കേരള സര്‍ക്കാരിന്റെ പുതിയ ആംനസ്റ്റി സ്‌കീം: ബിസിനസുകാര്‍ അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങള്‍

കോവിഡ് ബാധ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലാണ് ലോകജനത. കേരളത്തിലെ ബിസിനസ് സമൂഹത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. സാമ്പത്തിക അസ്ഥിരത അങ്ങേയറ്റം രൂക്ഷമായ ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും നല്ല പ്രഖ്യാപനമാണ് ആംനസ്റ്റി സ്‌കീം 2020. കേരളത്തിലെ ബിസിനസ് സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്നു ഇത്തരത്തിലുള്ള ആംനസ്റ്റി സ്‌കീം.
കാരണം രാജ്യമെമ്പാടും ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയിട്ടും കേരളത്തിലെ ബിസിനസുകാര്‍ പ്രത്യേകിച്ച് വ്യാപാരികളും മറ്റ് കച്ചവടക്കാരും കേരള വാറ്റിന്റെ പേരിലുള്ള നികുതി ബാധ്യതകളും കുടിശ്ശികകളും പിഴപ്പലിശയും തീര്‍ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.

വന്‍തുക അടക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ വ്യാപാരികളെ ആത്മഹത്യയിലേക്ക് വരെ തള്ളിയിട്ട സാഹചര്യമുണ്ടായിരുന്നു. കോടതികളിലും ട്രിബ്യൂണലുകളിലും പരാതികളുമായി വ്യാപാരി സമൂഹം കയറിയിറങ്ങിയെങ്കിലും പരിഹാരമില്ലാതെ നീളുകയായിരുന്നു.

കോവിഡ് ബാധ കൂടി വന്നതോടെ കഷ്ടത്തിലായ ബിസിനസ് സമൂഹത്തിന് വലിയൊരു ആശ്വാസമാണ് ഇപ്പോഴത്തെ ആംനസ്റ്റി സ്‌കീം.

ഇരുകൈയും നീട്ടി സ്വീകരിക്കാം, ഇതൊരു പുതിയ തുടക്കമാകാം

കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഈ പദ്ധതി ബിസിനസ് സമൂഹം മടിച്ചു നില്‍ക്കാതെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. കാരണം കോവിഡ് കാലത്തിനു ശേഷം ബിസിനസുകള്‍ തന്ത്രപരമായ അഴിച്ചുപണിക്ക് വിധേയമാകേണ്ടി വരും. അക്കാലത്ത് പഴയ നികുതി ബാധ്യതകളും പലിശയും പിഴപ്പലിയും ബിസിനസ് സാരഥികള്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ പാടില്ല.

പുതിയൊരു തുടക്കം ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായ ഒന്നാണ് ഈ സ്‌കീം. ആ സാഹചര്യത്തില്‍ സ്‌കീമിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങള്‍ വിശദമാക്കുന്നു ആഷിഖ് സമീര്‍ അസോസിയേറ്റ്‌സ് കമ്പനി സെക്രട്ടറീസ് & കോര്‍പ്പറേറ്റ് അഡൈ്വസേഴ്‌സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ സിഎസ് എ. എം ആഷിഖ് എഫ്‌സിഎസ്

1. എന്താണ് ആംനസ്റ്റി സ്‌കീം 2020 കൊണ്ട് ഉദ്ദേശിക്കുന്നത്?

ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പുണ്ടായിരുന്ന നികുതി കുടിശ്ശികകള്‍ തീര്‍പ്പാക്കുക.

2. ഏതെല്ലാം നികുതികള്‍ക്ക് ഇത് ബാധകമാണ്?

a. കേരള വാല്യു ആഡഡ് ടാക്‌സ് ആക്ട്
b. സെന്‍ട്രല്‍ സെയ്ല്‍സ് ടാക്‌സ് ആക്ട്
c. ടാക്‌സ് ഓണ്‍ ലക്ഷ്വറീസ് ആക്ട്
d. കേരള സര്‍ചാര്‍ജ് ആക്ട്
e. കേരള അഗ്രികള്‍ച്ചര്‍ ഇന്‍കം ടാക്‌സ് ആക്ട്
f. കേരള ജനറല്‍ സെയ്ല്‍സ് ടാക്‌സ് ആക്ട്

3. എന്താണ് ഈ ആംനസ്റ്റി സ്‌കീമിന്റെ സവിശേഷത?

a. ആംനസ്റ്റി സ്‌കീം പ്രകാരം എല്ലാ കേസുകള്‍ക്കും പലിശയും പിഴപ്പലിശയും 100 ശതമാനം ഒഴിവാക്കി.

b. അടക്കാന്‍ ബാധ്യതയുള്ള നികുതി ഒറ്റത്തവണയായി അടക്കുകയാണെങ്കില്‍ 60 ശതമാനം ഇളവ് ലഭിക്കുന്നതായിരിക്കും.

c. അടക്കാന്‍ ബാധ്യതയുള്ള നികുതി തവണകളായാണ് തിരിച്ചടയ്ക്കുന്നതെങ്കില്‍ 50 ശതമാനം ഇളവ് ലഭിക്കും.

d. അപ്പീല്‍ പോയിരിക്കുന്ന കേസുകള്‍ക്ക് പോലും ആംനസ്റ്റി സ്‌കീം ബാധകമാണ്. ( കെജിഎസ്ടി ക്കു കീഴിലുള്ള കുടിശ്ശിക ഒഴികെ)

4. പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കേണ്ട അവസാന തിയതി എന്നാണ്?

2020 ജൂലൈ 31നോ അതിനുമുമ്പോ

5. പദ്ധതി പ്രകാരം അപേക്ഷ നല്‍കിയാല്‍ നികുതി അടക്കേണ്ട അവസാന തിയതി?

2020 ഡിസംബര്‍ 31

6. ഏതെല്ലാം പെയ്‌മെന്റുകള്‍ക്ക് ഈ പദ്ധതി പ്രകാരം ക്രെഡിറ്റ് ലഭിക്കും?

a. ഡിമാന്റ് നോട്ടീസ് ലഭിച്ചതിനു ശേഷം അടച്ച നികുതിയോ പലിശയോ അടച്ചിട്ടുള്ളവര്‍ ആ തുക കിഴിച്ചുള്ള തുക അടച്ചാല്‍ മതിയാകും.

b. മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച ആംനസ്റ്റി സ്‌കീമുകളില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ സ്‌കീം സ്വീകരിക്കാവുന്നതാണ്.

c. മുന്‍കാലങ്ങളിലെ ആംനസ്റ്റി സ്‌കീം വഴി അടച്ചിട്ടുള്ള ഏത് തുകയും ഇപ്പോഴത്തെ ആംനസ്റ്റി സ്‌കീമില്‍ കിഴിച്ച് നല്‍കും.

d. ഒത്തുതീര്‍പ്പിന് സാധ്യതയുള്ള കേസുകളുടെ നടപടി ക്രമങ്ങളുടെ ഭാഗമായി അടച്ച നികുതികള്‍ക്കും ഇപ്പോള്‍ ക്രെഡിറ്റ് ലഭിക്കുന്നതാണ്.

7. ഈ ആംനസ്റ്റി സ്‌കീം പ്രകാരം എന്തെങ്കിലും റീഫണ്ട് ലഭിക്കുമോ?

ഈ പദ്ധതി പ്രകാരം നികുതികള്‍ തീര്‍പ്പാക്കിയാല്‍ പിന്നീട് റീഫണ്ട് ലഭിക്കുന്നതല്ല.

8. കേരള ജനറല്‍ സെയ്ല്‍സ് ടാക്‌സ് ആക്ട് പ്രകാരമുള്ള സ്‌പെഷല്‍ കേസ് എന്താണ്?

2005 ഏപ്രില്‍ ഒന്നുമുതലുള്ള കുടിശ്ശികകള്‍ക്ക് മാത്രമാണ് ഈ സ്‌കീം ബാധകം. 2005 ഏപ്രില്‍ ഒന്നുമുതല്‍ 2020 മാര്‍ച്ച് 31വരെയുള്ള കുടിശ്ശികകളുടെ പിഴ ഒഴിവാക്കും. അടക്കാന്‍ ബാധ്യതയുള്ള തുകയും അതിന്റെ പലിശയും അടയ്ക്കണം.

9. എങ്ങനെ ഈ പദ്ധതി പ്രകാരമുള്ള കുടിശ്ശികകള്‍ അടയ്ക്കാം?

a. അടക്കേണ്ട കുടശ്ശികയുടെ വിവരങ്ങളും മറ്റ് കാര്യങ്ങളും www.keralataxes.gov.in എന്ന പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്താല്‍ ഇലക്ട്രോണിക്കലി കാണാന്‍ സാധിക്കും.

b. ഒറ്റത്തവണ ഐഡിയും പാസ് വേര്‍ഡും ഈ സ്‌കീമിനായി പോര്‍ട്ടലില്‍ ഉണ്ടാക്കാം

c. ഈ സ്‌കീം സ്വീകരിക്കുന്നവര്‍ അപ്പലേറ്റ്, കോടതി, ട്രിബ്യൂണല്‍ തുടങ്ങിയവയുടെ പരിഗണനയിലിരിക്കുന്ന എല്ലാ കേസുകളും പിന്‍വലിക്കണം.

d. അതിനുശേഷം പെയ്‌മെന്റ് ഒറ്റത്തവണയായാണോ അതോ തവണ വ്യവസ്ഥിയിലാണോ തിരിച്ചടയ്ക്കുന്നതെന്ന് വ്യക്തമാക്കണം.

e. നികുതി വകുപ്പ് അധികൃതരില്‍ നിന്നും അനുമതി ലഭിച്ചാല്‍ പെയ്‌മെന്റ്, ഇ പെയ്‌മെന്റ് വഴി അടക്കാനാകും.

10. തവണ വ്യവസ്ഥയില്‍ പെയ്‌മെന്റ് നടത്താന്‍ സാധിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

തവണ വ്യവസ്ഥയായി പണം അടച്ചുതീര്‍ക്കാമെന്ന വ്യവസ്ഥ സ്വീകരിച്ചവര്‍ അക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ഈ സ്‌കീമിന് പുറത്താകും.

രാജ്യത്തെ കമ്പനികള്‍ക്കും എല്‍എല്‍പികള്‍ക്കും ഒരു പുതിയ തുടക്കം സാധ്യമാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സ്‌കീമിന്റെ വിശദാംശങ്ങള്‍ അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.

(കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, ദുബായ് എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള കമ്പനി സെക്രട്ടറീസ് & കോര്‍പ്പറേറ്റ് അഡൈ്വസേഴ്‌സ് ആയ ആഷിഖ് സമീര്‍ അസോസിയേറ്റ്‌സിന്റെ മാനേജിംഗ് പാര്‍ട്ണറാണ് ലേഖകന്‍. ഫോണ്‍: 9744330022)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it