എല്ലാം ചേര്‍ന്ന് മാനസികസംഘര്‍ഷത്തില്‍ അകപ്പെട്ടവരും ഏറെ. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് കമ്പനികളില്‍ പ്ലേസ്‌മെന്റ് ലഭിച്ചിട്ടും വിവാഹ ശേഷം കുഞ്ഞിനെ നോക്കി ജോലിക്ക് പോകാതെ ഇരിക്കുന്ന ഏറെ പെണ്‍കുട്ടികള്‍ ഇന്നും കേരളത്തിലുണ്ട്. അവരെ പോലുള്ളവരെ വീണ്ടും തൊഴിലിടത്തേക്ക് നയിക്കാന്‍ വര്‍ക്ക് ഫ്രം ഹോം കാരണമാകുമോയെന്ന ചര്‍ച്ച നടക്കുമ്പോള്‍ ഇപ്പോഴും മാറാത്ത ചില സാമൂഹ്യ കാഴ്ചപ്പാടുകള്‍ വില്ലനാകുന്നുണ്ട്.
വികസിത രാജ്യങ്ങളില്‍ 15 വയസില്‍ മുകളിലുള്ള മൂന്നില്‍ രണ്ട് പെണ്‍കുട്ടികളും ജോലി ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഫീമെയ്ല്‍ ലേബര്‍ ഫോഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍ റേറ്റ് (എഫ് എല്‍ പി ആര്‍) സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ദി ഇന്ത്യന്‍ ഇക്കണോമിയുടെ സര്‍വെ പ്രകാരം 11-12 ശതമാനമാണ്. അസമയത്ത് സ്ത്രീകള്‍ ജോലി കഴിഞ്ഞ് വരുന്നതിനുള്ള വിരോധം മുതല്‍ കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തുന്നതുവരെ സ്ത്രീകളെ ജോലിക്ക് വിടുന്നതിന് തടസ്സമാകുന്നുണ്ട്.
വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം വ്യാപകമായതുകൊണ്ട് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വെറുതെ വീട്ടിലിരിക്കുന്ന സ്ത്രീകളെ വീണ്ടും നൈപുണ്യമുള്ളവരാക്കി തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് ഫ്രം നിയര്‍ ഹോം, വര്‍ക്ക് എനിവെയര്‍ പോലുള്ള പുതിയ ജോലി സംസ്‌കാരങ്ങള്‍ സ്ത്രീകളുടെ പാതിവഴിയില്‍ നിലച്ചുപോയ കരിയര്‍ പുനരാരംഭിക്കാന്‍ സഹായിച്ചേക്കും.
കുടുംബത്തിലെ സ്ത്രീ പുരുഷന്മാര്‍ എല്ലാ ജോലികളും പങ്കിടുന്ന സാഹചര്യത്തിലേക്ക് സമൂഹം മാറിയാല്‍ ഇപ്പോള്‍ ജോലികളുടെ കാര്യത്തിലുണ്ടായിരിക്കുന്ന ഈ മാറ്റം ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയുടെയും മുന്നേറ്റത്തിന് കാരണമാകും. കൂടുതല്‍ പേര്‍ തൊഴില്‍ ചെയ്യും. കൂടുതല്‍ വരുമാനം കുടുംബങ്ങളിലേക്ക് വരും. കൂടുതല്‍ ഉപഭോഗം നടക്കും. ഗാര്‍ഹിക പീഡനങ്ങളും സാമൂഹ്യ പ്രശ്‌നങ്ങളും കുറയും. നല്ലൊരു നാള്‍ പിറക്കുക തന്നെ ചെയ്യും.
തൊഴിലിടങ്ങള്‍ എങ്ങനെ മാറും? പുതിയ അവസരങ്ങളെന്തൊക്കെ?
അടുത്തിടെ യുഎഇയില്‍ മൈക്രോസോഫ്റ്റ് കെആര്‍സി റിസര്‍ച്ചിന്റെയും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെയും പിന്തുണയോടെ ഒരു പഠനം നടത്തി. ഭാവിയില്‍ ജോലികള്‍ എങ്ങനെയായിരിക്കുമെന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. സര്‍വെയില്‍ പങ്കെടുത്ത 97 ശതമാനം ചീഫ് എക്‌സിക്യുട്ടീവുമാരും ജോലികള്‍ ഇനി ഹൈബ്രിഡ് മോഡലിലേക്ക് മാറുമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. അതായത് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ജീവനക്കാര്‍ക്ക് ഓഫീസില്‍ വരാം. അല്ലാത്തപ്പോള്‍ വീട്ടിലോ വീടിനടുത്തുള്ള ഓഫീസിലോ അല്ലെങ്കില്‍ അവര്‍ എവിടെയാണോ അവിടെയിരുന്ന് ജോലി ചെയ്യാം. ജോലിയും ജീവിതവും സന്തുലിതമാക്കി കൊണ്ടുപോകാനും കോ ഓര്‍ഡിനേഷനും ടീം വര്‍ക്കും മികച്ച രീതിയില്‍ തന്നെ നടക്കാനും ഇത് സഹായകരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്ത്യന്‍ വമ്പനായ ടിസിഎസ് 2025ല്‍ തങ്ങളുടെ മൊത്തം ജീവനക്കാരുടെ 25 ശതമാനം മാത്രമേ ഓഫീസില്‍ ഉണ്ടാവുകയുള്ളൂവെന്ന വിഷനാണ് പുറത്തിറിക്കിയിരിക്കുന്നത്. ടെക്‌നോളജി രംഗത്തെ പല വമ്പന്‍ കമ്പനികളും ജീവനക്കാര്‍ക്ക് സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കി കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ വരെ വര്‍ക്ക് ഫ്രം എനിവെയര്‍ സംവിധാനത്തിലേക്ക് മാറുന്നു.
ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഓഫീസിലും മറ്റുള്ള ദിവസങ്ങളില്‍ ഇഷ്ടമുള്ളിടത്തും ജോലി ചെയ്യുന്ന ഹൈബ്രിഡ് സംവിധാനം, വീടിനടുത്ത് അനുയോജ്യമായ സ്ഥലത്ത് ജോലി ചെയ്യുന്ന സംവിധാനം ഒക്കെ ഇനി കൂടുതല്‍ വ്യാപകമാകും.
ഇത് നമ്മുടെ നാട്ടിലും ഏറെ അവസരങ്ങള്‍ സൃഷ്ടിക്കും. കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയ ബജറ്റില്‍ ഓരോ ബ്ലോക്കിലും വര്‍ക്ക് ഫ്രം നിയര്‍ ഹോം സംവിധാനം സജ്ജമാക്കാനുള്ള നിര്‍ദേശമുണ്ട്.
സര്‍ക്കാര്‍ തനിച്ച് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇടയില്ല. സ്വകാര്യ സംരംഭകര്‍ക്ക് പങ്കാളിത്തമുണ്ടാകും. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി എന്നിവയ്‌ക്കെല്ലാം പുറമേ മുന്‍കാലങ്ങളില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം ഒരുക്കുമ്പോഴുണ്ടായ നിര്‍വചനങ്ങളില്‍ നിന്ന് മാറി കുറച്ച് നൂതനമായി ചിന്തിച്ചാല്‍ സംരംഭകര്‍ക്ക് ഈ രംഗത്ത് ഏറെ അവസരമുണ്ട്.
കോവിഡാനന്തരകാലത്തും സുരക്ഷിതത്വത്തിന് തന്നെയാകും ജനങ്ങള്‍ പ്രധാന്യം നല്‍കുക. അതുകൊണ്ട് വൃത്തിയുള്ള ഭക്ഷണം, മാനസിക-ശാരീരിക ഉല്ലാസത്തിന് സുരക്ഷിതമായ ഇടം എന്നിവയെല്ലാം ഒരുക്കിയുള്ള ഓഫീസ് സ്‌പേസുകള്‍ക്ക് ഇനിയുള്ള കാലത്ത് ആവശ്യക്കാര്‍ ഏറെയായിരിക്കും.
അതുപോലെ തന്നെ കോവര്‍ക്കിംഗ് സ്‌പേസുകള്‍ക്കും സാധ്യത ഏറി വരും. ഒറ്റയ്‌ക്കോ പാര്‍ട്ണര്‍ഷിപ്പായോ കമ്പനികള്‍ നടത്തുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍, നല്ലൊരു ഓഫീസും സൗകര്യങ്ങളും മേല്‍വിലാസവും ഒക്കെ ഒരുക്കാന്‍ കോവര്‍ക്കിംഗ് സ്‌പേസുകള്‍ സഹായിക്കും.
അയവുള്ള രീതിയിലുള്ള വര്‍ക്ക് പ്ലേസാണ് ഇനിയെന്ന് വിദഗ്ധര്‍ വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടുമ്പോള്‍ അവസരങ്ങള്‍ തേടുന്ന സംരംഭകര്‍ ചിന്തിക്കേണ്ടതും ആ വഴി തന്നെയാണ്.
കേരളത്തിലെ ഗ്രാമീണ വിപണിക്ക് നേട്ടം
നഗരങ്ങള്‍ കേന്ദ്രീകരിച്ചു ജോലി ചെയ്തിരുന്ന ഐ. ടി. ജീവനക്കാര്‍ അവരുടെ പണം ചെലവഴിച്ചിരുന്നത് വലിയ പട്ടണങ്ങളിലായിരുന്നു. ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി,കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളുടെ ധ്രുതഗതിയിലുള്ള വളര്‍ച്ചയുടെ പിന്നില്‍ ഉയര്‍ന്ന ക്രയശേഷിയുള്ള ഐ. ടി ജീവനക്കാരുടെ ഉദാരമായ ചെലവഴിക്കല്‍ (സ്‌പെന്റിങ് ത്രിഫ്ട് ) തന്നെയാണ് . മികച്ച ശമ്പളം ലഭിക്കുന്ന ഈ വിഭാഗം ഇതുവരെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചിരുന്നത് പ്രധാനപെട്ട നഗരങ്ങളിലായിരുന്നു. കേരളത്തിലെ ഒരു ലക്ഷം വരുന്ന ഐ. ടി ജീവനക്കാര്‍ പ്രധാന മായി മൂന്നു നഗരങ്ങള്‍ കേന്ദ്രികരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇവരെല്ലാം കേരളത്തിന്റെ ചെറുപട്ടണങ്ങളിലും, ഗ്രാമീണ മേഖലയിലുമുള്ള വീടുകളിലാണ് ആണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. വീട്ടില്‍ ഇരുന്നു ജോലി ചെയ്യുന്ന ഇവര്‍ കഴിഞ്ഞ എട്ടു മാസമായി അതാത് സ്ഥലത്തെ വിപണിയിലാണ് സ്വഭാവികമായി പണം ചെലവഴിക്കുന്നത്. ഉയര്‍ന്ന ക്രയശേഷിയുള്ള ഇക്കൂട്ടര്‍, ഗ്രാമീണ, ചെറുകിട പദേശങ്ങളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ നിര്‍ബന്ധിതരാണ്. ഇതിനു പുറമെ പതിനായിരകണക്കിന് അയല്‍ സംസ്ഥാനത്തുള്ള ഐ. ടി ജീവനക്കാരും കോവിഡ് പ്രതിസന്ധി കാരണം കേരളത്തില്‍ വന്നു ജോലി ചെയ്യുന്നുണ്ട്. ഇതില്‍ കുറച്ചു പേര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്നുണ്ടെങ്കിലും, നാട്ടിന്‍ പുറത്തെ വിപണിയില്‍ നിന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നുണ്ട്. ഭക്ഷ്യ, നിത്യോപയോഗ സാധനങ്ങള്‍, ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ഇവര്‍ക്ക് ലോക്കല്‍ കടകളെ ആശ്രയിക്കേണ്ടി വരും. അതായത് അയല്‍ സംസ്ഥാനങ്ങളിലും, കേരളത്തിന്റെ വലിയ നഗരങ്ങളിലും ചെലവഴിച്ചിരുന്ന കോടി കണക്കിന് രൂപ നമ്മുടെ പ്രാദേശിക വിപണിയിലേക്ക് ഇപ്പോള്‍ ഒഴുകി യെത്തുന്നുണ്ട്.
Next Story
Videos