ആഗോള കമ്പനികളുടെ മൂല്യമിടിയുമ്പോള്‍ വാങ്ങിക്കൂട്ടാന്‍ ചൈന രംഗത്ത്; വിദേശ നിക്ഷേപം പരിധി വിടാതിരിക്കാന്‍ നടപടികളുമായി കൂടുതല്‍ രാജ്യങ്ങള്‍
കോവിഡിനെ തുടര്‍ന്ന് ലോകം ആഗോളവല്‍ക്കരണത്തിന്റെ എതിര്‍ ദിശയിലേക്ക് സഞ്ചരിക്കുന്നു. ഗ്ലോബലൈസേഷനെ തുടര്‍ന്ന് ലോകത്തിലെ ഏത് കമ്പനികള്‍ക്കും എവിടെ നിന്നും നിക്ഷേപം സ്വീകരിച്ച് വളരാനുള്ള സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഓരോ രാജ്യവും സ്വന്തം രാജ്യത്തെ കോര്‍പ്പറേറ്റുകളില്‍ പരിധി വിട്ട വിദേശ നിക്ഷേപം തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് കൊണ്ടുവരുന്നത്. കോവിഡിനെ തുടര്‍ന്ന് ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതോടെ വന്‍കിട കോര്‍പ്പറേറ്റുകളുടെ പലതിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു. ഇതോടെ അവയില്‍ നിക്ഷേപം ഉയര്‍ത്താന്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അടക്കമുള്ളവര്‍ ശ്രമിക്കുന്നതോടെ സ്വന്തം രാജ്യം വില്‍പ്പനയ്ക്കല്ല എന്ന നിലപാടിലേക്ക് മാറുകയാണ് പല ലോക രാജ്യങ്ങളും.
ഇന്ത്യന്‍ ബാങ്കിംഗ് വമ്പനിലും ചൈനയ്ക്ക് കണ്ണ്
എച്ച് ഡി എഫ് സിയില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ ഓഹരി പങ്കാളിത്തം 1.01 ശതമാനമായി ഉയര്‍ന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എച്ച്ഡിഎഫ്‌സിയുടെ റെഗുലേറ്ററി വെളുപ്പെടുത്തലുകള്‍ പ്രകാരം 2020 മാര്‍ച്ച് അവസാനത്തോടെ ചൈനീസ് കേന്ദ്ര ബാങ്ക് 17.5 കോടിയോളം ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഏറെ കാലമായി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്ക് (പിബിഒസി) എച്ച് ഡി എഫ് സിയില്‍ നിക്ഷേപം ഉണ്ടെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ കേകി മിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എച്ച് ഡി എഫ് സിയില്‍ പിബിഒസി ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചുവരികയായിരുന്നു. 2019 മാര്‍ച്ചില്‍ തന്നെ എച്ച്ഡിഎഫ്‌സിയുടെ 0.8 ശതമാനം ഓഹരികള്‍ പിബിഒസി സ്വന്തമാക്കിയിരുന്നു.
ഓഹരി ഉടമസ്ഥത ഒരു ശതമാനം എന്ന തലം കഴിഞ്ഞാല്‍ അത് വെളിപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് എച്ച്ഡിഎഫ്‌സി വൃത്തങ്ങള്‍ പറയുന്നു.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ജനുവരിയിലെ ഉയര്‍ന്ന തലത്തില്‍ നിന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില വന്‍ തോതില്‍ ഇടിഞ്ഞിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി വലിയ ഇടിവാണ് എച്ച് ഡി എഫ് സി അടക്കമുള്ള ഇന്ത്യന്‍ ബാങ്കിംഗ് ഓഹരികള്‍ക്കുണ്ടായത്. കോവിഡ് ബാധയെ തുടര്‍ന്ന് ഓഹരി വിപണികള്‍ വലിയ തോതില്‍ തകര്‍ന്നതാണ് ഇതിന് കാരണം. ഈ നാളുകളില്‍ പിബിഒസി 0.2 ശതമാനം കൂടി ഓഹരികള്‍ വാങ്ങിക്കൂട്ടി.
കോവിഡിനെ തുടര്‍ന്ന് കടക്കെണിയിലാകുന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ വിദേശ കമ്പനികള്‍ ഏറ്റെടുക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങള്‍ വില്‍പ്പന ചരക്കല്ലെന്ന് കൂടുതല്‍ രാജ്യങ്ങള്‍!
അതിനിടെ സ്വന്തം രാജ്യത്തെ കോര്‍പ്പറേറ്റുകളില്‍ പരിധി വിട്ട വിദേശ നിക്ഷേപം വരാതിരിക്കാന്‍ ആസ്‌ത്രേലിയ നടപടി സ്വീകരിച്ചു കഴിഞ്ഞു. കോവിഡ് അതിഭീകരമായി പടര്‍ന്നു പിടിച്ച ഇറ്റലും രാജ്യത്തെ ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍ രംഗത്തെ കമ്പനികളില്‍ വന്‍ തോതില്‍ വിദേശ നിക്ഷേപം വരാതിരിക്കാന്‍ വിദേശ നിക്ഷേപ നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കമ്പനികളില്‍ പത്തുശതമാനത്തിലേറെ വിദേശ ഓഹരി പങ്കാളിത്തം നേടാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് സ്‌പെയിനും നിയമം കൊണ്ടുവന്നിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline