ഗോളുകള്‍ക്കപ്പുറം ബിസിനസിന്റെ ഗതി നിയന്ത്രിക്കുന്ന ചില ആധുനിക ബിസിനസ് മന്ത്രങ്ങളിതാ

ഏതു തരത്തിലുള്ള ബിസിനസിലായാലും വളര്‍ച്ച, ഏറ്റെടുക്കല്‍, നിലനിര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒരാളെക്കാള്‍ വിജയിക്കാന്‍ മറ്റൊരാള്‍ക്കു സാധിക്കുന്നു. ഇതിനു കാരണം ബിസിനസ് വിജയം ഉറപ്പാക്കാനുള്ള പൊതുവായ പ്രധാന ഗോളുകള്‍ക്കപ്പുറമുള്ളതും ബിസിനസിന്റെ ഗതി നിയന്ത്രിക്കുന്നതുമായ ചില ആധുനികകാല ബിസിനസ് മന്ത്രങ്ങളാണ്. വിജയിച്ച ഓരോ ബിസിനസ് മാതൃകകളും ചില സൂചനകള്‍ നല്‍കും. ജയം ഉറപ്പാക്കാന്‍ നാം അതിനെ മാതൃകയാക്കിയാല്‍ മതി.

വിജയം നേടിയെടുത്ത പല ബിസിനസുകാരിലും നിന്നായി വിജയത്തിലെത്തിക്കുന്ന ബിസിനസ് മന്ത്രങ്ങള്‍ സ്വായത്തമാക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആത്യന്തികമായി വിജയം കൈവരിക്കാനാകുന്നത് കര്‍മപദ്ധതികളും ആസൂത്രണവും നിലപാടുകളും തുടര്‍ച്ച നഷ്ടെടാതെ നടപ്പാക്കുന്നതിലൂടെയാണ്. പലപ്പോഴും ഗുണകരമായ നിലപാടുകള്‍ കൈക്കൊള്ളുന്നതിനു ബിസിനസ് മന്ത്രങ്ങള്‍ സഹായകമാകും.

ഓരോ ബിസിനസ് മന്ത്രവും ഫലത്തില്‍ ഒരു വിത്താണ്. ശരിയായ പരിചരണത്തിലൂടെ അതില്‍ നിന്ന് ഓരോരുത്തര്‍ക്കും അവരവര്‍ക്ക് അനുയോജ്യമായ ബിസിനസ് നിലപാടുകള്‍ കണ്ടെത്താന്‍ സാധിക്കും. ഈ മന്ത്രങ്ങളെ കുറിച്ച് ഏറ്റവും ആവേശം തരുന്ന കാര്യം ഇവയെല്ലാം കൂടുതല്‍ തയ്യാറെടുുകളില്ലാതെ ഇപ്പോള്‍ തന്നെ ബിസിനസില്‍ നടപ്പാക്കാന്‍ സാധിക്കുന്നുവെന്നതാണ്. എല്ലാ ബിസിനസിനും പൊതുവായി പ്രയോഗിക്കാവുന്ന മന്ത്രങ്ങളാണ് ഇനി പറയുന്നവ:

വാഗ്ദാനം ചെയ്തതിലേറെ നല്‍കുക

മല്‍സരം വര്‍ധിച്ചുവരുന്ന വിപണിയില്‍ എങ്ങനെ സ്വന്തം ബിസിനസിന്റെ കീര്‍ത്തിയും സ്ഥാനവും ഉയര്‍ത്തിപ്പിടിക്കും? വാഗ്ദാനം ചെയ്തതില്‍ കൂടുതല്‍ സേവനമോ ഉല്‍പ്പന്നമോ ലഭ്യമാക്കി വിശ്വാസ്യത ഉറപ്പുവരുത്തുകയാണ് ഇതിനുള്ള വഴി. ഒരാള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അതേ അര്‍ത്ഥത്തില്‍ പാലിക്കപ്പെടുമ്പോഴേ അയാള്‍ക്കു സ്ഥാനമുണ്ടാകൂ. ഉപഭോക്താവിന്റെ പ്രതീക്ഷകളെ നിലനിര്‍ത്തണമെങ്കില്‍ അവന്‍ പ്രതീക്ഷിക്കുന്നതിലേറെ നാം നല്‍കേണ്ടിവരും. നല്‍കാമെന്നേറ്റ ഉല്‍പന്നമോ സേവനമോ പറഞ്ഞ സമയത്തിനും മുന്‍പേ നല്‍കുന്നത് ഉപഭോക്താവിനെ ഏറെ സന്തോഷിപ്പിക്കും. ഉപഭോക്താവില്‍ സന്തോഷത്തിനുറം ലഭിച്ച സേവനത്തെക്കുറിച്ച് അദ്ഭുതമുണ്ടാകുമ്പോഴാണ് അവരില്‍ വിശ്വാസ്യത ജനിക്കുക. ഓരോ ബിസിനസിലും ഈ രീതി പ്രാവര്‍ത്തികമാക്കാനും ഉപഭോക്താക്കളുടെ ഇടയില്‍ വിശ്വാസ്യത നേടിയെടുക്കാനും സാധിക്കും. ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഒരിക്കലും നിങ്ങള്‍ നല്‍കാന്‍ പോകുന്ന അധിക സേവനം ഉപഭോക്താവിനോടു നേരത്തേ വെളിപ്പെടുത്തരുതെന്നതാണ്. സേവനം അഥവാ ഉല്‍പന്നം പ്രതീക്ഷിച്ചതിലും മെച്ചമായി, പ്രതീക്ഷിച്ചതിലും നേരത്തേ കൈയില്‍ കിട്ടുമ്പോള്‍ മാത്രമേ ഉപഭോക്താവ് അറിയാന്‍ പാടുള്ളൂ. ഫലത്തില്‍ ഒരു പാരിതോഷികം ലഭിക്കുന്ന അനുഭവമാകണം ഉപഭോക്താവിന്.

ആശയവിനിമയത്തിലെ പാളിച്ചയാണു മാനേജ്മെന്റിന്റെ പാളിച്ചയ്ക്കു കാരണമാകുന്നത്

ബിസിനസിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ആശയവിനിമയത്തിനുള്ള ഉപാധികള്‍ വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കണം. വിജയകരമായ സ്ഥാപനങ്ങളില്‍ മാനേജ്മെന്റിന്റെ കാഴ്ചാടുകള്‍ വെളിവാക്കുക വഴി പ്രസ്തുത സ്ഥാപനത്തിന്റെ പൊതു മൂല്യങ്ങളെക്കുറിച്ചുള്ള പൊതുധാരണ രൂപപ്പെടുത്തുന്നു. ഇതാണ് ഉപഭോക്താവിന്റെ വിശ്വാസ്യത നേടിയെടുക്കുന്നതിന് അടിസ്ഥാനമായി നിലകൊള്ളുന്നത്. സംരംഭങ്ങളുടെ തലപ്പത്തുള്ളവര്‍ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ കാഴ്ചാടുകള്‍ ടീമംഗങ്ങളുമായി പങ്കുവയ്ക്കുകയാണ്. തുടര്‍ന്ന് എന്താണു ലക്ഷ്യമിടുന്നതെന്നു വ്യക്തമാക്കിക്കൊടുക്കണം. ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളാണു പല കമ്പനികളും ജീവനക്കാര്‍ക്കു നല്‍കുന്നത്. അതനുസരിച്ചു കാര്യങ്ങള്‍ ചെയ്താലുണ്ടാകുന്ന ഫലം യഥാവിധി അറിയിക്കപ്പെടാത്തതുമൂലം ജീവനക്കാര്‍ ചിലപ്പോള്‍ ഗുണകരമല്ലാത്ത ഫലമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കേണ്ട സ്ഥിതിയുണ്ടാക്കുന്നു.

ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട മൂന്നു കാര്യങ്ങളുണ്ട്. ആദ്യമറിയേണ്ടത് എന്ത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ്. തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നമെന്ത്, അല്ലെങ്കില്‍ നല്‍കുന്ന സേവനമെന്ത് എന്ന ഈ ചോദ്യത്തിന്റെ ഉത്തരം മിക്ക ജീവനക്കാര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം അറിയുന്നവര്‍ ഒരു സ്ഥാപനത്തില്‍ ഏതാനും പേര്‍ മാത്രമേ കാണൂ. തങ്ങളുടെ സ്ഥാപനത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന രീതി എങ്ങനെയെന്നതാണു രണ്ടാമത്തെ ചോദ്യം. മൂന്നാമത്തെ ചോദ്യമായ എന്തിന് ഓരോ കാര്യങ്ങളും ചെയ്യുന്നു എന്ന ചോദ്യത്തിനു മറുപടി നല്‍കാവുന്നവര്‍ വളരെ ചുരുക്കം പേരായിരിക്കും.

ധനസമ്പാദനമെന്നതോ ലാഭമെന്നതോ അല്ല മറുപടി. ഇതു രണ്ടും എന്തു ചെയ്യുന്നുവോ അതിനു ലഭിക്കുന്ന പ്രതിഫലം മാത്രമാണ്. അവര്‍ എന്തിനു വേണ്ടി ജോലി ചെയ്യുന്നു, എന്താണു ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന ചോദ്യത്തിനാണു മറുപടി ലഭിക്കേണ്ടത്. ജനങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നതെന്തുകൊണ്ട്, ജോലി ചെയ്യാനുള്ള താല്‍പ്പര്യം വളര്‍ത്തുന്നതെന്താണ്, ഉപഭോക്താവിനു സേവനം നല്‍കാന്‍ പ്രേരിപ്പിക്കുന്നതെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക്് ഉത്തരം കണ്ടെത്തണം. അവ കണ്ടെത്തുമ്പോള്‍ മാത്രമാണ് ആ സ്ഥാപനത്തിലെ പ്രധാന പ്രേരണാശക്തി എന്തെന്നു തിരിച്ചറിയാന്‍ സാധിക്കുക.

താന്‍ ഓരോ കാര്യവും ചെയ്യുന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചുതുടങ്ങുന്നതോടെ ഓരോ ജീവനക്കാരനും ആശയവിനിമയം സുഗമമാകും. ഇതു ഡെഡ്ലൈനുകള്‍ പാലിക്കാന്‍ ടീമിനെ സഹായിക്കുകയും അതുവഴി സേവനം മെച്ചപ്പെടുത്താന്‍ സാധിക്കുകയും ചെയ്യും. എന്തിനാണു കാര്യങ്ങള്‍ ചെയ്യുന്നതെന്നു തിരിച്ചറിയുന്നതോടെ എങ്ങനെയെങ്കിലും കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക എന്ന രീതി അവസാനിപ്പിച്ച് കൂടുതല്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. താഴേത്തട്ടു മുതല്‍ പ്രവര്‍ത്തന മികവുദൃശ്യമാകും.

ശരിയായ ഉപഭോക്താവിനെ തിരിച്ചറിയുക

തങ്ങളുടെ ഉപഭോക്താവ് ആരെന്ന് എല്ലാ ബിസിനസുകാര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ അവരില്‍ നിന്ന് യഥാര്‍ഥ ഉപഭോക്താവിനെ കണ്ടെത്തുക പ്രധാനമാണ്. ഒരു സംരംഭത്തിന്റെ ഉല്‍പ്പന്നങ്ങളിലോ സേവനത്തിലോ സംപൂര്‍ണ സംതൃപ്തി ലഭിക്കുന്നവനാണ് ആ സംരംഭത്തിന്റെ ശരിയായ ഉപഭോക്താവ്. അവര്‍ പ്രസ്തുത സംരംഭത്തിന്റെ സേവനം ഉപയോഗെടുത്തുന്നതിനപ്പുറം ആ സംരംഭത്തിലേക്കു കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കുകയും ചെയ്യും. ഈ സംരംഭത്തില്‍ നിന്നുള്ള പുതിയ ഉല്‍പ്പന്നങ്ങളെ ഇത്തരം ഉപഭോക്താക്കള്‍ കയ്യും നീട്ടി സ്വീകരിക്കും. അമേരിക്കയില്‍ ആള്‍ക്കാര്‍ ക്യൂ നിന്ന് ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാന്‍ തയ്യാറായത് വിശ്വാസ്യതയും പ്രതീക്ഷയും കൊണ്ടു മാത്രമാണ്. വിജയകരമായ എല്ലാ ബിസിനസുകള്‍ക്കും യഥാര്‍ഥ ഉപഭോക്താക്കളുണ്ട്.

അവര്‍ കൂടുതല്‍ പ്രതീക്ഷകളുമായി എപ്പോഴും ഇഷ്ടപ്പെട്ട ബ്രാന്‍ഡിനെ സമീപിച്ചുകൊണ്ടിരിക്കും. യഥാര്‍ഥത്തില്‍ ഒരു കമ്പനിയുടെ ആകെ വരുമാനത്തിന്റെ 80 ശതമാനം ഇത്തരം സ്ഥിരം ഉപഭോക്താക്കളില്‍ നിന്നായിരിക്കും. ഒരു ബ്രാന്‍ഡില്‍ സമ്പൂര്‍ണ വിശ്വാസം അര്‍പ്പിച്ചെത്തുന്ന ഉപഭോക്താക്കള്‍ ആകെയുള്ള ഉപഭോക്താക്കളുടെ 20 ശതമാനം വരുമെന്നാണു കണക്ക്. എന്നാല്‍ ഈ 20 ശതമാനക്കാരാണ് 80 ശതമാനം വരുമാനം തരുക. ഇതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ബിസിനസ് മന്ത്രമാണ്. യഥാര്‍ഥ ഉപഭോക്താക്കളുടെ ശതമാനം ഇരുപതില്‍ നിന്ന് ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ ബിസിനസിലുണ്ടാകുന്ന നേട്ടത്തെക്കുറിച്ചാണു നാം ചിന്തിക്കേണ്ടത്. ശ്രമിച്ചാല്‍ കൂടുതല്‍ സ്ഥിരം ഉപഭോക്താക്കളെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

തുടക്കത്തില്‍തന്നെ നല്ല അഭിപ്രായം ഉണ്ടാക്കിയെടുക്കുക

വായിക്കാന്‍ തയാറാകാത്ത ഒരാള്‍ പുറംചട്ട നോക്കിയായിരിക്കും ഒരു പുസ്തകത്തെ വിലയിരുത്തുക. പരസ്പരം കണ്ട്, 30 സെക്കന്‍ഡിനകം ഒരാള്‍ മറ്റൊരാളുടെ വ്യക്തിത്വത്തെക്കുറിച്ച് നിഗമനത്തിലെത്തുമത്രെ. മറ്റുള്ളവരില്‍ നമ്മെക്കുറിച്ചു നല്ല അഭിപ്രായം ജനിപ്പിക്കാന്‍ ഒരു വഴിയേ ഉള്ളൂ മറ്റുള്ളവരുടെ മുന്നില്‍ തുടക്കത്തില്‍ തന്നെ സ്വയം ഏറ്റവും നല്ല രീതിയില്‍ അവതരിപ്പിക്കുക.

ആശയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ബിസിനസിനുമൊക്കെ വിപണി കണ്ടെത്താന്‍ ഫലപ്രദമായ അവതരണം കൂടിയേ തീരൂ. ടീമംഗങ്ങള്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലും വര്‍ണശബളമായ അവതരണം നടത്താന്‍ സാധിക്കണം. ശരിയായ തയ്യാറെടുപ്പ് ഇതിന് അനിവാര്യമാണെന്നതില്‍ സംശയമില്ല. പലതവണ റിഹേഴ്സല്‍ നടത്തുകയും വേണം. പ്രശസ്ത ഗായിക മഡോണ സ്റ്റേജില്‍ അവതരിപ്പിക്കും മുന്‍പ് ഒരു ഗാനം 500 തവണ റിഹേഴ്സല്‍ ചെയ്യുമത്രെ. ഫലപ്രദമായ അവതരണത്തിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഊന്നല്‍ നല്‍കേണ്ട പോയിന്റുകള്‍ ശരിയായ ക്രമത്തില്‍ എഴുതിയിട്ട ശേഷം ഉറക്കെ പറഞ്ഞു തയ്യാറെടുക്കണം.

ഇതു റെക്കോഡ് ചെയ്തു കേള്‍ക്കുന്നതു സ്വയം വിലയിരുത്തലിനു സഹായകമാകും. കുറവുകള്‍ ചൂണ്ടിക്കാണിക്കാന്‍ വിശ്വസ്തരോട് ആവശ്യപ്പെടുകയും ചെയ്യാം. അവതരണത്തിനൊരുങ്ങിയെന്ന ആത്മവിശ്വാസം ലഭിക്കുന്നതുവരെയാണു തയ്യാറെടുപ്പു നടത്തേണ്ടത്. പരിശീലനത്തിലൂടെ അവതരണ വേളയിലെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായകമാകും. സ്വന്തമായി അവതരണ ശൈലി രൂപുെപ്പടുത്തിയെടുക്കുന്നതു നന്നായിരിക്കും.

ശാശ്വതമായുള്ളതു മാറ്റം മാത്രം

ബിസിനസില്‍ എന്നും നിലനില്‍ക്കുന്ന തത്വമാണിത്. വിപണിയില്‍ എത്ര ഡിമാന്‍ഡുള്ള ഒരു ഉല്‍പ്പന്നമായാലും ഒരു നിശ്ചിതകാലത്തേക്കേ ഡിമാന്‍ഡ് നിലനില്‍ക്കുകയുള്ളൂ. വൈദ്യുതി വ്യാപകമാകും മുന്‍പ് മെഴുകുതിരി ഉല്‍പാദകരായിരുന്നു ഏറ്റവും ലാഭമുണ്ടാക്കിയിരുന്ന ബിസിനസുകാരില്‍ ഒരു കൂട്ടം. വ്യക്തമായ ആസൂത്രണത്തിലൂടെ ഭാവിയുടെ വിപണിയെ ഭാവനയില്‍ കണ്ടു പ്രവര്‍ത്തിക്കുകയാണു ബിസിനസില്‍ വിജയകരമായി തുടരുന്നതിന് ഏറ്റവും ആവശ്യം. അഞ്ചു വര്‍ഷമോ പത്തു വര്‍ഷമോ കഴിയുമ്പോഴേക്കും തന്റെ ബിസിനസിനും ബിസിനസ് ലോകത്തിനാകെയും എന്തെന്തു മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ഓരോരുത്തരും ചിന്തിക്കണം.

മാര്‍ക്കറ്റിംഗിലുണ്ടാകാനിടയുള്ള പരിഷ്‌കാരങ്ങള്‍, തന്റെ ബിസിനസ് മേഖലയിലേക്കുകൂടുതല്‍ പേര്‍ കടന്നുവരാനുള്ള സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു വിലയിരുത്തല്‍ നടത്തണം. ഇന്നു സജീവമായിട്ടുള്ള ഒരു ബിസിനസിനു ഭാവിയില്‍ തളര്‍ച്ച വരുത്താന്‍ പോകുന്നതു മറ്റൊരു ബിസിനസ് ഗ്രൂപ്പിന്റെ വളര്‍ച്ച തന്നെയാകണമെന്നില്ല, ചിലപ്പോള്‍ സാങ്കേതിക
വിദ്യയിലെ ഒരു പുത്തന്‍ കണ്ടുപിടിത്തമാകാം. സാങ്കേതിക വിദ്യയിലെ പരിഷ്‌കാരം വളരെ നല്ല നിലയില്‍ നടന്നുപോകുന്ന ഒരു സംരംഭത്തെ പൂര്‍ണമായി ഇല്ലാതാക്കിയേക്കാം. ടീമംഗങ്ങളോടൊപ്പം ആവര്‍ത്തിച്ചുള്ള ചര്‍ച്ചകള്‍ നടത്തണം. എല്ലാവരുടെയും നിര്‍ദേശങ്ങള്‍ക്കു കാതോര്‍ക്കണം. പുതിയ ആശയങ്ങള്‍ക്കായി തുറന്ന മനസോടെ കാത്തിരിക്കണം.

ബിസിനസ് ആധുനിക വല്‍ക്കരണത്തില്‍ കൈവിടാന്‍ പാടില്ലാത്ത പത്തു കാര്യങ്ങളില്‍ പ്രധാനമായും ഉള്ള അഞ്ച് കാര്യങ്ങള്‍ ആണ് ഇവ. അടുത്ത അഞ്ച് കാര്യങ്ങള്‍ നാളെ (ഓഗസ്റ്റ് 22 ന്)

Paul Robinson
Paul Robinson  

പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമാണ്. ബെഗളൂരു ആസ്ഥാനമായ പോസിറ്റീവ് റെവൊല്യൂഷൻസിന്റെ സഹസ്ഥാപകനും കൂടിയാണ് അദ്ദേഹം.

Related Articles

Next Story
Share it