Begin typing your search above and press return to search.
പ്രതിസന്ധിയെ തരണം ചെയ്യേണ്ടത് എങ്ങനെ? നാരായണ മൂര്‍ത്തി പറയുന്നു
1 നല്ല സമയവും മോശം സമയവും
ബിസിനസില്‍ നല്ല സമയമാണെങ്കിലും മോശം സമയത്തെന്ന പോലെ പെരുമാറണം. താഴ്ന്ന തലത്തില്‍ നിന്ന് ഉയര്‍ന്ന തലത്തിലേക്ക് പോകുന്നത് ശീലമാക്കിയ നമുക്ക് പ്രതിസന്ധി സമയത്ത് ഉയര്‍ന്ന നിലയില്‍ നിന്ന് താഴേക്ക് പതിക്കുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെടും. ഇന്‍ഫോസിസില്‍ 2 ശതകോടി ഡോളര്‍ വിറ്റുവരവും 100 ദശലക്ഷം അറ്റാദായവും നേടുന്നതു വരെ ഞാനുള്‍പ്പടെയുള്ള എല്ലാവരും ഇക്കണോമി ക്ലാസിലാണ് യാത്ര ചെയ്തിരുന്നത്.
2 സ്വയം മാതൃകയാകുക
കഠിനാധ്വാനം, അച്ചടക്കം, ചെലവ് ചുരുക്കല്‍, ഇന്നവേഷന്‍ തുടങ്ങിയ കാര്യങ്ങളിലൂടെ സ്വയം മാതൃകയായി സംരംഭകന്‍ തന്നെ മുന്നില്‍ നിന്ന് നയിക്കണം. യുവ സഹപ്രവര്‍ത്തകരുടെ വിശ്വാസം നേടാന്‍ അതിനേക്കാള്‍ മെച്ചപ്പെട്ട വഴി വേറെയില്ല.
മോശം സമയത്ത് നല്‍കാനുള്ള ഏറ്റവും വലിയ സന്ദേശം, കഠിനാധ്വാനം ചെയ്യുക എന്നതാണ്. ലോക മഹായുദ്ധത്തിനു ശേഷം തകര്‍ന്ന ജര്‍മനിയെ പുനരുജ്ജീവിപ്പിക്കാന്‍ ആളുകള്‍ 12 മണിക്കൂറിലേറെയാണ് ഓരോ ദിവസവും ജോലി ചെയ്തത്. അതും ആരും ആഹ്വാനം ചെയ്യാതെ തന്നെ. നിങ്ങള്‍ ഏറ്റവും മികച്ചത് പ്രതീക്ഷിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അതേസമയം, മോശം അവസ്ഥ നേരിടാന്‍ തയാറായിരിക്കുകയും ചെയ്യുക.
3 ഏറ്റവും മികച്ചവരെ നിയമിക്കുക
ഏറ്റവും മികച്ച പ്രതിഭകളെ ജോലിക്ക് നിയമിക്കാന്‍ ശ്രദ്ധിക്കണം. ശരിയായ പ്രൊഫഷണലിന്റെ ഏറ്റവും വലിയ രണ്ടു ഗുണങ്ങള്‍ കാര്യക്ഷമതയും മൂല്യവുമാണ്. നല്ല സമയത്തും മോശം സമയത്തും ഒരേ പോലെ മികവോടെ പ്രവര്‍ത്തിക്കാന്‍ കാര്യക്ഷമതയും മൂല്യബോധവും ആവശ്യമാണ്. Powered by intellect, driven by values എന്നതാണ് ഇന്‍ഫോസിസിന്റെ ആപ്തവാക്യം. ഇത്ര മികച്ച ബൈലൈന്‍ വേറെ എവിടെയും കണ്ടില്ലെന്നാണ് ബില്‍ ഗേറ്റ്സ് തന്നെ അഭിപ്രായപ്പെട്ടത്.
4 നഷ്ടസാധ്യത തിരിച്ചറിയുക
ഓരോ ഏഴ് വര്‍ഷത്തിലും ബിസിനസ് ചക്രം മാറിക്കൊണ്ടിരിക്കുന്നു. മുകളിലേക്ക് പോയിരുന്നത് താഴേക്കും താഴേക്ക് പോയിരുന്നത് മുകളിലേക്കും വരുന്നു. അത് പ്രകൃതി നിയമമാണ്.
സംരംഭങ്ങളിലെ നഷ്ടസാധ്യതകള്‍ തിരിച്ചറിഞ്ഞ് അവയെ മൂന്നു വിഭാഗങ്ങളായി തിരിക്കണം.
1. തന്ത്രപരം (Strategic)
2. ഹ്രസ്വകാലം
3. ദീര്‍ഘകാലം
അവ നേരിടുന്നതിനായി പദ്ധതി തയാറാക്കണം. കമ്പനിയിലെ എല്ലാ ചെലവുകളും രണ്ട് തരത്തിലാണ്. പ്രത്യക്ഷ ചെലവുകളും പരോക്ഷ ചെലവുകളും. പരോക്ഷമായ ചെലവുകള്‍ പരമാവധി
കുറയ്ക്കാന്‍ ശ്രദ്ധിക്കണം.
5 ബിസിനസ് തന്ത്രം ആവിഷ്‌കരിക്കുക
വാഗ്ദാനം ചെയ്യുന്നതിലേറെ നല്‍കുക. ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ വെക്കുകയും അത് ഹ്രസ്വകാലയളവിലുള്ള വിവിധ പ്ലാനുകളായി വിഭജിച്ച് കൈവരിക്കുകയും ചെയ്യുക. പതിവായി അവലോകനങ്ങളും അപ്ഡേഷനും നടത്തുക. നിങ്ങളുടെ മൂല്യബോധം ശക്തമാണെന്നും നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഒറ്റ വാചകത്തില്‍ ലളിതവും വ്യക്തവുമായ പദങ്ങളാല്‍ വിശദീകരിക്കാനാവുമെന്നും ഉറപ്പാക്കുക.
നിങ്ങളുടെ എതിരാളികള്‍ക്കനുസൃതമായി കരുത്തുറ്റതും വ്യത്യസ്തവുമായ മൂല്യവ്യവസ്ഥ സൃഷ്ടിക്കുകയും വേണം. തൊഴിലവസങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സമയത്തിനും മൂല്യത്തിനും പ്രാധാന്യം നല്‍കാത്ത സംരംഭകരുടെ കമ്പനി താഴേക്ക് പോകും.
6 വിപണിയെ അറിയുക
നിങ്ങളുടെ വിപണി പങ്കാളിത്തത്തിന്റെ സാധ്യതകള്‍ കൃത്യമായി കണക്കാക്കുന്നതില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വരുമാനവും ചെലവും കൃത്യമായി കണക്കാക്കുകയും ചെയ്യുക. ഈ ലോകത്ത് ഒന്നും സൗജന്യമല്ലാത്തതിനാല്‍ മറ്റുളളവരില്‍ നിന്ന് പണം വാങ്ങുമ്പോള്‍ അതിന്റെ മൂല്യത്തിനനുസരിച്ച് തിരിച്ചു നല്‍കണം. ഉപഭോക്താവ് നല്‍കുന്നത് പണം, പ്രതീക്ഷിക്കുന്നത് മൂല്യവും. അവരിലുണ്ടാകുന്ന വിശ്വാസം ആവര്‍ത്തിച്ചുള്ള ബിസിനസിലേക്ക് നയിക്കുന്നു.
7 സാങ്കേതിക വിദ്യ
എല്ലാ തലത്തിലുള്ള ജീവനക്കാര്‍ക്കും ജോലി ഭാരം കുറയ്ക്കാനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യ വേണം. അത് തൊഴിലാളിയുടെ ആത്മവിശ്വാസം ഉയര്‍ത്തും. ഈ മെഷീന്‍ വലിയവനെന്നോ ചെറിയവനെന്നോ വിവേചനം കാണിക്കുന്നില്ലെന്നായിരുന്നു ഇന്‍ഫോസിസില്‍ ആദ്യമായി എടിഎം മെഷീന്‍ സ്ഥാപിച്ചപ്പോള്‍ ഒരു ജീവനക്കാരന്റെ കമന്റ്.
8 ഇന്നവേഷന്‍
തെരഞ്ഞെടുക്കപ്പെട്ട ഏതാനും പേരില്‍ ഒതുങ്ങേണ്ടതല്ല ഇന്നവേഷന്‍. നിരന്തരമായ ഇന്നവേഷന് തയാറാവണം. എന്നാല്‍ മുകളില്‍ നിന്ന് വരേണ്ട ഒന്നല്ല അത്. ഓഫീസിലെ ഒരു ക്ലീനിംഗ് സ്റ്റാഫിന് പോലും ഇന്നവേഷന്‍ കൊണ്ടുവരാനാകും. എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ അവരവരുടേതായ പങ്ക് വഹിക്കാനുണ്ട്.
9 അനുകമ്പയുള്ള നേതൃത്വം
നല്ല സമയത്തും മോശം സമയത്തും സഹാനുഭൂതിയുള്ള നേതൃത്വം ആവശ്യമാണ്. ന്യായവും സുതാര്യവും തുറന്നതും ആയിരിക്കണം സമീപനം. ഒരാളൊടൊപ്പം ഇരുന്ന് സാഹചര്യം മനസിലാക്കി അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ച് മനസിലാകുന്ന ഭാഷയില്‍ സംവദിക്കുന്നതാണ് സഹാനുഭൂതി. പരമാവധി ഡാറ്റയും വസ്തുതകളും ഉപയോഗിച്ച് അവര്‍ എങ്ങനെയാണെന്ന് ബോധ്യപ്പെടുത്തി കൊടുക്കുന്നതിലൂടെ ന്യായം ഉറപ്പാക്കുന്നു.
10 സര്‍ക്കാരിന്റെ പങ്ക്
സംരംഭങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ചുമതല. മികച്ച അടിസ്ഥാന സൗകര്യങ്ങളും ശരിയായ നയങ്ങളും ഉണ്ടാക്കി കൂടുതല്‍ തൊഴിലവസരങ്ങളും ഉയര്‍ന്ന ശമ്പളമുള്ള ജോലികളും സൃഷ്ടിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് പിന്തുണ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്വകാര്യമേഖലയാവട്ടെ പരമാവധി വരുമാനം നേടാനും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്.
ബിസിനസില്‍ നിന്ന് കഴിയാവുന്നത്ര മാറി നില്‍ക്കുകയാണ് സര്‍ക്കാരിന് അഭികാമ്യം. നികുതിദായകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ നികുതി പിരിക്കുകയും അത് സത്യസന്ധമായും ഉല്‍പ്പാദനപരമായും പൊതുജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
Next Story
Videos