സംരംഭകരേ, കോവിഡ് പ്രതിസന്ധിക്കിടയില്‍ ഈ 4 സാമ്പത്തിക കാര്യങ്ങള്‍ മുടക്കരുതേ

രാജ്യത്താകമാനമെന്നപോലെ കേരളത്തിലും കോവിഡ് മൂലമുള്ള തിരിച്ചടികള്‍ ബിസിനസ് രംഗത്ത് തുടരുകയാണ്. കോവിഡ് 19 മൂലവും സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ടും ബിസിനസ് രംഗത്തുണ്ടായിരിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉടനടി മാറില്ലെന്നതാണ് വാസ്തവം.ലോകം ഇതുവരെ കാണാത്ത പ്രതിസന്ധിയിലേക്ക് കടക്കുമ്പോള്‍ ബിസിനസുകാര്‍ ഇതുവരെ ചെയ്യാത്ത കാര്യങ്ങള്‍ നിലനില്‍പ്പിനായി ചെയ്യേണ്ടി വരും. ബിസിനസിന്റെ നിലനില്‍പ്പിനുള്ള പണം മുതല്‍ അടിയന്തരമായെടുക്കേണ്ട നിര്‍ണായക തീരുമാനങ്ങള്‍ വരെ ഇപ്പോള്‍ സുപ്രധാനമാണ്. ഇതാ നിങ്ങള്‍ കടത്തില്‍ വീഴാതിരിക്കാന്‍ ഈ നാല് സാമ്പത്തിക കാര്യങ്ങള്‍ മുടക്കം വരാതെ ചെയ്യുക.

1. പണലഭ്യത ഓരോദിവസവും പരിശോധിക്കുക
ബിസിനസിലും ജീവിതത്തിലും പ്രത്യേകിച്ച് പ്രതിസന്ധിയുടെ കാലഘട്ടത്തിലും പണമാണ് എപ്പോഴും രാജാവ്. ആസ്തിയുണ്ടെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് ലിക്വിഡ് രൂപത്തിലുണ്ടോയെന്നതാണ് പ്രധാനം. വരാനിടയുള്ള സാഹചര്യങ്ങളെ രണ്ടു മൂന്നു കാറ്റഗറികളാക്കുക. ആ സാഹചര്യങ്ങളിലെല്ലാം ഉണ്ടാകാനിടയുള്ള കാഷ് ഫ്ളോ, ലാഭ നഷ്ടങ്ങള്‍, ബാലന്‍സ് ഷീറ്റ് ഇവ തയ്യാറാക്കി വെയ്ക്കുക.
2. വരവ് ചെലവുകള്‍ ഒപ്റ്റിമൈസ് ചെയ്യുക:
ചെലവ് ചുരുക്കാനുള്ള വഴികള്‍ കണ്ടെത്തി വെയ്ക്കണം. ഫണ്ട് സമാഹരിക്കാന്‍ ഓഹരി വില്‍പ്പന വേണ്ടി വരുമെങ്കിലും അതിന് സജ്ജമാകണം. ചിലപ്പോള്‍ ബിസിനസിന്റെ ഒരു വിഭാഗം വിറ്റൊഴിയേണ്ടി വരുമെങ്കില്‍ അതിനും സജ്ജമാകുക. മറ്റേതെങ്കിലും കമ്പനിയെ ഏറ്റെടുക്കാന്‍ അവസരം കിട്ടിയാല്‍ അതിനും മടിക്കരുത്. ഇതിനായി മെയ്‌ലുകളോ മറ്റോ തയ്യാറാക്കിവയ്കക്ുര. യുദ്ധത്തിനായി പടത്തലവന്മാര്‍ ഒരുങ്ങും പോലെ നിങ്ങള്‍ പ്രതിസന്ധി മുന്നില്‍ കണ്ട് ദിവസവും അതിനായി ആയുധങ്ങളും സുരക്ഷാകവചങ്ങളും ഒരുക്കി വയ്ക്കുക.
3. ഉപഭോക്താവുമായി അടുത്ത ബന്ധം പുലര്‍ത്തുക:
നിങ്ങള്‍ക്ക് ലഭിച്ച പല കരാറുകളും ഇപ്പോള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ പറ്റണമെന്നില്ല. അസംസ്‌കൃത വസ്തു ലഭിക്കുന്നുണ്ടാകില്ല, യന്ത്രഭാഗങ്ങളില്‍ ഇല്ലായിരിക്കും. പക്ഷേ ഇവ ഉപഭോക്താവില്‍ നിന്ന് മറച്ച് വെയ്ക്കരുത്. അവര്‍ക്ക് ശരിയായ കാരണം വിവരിച്ച് കത്തെഴുതുക. റീറ്റെയ്ല്‍ രംഗത്തുള്ളവരാണെങ്കില്‍ കടയില്‍ ആളുകള്‍ വരുന്നുണ്ടാവില്ല. നിലവില്‍ വെബ് സ്റ്റോറുകളുള്ളവരാണെങ്കില്‍ അക്കാര്യം ഉപഭോക്താക്കളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ച് അവരെ അതിലേക്ക് ആകര്‍ഷിക്കുക. ദിവസവും ഫോളോ അപ്പുകള്‍ നടത്തുക. ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഇല്ലെങ്കില്‍ അവരുടെ വീടുകളിലേക്ക് സേവനം എത്തിക്കാന്‍ സാധിക്കുമോയെന്ന് നോക്കൂക. അങ്ങേയറ്റം ശുചിത്വം പാലിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിച്ചു നല്‍കുക.
4. ലോണുകള്‍ ക്രമീകരിക്കുക, ബില്ലുകളും
ഫോണ്‍ബില്ലുകളും ഓഫീസ് റെന്റും മറ്റും ഫണ്ട് കണ്ടെത്തി മുടക്കം വരാതെ വയ്ക്കുക. ആവശ്യമില്ലാത്ത ഓഫീസ് സ്‌പേസുകള്‍ വില്‍പ്പന നടത്തുകയോ വീടക അവസാനിപ്പിക്കുകയോ ചെയ്യുക. കഴിവതും ഇടനിലക്കാരില്ലാതെ ഇവ ചെയ്യാന്‍ ശ്രമിക്കുക. സംരംഭത്തിലെയോ സ്ഥാപനത്തിലെയോ പ്രധാന ടീം ലീഡേഴ്‌സുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. ആവശ്യമില്ലാത്ത ഫോണ്‍ സര്‍വീസുകള്‍ ഇന്റര്‍നെറ്റ് എന്നിവ പോലും കണ്ടെത്തി പണമടച്ച് ക്ലോസ് ചെയ്യുക. പല തുള്ളി പെരുവെള്ളം എന്നു പറയും പോലെ ഇവ കുമിഞ്ഞു കൂടി പിന്നീട് ബാധ്യതയാകും. ഓഫീസുകള്‍ അടയ്ക്കുമ്പോള്‍ നശിച്ചുപോകുന്ന സാധനങ്ങള്‍ ഓഎല്‍എക്‌സ് പോലുള്ളവ വഴി വിറ്റ് പണം കണ്ടെത്താന്‍ മറക്കരുത്.
ലോണുകള്‍ മോറട്ടോറിയത്തിലുള്‍പ്പെടുത്താന്‍ കഴിയുമെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് അത് ക്രമീകരിക്കുക. വ്യക്തിഗത ലോണുകള്‍ ക്രമീകരിക്കുക. ക്രെഡിറ്റ് കാര്‍ഡ് ബില്ലും മറ്റും ഗോള്‍ഡ് ലോണ്‍ പോലുള്ളവ വെച്ച് വീട്ടാന്‍ ശ്രമിക്കുക. കടങ്ങളും സ്‌റ്റോക്കുകളും എല്ലാ ദിവസവും ഡയറിയില്‍ രേഖപ്പെടുത്തുക. മറ്റ് രീതിയില്‍ വരുമാനം കണ്ടെത്താന്‍ കഴിയുന്നവര്‍ അവ കണ്ടെത്തി ചെയ്യുക. ഉദാഹരണത്തിന് പ്രശ്‌നബാധിത മേഖലകളില്‍ സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിപ്പോയവര്‍ക്ക് ഒന്നു രണ്ട് ജോലിക്കാരെ പാര്‍ട് ടൈം ആയി വച്ചോ സ്വിഗ്ഗി പോലുള്ളവയുമായി ബന്ധപ്പെടുത്തിയോ സാധനങ്ങള്‍ ഡോര്‍ ഡെലിവറി നടത്താം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it