ഇന്ത്യയിലേറ്റവും ശമ്പളം വാങ്ങുന്നവരില്‍ സലില്‍ പരേഖും; 79 കോടി രൂപ

ഇന്ത്യയിലേറ്റവും ശമ്പളം വാങ്ങുന്നവരില്‍ ഇന്‍ഫോസിസ് കമ്പനി എന്നും മുന്‍ നിരയിലാണ്. ഇത്തവണയും ഇന്ത്യയിലേറ്റവും ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകളുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്‍ഫോസിസിന്റെ (Infosys) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ സലില്‍ പരേഖിന്റെ സ്ഥാനം. 79 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശമ്പളം.

ശമ്പളം 88 ശതമാനം ഉയര്‍ന്ന് 79 കോടി രൂപയായി. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനിയുടെ 2021-22 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കണക്കിലെടുത്താണ് ശമ്പള വര്‍ധനവ്. പരേഖിന്റെ നേതൃത്വത്തില്‍ ഇന്‍ഫോസിസിന്റെ വിപണി മൂലധനം 5,77,000 കോടി രൂപ വര്‍ധിച്ചതായി കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനിയുടെ വരുമാന വളര്‍ച്ച 70,522 കോടി രൂപയില്‍ നിന്ന് 1,21,641 കോടി രൂപയായി ഉയര്‍ന്നു. 2018 ല്‍ നിന്നും 2021 ലേക്ക് എത്തിയപ്പോള്‍ 51,119 കോടിയുടെ വളര്‍ച്ചയാണ് നേടിയത്. കൂടാതെ ലാഭം 16,029 കോടി രൂപയില്‍ നിന്ന് 22,110 കോടി രൂപയായി ഉയര്‍ന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പരേഖിന്റെ ശമ്പള വര്‍ധനവ്.

അഞ്ച് വര്‍ഷത്തേക്ക് കൂടി അതായത് 2022 ജൂലായ് 1 മുതല്‍ 2027 മാര്‍ച്ച് 31 വരെ, കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിംഗ് ഡയറക്ടറുമായി സലില്‍ പരേഖിനെ വീണ്ടും നിയമിക്കുന്നതിനായി ഇന്‍ഫോസിസ് ഈ അടുത്ത് വീണ്ടും പ്രഖ്യാപിച്ചിരുന്നു.

Related Articles
Next Story
Videos
Share it