നിങ്ങളുടെ ബിസിനസില്‍ 'സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍' നടത്താന്‍ തടസ്സമാകുന്ന കാരണങ്ങള്‍ തിരിച്ചറിയാം

പണ്ട് സിനിമയൊക്കെ നമ്മള്‍ കാസറ്റോ സിഡിയോ വാടകയ്ക്കെടുത്താണല്ലോ കണ്ടിരുന്നത്. 1990കളുടെ അവസാനത്തോടെ ഒരു ചെറുപ്പക്കാരന്‍ 'അപ്പോളോ 13' എന്ന സിനിമയുടെ വീഡിയോ കാസെറ്റ് ബ്ലോക്ബസ്റ്റര്‍ എന്ന ഷോപ്പില്‍ നിന്ന് വാടകയ്ക്കെടുത്തു. സോഫ്റ്റ്വെയര്‍ പ്രൊഫഷണലായ അയാളുടെ കൈയില്‍ നിന്ന് ആ കാസെറ്റ് നഷ്ടപ്പെട്ടുപോയി. ആകെ നാണക്കേടായല്ലോ. ഇനി പിഴയും കൊടുക്കണം. വീട്ടിലറിഞ്ഞാല്‍ ആകെ പ്രശ്നമാകും. വിഷമത്തോടെ അയാള്‍ ബ്ലോക്ബസ്റ്ററിലെത്തി വരിയില്‍ നിന്ന് 40 ഡോളര്‍ പിഴയും കൊടുത്ത് തിരിച്ചിറങ്ങി. ആകെ നിരാശയില്‍ അദ്ദേഹം ജിമ്മിലേക്ക് പോയി.

വ്യായാമം ചെയ്യുന്നതിനിടെ അയാള്‍ ഓര്‍ത്തു. ജിമ്മില്‍ ഒരു മാസത്തേക്കുള്ള പണം കൊടുത്തിട്ടുള്ളതുകൊണ്ട് എത്രനേരം വേണമെങ്കിലും വ്യായാമം ചെയ്യാം. ദിവസത്തില്‍ എത്ര തവണ വേണമെങ്കിലും ജിമ്മില്‍ വരാം. അങ്ങനെയെങ്കില്‍ ഒരു തവണ പണം കൊടുത്തിട്ട് ആളുകള്‍ക്ക് എത്ര സിനിമകള്‍ വേണമെങ്കിലും കാണാനുള്ള അവസരമുണ്ടായിരുന്നെങ്കില്‍ എത്ര നല്ലതായിരിക്കും. അങ്ങനെ അദ്ദേഹം പോയി സിഡികള്‍ ആളുകള്‍ക്ക് വീട്ടിലേക്ക് അയച്ചുകൊടുക്കുന്ന കമ്പനി 1997ല്‍ തുടങ്ങി. ഒരു സിഡി അയച്ച് അത് തിരിച്ചു കൊടുക്കുമ്പോള്‍ അടുത്ത സിഡി എടുക്കാം. നല്ല ബിസിനസ് കിട്ടി അയാളുടെ സംരംഭം വളര്‍ന്നു. 2000ത്തില്‍ ആ യുവസംരംഭകന്‍ ബ്ലോക്ബസ്റ്ററുമായി സംസാരിച്ചു. ചെറിയ തുകയ്ക്ക് തന്റെ കമ്പനി ബ്ലോക്ബസ്റ്ററിന് വില്‍ക്കാന്‍ തയാറാണെന്ന് അറിയിച്ചു. പക്ഷെ ലോകമെമ്പാടുമായി അന്ന് 2000ത്തോളം സ്റ്റോറുകളുള്ള ബ്ലോക്ബസ്റ്റര്‍ ഈ ആശയത്തെ തള്ളിക്കളഞ്ഞു. പിന്നീട് സംഭവിച്ചതെന്താണെന്നോ? 2012ല്‍ ബ്ലോക്ബസ്റ്റര്‍ പാപ്പരായി. 2020ല്‍ നമ്മുടെ യുവസംരംഭകന്റെ സ്ഥാപനം 225 ബില്യണ്‍ ഡോളര്‍ കമ്പനിയായി വളര്‍ന്നു. ഈ യുവാവിന്റെ പേര് റീഡ് ഹാസ്റ്റിംഗ്സ് എന്നാണ്. ഇയാള്‍ തുടങ്ങിയ കമ്പനിയുടെ പേരാണ് നെറ്റ്ഫ്‌ളിക്സ്!
എന്താണ് ബ്ലോക്ബെസ്റ്ററിന് പറ്റിയ അബദ്ധം? എന്താണ് ബ്ലോക്ബെസ്റ്റര്‍ പഠിക്കാതെ പോയത്? വിപണിയില്‍ വന്ന മാറ്റങ്ങളോട് അവര്‍ പ്രതികരിച്ചില്ല. ആ മാറ്റങ്ങള്‍ക്ക് അനുസരിച്ച് അവര്‍ സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍ നടത്തിയില്ല. മറ്റൊരാള്‍ അവരുടെ കൈയില്‍ കൊïുപോയി അവസരം വെച്ചുകൊടുത്തിട്ടും അതിലെ സാധ്യതകള്‍ തിരിച്ചറിയാനും അവര്‍ക്ക് പറ്റിയില്ല. ആക്ഷനെക്കുറിച്ചായിരുന്നില്ല അവരുടെ ചിന്തകള്‍. പകരം അവര്‍ ചിന്തിച്ചത് അവരുടെ പാരമ്പര്യത്തെക്കുറിച്ചും വലുപ്പത്തെക്കുറിച്ചും ആയിരുന്നു. പല സംരംഭകരും മറന്നുപോകുന്ന, ഒടുവില്‍ തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമ്പോള്‍ മാത്രം തിരിച്ചറിയുന്ന ഒരു പ്രധാന കാര്യമാണ് സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍. ഈ ലോകം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്റെ പ്രാധാന്യം വളരെ വലുതാണ്.

എന്താണ് സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍?

ആശയത്തില്‍ നിന്ന് ആവിഷ്‌കാരത്തിലേക്ക് എത്താനുള്ള ദൂരമാണ് സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍. നമ്മുടെ മനസില്‍ ഒരു ആശയം കിട്ടുന്നു. ഒന്നും ചെയ്യാതെ ആ ആശയം നാം വെറുതെ മനസില്‍ വെച്ചുകൊണ്ടിരുന്നാല്‍ എന്തുസംഭവിക്കും? നമ്മള്‍ സ്വപ്നം കണ്ട ജീവിതം മറ്റുള്ളവരുടേതാകും. എങ്ങനെ ആശയത്തെ പ്രാവര്‍ത്തികമാക്കാം? നമ്മുടെ മനസിലുള്ള ആശയത്തെ ഉപഭോക്താവിന്റെ ഏതെങ്കിലും പ്രശ്നത്തെ ഇല്ലാതാക്കുന്ന, അല്ലെങ്കില്‍ അവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇടയുള്ള ഒരു ഉല്‍പ്പന്നമാക്കി മാറ്റുന്നു. അത് സേവനവും ആകാം. അത് എത്രയും വേഗം നാം കുറഞ്ഞ ചെലവില്‍ വിപണിയില്‍ പരീക്ഷിക്കുന്നു. പ്രോഡക്റ്റ് ടെസ്റ്റിംഗ് സമയത്ത് നാം പരമദരിദ്രനെപ്പോലെ വേണം ചെലവുചെയ്യേണ്ടത്. എന്നാല്‍ ചിന്തിക്കേണ്ടത് ശതകോടീശ്വരനെപ്പോലെയും ആയിരിക്കണം. ടെസ്റ്റിംഗ് കഴിയുമ്പോള്‍ നമുക്ക് ഒരുപാട് ഫീഡ്ബാക്ക് അഥവാ പ്രതികരണങ്ങള്‍ കിട്ടും. ഉല്‍പ്പന്നം വിപണിയിലെത്തിയാല്‍ സ്വീകരിക്കപ്പെടുമോ എന്ന് അതില്‍ നിന്ന് ഏകദേശം നമുക്ക് അറിയാനാകും. ഉല്‍പ്പന്നത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അത് മികച്ചതാകും എന്നാണെങ്കില്‍ വിപണിയുടെ പ്രതികരണങ്ങള്‍ക്കനുസരിച്ച് പ്രോഡക്റ്റില്‍ മാറ്റങ്ങള്‍ വരുത്തി അന്തിമ ഉല്‍പ്പന്നത്തിലേക്ക് കടക്കാം.
ഇനി വിപണിയില്‍ സ്വീകരിക്കപ്പെടുന്ന ഒന്നല്ല നിങ്ങളുടെ ഉല്‍പ്പന്നമെന്ന് തോന്നിയാല്‍ അതില്‍ നിന്ന് പിന്മാറാം. മുഴുവന്‍ പണവും മുടക്കിയിട്ട് പരാജയപ്പെടുന്നതിന് പകരം ചെറിയ ചെലവില്‍ പരാജയപ്പെടാനുള്ള അവസരമാണ് ഇതുവഴി ഉണ്ടാകുന്നത്. അങ്ങനെ സംഭവിച്ചതുകൊണ്ട് എല്ലാം തീര്‍ന്നെന്ന് വിചാരിക്കാന്‍ വരട്ടെ.
കുഞ്ഞുങ്ങള്‍ നടക്കാന്‍ പഠിക്കുന്നത് കണ്ടിട്ടില്ലേ? എത്ര വീണാലും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും, നടക്കാന്‍ പഠിക്കുന്നതുവരെ. 30 വയസിലാണ് നാം നടക്കാന്‍ പഠിക്കുന്നതെങ്കില്‍ നമ്മളെല്ലാവരും ഇന്ന് വീല്‍ ചെയറില്‍ ആയിപ്പോയേനെ എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പ്രാവശ്യം വീഴുമ്പോള്‍ നമ്മള്‍ വിചാരിക്കും, 'അയ്യോ ഇനിയും വീണാല്‍ മറ്റുള്ളവര്‍ എന്തുവിചാരിക്കും. നടന്നില്ലെങ്കില്‍ ഇപ്പോള്‍ എന്ത് സംഭവിക്കാനാ. വീല്‍ചെയറില്‍ ഇരിക്കാമല്ലോ' എന്ന് കരുതും. ഇതേ ഉദാഹരണം ബിസിനസിലും ഓര്‍ത്താല്‍ മാത്രം മതി. നമ്മെ തടയുന്നത് എന്താണ്? സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍ നടത്താന്‍ നമുക്ക് തടസമായി നില്‍ക്കുന്ന നിരവധി കാരണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1 പരാജയപ്പെടുമെന്ന ഭയം

സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍ ചെയ്യാന്‍ തടസമായി നില്‍ക്കുന്ന കാരണങ്ങളില്‍ പ്രധാനം പരാജയപ്പെടാനുള്ള ഭയമാണ്. ഒന്നും ചെയ്യുന്നില്ലെങ്കില്‍ പരാജയപ്പെടില്ലല്ലോയെന്നാണ് നമ്മള്‍ വിചാരിക്കുന്നത്. ''നിങ്ങളുടെ പ്രവൃത്തികള്‍ക്ക് എന്ത് ഫലമാണ് ലഭിക്കുന്നതെന്ന് നിങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാനാകില്ല. പക്ഷെ നിങ്ങള്‍ ഒന്നും ചെയ്യാതിരുന്നാല്‍ ഒരു ഫലവും ലഭിക്കില്ല.'' മഹാത്മാഗാന്ധിയുടെ വാക്കുകളാണിത്. അതെ, പ്രവര്‍ത്തിക്കാതെയിരിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചിട്ട് പരാജയപ്പെടുന്നതാണ് എന്നാണ്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ പരാജയം പ്രവര്‍ത്തിക്കാതെയിരിക്കുന്നതാണ്. ആക്ഷന്‍ എടുക്കാതിരുന്നാല്‍ പരാജയപ്പെടില്ല എന്ന് പറയുന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ ആ മിഥ്യയുടെ പിന്നാലെ പോയാല്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കിയാല്‍ കാണുന്നത് നിങ്ങള്‍ മനസില്‍ സ്വപ്നം കണ്ട ആശയങ്ങള്‍ മറ്റുള്ളവര്‍ നടപ്പാക്കി വിജയിച്ചതായിരിക്കും. ആശയത്തില്‍ നിന്ന് ആവിഷ്‌കാരത്തിലേക്ക് എത്രയും പെട്ടെന്ന് എത്തേണ്ട ആവശ്യകത അവിടെയാണ്.

2 ആത്മവിശ്വാസമില്ലായ്മ

രണ്ടാമത്തെ വെല്ലുവിളി ആത്മവിശ്വാസമില്ലായ്മയാണ്. നമ്മുടെ ആശയത്തില്‍ നമ്മളാണ് ആദ്യം വിശ്വസിക്കേണ്ടത്. അതിനുശേഷം നമ്മുടെ ടീമും. നമ്മളും നമ്മുടെ ടീമും വിശ്വസിച്ച് കുറച്ചുകാലത്തോളം മുന്നോട്ടുപോകുമ്പോഴേ അതില്‍ പുറത്തുനിന്നുള്ളവര്‍ വിശ്വസിച്ചു തുടങ്ങുകയുള്ളു. പതിയെ പതിയെ ആ ആശയത്തില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കൂടും. അങ്ങനെയാണ് വലിയ കമ്പനികള്‍ ഉണ്ടാകുന്നത്. അതിനായി അടിയുറച്ച വിശ്വാസത്തോടെ (Faith) നമ്മുക്ക് നാം ഇതുവരെ കാണാത്തതിനെ കാണാന്‍ കഴിയണം. അതിന് കഴിഞ്ഞാല്‍ മാത്രമേ മുന്നില്‍ എന്തൊക്കെ തടസങ്ങള്‍ വന്നാലും ലക്ഷ്യത്തെ മുന്നില്‍ക്കണ്ടുകൊണ്ട് പല തന്ത്രങ്ങളും മാറ്റിമാറ്റി പരീക്ഷിച്ച് ഒടുവില്‍ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കൂ.

3 വ്യക്തതയില്ലായ്മ

സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന് ഏറ്റവും ആദ്യം വേണ്ടത് വ്യക്തതയാണ്. നിങ്ങള്‍ക്ക് വലിയൊരു ലക്ഷ്യമുണ്ടാകുമല്ലോ. അതിലേക്ക് എത്താനായി ഒരു സ്ട്രാറ്റജി അഥവാ തന്ത്രം ഉണ്ടാക്കണം. ആ തന്ത്രത്തെ ആക്ഷനാക്കി മാറ്റുകയും അതിനുശേഷം ആ ആക്ഷനെ വളരെ ചെറിയ ചുവടുകളാക്കി മാറ്റുകയും ചെയ്യുമ്പോഴാണ് നമുക്ക് വ്യക്തത കിട്ടുന്നത്. വിമാനം പറക്കുന്ന ഉയരമായ 40000 അടി മുകളില്‍ നിന്ന് ഒരു ലക്ഷ്യത്തെ നോക്കാന്‍ നമുക്കറിയാം. അതുപോലെ തന്നെ വിമാനത്തിന് പറക്കാനുള്ള റണ്‍വേയില്‍ നിന്ന് നോക്കാനും നമുക്ക് അറിയാം. ഒരേസമയത്ത് ഈ രണ്ട് രീതിയില്‍ നോക്കാനും പറ്റുന്നതാണ് ഒരു സംരംഭകന്റെ ഏറ്റവും വലിയ വിജയം. എന്നാല്‍ എല്ലാവര്‍ക്കും ഈ രണ്ട് രീതിയിലും നോക്കാന്‍ പറ്റണമെന്നില്ല.

4 പാതിവഴിയില്‍ ഇട്ടെറിഞ്ഞ് പോവുക

വ്യക്തതയുള്ളവര്‍ക്ക് തന്നെ ആക്ഷനിലേക്ക് മുന്നോട്ടുപോകുമ്പോള്‍ എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ എല്ലാം ഇട്ടെറിഞ്ഞിട്ട് മതിയാക്കി പോകാനുള്ള പ്രവണതയുണ്ട്. ഇങ്ങനെ എത്രയോ നല്ല സ്വപ്നങ്ങള്‍ വിടര്‍ന്ന് ഒരു പുഷ്പമാകുന്നതിന് മുമ്പേ തന്നെ മൊട്ട് ആയി കൊഴിഞ്ഞുപോയിട്ടുണ്ട്. സ്വപ്നങ്ങള്‍ക്ക് വേണ്ട ആക്ഷന്‍ കണ്ടെത്താന്‍ കഴിയാതെ പോയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍ ചെയ്യുമ്പോള്‍ അതിന്റെ ഫലം എന്തുതന്നെയാണെങ്കിലും വിപണിയില്‍ നിന്നുള്ള പ്രതികരണം എടുത്തിട്ട് ആ പ്രതികരണത്തില്‍നിന്ന് മുന്നോട്ടുള്ള ആക്ഷന്‍ എടുക്കാന്‍ കഴിയണം. ലക്ഷ്യത്തിലേക്ക് എത്താനായി നാം കണ്ടുപിടിച്ച ഒരു തന്ത്രം ശരിയാകുന്നില്ലെങ്കില്‍ ഒരുപാട് തന്ത്രങ്ങള്‍ പയറ്റാന്‍ തയാറാകാനുള്ള മനോഭാവത്തോടെ വേണം സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷനിലേക്ക് പോകാന്‍. വീണിട്ടും വീണ്ടും വീണ്ടും നടക്കാന്‍ പഠിക്കുന്ന കുഞ്ഞിനെപ്പോലെ.

5 ആക്ഷന്‍ തിങ്കിംഗ് ഇല്ലാത്തത്

സ്പീഡ് ഓഫ് ഇംപ്ലിമെന്‍േഷന്‍ ചെയ്യാനുള്ള കൃത്യമായ സ്ട്രാറ്റജി ആക്ഷന്‍ തിങ്കിംഗ് ആണ്. അതായത് നേരത്തെ പറഞ്ഞതുപോലെ ഒരേ സമയം തന്നെ 40000 അടി മുകളില്‍ പറന്ന് കമ്പനിയുടെ വിഷനെ കാണാനും അതേസമയം അടുത്ത ഇന്റലിജന്റ് മൂവ് എതാണെന്ന് കണ്ടുപിടിക്കാനും ഒരേസമയം പറ്റുന്നതാണ് സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍. നമ്മുടെ മനസില്‍ വരുന്ന ആശയങ്ങളെ അപ്പോള്‍ തന്നെ ആക്ഷനുകളായി മാറ്റിയെടുക്കണം. എന്താണ് അടുത്ത ഇന്റലിജന്റ് മൂവ് എന്നാണ് സംരംഭകര്‍ ചോദിച്ചുകൊണ്ടിരിക്കേണ്ടത്.

6 പിന്നത്തേക്ക് മാറ്റിവെക്കുന്നത്

സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷനിലെ മറ്റൊരു പ്രധാന വെല്ലുവിളി കാര്യങ്ങള്‍ പിന്നത്തേക്ക് മാറ്റിവെക്കാനുള്ള നമ്മുടെ പ്രവണതയാണ്. ഇന്ന് ചെയ്യാനുള്ളത് നാളെ ചെയ്യാം എന്ന് നമ്മുടെ മനസ് നമ്മോട് പറയുന്നു. ഇനി കാര്യങ്ങള്‍ പിന്നത്തേക്ക് മാറ്റിവെക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് ഒരു മാര്‍ഗം പറഞ്ഞുതരാം. നിങ്ങള്‍ നാളെ ചെയ്യാനുള്ള കാര്യം നാളെ ചെയ്യേണ്ട. അത് മാറ്റിവെച്ച് പകരം ഇന്ന് ചെയ്യുക. അങ്ങനെയാണെങ്കില്‍ നാളെ നമുക്ക് ചെയ്യേണ്ടല്ലോ. അത്തരത്തില്‍ എല്ലാം മാറ്റിവെക്കാനുള്ള പ്രവണതയില്‍ നിന്ന് നമ്മുടെ മനസിനെ നമുക്ക് സൂത്രത്തില്‍ മെരുക്കിയെടുക്കാം. ഓര്‍ക്കുക, അടുത്ത വര്‍ഷം ചെയ്യാതിരിക്കാം. പകരം ഈ വര്‍ഷം തന്നെ ചെയ്തുതീര്‍ക്കാം. അടുത്തമാസം ചെയ്യാതിരിക്കാം, പകരം ഈ മാസം ചെയ്യാം. നാളെ ചെയ്യാതിരിക്കാം, പകരം ഇന്ന് ചെയ്യാം.
സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്റെ പ്രാധാന്യം മനസിലായില്ലേ? അതുകൊണ്ടുതന്നെയാണ് 14 രാജ്യങ്ങളില്‍ ഞങ്ങള്‍ നടത്തുന്ന ബിസിനസ് ആക്സിലറേറ്റര്‍ കോഴ്സുകളില്‍ സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന് വളരെയേറെ പ്രാധാന്യം കൊടുക്കുന്നത്. സ്പീഡ് ഓഫ് ഇംപ്ലിമെന്‍േഷന്‍ ജന്മനാ കിട്ടുന്ന ഒരു ടാലന്റ് അല്ല, വളര്‍ത്തിയെടുക്കാവുന്ന ഒരു സ്‌കില്‍ ആണ്.
വാള്‍സ്ട്രീറ്റില്‍ ജോലി ചെയ്തിരുന്ന ഒരു യുവാവ്. അയാള്‍ ജോലി രാജിവെച്ചിട്ട് ഒരു സംരംഭകനായാലോ എന്ന് ആലോചിച്ചു. എന്നാല്‍ വാള്‍സ്ട്രീറ്റിലുള്ള ഒരു വലിയ സ്ഥാപനത്തിലെ ജോലി കളഞ്ഞിട്ട് പരാജയപ്പെട്ടാല്‍ എന്തു ചെയ്യുമെന്ന് ചോദിച്ച് അയാളെ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ആ യുവാവ് ചെയ്തതെന്താണെന്നോ? തനിക്ക് 80 വയസാകുമ്പോള്‍ എന്തിനെ ഓര്‍ത്തായിരിക്കും തനിക്ക് കുറ്റബോധം തോന്നുന്നതെന്ന് ആലോചിച്ചു. അതൊരിക്കലും ജോലി രാജിവെച്ചതിനെ ഓര്‍ത്തായിരിക്കില്ല, പകരം താന്‍ ചെയ്യാതെ പോയ കാര്യങ്ങളെ ഓര്‍ത്തായിരിക്കും എന്ന് അയാള്‍ക്ക് മനസിലായി. തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു. അയാളൊരു സംരംഭകനായി. മറ്റാരുമല്ല ഈ സംരംഭകന്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെയ്സോസ്! മുന്നിലുള്ള അവസരങ്ങളെ കണ്ട് അവയോട് എത്രയും വേഗം പ്രതികരിച്ച് സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍ ചെയ്തതുകൊണ്ട് മാത്രമാണ് ഇന്ന് നാം കാണുന്ന ആമസോണ്‍ ഉണ്ടായത്.

7 നമുക്ക് നമ്മേക്കുറിച്ചുള്ള ധാരണ

സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷനിലേക്കുള്ള മറ്റൊരു തടസം ഇന്നര്‍ സൈക്കോളജിയാണ്. നമ്മുടെ മനസില്‍ നമ്മളെക്കുറിച്ച് നമുക്കൊരു കഥയുണ്ട്. അതൊരു വിജയിയുടെ കഥയാകാം, പരാജിതന്റെ കഥയാകാം. നമ്മുടെ ഉള്ളില്‍ നമ്മളെക്കുറിച്ചുള്ളത് ഒരു പരാജിതന്റെ കഥയാണെങ്കില്‍ എത്ര വലിയ സ്വപ്നങ്ങള്‍ നമുക്കുണ്ടെങ്കിലും ഏതെങ്കിലും സമയത്ത് പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഇട്ടിട്ടുപോ
കാന്‍ സാധ്യതയുണ്ട്. ഇതിനെ മറിടക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. നിങ്ങള്‍ 10 വര്‍ഷം കഴിഞ്ഞ് എവിടെയെത്തണമെന്ന് തീരുമാനിക്കുക. അതുവെച്ച് ഒരു കഥയുണ്ടാക്കുക. ആ കഥയില്‍ ഓരോ വിശദാംശങ്ങളും ഉണ്ടാകണം. ചുരുക്കത്തില്‍ നിങ്ങളുടെ കഥ എങ്ങനെ പോകണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. ആ കഥ പ്രാവര്‍ത്തികമാക്കാനുള്ള ഉപകരണമായാണ് സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷനെ ഉപയോഗിക്കുന്നത്.

(ബിസിനസ് സ്ട്രാറ്റജിസ്റ്റും മെന്ററുമായ ലേഖകന്‍ യു.എസ് ഉള്‍പ്പടെ 14 രാജ്യങ്ങളിലുള്ള സംരംഭകര്‍ക്ക് മെന്ററിംഗ് സേവനങ്ങള്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് help@rublechandy.com എന്ന മെയ്ല്‍ ഐഡിയില്‍ ബന്ധപ്പെടാം.)



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it