ഹ്യുണ്ടായിയും കെഎഫ്‌സിയും പറയുന്നു: ബിസിനസുകാര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയരുത്!

ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയപരവും മതപരവുമായ നിലപാടുകള്‍ ഏതുവരെയാകാം? കഴിഞ്ഞദിവസം ഹ്യുണ്ടായിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ നിന്നുതന്നെ തുടങ്ങാം. സൗത്ത് കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹ്യുണ്ടായി മോട്ടോര്‍ കമ്പനി. 1967 ല്‍ ആണ് ഹ്യുണ്ടായി സ്ഥാപിക്കപ്പെട്ടത്. ഹ്യുണ്ടായിയുടെ പാകിസ്ഥാനിലെ ഒരു ഡീലര്‍ പാകിസ്ഥാന്‍ സോളിഡാരിറ്റി ദിനത്തില്‍ ഹ്യുണ്ടായി പാകിസ്ഥാനിന്റെ ട്വിറ്ററില്‍ പാകിസ്താന്റെ കശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തിന് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ഇട്ടിരുന്നു. അതിന് പിന്നാലെ വന്‍ പ്രതിഷേധം ഇന്ത്യയില്‍ ഉണ്ടായി. ഉടന്‍ കൊറിയയിലെ ഇന്ത്യന്‍ സ്ഥാനപതി ഹ്യുണ്ടായുടെ ആസ്ഥാനവുമായി ബന്ധപെട്ട് ഈ പോസ്റ്റ് സംബന്ധിച്ച് വിശദീകരണം തേടി. ഇന്ത്യയില്‍ പലരും ഹ്യുണ്ടായി ബഹിഷ്‌കരണ ക്യാമ്പയിനിങ്ങിനും തുടക്കമിട്ടു. ഇതെല്ലാം സംഭവിക്കുന്നത് വെറും 48 മണിക്കൂറിനകതാണെന്ന് ഓര്‍ക്കണം. സംഭവത്തിന് പിന്നാലെ ആ പോസ്റ്റ് നീക്കം ചെയ്യുകയും കൊറിയന്‍ വിദേശകാര്യ മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മത രാഷ്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാറില്ലെന്നും പാക്കിസ്ഥാനിലെ വിതരണക്കാര്‍ സ്വന്തം നിലക്ക് നല്‍കിയ പോസ്റ്റാണെന്നും വിശദീകരണം വന്നു.

ഇന്ത്യയില്‍ പ്രതിഷേധം ഉയര്‍ന്ന ഉടന്‍, മറ്റൊരു ബഹുരാഷ്ട്ര സ്ഥാപനം കൂടി പ്രശ്‌നത്തില്‍ അകപ്പെട്ടു. കെ എഫ് സി (KFC). അമേരിക്ക ആസ്ഥാനമായ Yum! brands, Inc. യുടെ കീഴിലാണ് KFC, Pizza Hut തുടങ്ങിയ ബ്രാന്‍ഡുകള്‍ വരുന്നത്. Tricon group എന്ന പേരിലാണ് 1997 മുതല്‍ 2002 വരെ Yum! brands അറിയപ്പെട്ടിരുന്നത്. ഹ്യുണ്ടായിയുടെ വിവാദ പോസ്റ്റിന് പിന്നാലെ KFC പാകിസ്ഥാനും Pizza Hut പാകിസ്ഥാനും പാകിസ്താന്റെ കശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തിന് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ഇട്ടിരുന്നു. അതും വന്‍ പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് KFC India മാപ്പ് പറഞ്ഞ് വിഷയത്തില്‍ നിന്നും തലയൂരി.

ഇന്ത്യപോലെ, കേരളം പോലെ രാഷ്രീയപരമായും മതപരമായും വളരെ സെന്‍സിറ്റീവായ ഒരു സ്ഥലത്ത് ബിസിനസ്സ് ചെയ്യമ്പോള്‍ തീര്‍ച്ചയായും സംരംഭകന്‍ വളരെയധികം ചിന്തിച്ചതിന് ശേഷം മാത്രമേ ഏതൊരു തീരുമാനവും എടുക്കാന്‍ പാടുള്ളു, ഏതൊരു അഭിപ്രായവും പറയാനും പാടുള്ളു. കാരണം നമുക്കറിയാം പ്രതിഷേധത്തിന് കാരണമാകുന്ന വാക്കുകള്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകും. പിന്നീട് അത് പിന്‍വലിചിട്ടും കാര്യമില്ല. ഏതെല്ലാമാണ് സംരംഭകര്‍ ഈ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്?

1. രാഷ്രീയം, മതം- അഭിപ്രായം വേണ്ട:
സംരംഭകര്‍ക്ക് രാഷ്രീയ മതവിശ്വാസങ്ങളാവാം എന്നാല്‍ സംരംഭത്തില്‍ അത് കൊണ്ടുവരരുത്. നിങ്ങളുടെ ബിസിനസ്സിന്റെ അടിസ്ഥാനപരമായ ലക്ഷ്യം എന്താണ്? നല്ല രീതിയില്‍ ലാഭം ഉണ്ടാക്കുക എന്നതല്ലേ.. അതിനാല്‍ അതിന് തടസമാകുന്ന തരത്തില്‍ മറ്റ് രാഷ്രീയ മത ചിന്തകള്‍ വച്ച്പുലര്‍ത്തുന്നവരെ ബാധിക്കുന്ന രീതിയിലുള്ള ഒരു തീരുമാനവും ബിസിനസ്സിനകത്ത് എടുക്കാതിരിക്കുക. മതപരമായ മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കാത്ത നീതിശാസ്ത്രങ്ങള്‍ മതപരമായി ബിസിനസ്സില്‍ പിന്തുടരുന്നതില്‍ യാതൊരു പ്രശ്‌നവും ഇല്ല എന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു. നമ്മുടെ സ്ഥാപനത്തില്‍ എല്ലാ മതത്തില്‍പെട്ടവരും രാഷ്രീയ വിശ്വാസമുള്ളവരും വരണം എന്ന താല്പര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുക. മതവും രാഷ്രീയവും മാത്രം നോക്കി തൊഴില്‍ നല്‍കുന്നതും ഉപഭോക്താക്കളെ സേവിക്കുന്നതും ഇന്നത്തെക്കാലത്ത് ബിസിനസ്സ് തകര്‍ച്ചക്ക് കാരണമാകാം.

2. എല്ലാരേയും സന്തോഷപ്പെടുത്തുക:
''If you want to make everyone happy, don't be a leader- Sell ice cream.' Steve Jobs പറഞ്ഞ വാചകമാണ്. എല്ലാരേയും പ്രീതിപ്പെടുത്തണമെങ്കില്‍ ലീഡര്‍ ആവരുത്, പകരം ഐസ് ക്രീം വില്‍ക്കു. പക്ഷെ ബിസിനസ്സിന്റെ കാര്യത്തില്‍ അതില്‍ ഒരു പ്രശമുണ്ട്. ഇന്നത്തെ ഈ സോഷ്യല്‍ മീഡിയ യുഗത്തില്‍ ഈ പ്രസ്താവന അനുയോജ്യമല്ല. കാരണം ഇന്ന് എല്ലാവിഭാഗത്തെയും പ്രീതിപ്പെടുത്തിയില്ലെങ്കില്‍ നമ്മളോട് വിരോധമുള്ളവര്‍ക്ക് നമുക്ക് നേരെ കുപ്രചരണം നടത്താനുള്ള വലിയൊരു വേദി ഇന്ന് സോഷ്യല്‍ മീഡിയ തുറന്ന്‌കൊടുത്തിട്ടുണ്ട്. മുന്നേ സൂചിപ്പിച്ചപോലെ നെഗറ്റീവ് വിഷയങ്ങള്‍ വളരെ വേഗത്തില്‍ പരക്കുകയും ചെയ്യും. അവിടെ സത്യമേത് അസത്യമേത് എന്നൊന്നും ചിന്തിച്ചല്ല ആളുകള്‍ അഭിപ്രായം പറയുന്നതും ഷെയര്‍ ചെയ്യുന്നതും. സത്യം വെളിപ്പെടുകതന്നെ ചെയ്യും എന്നാല്‍ അതിനെടുക്കുന്ന സമയം വളരെ കൂടുതലായിരിക്കും. അതിനുമുന്നേതന്നെ നമുക്ക് പലതും നഷ്ടപ്പെട്ടുകാണും.

'ഇന്ന് സാധാരണക്കാര്‍ എന്ന വിഭാഗം ഇല്ല. എല്ലാരും വിദഗ്ദ്ധരും സാമൂഹ്യ നിരീക്ഷകരുമാണ്!'

3. പ്രസ്താവനകള്‍ക്ക് ഒരു മാധ്യമം മാത്രം:
ബിസിനസ്സിന്റെ ഔദ്യോഗിക മാധ്യമം ഏതാണെന്ന് തീരുമാനിച്ച് അതിലൂടെമാത്രം പ്രസ്താവനകള്‍ നടത്തുക. അത് ഒരുപക്ഷേ ഔദ്യോഗിക വെബ്‌സൈറ്റാവാം, ട്വിറ്റര്‍ പേജ് ആവാം. ഓരോ പ്രാവശ്യവും ഓരോ മാധ്യമത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ പലതും ആളുകളുടെ ശ്രദ്ധയില്‍ പെടാതെപോകും, മാത്രമല്ല മാധ്യമങ്ങള്‍ അത് വളച്ചൊടിക്കാനുമുള്ള സാധ്യതയുണ്ട്. ഫേസ്ബുക്കില്‍ ഒരു പേജില്‍ നമുക്ക് നേരെ ആക്ഷേപം ഉണ്ടായാല്‍ ഉടന്‍ ഒരു പ്രതികരണത്തിന് കടക്കുന്നതിന് മുമ്പ് അത് മറ്റ് മാധ്യമങ്ങള്‍ ഏറ്റുടുത്ത് തുടങ്ങുമ്പോള്‍ മാത്രം പ്രതികരിക്കുക. അല്ലാത്തപക്ഷം ആരും അറിയാത്ത വിഷയം നമ്മളാല്‍ മറ്റുള്ളവരെകൂടി അറിയിച്ചുകൊടുക്കും. പ്രതികരണം അവരുടെ ഫേസ്ബുക്കില്‍ അല്ല നല്‍കേണ്ടത്, നമ്മുടെ ഔദ്യോഗിക മാധ്യമത്തിലൂടെ മാത്രം നല്‍കാന്‍ ശ്രദ്ധിക്കുക.

4. മത-രാഷ്രീയ ചിഹ്നങ്ങള്‍ ഒഴിവാക്കുക.
കഴിഞ്ഞ ദിവസം ഒരു സംരംഭകന്‍ തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ പങ്കിടുന്ന വേളയില്‍ പറയുകയുണ്ടായി, അദ്ദേഹത്തിന്റെ ഹോട്ടലിന്റെ മുന്നിലെ ചുമരില്‍ ഒരു പ്രത്യേക നിറത്തിലുള്ള പെയിന്റ് അടിച്ചു. ഒരു രാഷ്രീയ-മത ചായ്‌വ് ഉള്ള വ്യക്തിയായിരുന്നില്ല അദ്ദേഹം. എന്നാല്‍ ആ നിറത്തിനോട് പ്രത്യേക ഒരു മമത ഉണ്ടായിരുന്നു. ആ നിറത്തിന്റെ പേരില്‍ രാഷ്രീയ ഇടപെടലുകള്‍ നടന്നു, അത് ബിസിനസ്സിനെ ബാധിക്കാന്‍ തുടങ്ങി. നിങ്ങള്‍ ഒരു ബ്രാന്‍ഡ് ഉണ്ടാക്കുമ്പോള്‍ അവിടെ ഉപയോഗിക്കുന്ന നിറങ്ങളും ചിഹ്നങ്ങളും വളരെ നന്നായി ഗവേഷണം ചെയ്തതിന് ശേഷം മാത്രം തിരഞ്ഞെടുക്കുക. വെറുതെ എന്തിനാ പ്രശങ്ങള്‍ വിളിച്ചുവരുത്തുന്നത്..

അത്ര നല്ലൊരു അവസ്ഥയിലൂടെയല്ല നമ്മുടെ നാടിന്റെ പോക്ക് എന്ന് തോന്നിപോവുകയാണ്. മത- രാഷ്രീയ വിദ്വോഷങ്ങള്‍, വര്‍ഗീയത, കലാപങ്ങള്‍. പക്ഷെ ബിസിനസ്സ് മുന്നോട്ടേക്ക് നയിച്ചേ പറ്റൂ; സുരക്ഷിതമായി.


( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com
ഫോണ്‍: +91 8281868299)
Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it