Begin typing your search above and press return to search.
ബജറ്റിലൂടെ തിരുത്തലിന് മോദി; കൈവിട്ടത് തിരിച്ചുപിടിക്കാന്‍ നയംമാറ്റം
കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ ഉണ്ടായ പാളിച്ചകള്‍ തിരുത്താനുള്ള ശ്രമം മൂന്നാമൂഴം അധികാരത്തില്‍ വന്ന മോദിസര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ തെളിഞ്ഞു. ഈ ബജറ്റ് തികഞ്ഞ രാഷ്ട്രീയം കാണിക്കുന്നത് സഖ്യകക്ഷി സംസ്ഥാനങ്ങളോട് അതിരുവിട്ട സ്‌നേഹം കൊണ്ടു മാത്രമല്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്താനുള്ള നീക്കവും ബജറ്റില്‍ പ്രകടം. കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങി അതൃപ്ത വിഭാഗങ്ങളെ മെരുക്കാനുള്ള തന്ത്രങ്ങള്‍ ബജറ്റ് പുറത്തെടുത്തിട്ടുണ്ട്.
2014ല്‍ നരേന്ദ്രമോദിയെ അധികാരത്തിലേറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഒരു ഘടകം, പുതിയ അവസരങ്ങള്‍ തേടുന്ന യുവാക്കളുടെ അഭിലാഷമായിരുന്നു. എന്നാല്‍ 2024ലെ പൊതുതെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ പ്രതിപക്ഷം മുതലാക്കിയത് വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയില്‍ യുവാക്കള്‍ക്കുള്ള അതൃപ്തിയാണ്. തങ്ങളുടെ വോട്ടു ബാങ്കായി യുവാക്കള്‍ തിരിച്ചെത്തണമെന്ന താല്‍പര്യം തൊഴില്‍ മേഖലയിലെ വിവിധ പ്രഖ്യാപനങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
യുവാക്കളോടു മാത്രമല്ല, കര്‍ഷകരോടും സ്‌നേഹം
രണ്ടാം മോദിസര്‍ക്കാറിനെ വലച്ച ഏറ്റവും വലിയ വിഷയങ്ങളില്‍ ഒന്ന് കര്‍ഷക രോഷമായിരുന്നു. കാര്‍ഷിക സമരത്തെ തുടര്‍ന്ന് കടുത്ത അതൃപ്തി പുകഞ്ഞു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കര്‍ഷക രോഷം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ക്ഷീണമായി. യു.പിയില്‍ പിന്നോട്ടടിച്ചതില്‍ കര്‍ഷക വികാരത്തിനും വലിയ പങ്കുണ്ടെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്. അത് മാറ്റിയെടുക്കാനുള്ള വ്യഗ്രതയും ബജറ്റിലെ ഊന്നലുകളില്‍ പ്രതിഫലിച്ചു.
ടി.ഡി.പി 16, ജനതദള്‍-യു 12 എന്നിങ്ങനെ ലോക്‌സഭയില്‍ 28 സീറ്റ് മാത്രമുള്ള ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ കേന്ദ്രബജറ്റിലൂടെ ആന്ധ്രപ്രദേശിലേക്കും ബിഹാറിലേക്കും കൊണ്ടുപോകുന്ന തുകയുടെ ചിത്രമാകട്ടെ, ഇവരെ പിണക്കാതിരിക്കാനും ഭരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുമുള്ള പ്രത്യേക കരുതലിന്റെ ചിത്രമാണ് നല്‍കുന്നത്. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ സഖ്യകക്ഷികളോട് സ്വീകരിച്ചു വന്ന നയം പൊളിച്ചെഴുതിയ പരിഗണന കൂടിയായി ഇത്.
ഓഹരി നിക്ഷേപകരോടുള്ള മമത പോയെന്നോ?
മധ്യവര്‍ഗത്തോടും നിക്ഷേപക സമൂഹത്തോടും കോര്‍പറേറ്റ് ലോകത്തോടും അതിരുവിട്ട മമത കാണിക്കുന്നുവെന്ന ആക്ഷേപം മാറ്റിയെടുക്കാനും ബജറ്റില്‍ ശ്രമിച്ചിട്ടുണ്ട്. ഓഹരി വിപണിയിലെ നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്നത് ഉദാഹരണം. ഊഹക്കച്ചവടം നിയന്ത്രിക്കാനുള്ള നടപടികളും ഓഹരി വിപണിയോടുള്ള മുന്‍കാല നിലപാടുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഓഹരി വിപണിയിലെ നിക്ഷേപം കൂടുന്നതിനൊത്ത് ബാങ്ക് നിക്ഷേപം കുറഞ്ഞു വരുകയുമാണ്.
ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടാതെ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം തങ്ങളെ ഒരു നിലക്കും ബാധിച്ചിട്ടില്ലെന്നു വരുത്താനാണ് തെരഞ്ഞെടുപ്പു കഴിഞ്ഞതു മുതല്‍ ഇതുവരെ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രമിച്ചു പോന്നത്. എന്നാല്‍ ഈ സമീപനത്തില്‍ നിന്നുള്ള ആദ്യത്തെ വ്യക്തമായ നയം മാറ്റം കൂടിയാണ് ബജറ്റ്. തിരിച്ചടി നേരിട്ട മേഖലകളില്‍ ഇതുവരെ സ്വീകരിച്ചു പോന്ന സമീപനം തിരുത്തിയും സഖ്യകക്ഷികളെ ചേര്‍ത്തു നിര്‍ത്തിയും അടുത്ത അഞ്ചു വര്‍ഷം മുന്നോട്ടു പോകാനുള്ള മോദിസര്‍ക്കാറിന്റെ ഒരുക്കം ആദ്യ ബജറ്റില്‍ പ്രകടം.
Next Story
Videos