നിങ്ങള്‍ക്കും ശീലമാക്കാം വിജയികളുടെ ഈ 10 ദിനചര്യകള്‍

വിജയികളെ നോക്കി എത്ര ഭാഗ്യമുള്ളവര്‍ എന്ന് ആത്മഗതം പറയാറുണ്ടോ? നിങ്ങള്‍ ഓര്‍ക്കേണ്ടത് ഭാഗ്യം കൊണ്ട് മാത്രം ആരും വിജയികളാകുന്നില്ല എന്നതാണ്. വിജയം കയ്യെത്തിപ്പിടിക്കുന്നവര്‍ വളരെക്കാലം മുമ്പ് തന്നെ ലക്ഷ്യസ്ഥാനം ഉറപ്പിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്. ഒപ്പം അവരെ വിജയത്തിലേക്കെത്താന്‍ സഹായിച്ച ചില ദിനചര്യകളും ഉണ്ടാകും. ഏതൊരാള്‍ക്കും നിസ്സാരമെന്നു തോന്നിയേക്കാവുന്ന എന്നാല്‍ മുടക്കമില്ലാതെ ചെയ്താല്‍ അത്ഭുതകരമായ ഫലം നല്‍കുന്ന ചില ശീലങ്ങള്‍. ഇതാ ജീവിതത്തില്‍ വിജയികളാകാന്‍ പരിശ്രമിക്കുന്നവര്‍ക്ക് സ്വന്തമാക്കാം ഈ 10 ദിനചര്യകള്‍.

1. ദീര്‍ഘകാല ലക്ഷ്യങ്ങള്‍
വിജയികളാകുന്നവര്‍ ' ഇന്‍സ്റ്റന്റ്' അഥവാ പെട്ടെന്നുള്ള ലക്ഷ്യങ്ങളെക്കാള്‍ വളരെ കാലത്തേക്കുള്ള ലക്ഷ്യങ്ങള്‍ വിഭാവനം ചെയ്യുന്നു. പെട്ടെന്നുള്ള നേട്ടങ്ങളെക്കാള്‍ സ്ഥായിയായ നേട്ടങ്ങളിലായിരിക്കും അവര്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടാകുക. നിങ്ങള്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉറപ്പിക്കുക. ദിവസവും അതിനായി എന്താണ് നിങ്ങള്‍ ചെയ്തത് എന്ന് ഡയറിയിലോ മറ്റോ കുറിച്ചു വയ്ക്കുക.
2. ചിട്ടയുള്ള ജീവിതം
ജീവിതത്തിലെ എല്ലാ രസങ്ങളും കളയണം എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിട്ടയോടെ ആകണം ഒരോ ദിവസത്തെയും മുന്നോട്ട് കൊണ്ട് പോകേണ്ടത്. അതിനായി ഒഴിവാക്കേണ്ട ശീലങ്ങള്‍ ആദ്യം നിര്‍ണയിക്കുക. ചെയ്യേണ്ടവ എഴുതി വയ്ക്കുക. ഇത് ശീലമാക്കാം.
3. നേരത്തെ ഉണരുക
വിജയികളായ പല വ്യക്തിത്വങ്ങളും അവരുടെ ദിവസം വളരെ നേരത്തെ തുടങ്ങുന്നു. ഓരോ ദിവസത്തെയും കുറിച്ചുള്ള പ്ലാനിംഗിനും സമയക്കുറവ് മൂലം മാര്‌റി വയ്‌ക്കേണ്ടി വന്നേക്കാവുന്ന പ്രാര്‍ത്ഥന, ധ്യാനം, വ്യായാമം, വായന എന്നിവയ്‌ക്കെല്ലാം ഈ നേരം ഉപകരിക്കും.
4. വായന
വായിച്ചില്ലെങ്കിലും വായിച്ചാലും ജീവിക്കാം. പക്ഷെ വായിച്ചാല്‍ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥ തലങ്ങള്‍ പകരാം. ഓരോ ദിവസം അപ്‌ഡേറ്റഡ് ആി ഇരിക്കാന്‍ പത്രം വായനയും ശീലമാക്കുക. പുസ്തകങ്ങളിലൂടെ അറിവുകള്‍ നേടുക. ദിവസവും 30 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെയെങ്കിലും വായിക്കാന്‍ സമയം കണ്ടെത്തുക.
5. നല്ല ഭക്ഷണം
ആരോഗ്യപൂര്‍ണമായ ഡയറ്റ് അതും കൃത്യസമയത്ത് മിതമായി കഴിക്കുന്നത് ശീലമാക്കുക.
6. ഉറക്കം
വിജയികളാകുന്നവര്‍ ഉറക്കമില്ലാതെ പരിശ്രമിക്കുന്നവരാണ് എന്ന് പൊതുവേ ഒരു ചൊല്ലുണ്ട്. എന്നാല്‍ ആരോഗ്യപൂര്‍ണമായ ശരീരത്തിനും മനസ്സിനും ഉറക്കം ക്രമീകരിക്കുക.
7. സ്വയം വിലയിടിക്കരുത്
സ്വയം നിരാശരാകുകയും നിരാശാവഹമായ കാര്യങ്ങളും നഷ്ടബോധങ്ങളും മാത്രമായി ഇരിക്കുകയും ചെയ്യരുത്. നമ്മള്‍ തന്നെയാകണം നമ്മുടെ ആദ്യത്തെ മോട്ടിവേറ്റര്‍. ഇപ്പോഴുള്ള പ്രയാസങ്ങള്‍ സര്‍വ സാധാരണമാണ്. ഞാന്‍ നാളെയിലെ ഏറ്റവും നല്ല ഒരു ലക്ഷ്യത്തിലേക്ക് കഠിനാധ്വാനത്തോടെ യാത്ര തുടരുകയാണ് എന്ന് സ്വയം പറയണം. ദിവസവും കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം കഴിവുകളെ ഓര്‍ക്കാം, പുഞ്ചിരിക്കാം.
8. നെറ്റ്‌വര്‍ക്കിംഗ്
ഇന്നത്തെ കാലത്ത് നെറ്റ്‌വര്‍ക്കിംഗ് വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. അതിനാല്‍ എല്ലാദിവസവും ബിസിനസ് പരമായും അല്ലാതെയും ആശയവിനിമയം നടത്തേണ്ടവരെ ലിസ്റ്റ് ചെയ്ത് വിളിക്കുകയോ മെയില്‍ അയയ്ക്കുകയോ ചെയ്യണം.
9. അഭിനന്ദിക്കുക
മറ്റുള്ളവരെ അഭിനന്ദിക്കുന്നതിനും സമയം കണ്ടെത്തണം. മറ്റുള്ളവരുടെ വിജയത്തില്‍ അസൂയപ്പെടാതെ അഭിനന്ദിക്കാനും അവരില്‍ നിന്നും നല്ലത് പഠിക്കാനും ശ്രമിക്കുക.
10. നന്ദിയുള്ളവരാകുക
വിജയികളില്‍ പലരും ആത്മീയതയില്‍ വിശ്വാസമുള്ളവരാണ്. ആത്മീയത എന്നാല്‍ മതവുമായി ബന്ധപ്പെട്ടുളള വിശ്വാസം ആകണമെന്നില്ല. എന്നാല്‍ സ്വയം തിരിച്ചറിയാനും നന്ദിയോടെ മുന്നോട്ട് പോകാനും ഒരു ശക്തിയില്‍ അവനവനില്‍ നിറയുന്ന സ്വത്വത്തില്‍ വിശ്വസിക്കണം. ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനും കഴിയുക എന്നാല്‍ നിങ്ങളില്‍ ശുഭാപ്തി വിശ്വാസം നിറയ്ക്കുന്നു എന്നത് കൂടിയാണ്. അതാണ് മനസ്സിന്റെ ഇന്ധനം. അത്‌പോലെ തന്നെയാണ് നന്ദിയും സ്‌നേഹവും മറ്റുള്ളവരിലേക്ക് സ്‌നേഹവും നന്ദിയും സദാ ഉള്ളവരായിരിക്കുക.


Dhanam News Desk
Dhanam News Desk  
Next Story
Share it