നിലവിലുള്ള ബിസിനസിനെ ഏറ്റെടുക്കാം പക്ഷേ, ഓരോ ചുവടും ശ്രദ്ധയോടെ

എങ്ങനെയൊരു ബിസിസിനസിനെ ഏറ്റെടുക്കാമെന്നും ഭാവിയില്‍ വളര്‍ച്ച നേടുന്ന സ്ഥാപനമായി അതിനെ എങ്ങനെ വളര്‍ത്താമെന്നുമാണ് അറിയേണ്ടത്. നിലവിലുള്ള ബിസിനസിനെ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും പിന്തുടരേണ്ടതുമായ ചില നടപടികളാണ് താഴെ പറഞ്ഞിരിക്കുന്നത്.

1. അഭിരുചിക്ക് അനുസരിച്ചുള്ള ബിസിനസ് തെരഞ്ഞെടുക്കുക

നിങ്ങളുടെ ജീവിതത്തെ ദീര്‍ഘകാലത്തേക്ക് ബാധിക്കുന്ന സുപ്രധാനമായ ഒരു തീരുമാനമാണ് ഒരു ബിസിനസ് വാങ്ങുകയെന്നത്. ഏതെങ്കിലുമൊരു ബിസിനസിലേക്ക് ചാടിവീഴുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മേഖലയെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കുകയും അതിലുള്ള നിങ്ങളുടെ പരിചയം, അറിവ്, പാഷന്‍ എന്നിവയൊക്കെ പരിഗണിക്കുകയും ചെയ്യണം. ലൊക്കേഷന്‍, ജീവനക്കാരുടെ ചെലവ്, നികുതികള്‍, നിങ്ങളുടെ ബജറ്റ്, നിയമപരമായ ചുമതലകള്‍, നയങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍, ബിസിനസിന്റെ വലുപ്പം, അതിന്റെ സ്വഭാവം, പ്രാദേശികമായുള്ള മല്‍സരം, നിങ്ങള്‍ക്ക് താങ്ങാനാകുന്ന സമ്മര്‍ദം തുടങ്ങിയ ഘടകങ്ങളൊക്കെ ശ്രദ്ധിക്കുക.

2. അന്വേഷണത്തിനായി തയ്യാറെടുക്കുക

ഏതുതരം ബിസിനസാണ് വേണ്ടതെന്ന് ഒരിക്കല്‍ നിങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ വില്‍ക്കാനിട്ടിട്ടുള്ള അത്തരം സംരംഭങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. അവയെക്കുറിച്ചുള്ള നിങ്ങളുടെ വ്യക്തിപരമായ അന്വേഷണം നെഗറ്റീവ് റിസള്‍ട്ടാണ് നല്‍കുന്നതെങ്കില്‍ ഒരു ബിസിനസ് ബ്രോക്കറുടെ സേവനം ഇതിനായി തേടാം. ഇതിലേക്കായി രണ്ടോ മുന്നോ ബിസിനസുകളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുക.

3. ഉടമസ്ഥരുമായി നേരിട്ട് സംവദിക്കുക

ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ബിസിനസുകളുടെ ഉടമസ്ഥരെ നേരിട്ട് സന്ദര്‍ശിക്കുന്നതിനുള്ള അനുമതി വാങ്ങുക. അവരെക്കുറിച്ചും അവരുടെ ബിസിനസിനെക്കുറിച്ചും കൂടുതല്‍ മനസിലാക്കുക. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഓരോ മൂക്കും മൂലയും പരിശോധിക്കുക. ശരിയായൊരു ബിസിനസ് കണ്ടെത്താന്‍ ചിട്ടയായ പ്രവര്‍ത്തനം നിങ്ങളെ സഹായിക്കും.

4. ടെക്‌നിക്കല്‍ ടീമിനെ കെട്ടിപ്പടുക്കുക

ചില കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ അറിവ് ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ ഒരു സാമ്പത്തിക വിദഗ്ധന്‍, ബിസിനസ് വാല്യുവര്‍, നിയമ വിദഗ്ധന്‍, ടാക്‌സ് അഡൈ്വസര്‍ എന്നിവരുടെ സഹായം തേടുക. അതിനായി നിങ്ങളുടെ ബജറ്റും കണക്കിലെടുക്കണം. ബിസിനസ് മൂല്യനിര്‍ണയം, പരസ്പരാലോചന, വാങ്ങല്‍ നടപടിക്രമങ്ങള്‍ എന്നിവയിലൊക്കെ പ്രൊഫഷണലുകളുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.

5. സമഗ്രമായ വിലയിരുത്തല്‍ നടത്തുക

നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് ഒരു ബിസിനസ് കണ്ടെത്തിക്കഴിഞ്ഞാല്‍ അത് വാങ്ങാനായി തിടുക്കം കാണിക്കാതെ അല്‍പ്പം ഹോംവര്‍ക്ക് ചെയ്യുന്നത് നന്നായിരിക്കും. വളരെ മികച്ചതാണെന്ന് തോന്നിപ്പിക്കുന്ന ബിസിനസുകളില്‍ ഗൗരവതരമായ പ്രശ്‌നങ്ങള്‍ മറഞ്ഞുകിടപ്പുണ്ടാകും. ബിസിനസിന്റെ മൊത്തത്തിലുള്ള ആരോഗ്യവും അതിന്റെ മൂല്യവും പരിശോധിച്ച് വിലയിരുത്തുന്നതിനായി ഒരു ബിസിനസ് വാല്യുവേഷന്‍ നടത്തുക. ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ വിശകലനം ചെയ്യാന്‍ ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായം തേടുക. വ്യക്തമല്ലാത്ത ഇടപാടുകളെക്കുറിച്ച് മനസിലാക്കാന്‍ ഒരു ചോദ്യാവലി തയാറാക്കുക.

നിലവിലുള്ള ഉപഭോക്താക്കള്‍, സപ്ലൈയേഴ്‌സ്, ജീവനക്കാര്‍, ബിസിനസുമായി ബന്ധമുള്ള മറ്റ് വ്യക്തികള്‍ എന്നിവരുമായി ആശയവിനിമയം നടത്തുന്നതും ഗുണകരമാണ്. കൂടാതെ ബിസിനസിനെക്കുറിച്ച് പരാതികളില്ലെന്ന് ഉറപ്പാക്കാന്‍ വാണിജ്യ സംഘടനകള്‍, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെടാം.

പ്രോപ്പര്‍ട്ടിയിലെ അവകാശം, നിലവിലുള്ള കേസുകള്‍, ഗാരന്റീസ്, തൊഴില്‍ തര്‍ക്കങ്ങള്‍ എന്നിവയൊക്കെ ഒരു നിയമ വിദഗ്ധന് പരിശോധിക്കാനാകും. ഒരു ബിസിനസ് വാങ്ങുമ്പോള്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ നിങ്ങള്‍ക്കും ബാധ്യതയുണ്ടാകുമെന്നതിനാല്‍ കഴിയുന്നത്ര ജാഗ്രതയോടെ മുന്നോട്ട് പോകുക.

6. പരസ്പര ചര്‍ച്ചയിലേക്ക് കടക്കുക

മുന്‍ ഘട്ടങ്ങളൊക്കെ അനുകൂലമാണെങ്കില്‍ ഉടമയുമായി ചര്‍ച്ച നടത്താം. പെട്ടെന്ന് തന്നെ അഭിപ്രായ സമന്വയത്തില്‍ എത്താനാകുന്ന ചെറിയ കാര്യങ്ങളാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. ഇത് രണ്ടു കൂട്ടരിലും പരസ്പര വിശ്വാസത്തിനുള്ള ഒരു അടിത്തറ സൃഷ്ടിക്കും. വില, അഡ്വാന്‍സ്, നിബന്ധനകള്‍ എന്നിവയിലൊക്കെ പരസ്പരം സമ്മതിക്കുന്നത് മാത്രമല്ല ചര്‍ച്ച. പ്രത്യേക ആസ്തികള്‍, തൊഴിലാളി പ്രശ്‌നങ്ങള്‍, ബാധ്യതകള്‍ എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടുത്തണം. സാമ്പത്തിക കാര്യങ്ങളോടെ ചര്‍ച്ചകള്‍ അതിന്റെ പൂര്‍ണ്ണതയിലെത്തുന്നു.

7. ആവശ്യമായ ഫണ്ട് കണ്ടെത്തുക

വിലയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയാല്‍ ഫണ്ട് സ്വരൂപിക്കുകയാണ് അടുത്ത ഘട്ടം. ഇതിന് സെല്ലര്‍ ഫിനാന്‍സിംഗ്, വെഞ്ച്വര്‍ കാപ്പിറ്റല്‍, ബാങ്ക് വായ്പ തുടങ്ങിയ നിരവധി അവസരങ്ങളുണ്ട്. ഇവയ്ക്ക് ഓരോന്നിനും അവയുടേതായ ഗുണവും ദോഷവുമുണ്ട്. ഇവയെക്കുറിച്ച് മനസിലാക്കുകയും ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടെ നിങ്ങളെടുക്കുന്ന വായ്പ നിങ്ങളുടെ സംരംഭത്തിന് ഏറ്റവും അനുയോജ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യണം.

8. സെയ്ല്‍ ആന്‍ഡ് പര്‍ച്ചേസ് എഗ്രിമെന്റ് തയാറാക്കുക

മുന്‍പ് സൂചിപ്പിച്ചിട്ടുള്ള ഘട്ടങ്ങളൊക്കെ ശ്രദ്ധയോടെ പിന്നിട്ടാല്‍ കരാര്‍ തയ്യാറാക്കി ഒപ്പിടുക എന്നതാണ് അടുത്ത ഘട്ടം. കരാറില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയിട്ടായിരിക്കണം അതില്‍ ഒപ്പിടുന്നത്. നിങ്ങളുടെ നിയമ വിദഗ്ധന്റെ സാന്നിധ്യം ഈ സമയത്ത് ഗുണകരമായിരിക്കും. തുക,പേമെന്റ് നിബന്ധനകള്‍, ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയ എല്ലാ സുപ്രധാന കാര്യങ്ങളും എഗ്രിമെന്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. സെയ്ല്‍ ആന്‍ഡ് പര്‍ച്ചേസ് എഗ്രിമെന്റ്ിന് അംഗീകാരമാകുന്നതോടെ അത് പാലിക്കാന്‍ ഇരു പാര്‍ട്ടികളും ബാധ്യസ്ഥരാകുകയും ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുകയും ചെയ്യും.

മുന്‍കാല ട്രെന്‍ഡും തുടക്കത്തിലെ തടസങ്ങളും

ബിസിനസ് പൂര്‍ണമായും നിങ്ങളുടേതായി കഴിഞ്ഞാല്‍ അതില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തണമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കും. എന്നാല്‍ കുറച്ചുകാലത്തേക്ക് അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുക. ജീവനക്കാരെ കാണുകയും അവര്‍ക്ക് സുഗമമായി മുന്നോട്ട് പോകാനാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുക. മുന്‍ ഉടമസ്ഥനോട് കുറച്ച് കാലത്തേക്ക് മെന്ററായിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം. പ്രധാന ഉപഭോക്താക്കള്‍, സപ്ലൈയര്‍മാര്‍ എന്നിവരെ ബന്ധപ്പെടുകയും ബിസിനസ് സമൂഹത്തില്‍ അംഗത്വം നേടുകയും ചെയ്യണം. ആദ്യത്തെ കുറച്ച് മാസങ്ങളില്‍ ബിസിനസ് താഴേക്ക് പോയാലും ഭയപ്പെടാതെ പരമാവധി രിശ്രമിക്കുക.സാവധാനത്തില്‍ മാത്രം പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുക. ബിസിനസിന്റെ വളര്‍ച്ചയെക്കുറിച്ച് എപ്പോഴും നിങ്ങള്‍ക്ക് ചിന്തിക്കാനാവുമെങ്കില്‍ തീര്‍ച്ചയായും വിജയം നിങ്ങള്‍ക്ക് സുനിശ്ചിതമാക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it