വിദേശ പഠനം തിരഞ്ഞെടുക്കാന്‍ 10 വഴികള്‍

പേര് ജോസഫ് അലക്‌സാണ്ടര്‍*. സ്വദേശം എറണാകുളം. വിദ്യാഭ്യാസം ബി.ടെക് (സിവില്‍). ഡിഗ്രി ഫസ്റ്റ് ക്ലാസില്‍ പൂര്‍ത്തിയാക്കി രണ്ടു വര്‍ഷമായെങ്കിലും ജോലി ലഭിച്ചില്ല. വിദ്യാഭ്യാസ ലോണ്‍ അടവ് മുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷമായി. അതേസമയം ബി.എസ്സി പാസായ സുഹൃത്ത് വിദേശത്തു എം.എസ്സിക്ക് പഠിക്കുന്നു. ജോസഫ് പിന്നെ കൂടുതല്‍ ചിന്തിച്ചില്ല. വിദേശ പഠനത്തിന് പോകാന്‍ ജോസഫും തീരുമാനിച്ചു. ഇത്തരം ജോസഫുമാരെ നമുക്ക് ചുറ്റും കാണാം. ജോസഫിന്റെ കാര്യം അവിടെ നില്‍ക്കട്ടെ.

വിദേശ പഠനത്തിന് തയാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി എന്തൊക്കെ ശ്രദ്ധിക്കണം? ഏതു കോഴ്‌സ് തിരഞ്ഞെടുക്കും? ഏതു യൂണിവേഴ്‌സിറ്റി? ഏതൊക്കെ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കണം? ഒരു കോഴ്‌സ് തിരഞ്ഞെടുക്കുന്നതിന്റെ ഉദ്ദേശ്യ വിവരണം (സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്-SoP) എങ്ങനെ എഴുതണം? ഇങ്ങനെ കടമ്പകളേറെയാണ്. പക്ഷേ, ശരിയായ മാര്‍ഗനിര്‍ദേശം ലഭിക്കുകയാണെങ്കില്‍ ഇത് തികച്ചും സാധ്യമാണ്.

എന്തിനാണ് നിങ്ങള്‍ വിദേശ പഠനം തിരഞ്ഞെടുക്കുന്നുത്? നല്ല ജോലി? അല്ലെങ്കില്‍ ഒരു ഡോക്ടറേറ്റ്? അതുമല്ലെങ്കില്‍ വിദേശ സര്‍വകലാശാലകളിലെ തുറന്ന അന്തരീക്ഷം? ഇതിനൊക്കെ വ്യക്തമായ ഉത്തരങ്ങളുണ്ടാകണം. എങ്കില്‍ മാത്രമേ ഉദ്ദേശിക്കുന്ന സര്‍വകലാശാലയിലും ഇഷ്ടപ്പെടുന്ന കോഴ്സിലും നിങ്ങള്‍ എത്തുകയുള്ളൂ. വിദേശത്തു ജോലി നേടുകയാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ മികച്ച ജോലി കണ്ടെത്തുക അത്ര എളുപ്പമല്ല. ചിലപ്പോള്‍ ക്ഷമയോടെ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. അതുകൊണ്ട് ഒരു പ്ലാന്‍ ബി മനസില്‍ കരുതുക.

വിദേശ പഠനം നല്‍കുന്ന അനുഭവം അപാരം തന്നെയാണ്. പക്ഷേ നിങ്ങളെ പറ്റിക്കാനായി പഠനവും ജോലിയും ഒരുമിച്ച് നടത്താം അല്ലെങ്കില്‍ കുറഞ്ഞ ഫീസില്‍ മികച്ച വിദേശ പഠനം എന്നീ ജാലവിദ്യകളുമായി ചിലര്‍ രംഗത്തുണ്ട്. ഇത്തരക്കാരുടെ വലയില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്ലാസ് മുറികളില്ലാത്ത കോളെജുകളിലും വംശവെറിക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലങ്ങളിലും എത്തിച്ചേരാതിരിക്കാനാണ് ഇത് പറയുന്നത്. ഇത്തരം ചതിക്കുഴികള്‍ നിങ്ങളുടെ ഭാവിയെ തകര്‍ത്തുകളയും.

നിങ്ങള്‍ ലക്ഷ്യമാക്കുന്നത് ഒരു മാസ്റ്റേഴ്‌സ് ഡിഗ്രിയാണോ അതോ പി.എച്ച്.ഡിയോ? ഉടനടി ഒരു ജോലിയല്ല ഉദ്ദേശ്യമെങ്കില്‍ പി.എച്ച്.ഡിയാണ് നല്ലത്. കാരണം, ഗവേഷണത്തിനുള്ള അവസരങ്ങളും ലഭ്യമാകുന്ന ഫണ്ടുകളും മികച്ചതാണ്. ഒരുപക്ഷേ നാല് വര്‍ഷത്തെ ബിരുദമായിരിക്കാം നിങ്ങളുടെ ലക്ഷ്യം. എന്തായാലും അതിനെ കുറിച്ച് നല്ല അവഗാഹം വേണം. നേരത്തെ പറഞ്ഞ ജോസഫിനെ പോലെ വെറുതെ വിദേശ പഠനത്തിന് എടുത്തു ചാടരുത്. ഇമിഗ്രേഷന്‍ നിയമങ്ങളും കടുത്തുവരികയാണ്. അതിനാല്‍ നിങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നവയാണോ എന്ന് നേരത്തെ തന്നെ മാറ്റുരച്ചു നോക്കുക.

മലയാളിയായ ശ്രുതി കാമത് പന്ത്രണ്ടാം ക്ലാസുവരെ ചെന്നൈയിലാണ് പഠിച്ചത്. പഠനത്തില്‍ മാത്രമല്ല തന്റെ ഇഷ്ടപ്പെട്ട സ്‌പോര്‍ട്‌സ് ഇനമായ തുഴച്ചിലിലും ശ്രുതി മികവ് പുലര്‍ത്തിയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ശ്രുതിയെ അലട്ടിയ ചോദ്യം ഇതായിരുന്നു: രണ്ടു വര്‍ഷം കഴിഞ്ഞാല്‍ കോളെജില്‍ ചേര്‍ന്ന് ഡിഗ്രി നേടണമോ അതോ തന്റെ ഇഷ്ടവിനോദമായ തുഴച്ചിലില്‍ പ്രൊഫഷണല്‍ കോച്ചിംഗിന് ചേരണമോ? തന്റെ പ്രായത്തിനുമുപരിയയായ വിവേകത്തോടെ ശ്രുതി തീരുമാനിച്ചത് ഇവ രണ്ടും ഒന്നിച്ചു കൊണ്ടുപോകുക എന്നതായിരുന്നു.

''സ്‌പോര്‍ട്‌സും പഠനവും ഒന്നിച്ചു കൊണ്ടുപോകാന്‍ എന്തായാലും ഇന്ത്യയില്‍ സാധ്യമല്ലായിരുന്നു. അതിനാലാണ് ഞാന്‍ യു.എസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡീഗോയില്‍ അഡ്മിഷന്‍ നേടാന്‍ തീരുമാനിച്ചത്. യു.എസിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ 14-ാം സ്ഥാനത്തും മികച്ച സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി എന്ന ഖ്യാതിയുമുള്ള സ്ഥാപനമായിരുന്നു അത്. ഈയൊരു തീരുമാനം കാരണം എനിക്ക് എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു. യു.എസ് നാഷണല്‍സില്‍ 2013ലെ എന്‍.സി.സി.എ ഫൈനലില്‍ ഞങ്ങള്‍ മൂന്നാം സ്ഥാനം നേടി. മാത്രമല്ല, കൊഗ്‌നിറ്റീവ് സയന്‍സില്‍ എനിക്ക് ബിരുദം നേടാനുമായി,'' ശ്രുതി അഭിമാനത്തോടെ പറയുന്നു.

കണ്ടെത്താം, നല്ല സര്‍വകലാശാലകള്‍

നിങ്ങളുടെ ഇഷ്ട ജോലി നേടാന്‍ ഏത് മേഖലയിലെ കോഴ്സുകളാണ് സഹായകമാവുക എന്ന് കണ്ടെത്തുക. അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഒരുപാട് പണവും സമയവും ആവശ്യമാണ്. അതിനാല്‍ ഉറച്ച തീരുമാനമാകുന്നത് വരെ കാത്തിരിക്കുക. നിങ്ങള്‍ ആഗ്രഹിക്കുന്ന പാഠ്യപദ്ധതിയെക്കുറിച്ച് ആഴത്തില്‍ പഠിക്കുക. കാരണം, പേരില്‍ സാമ്യമുള്ള പാഠ്യപദ്ധതികളിലെ സ്‌പെഷ്യലൈസേഷന്‍ വ്യത്യസ്തമാകാം. സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകളിലൂടെ വിവരങ്ങള്‍ ശേഖരിക്കുക.

സര്‍വകലാശാലകളുടെ ആഗോള റാങ്കിംഗ് പരിശോധിക്കുക. ദ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ (THE), ക്യു.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World Universtiy Rankings), ഷാങ്ങ്ഹായ് റാങ്കിംഗ്സ് എന്നറിയപ്പെടുന്ന Academic Ranking of World Universities (ARWU) എന്നിവ പരിശോധിക്കുക. റാങ്കിംഗ് അടിസ്ഥാനമാക്കി ഗവേഷണത്തിന് പേരുകേട്ട സര്‍വകലാശാലകളെ തിരഞ്ഞെടുക്കുക. മാത്രമല്ല ഇവ ഗവേഷണത്തിനായുള്ള ഗ്രാന്റുകളോ സ്‌കോളര്‍ഷിപ്പുകളോ നല്‍കുന്നുണ്ടോ എന്നും പരിശോധിക്കുക.

നിങ്ങള്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്യുന്ന സര്‍വകലാശാലകളുടെ അഡ്മിഷന്‍ ഓഫീസര്‍മാരുമായി ഇ-മെയിലില്‍ ബന്ധപ്പെടുക. അതോടൊപ്പം വിദ്യാര്‍ഥികള്‍ നടത്തുന്ന ബ്ലോഗുകള്‍ സന്ദര്‍ശിച്ച് അവിടെ പഠിക്കുന്നതോ, പൂര്‍വ വിദ്യാര്‍ത്ഥികളുമായോ ബന്ധപ്പെട്ട് സംശയങ്ങള്‍ ദൂരീകരിക്കുക. പ്രൊഫസര്‍മാരുമായും നിങ്ങള്‍ക്ക് ഇത്തരത്തില്‍ ബന്ധപ്പെടാനാകും.

നിങ്ങളുടെ സീനിയര്‍ വിദ്യാര്‍ഥികള്‍ പഠിച്ച സര്‍വകലാശാലകളുമായി ബന്ധപ്പെടുക. അവരുടെ പഠനത്തെ കുറിച്ച് നല്ല മതിപ്പാണെങ്കില്‍ നിങ്ങളുടെ അപേക്ഷയും അനുഭാവപൂര്‍വം പരിഗണിക്കപ്പെടാം. നിങ്ങളുടെ കോഴ്സുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ള സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുക. കാരണം അവിടങ്ങളില്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗിലാണ് താല്‍പ്പര്യമെങ്കില്‍ ഫോര്‍ഡ്, ജനറല്‍ മോട്ടോര്‍സ്, ക്രയ്സ്ലര്‍ തുടങ്ങിയ വന്‍ കമ്പനികളുള്ള ഡെട്രോയ്റ്റിന് സമീപത്തെ സര്‍വകലാശാലകളാണ് ഉത്തമം.

ഇനി വേണ്ടത് നിങ്ങളുടെ സ്വപ്ന സര്‍വകലാശാലകള്‍, അനുയോജ്യമായ (മാച്ചിംഗ്) സര്‍വകലാശാലകള്‍, സുരക്ഷിതമായ സര്‍വകലാശാലകള്‍ എന്നിവ തിരഞ്ഞെടുക്കുകയാണ്. ഇതില്‍ ആദ്യത്തേത് ആഗോള റാങ്കിംഗുകളിലോ, പ്രാദേശിക റാങ്കിംഗുകളിലോ ആദ്യത്തെ 10 എണ്ണത്തില്‍ ഉള്‍പ്പെട്ടവയാകും. ഇവിടെ പ്രവേശനം ലഭിക്കാനുള്ള സാധ്യത കുറവാണ്. രണ്ടാമത്തെ വിഭാഗം നല്ല അക്കാദമിക് നിലവാരം പുലര്‍ത്തുന്നവയും നല്ല പഠനാന്തരീക്ഷം ഉള്ളവയുമായിരിക്കും. അവസാനത്തേതില്‍ ഉള്‍പ്പെട്ടവ ആദ്യത്തെ 50 റാങ്കിനുള്ളില്‍ വരുന്നവയും നല്ല പഠന സൗകര്യങ്ങള്‍ ഉള്ളവയുമായിരിക്കും.

എവിടെ അപേക്ഷിക്കണം എന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്ത സര്‍വകലാശാലകളെ അവയുടെ പ്രവേശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം നടത്തുക. മുന്‍വര്‍ഷത്തെ ടോഫല്‍, ഐലെറ്റ്സ് അല്ലെങ്കില്‍ GRE, GMAT സ്‌കോറുകള്‍, കോഴ്സിന്റെ റാങ്കിംഗ്, പ്രൊഫസര്‍മാരുടെ യോഗ്യത, അന്താരാഷ്ട്ര അംഗീകാരം പഠനത്തിനായി വരുന്ന ചെലവ്, താമസ സൗകര്യം എന്നിവ കണക്കിലെടുക്കുക.

നിങ്ങള്‍ വിദേശ പഠനം നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞെങ്കില്‍ എന്ത് ചെയ്യണം? യോഗ്യതാ പരീക്ഷകളില്‍ മികച്ച വിജയം ഉറപ്പാക്കുക; GRE, GMAT, ടോഫല്‍, ഐലെറ്റ്സ് തുടങ്ങിയ പരീക്ഷകളില്‍ നല്ല സ്‌കോര്‍ നേടുക, സ്വന്തം ശൈലിയില്‍ നല്ല ഒരു സ്റ്റേറ്റ്മെന്റ് ഓഫ് പര്‍പ്പസ് തയാറാക്കുക, ആരുടേതും കടമെടുക്കരുത്. നല്ല പ്രവൃത്തി പരിചയം സമ്പാദിക്കുക, പാഠ്യേതരമായ പ്രവര്‍ത്തനങ്ങളില്‍ പരിചയം നേടുക; മികച്ച വ്യക്തിവിവരണരേഖ (റെസ്യുമെ) തയാറാക്കുക.

സ്റ്റഡി എബ്രോഡ് കണ്‍സല്‍ട്ടന്റ് ആന്റണി തോമസിന്റെ അഭിപ്രായത്തില്‍:

> കേരളത്തില്‍ നിന്ന് എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികള്‍ വിദേശപഠനം തിരഞ്ഞെടുക്കുന്നത്?

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ നിന്നതുകൊണ്ട് യാതൊരു പ്രയോജനമില്ല. അതാണ് കുട്ടികള്‍ വിദേശത്തേക്ക് പോകുന്നത്. സംസ്ഥാനത്തെ സംബന്ധിച്ച് ഇത് ഒരു പ്രശ്‌നമാണ്. എന്റെ തന്നെ ഉദാഹരണം എടുത്താല്‍, എന്റെ ഒരു മകളെ കാനഡയിലേക്ക് അയച്ചു. രണ്ടു മക്കള്‍ ബംഗളൂരുവിലാണ്. ഏകദേശം 10 വര്‍ഷമായി സ്റ്റഡി എബ്രോഡ് രംഗത്തു പ്രവര്‍ത്തിക്കുന്ന എന്റെ അഭിപ്രായത്തില്‍ ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും കുട്ടികള്‍ക്ക് ഇവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകില്ല. അതാണ് കുട്ടികള്‍ വിദേശത്തേക്ക് പോകുന്നത്.

രണ്ടാമത്, മറ്റ് സംസ്‌കാരങ്ങളുമായി എളുപ്പത്തില്‍ ഇടപഴകാന്‍ കേരളത്തിലെ കുട്ടികള്‍ക്ക് കഴിയും. വിദേശത്തേത് പോലെ തുറന്ന സമൂഹമാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. ഇവിടെ വ്യക്തിജീവിതത്തിലേക്ക് സമൂഹം അനാവശ്യമായി ഇടപെടുന്നുണ്ട്. നഗരങ്ങളില്‍ ഇത് അത്രയധികമില്ല. പക്ഷേ ഗ്രാമങ്ങളില്‍ ആരെ കണ്ടാലും എവിടെ പോകുന്നു എന്നതാണ് ആദ്യത്തെ ചോദ്യം. ഇതിന് ഉത്തരം നല്‍കിയാല്‍ എന്തിനു പോകുന്നു എന്നതാണ് അടുത്ത ചോദ്യം. ഇതൊന്നും ഇന്നത്തെ കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടമല്ല.

> മാതാപിതാക്കളുടെ താല്‍പ്പര്യം എന്താണ്?

പ്രധാനമായും കുട്ടികള്‍ ഇവിടെ നിന്നാല്‍ രക്ഷയില്ല എന്നതാണ്. ഒരു നല്ല ജോലി, നല്ല സെറ്റ്അപ്പ്. ഇതാണ് അവരുടെ ആവശ്യം. ഇവിടെനിന്നാല്‍ കൃഷിയിലൂടെ എന്തായാലും രക്ഷപ്പെടില്ല. പിന്നെ കേരളത്തില്‍ ഒരു വ്യവസായവും വളരുന്നില്ല. നല്ല സാധ്യതകളുണ്ടായിരുന്ന ഐ.ടിയും ടൂറിസവും മുരടിക്കാന്‍ കാരണം ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണ്. ടൂറിസത്തില്‍ ഇവിടെ അന്താരാഷ്ട്ര മികവിന് സാധ്യതയുണ്ട്. പക്ഷേ അതിനായി ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല. ഐ.ടി മേഖലക്കാവശ്യമായ അനവധി അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. അവരെല്ലാം പോകുന്നത് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ്.

(*അഭ്യര്‍ത്ഥന മാനിച്ചു യഥാര്‍ത്ഥ പേരല്ല ഇവിടെ കൊടുത്തിട്ടുള്ളത്)

Rajaram S
Rajaram S is a Associate Editor - Dhanam Business Media  

Related Articles

Next Story

Videos

Share it